ഗ്രീഷ്മത്തിലെ പുകയുന്ന ഒരു പുലര്‍ച്ച.
പുലര്‍ച്ചയില്‍ പോലും ചൂട് കുറയുന്നില്ല.
വെറുതെ ഒന്നു നടക്കാനായി പുറത്തേക്കിറങ്ങി
അവധിക്ക് നാട്ടില്‍ വരുമ്പോളെല്ലാം ഇതു പതിവുള്ളതാണ്. മെട്രോ നഗരത്തിന്റെ തിരക്കില്‍ നിന്നും മാറി നില്ക്കുന്ന കുറച്ചു ദിവസങ്ങള്‍. ഓരോ അവധി കഴിയുമ്പോളും പ്രഭാതത്തിലെ ഈ ദിവസങ്ങള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പാണ്.
പ്രഭാതം.
ഒരു ദിവസത്തെ ഏറ്റവും ശാന്തമായ അന്തരീക്ഷം.
കിളികളുടെ ശബ്ദം മാത്രമേ ഇപ്പോള്‍ കേള്‍ക്കുന്നുള്ളൂ
വീടിന്റെ മുറ്റത്ത് ഗേറ്റിനോടു ചേര്‍ന്നു് പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന ഗുല്‍മോഹര്‍ മരത്തിന്റെ ചില്ലകളിലിരുന്ന് വണ്ണാത്തി കിളികള്‍ ചിലക്കുന്നു. ഈ ചൂട് സഹിക്കാന്‍ കഴിയാതെ അവയും നേരത്തെ ഉറക്കമുണര്‍ന്നു കാണും.
കടും ചുവപ്പുനിറമുള്ള ഗുല്‍മോഹര്‍ പൂക്കള്‍ ഗേറ്റിനു പുറത്തും മുറ്റത്തുമായി ചിതറിക്കിടക്കുന്നു. പുലര്‍ച്ചെ പെയ്ത വേനല്‍ മഴയുടെ നനവ് പൂക്കളില്‍ ഇപ്പോളുമുണ്ട്.
മഴ പെയ്തപ്പോള്‍ ചൂട് ഒന്നു കൂടി കൂടിയിരിക്കുന്നു. ഒരു വല്ലാത്ത പുഴുക്കമുണ്ടീ ചൂടിന്. മണ്ണിലുറങ്ങുന്ന വിത്തുകളെ ഉണര്‍ത്തുവാനുള്ള ചൂടാണിത്.
ചൂടിന്റെ ആധിക്യം കൂടിക്കൂടി വന്ന് മധ്യാഹ്നത്തില്‍ അതിന്റെ പാരമ്യതയില്‍ എത്തുന്നു. നെല്ലുപുഴുങ്ങുന്ന വലിയ കുട്ടകത്തിനു സമീപം നില്ക്കുമ്പോള് അനുഭവപ്പെടുന്ന ആവിക്കാറ്റിന്റെ അതേ ചൂടായിരിക്കും അപ്പോള്‍.
പ്രകൃതിയുടെ താളം തെറ്റുകയാണ്.
അല്ലാ.., തെറ്റിച്ചിരിക്കുകയാണ്…മനുഷ്യനായിട്ട്..
ദൈവം ‘ട്യുണ്’ ചെയ്ത് വച്ചിരിക്കുന്ന പ്രകൃതിയുടെ ചലനങ്ങള്‍ മനുഷ്യനായിട്ട് മാറ്റുവാന്‍ ശ്രമിച്ചാല്‍ ഇതൊക്കെ സംഭവിക്കും. കുന്നും, മലയും, കാടും, മേടുമൊന്നുമില്ലാതായിക്കൊണ്ടിരിക്കുന്നു.
ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത്, അല്ലെങ്കില്‍ കളരിക്ക് പുറത്ത്.
ചൂടെങ്കില്‍ സഹിക്കാന്‍ വയ്യാത്ത ചൂട്. മഴയെങ്കില്‍ മഴയോടു മഴ.. പെരുമഴ..
കാലവും, കാലാവസ്ഥയും മാറിക്കൊണ്ടിരിക്കുന്നു.. മഞ്ഞും മഴയും ചൂടും തണുപ്പും എല്ലാം മാറിക്കൊണ്ടിരിക്കുന്നു.
മണ്ണും, മനുഷ്യനും, കലയും സംസ്കാരവും, വിശ്വാസവുമെല്ലാം മാറുന്നു.
മാറ്റം ആഗ്രഹിക്കുന്ന മനുഷ്യന് മാറ്റത്തിലേക്കുള്ള മുന്നേറ്റത്തിലല്ലേ..?
ജീവിതമെന്ന വളരെച്ചെറിയ ട്രാക്കില്‍ ഒന്നാമതായി ഓടിയെത്തുവാന്‍ ഓരോരുത്തരും ‘സ്പ്രിന്ടു റണ്ണര്‍മാര്‍” ആവുന്നു.
ഓടുകയാണ്..കൂടുതല്‍ കൂടുതല്‍ ശക്തി സംഭരിച്ച് കുതിക്കുകയാണ്.
മുന്നോട്ട്…മുന്നോട്ട്… അവസാന രേഖയും കടന്ന്, കയറും പൊട്ടിച്ച് മുന്നോട്ട്…
പക്ഷികളുടെ വേറൊരു സംഘവും കൂടി ഗുല്‍മോഹര്‍ ചില്ലയിലേക്ക് പറന്നിറങ്ങുന്നു.
പക്ഷികളുടെ കൂട്ട ചിലക്കല്‍.
ഏറെ നാളായി പ്രഭാതത്തില്‍ ഞാന്‍ കേള്‍ക്കുവാന്‍ കൊതിച്ചതാണീ ശബ്ദം.
ഇതു കേള്‍ക്കുവാനും, ഈ പ്രിയപ്പെട്ട പക്ഷികളേയും, എന്റെ പ്രിയപ്പെട്ട ഈ മരത്തണലിലെ കുളിര്‍മ്മയും തേടിയല്ലേ കാതങ്ങള്‍ താണ്ടി വര്‍ഷത്തിലൊരിക്കല്‍ ഞാന്‍ ഇവിടെ എത്തുന്നത്.
ഗുല്‍മോഹര്‍ മരം ഒരു പാഴ് മരമായി കാണുന്നവരുണ്ട്. വെറും വിറകിനു മാത്രം കൊള്ളാമെന്ന് പറയുന്നു.
പക്ഷേ എനിക്കിത് പാഴ്മരമല്ലാ…
ചുട്ടു പൊള്ളുന്ന ജീവിതച്ചൂടില് കണ്ണിനു കുളിരും, ആനന്ദവും പകരുന്ന ചുവന്ന പൂക്കള്‍ വിരിയിച്ച് സൂര്യതാപം സ്വയം ഏറ്റുവാങ്ങി മറ്റുള്ളവര്‍ക്ക് തണല്‍ തന്ന് ആശ്വസിപ്പിക്കുന്ന മരം.
അതൊരു വലിയ കാര്യമല്ലേ..? ഒരു മരം ചെയ്യുന്ന ഏറ്റവും വലിയ സല്‍ക്കര്‍മ്മമല്ലേ അത്..?
പണ്ടെങ്ങോ വായിച്ച ഒരു കഥ
ശിശിരമാസത്തിലെ കുളിരില്‍ കുതിര്‍ന്ന്, മഞ്ഞു പെയ്യുന്ന ഒരു സന്ധ്യയില്‍ മെല്‍ബോണ്‍ കുന്നുകളുടെ ചെരുവിലെ ഗുല്‍മോഹര്‍ മരക്കൂട്ടങ്ങള്‍ക്കു ചുവട്ടില്‍, ചുവപ്പു പൂക്കള്‍ ചിതറിക്കിടക്കുന്ന പാതയോരത്തെ ഒരു ചാരുബഞ്ചില്‍ ഒറ്റക്കിരിക്കുന്ന ഒരു പാവം പെണ്‍കുട്ടി..
ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ട് അനാഥമാക്കപ്പെട്ട അവള് ഒരു കരച്ചിലിന്റെ വക്കിലാണ്. അവളെ സ്വാന്തനിപ്പിക്കാനെന്നോണം നേരിയ തണുത്ത കാറ്റ് വീശുമ്പോള്‍ അവളുടെ ചുണ്ടുകള്‍ തണുപ്പു കൊണ്ട് വിറക്കുന്നു. പൂമര ചില്ലകളില്‍ നിന്നും ചുവന്ന ഗുല്മോഹര്പ്പൂക്കള് അവളുടെ മേലാകെ പൊഴിഞ്ഞു വീണുകൊണ്ടിരുന്നു. മനസ്സിലെ അടക്കാനാവാത്ത വ്യഥയില്‍ പെട്ടന്നവള്‍ പൊട്ടിക്കരഞ്ഞു പോയി. അവളുടെ കണ്ണുനീര്‍ത്തുള്ളികള്‍ വീണു് മടിയിലെ ഗുല്‍മോഹര്‍ പൂക്കള്‍ നനഞ്ഞു കുതിര്‍ന്നു.
ആര്‍ദ്രമായ ആ ആസ്ട്രേലിയന്‍ കഥയിലുടനീളം ഗുല്‍മോഹര്‍ മരങ്ങള്‍ ഒരു കഥാപാത്രമായിരുന്നു. അവളുടെ മനസ്സു വേദനിക്കുമ്പോളെല്ലാം അവള് ആ മരക്കൂട്ടത്തിനടിയിലേക്ക് ഓടിയെത്തും. പിന്നീട് ഞാന്‍ വായിച്ച പടിഞ്ഞാറന്‍ കഥകളിലൊക്കെ ഗുല്മോഹറുണ്ടായിരുന്നു
അങ്ങനെ ഗുല്‍മോഹര്‍ മരങ്ങള്‍ എന്റെ ഇഷ്ട മരമായി മാറി. അതു പിന്നെ വിത്തായി, ചെടിയായി, മരമായി ഇന്നെന്റെ വീട്ടുമുറ്റത്ത് ചുവപ്പു കുട ചൂടി നില്ക്കുന്നു. ഞാന്‍ നട്ടു പിടിപ്പിച്ച എന്റെ പ്രിയപ്പെട്ട ഗുല്‍മോഹര്‍ മരം.
പക്ഷികള്‍ വീണ്ടും ചിലക്കുവാന്‍ തുടങ്ങി.
ഞാന്‍ അവയെത്തന്നെ കുറച്ചു നേരം നോക്കി നിന്നു.
ജീവതത്തിന്റെ പ്രരാബ്ദങ്ങളും, സംഘര്ഷങ്ങളുമൊന്നുമില്ലാതെ, നാളെയെക്കുറിച്ചൊരു വേവലാതിയുമില്ലാതെ നിഷ്കളങ്കമായി ചിലച്ച്, കൊക്കുകളുരുമ്മി സന്തോഷം പങ്കു വയ്ക്കുന്ന ദൈവത്തിന്റെ കുഞ്ഞു സൃഷ്ടികള്‍. അവര്‍ വീണ്ടും മറ്റൊരു ദിശയെ ലക്ഷ്യമാക്കി പറന്നുയര്‍ന്നു.
ആകാശത്തിന്റെ അനന്ത നീലിമയിലേക്ക്.
അവര്‍ വിതക്കുന്നില്ലാ..
കൊയ്യുന്നില്ലാ…
കളപ്പുരകളില്‍ ശേഖരിക്കുന്നുമില്ലാ…
ഞാന്‍ ഗേറ്റ് തുറന്ന് റോഡിലേക്കിറങ്ങി.
പക്ഷികളുടെ ചിലക്കല്‍ ശബ്ദത്തെ മുറിച്ചു കൊണ്ട് അരോചകമായ മറ്റൊരു ശബ്ദം പിറകില്‍.
റോഡില്‍ക്കൂടി സൈക്കിളില്‍ പാഞ്ഞു വരുന്ന പാലുകാരന് തമിഴന് പയ്യന്.
സൈക്കിള്‍ റോഡിന്റെ ഓരോ ‘ഗട്ടറില്‍’ വീഴുമ്പോളും പിറകില്‍ വച്ചു കെട്ടിയ കാതിളകിയ അലൂമിനിയം ബക്കറ്റ് അരോചകമായ ഒരു ശബ്ദം പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നു.
അവനിതൊന്നും ശ്രദ്ധിക്കാതെ ശരം വിട്ടപോലെ പായുകയാണ്.
ജീവിക്കാന്‍ വേണ്ടിയുള്ള പാച്ചിലാണത്.
ജീവിതത്തിന്റെ മറ്റൊരു സൈക്കിള്‍ യജ്ഞം..
ഞാന്‍ കുറച്ചു കൂടി സ്പീഡില്‍ നടക്കുവാന്‍ തുടങ്ങി.
പുലര്‍ച്ചയിലെ ഈ നടപ്പിന് ഒരു പ്രത്യേക സുഖമുണ്ട്.
തെരുവു നായ്ക്കള്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നു.
ഉള്ളിലൊരു ചെറിയ ഭയം.
ഞാന്‍ അവയെക്കണ്ടൊന്നു നിന്നു.
കണ്ണു കൊണ്ടൊന്നു പാളി നോക്കി.
ഇല്ലാ, അവര്‍ എന്നെ ശ്രദ്ധിക്കുന്നേയില്ല..
നെഞ്ചിടിപ്പോടെ വീണ്ടും പതുക്കെ നടക്കാന്‍ തുടങ്ങി.
കഴിഞ്ഞ വര്‍ഷം കണ്ടതില്ക്കൂടുതല് നായ്ക്കള്‍ പെരുകിയിട്ടുണ്ട് ഈ വര്‍ഷം.
നായ്ക്കളുടെ കടികിട്ടാതെ എല്ലാവര്‍ഷവും രക്ഷപെടുന്നുണ്ട്. ഭാഗ്യം..!!
നടപ്പിനിടയില്‍ പലതും ചിന്തിക്കാന്‍ തുടങ്ങി.
പ്രഭാതത്തിലെ ഈ നടപ്പിലാണ് കൂടുതല്‍ ചിന്തിക്കുന്നതെന്ന് തോന്നുന്നു.
ഈ വഴികള്‍, ഈ മരങ്ങള്‍, ഈ നിഴലുകള്‍….
നിത്യ ഹരിതങ്ങളായ കാട്ടു ചെടികള്‍ പൂത്തു നിന്നിരുന്ന എന്റെ ഇന്നലകളിലെ ഈ നാട്ടു വഴികള്‍..
ഓര്‍മ്മകള്‍ ചിതറി വീണുകിടക്കുന്ന ഈ പാതയോരങ്ങളില്‍ ഞാന്‍ ആരെയോ തിരയുകയാണ്. ആരെയായിരിക്കും?
ഒരു പക്ഷെ എന്നിലെ എന്നെത്തന്നെയായിരിക്കും..!
കാലം നഷ്ടപ്പെടുത്തിയ എന്റെ ബാല്യവും കൌമാരവുമെല്ലാം ഈ വഴികളിലെവിടെയോക്കെയോ ഒളിഞ്ഞു കിടപ്പുണ്ട്..
നടന്നു നടന്നു നെല്ലിക്കല്‍ കവലയിലെത്തി.
വാസുപിള്ള ചേട്ടന്റെ ചായപ്പീടിക അടഞ്ഞു കിടക്കുകയാണ്.
നേരം കുറച്ചുകൂടി പുലര്‍ന്നിരിക്കുന്നു. ചായപ്പീടികയോട് ചേര്‍ന്നുള്ള മുറുക്കാന്‍ കടയുടെ മേശപ്പുറത്ത് ഒരു വലിയ ‘പൊന്താന്‍’ പൂച്ച സുഖമമായി ഉറങ്ങുന്നു.
ഇരുണ്ട തവിട്ടു നിറത്തില്‍ വരകളോടു കൂടിയ അവന്റെ മുഖത്ത് ‘മാര്‍ജാര’ വംശത്തിന്റെ മുഴുവന്‍ പ്രൌഡിയും കാണാം.
പണ്ടേ വാസുവേട്ടന് ഒരു പൂച്ചപ്രേമിയാണ്. ചായക്കടയുടെ മൂലയ്ക്ക് വക്കുപൊട്ടിയ ഒരു പിഞ്ഞാണം നിറയെ ഭക്ഷണം പൂച്ചക്കായി എപ്പോഴുമുണ്ട്.
വര്‍ഷങ്ങളുടെ പഴക്കമുള്ള ചായപ്പീടികക്ക് ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല.
ഓലയുടെ സ്ഥാനത്ത് ഓടുവന്നു. അത്ര മാത്രം.
ഭിത്തിയില്‍ ഉത്സവ കമ്മറ്റിക്കാരുടെ വക “ദേവി ശരണം” നോട്ടീസ്.
സംഹാര രുദ്രയായ ഭദ്രകാളിയുടെ ചിത്രവുമുണ്ട്.
ദേവിയുടെ കിരീടത്തിലും, തലയോട്ടി മാലയിലുമെല്ലാം ചുണ്ണാമ്പിന്റെ വിരല്‍പ്പാടുകള്‍.
ഉത്സവ സീസണ് തുടങ്ങിയാല്‍പ്പിന്നെ വാസുവേട്ടന്റെ കട കമ്മറ്റിക്കാരുടെ കൂടി കടയാകുന്നു. അന്നൊക്കെ നാട്ടിലുള്ള സകല നാടകപ്രേമികളും, കഥാപ്രസംഗ പ്രേമികളും കടയില്‍ ഒത്തു ചേരും. പിന്നെ ബുക്കിങ്ങിനെക്കുറിച്ചുള്ള തര്‍ക്കമാണ്.
പരസ്പരം തര്‍ക്കിച്ച് വാക്കേറ്റം നടത്തും. ഓരോ തര്‍ക്കത്തിലും കണ്ണാടി അലമാരയിലെ ബോണ്ടയും, പരിപ്പുവടയും കുറഞ്ഞു കൊണ്ടേയിരിക്കും.
സീസണ് തീരുന്നത് വരെ അടുക്കളയില്‍ ഭവാനി ചേച്ചി പരിപ്പരച്ചു, പരിപ്പരച്ചൊരു പരുവമാകും.
ഉത്സവ കമ്മറ്റികള്‍ മാറിക്കൊണ്ടേയിരിക്കും.
കവലയില്‍ ആകെയുള്ള ഒരു മുറുക്കാന്‍ കട കൂടിയാണിത്. ഇപ്പോള്‍ ആള്‍ക്കാര്‍ക്ക് നാലും കൂട്ടി മുറുക്കുവാന്‍ സമയമില്ലതെയായിരിക്കുന്നു. പ്ലാസ്റ്റിക് കവറിലെ റോജാ പാക്കും, പാന്‍പരാഗും മുറുക്കാനെ കീഴടക്കി മുന്നേറി. ഭക്ഷണം കഴിച്ചില്ലേലും ഒരു ദിവസം പോലും മുറുക്കാതിരിക്കാന്‍ പറ്റാത്ത ഒരു പഴയ തലമുറ ഇവിടെ ഉണ്ടായിരുന്നു.
കള്ളിന്റെ മണം പുറത്തറിയാതിരിക്കാന്‍ വേണ്ടി മാത്രം യുവ ജനങ്ങള്‍ ഇപ്പോഴും മുറുക്കി തുപ്പുന്നു. ചുണ്ടിനു മുകളില്‍ രണ്ടു കൈവിരല്‍ അമര്‍ത്തിപ്പിടിച്ചു് പരമാവധി ദൂരേക്ക് നേര്രേഖയില്ക്കൂടിത്തെന്നെ നീട്ടിത്തുപ്പി പുതിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ വെമ്പുന്ന പുത്തന്‍ പുതു ജനറേഷന്..
മുറുക്കാന്‍ കടയുടെ സമീപത്തെ താംബൂലക്കറകള് വീണു ചുവന്ന ഊടു വഴിയിലൂടെ വിശാലമായ തെങ്ങിന് തോപ്പിലേക്കിറങ്ങി.. തെങ്ങിന് തോപ്പ് തീരുന്നേടത്ത് ചെറിയ ഒരു അമ്പലമുണ്ട്. അതിനുമപ്പുറം ഒരു തോടും.
തോടിന്റെ അക്കരെ വിശാലമായ നെല്‍പ്പാടമാണ്.
അമ്പാട്ടുകാരുടെ തെങ്ങിന് പുരയിടമാണിത്. തട്ടു തട്ടായിക്കിടക്കുന്ന തെങ്ങിന് പുരയിടം. കൃത്യമായ പരിചരണം ലഭിക്കുന്നതു കൊണ്ട് തെങ്ങുകള്‍ക്കൊക്കെ നല്ല കായ്ഫലമുണ്ട്. പറമ്പെല്ലാം കിളച്ചു വൃത്തിയാക്കിയിട്ടിരിക്കുന്നു. മണ്കട്ടകളൊക്കെ രാത്രി മഴയിലെ വെള്ളം കുടിച്ചു വീര്‍ത്തു ചുമന്നിരിക്കുന്നു.
ഇടവിളയായി തെങ്ങിന് തോട്ടത്തില്‍ ‘നടുതല’ കൃഷിയുമുണ്ട്. ചേമ്പും ചേനയുമൊക്കെ ചെറുതും വലുതുമായ പച്ചക്കുടകള്‍ പിടിച്ചങ്ങനെ നിര നിരയായ് നില്ക്കുന്നു. ഇടയ്ക്കിടയ്ക്ക് കാച്ചില് വള്ളികളും വളര്‍ന്നു പടര്‍ന്നു കിടക്കുന്നു.
ഒരുപാട് നാളത്തെ ഇടവേളക്ക് ശേഷം ഈ കാച്ചില് വള്ളികള്‍ കണ്ടപ്പോള്‍ മനസ്സിലേക്ക് ഇ.വി കൃഷ്ണപിള്ളയുടെ ‘കാച്ചില് കൃഷ്ണപിള്ള’ എന്ന കഥാപാത്രം കടന്നു വന്നു. ചുണ്ടില്‍ അറിയാതെ ഒരു ചിരി വന്നു. ചെറുപ്പത്തില്‍ കപ്പയും, കാച്ചിലുമൊക്കെ മോഷ്ടിച്ചു നടന്ന ഒരാള്‍ നാട്ടില്‍ നിന്നും ദൂരെ എവിടെയോ പോയി പണക്കാരനായി തിരിച്ചു വന്നപ്പോള്‍ കാച്ചില് മറന്നു പോവുകയും കാച്ചില് കണ്ടപ്പോള്‍ ‘ഇത് എന്നത്തും കായണ്’ എന്ന് ചോദിച്ചതുമാണ് കഥ.
പുരയിടത്തിലെ തെങ്ങുകള്‍ക്ക് വെള്ളം നനക്കുവാന്‍ ഒരു വലിയ കിണറും, പമ്പ് ഹൌസുമൊക്കെയുണ്ട്. പമ്പ്ഹൌസിന്റെ സിമന്റ് ഭിത്തിയില്‍ കൊടിയേററ് ഉത്സവത്തിന്റെ മറ്റൊരു വലിയ പോസ്റ്റര്‍. അമ്പാട്ടെ ശിവന് സ്ഥിരം ക്ഷേത്രക്കമ്മറ്റി സെക്രട്ടറിയാണ്, അതു കൊണ്ടായിരിക്കും പറ്റാവുന്നിടത്തെല്ലാം പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നത്.
വന്നു വന്ന്, അമ്പലങ്ങളുടെ നാട്ടില്‍ ഉത്സവങ്ങളും പിരിവുകളും ആള്‍ക്കാര്‍ക്കൊരു ബാധ്യതയായിരിക്കുന്നു. അധ്വാനത്തിന്റെ ഫലം ആറാട്ടിനും, എഴുന്നെള്ളിപ്പിനുമായി വീതം വെച്ചില്ലെങ്കില്‍ അവരവിടെ ഒറ്റപ്പെടുന്നു. നികൃഷ്ടരാകുന്നു…
സ്വര്‍ണം പൂശിയ കൊടിമരത്തിനും, ഭഗവാന്റെ മാറില്‍ ചാര്‍ത്തുവാന്‍ പൊന്‍ പതക്കങ്ങള്ക്കുമായി വന്‍ പിരിവുകള്‍ തകൃതിയായി നടക്കുന്നു. അവിടെ അവര്‍ ദൈവത്തെക്കാണുന്നു…! ഭഗവാന്റെ തിരുമുഖം ദര്‍ശിക്കുന്നു.
പാവപ്പെട്ടവന് വീട്ടില്‍ കയറി വന്നാല്‍ പട്ടിയെ അഴിച്ചു വിടുന്നു….!
ഒരു കീറത്തുണിയില്‍ പൊതിഞ്ഞ വെറും ഒരു പിടി അവലു കൊണ്ട് പ്രസാദിച്ച ദൈവത്തെയാണ് പൊന്‍ പതക്കങ്ങള്‍ കാണിച്ചു പ്രലോഭിപ്പിക്കുന്നത്….!
കഷ്ടം…
“ഇവര്‍ ചെയ്യുന്നതെന്താണന്ന് ഇവര്‍ തന്നെ അറിയുന്നില്ലല്ലോ…?”
ഞാന്‍ കൃസ്തു ഭഗവാനേയും ഓര്‍ത്തു പോയി..
എന്റെ ചിന്തകള്‍ കാടു കയറുകയാണ്.
നാട്ടുകാരുടെ നടവഴിയായ പുരയിടത്തിന്റെ നടുവിലെ ചെമ്മണ് പാതയിലൂടെ ഞാന്‍ നടക്കുകയാണ്.
തെങ്ങോലകളെ തഴുകി ഒഴുകിയെത്തുന്ന മനോഹരമായ ഒരു ഭക്തി ഗാനം..
“സ്വാമി സംഗീതമാലപിക്കും
താപസ ഗായകനല്ലോ ഞാന്‍..”
പുലര്‍ച്ചയില്‍, ആളും അനക്കവുമില്ലാത്ത ഈ തെങ്ങിന് തോപ്പിന്റെ സുഖ ശീതളിമയില്‍ ഒരു താപസ ഗായകനെപ്പോലെ ഞാന്‍ ഒറ്റക്കു നടക്കുകയാണ്. ഞാനും, പ്രകൃതിയും, ഭക്തി നിറഞ്ഞു തുളുമ്പുന്ന മനോഹരമായ ഈ ഗാനവും.. മനസ്സ് തരളിതമാവുകയാണ്.
പൂര്‍ണ്ണമായും വെളിച്ചം വീണിട്ടില്ല.
ഇരുട്ടിന്റെയും, വെളിച്ചത്തിന്റെയുമിടയിലെ നേര്‍ത്ത അതിര്‍വരമ്പു നല്കുന്ന മങ്ങിയ മഞ്ഞ വെളിച്ചം. അതിനു ശക്തി കൂടുമ്പോള്‍ ഈ തെങ്ങിന്തോപ്പു സജീവമാകും. പാട്ടു നില്ക്കും. ആളും ആരവുമാകും. എന്നത്തേയും പോലെ ഒരു സാധാരണ ദിവസം തുടങ്ങും. ഞാനതിനു മുന്‍പേ എത്തിയിരിക്കുകയാണ്. ഈ ഏകാന്തത അനുഭവിക്കുവാന്‍….തെങ്ങിന് തോപ്പിലെ പുലരി കാണുവാന്‍..
അങ്ങകലെ അറേബ്യന്‍ കടലുകള്‍ക്കപ്പുറം എണ്ണ സൌഭാഗ്യങ്ങളുടെ വിസ്മയ നഗരിയിലെ അടച്ചു പൂട്ടിയ ഫ്ലാറ്റുകള്ക്കുള്ളില് നിശബ്ദനായിരിക്കുമ്പോള്‍ ഞാന്‍ ആഗ്രഹിച്ചിരുന്നത് ഈ മുഹൂത്തങ്ങള്ക്കു വേണ്ടിയല്ലായിരുന്നോ?
നടന്നു നടന്നു തെങ്ങിന് തോപ്പിന്റെ അതിര്‍ത്തിയില്‍ എത്തി. പറമ്പിന്റെ മൂലക്കുള്ള വയസ്സായ ആഞ്ഞിലി മരം ഇപ്പോഴുമുണ്ട്. ആഞ്ഞിലി മരത്തിന്റെ ചില്ലയിലിരുന്ന് ഒരു അണ്ണാന് കുഞ്ഞ് അതിനു പറ്റാവുന്ന ഏററവും വലിയ ശബ്ദത്തില്‍ ചിലക്കുന്നു. പഴുത്ത ആഞ്ഞിലിച്ചക്ക തിന്നുവാന്‍ ഈ മരത്തില്‍ എപ്പോഴും അണ്ണാനുണ്ടാവും. ചെറുപ്പത്തില്‍ ഞങ്ങള്‍ ആഞ്ഞിലിപ്പഴം പെറുക്കുവാനായി ഈ മരച്ചോട്ടില്‍ വരുമായിരുന്നു. ആഞ്ഞിലിക്കുരു വറത്തു തിന്നുവാന്‍ നല്ല സ്വാദായിരുന്നു.
ഭഷ്യവിളകളുടെ സ്ഥാനത്ത് നാണ്യ വിളകളുമായി ഈ ഗ്രാമം മുഴുവന്‍ റബ്ബര്ക്കാടുകളായപ്പോഴും തെങ്ങിന് തോപ്പിനേയും ആഞ്ഞിലി മരത്തെയും ഒന്നും തൊടാതെ നില നിര്‍ത്തിയ അമ്പാട്ടുകാരെ സ്നേഹത്തോടെ ഓര്‍ത്തുപോയി.
നാണ്യ വിളകള്‍ നല്കുന്ന പണക്കൊഴുപ്പില്‍ വ്യക്തികളും, കുടുംബവും, സമൂഹവുമെല്ലാം മാറിക്കൊണ്ടിരിക്കുന്നു.
തേക്കിലും വീട്ടിയിലും കടഞ്ഞെടുത്ത അലങ്കാര കൊത്തുപണികളോടെയുള്ള ഡൈനിങ്ങ് ടേബിളിനു മുകളില്‍ ആവി പറക്കുന്ന ചേനയും, ചേമ്പും, കാച്ചിലും, കപ്പയും, മുളകു പൊട്ടിച്ചതുമൊക്കെ കീഴാളന്മാരുടെ ഭക്ഷണമായി തരം താഴ്ത്തപ്പെടുന്നു.
അടുക്കളകളുടെ തുറന്നിട്ട കിളിവാതിലുകളില്‍ക്കൂടി റബ്ബര്‍ മരങ്ങളെ തഴുകിയെത്തുന്ന “പുതുപ്പണത്തിന്റെ പുത്തന്‍ കാറ്റ്’ കുക്കിംഗ് റേഞ്ചിലെ പ്രഷര്‍ കുക്കര്‍ ചീറ്റുന്ന കാറ്റുമായ്ച്ചേര്ന്നു് പുതു രുചികളുടെ പുതിയ ഗന്ധം സൃഷ്ടിക്കുന്നു. അതും ഇവിടെ നിലയ്ക്കുകയാണോ.. ഇപ്പോള്‍?
ഒടുവില്‍ ഭക്ഷണത്തിനു വേണ്ടി മനുഷ്യന് നെട്ടോട്ടമോടുന്ന ഒരു കാലം വരും. നമ്മുടെ കാര്‍ഷിക സംസ്കാരം മാറിക്കൊണ്ടിരിക്കുകയാണ്. മണ്ണിന്റെ ആത്മാവ് കണ്ടറിഞ്ഞ ആ പഴയ തലമുറയും ഇവിടെ നിന്നും ഇല്ലാതായ്ക്കൊണ്ടിരിക്കുന്നു.
പ്രകൃതിയെ കണ്ടറിഞ്ഞും, കേട്ടറിഞ്ഞും, തൊട്ടറിഞ്ഞും ജീവിച്ച ആ തലമുറ പകര്‍ന്നു നല്കിയ അറിവുകള്‍ ഏറ്റെടുക്കുവാന്‍ പുതിയ തലമുറയ്ക്ക് കഴിയാതെ പോകുന്നു.
തെങ്ങിന് തോപ്പിന്റെ അതിര്‍ത്തിയിലെ മുള്ളു വേലിയുടെ തുറന്ന വശത്തെ വഴിയിലൂടെ കല്‍പ്പടവുകളിറങ്ങി ഞാന്‍ തോട്ടിന് കരയിലെത്തി.
തോട്ടിന് കരയിലെ പുല്ലു വളര്‍ന്നു കിടക്കുന്ന വരമ്പിന്റെ നടുവിലെ നടന്നു തെളിഞ്ഞ ഭാഗത്തൂടെ നടക്കുമ്പോള്‍ മറുവശത്ത് പാടവും പാടത്തിനക്കരെ വിശാലമായ കമുകിന് തോട്ടവും കാണാം. ദൂരെ നിന്നും നോക്കിയാല്‍ ഒറ്റ കമുകു പോലെ തോന്നിക്കുന്ന നിരയൊത്ത കമുകിന് തോട്ടം. തോട്ടില്‍ വെള്ളം വറ്റി വരണ്ടു കിടക്കുന്നു.
എന്റെ കുട്ടിക്കാലത്ത് ഞങ്ങളിവിടെ കുളിക്കാന്‍ വരുമ്പോള്‍ എല്ലാ കടവിലും കുളിക്കാനും നനക്കാനും ഉള്ളവരുടെ തിരക്കായിരുന്നു. വേറൊരു വശത്ത് കന്നുകാലികളെ കുളിപ്പിക്കാന്‍ വരുന്നവരുടെ തിരക്ക്. കുളിപ്പിച്ചു കഴിഞ്ഞ കന്നുകാലികള്‍ വയല്‍ക്കരയിലെ നിഴല്‍ വീണ വഴികളില്‍ നിന്ന് സംതൃപ്തിയോടെ കഴുത്താട്ടി കറുക പുല്ലുകള്‍ തിന്നുമ്പോള്‍ പുരുഷന്മാര് അവയെയും നോക്കി ബീഡിയും പുകച്ച് തെങ്ങും ചാരി നിന്ന് നാട്ടു പുരാണങ്ങള്‍ പറയും.
ഉച്ച കഴിഞ്ഞാല്‍ പിന്നെ വൈകുന്നേരം വരെ തോട്ടു വക്കില്‍ തിരക്കായിരിക്കും. മുതിര്‍ന്ന സ്ത്രീകള്‍ അലക്കുന്നതോടൊപ്പം വീട്ടു വിശേഷങ്ങള്‍ പങ്കു വയ്ക്കുമ്പോള്‍ മഞ്ഞള്‍ പുരട്ടിയ മഞ്ഞ മുഖവുമായി എത്തുന്ന ചെറുപ്പക്കാരി പെണ് കുട്ടികള്‍ സൌന്ദര്യ വര്‍ദ്ധനവിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെടും. അലക്കുകല്ലുകളില്‍ നിന്നുയരുന്ന ശബ്ദം ഒരു പ്രതിധ്വനി പോലെ ഈ പരിസരമാകെ മുഴങ്ങി നില്ക്കും.
പുരുഷന്മാര് സ്ത്രീകളോട് വളരെ മാന്യമായിട്ടാണ് പെരുമാറിയിരുന്നത്. അവര്‍ക്കുവേണ്ടിയുള്ള സ്ഥലം എപ്പോഴും അവര്‍ ഒഴിച്ചിടുമായിരുന്നു. കൈതക്കാടുകളുടെ ഇടയില്‍ ഒളിക്കണ്ണുകളും, ഒളി ക്യാമറകളുമുണ്ടായിരുന്നില്ല.
തോട്ടില്‍ ധാരാളം മത്സ്യങ്ങള്‍ ഉണ്ടായിരുന്നു. ഉച്ചസമയത്ത് സൂര്യ പ്രകാശം പതിക്കുമ്പോള്‍ തോടിന്റെ അടിത്തട്ട് വരെ കാണാം. അടിത്തട്ടിലെ പുല്ലുകള്‍ ഒഴുക്കിനനുസരിച്ച് ചാഞ്ഞു നില്ക്കും. അതിനിടയില്‍ നിന്നും ഇടയ്ക്കിടയ്ക്ക് മല്സ്യക്കൂട്ടങ്ങള് പുറത്തേക്കു വരും.പള്ളത്തിയും, പരലും, വരാലും, മാനത്തു കണ്ണിയും, കാരിയുo, കരിമീനുമൊക്കെയുണ്ടാവും.
ആദ്യമൊക്കെ വല വീശിയും, ചൂണ്ടയിട്ടുമൊക്കെ മീന്‍ പിടിച്ചിരുന്നവര്‍, പിന്നീട് ആര്‍ത്തി മൂത്ത് നഞ്ചും, തോട്ടയുമായിറങ്ങി.
കരളു പിളര്‍ന്ന മീന്‍ കൂട്ടങ്ങള്‍ തോട്ടു വക്കില്‍ ചത്തു മലച്ചു. കുലം മുടിഞ്ഞ മീനുകളുടെ ശാപമേറ്റ് നിറഞ്ഞൊഴുകിയിരുന്ന തോടു വറ്റി വരണ്ട്, വിണ്ടു കീറി മാറു പിളര്‍ന്നു കിടക്കുന്നു.
തോട്ടിന് കരയിലെ അത്തിയും, അശോകവും, കാട്ടു നാരകവുമെല്ലാം പൂക്കാതെ, കായ്ക്കാതെ, പക്ഷികള്‍ ചെക്കേറാതെ, ഇലകൊഴിഞ്ഞ അസ്ഥിപഞ്ജരമായി നില്ക്കുന്നു.
തോട്ടിനുള്ളില്‍ അങ്ങിങ്ങായി കുറ്റിക്കാടുകള്‍ വളര്‍ന്നിരിക്കുന്നു. അതും ഇപ്പോള്‍ ഉണങ്ങിയിരിക്കുന്നു.
നീര്‍ത്തടങ്ങളെല്ലാം വറ്റി വരളുന്നു.
ജലം ഒരപൂര്‍വ്വ വസ്തുവാകാന്‍ തുടങ്ങുന്നു. ഉപ്പു തിന്നുന്നവന് (മനുഷ്യന്) വെള്ളം കുടിക്കാതെ മരിക്കേണ്ട കാലം വരും…തീര്‍ച്ച…
ഒരു കൊച്ചു മരുപ്രദേശത്തെ പച്ചപ്പാക്കുവാന് പെടാപ്പാടു പെടുന്നവരുടെ നാട്ടില്‍ നിന്നും എത്തി എന്റെ നാടു കാണുമ്പോള്‍ ഉള്ളിലൊരു തേങ്ങല്‍..
മഞ്ഞും, മഴയും,വേനലുമെല്ലാം നിയന്ത്രിച്ച് ദൈവം നമുക്ക് നല്കിയ ‘ദൈവത്തിന്റെ സ്വന്തം നാട്’.
ഒരു നദിക്കു വേണ്ടി തപസ്സനുഷ്ടിച്ച ഭഗീരഥന്റെ നാട്..!
ദൈവത്തിന്റെ ഈ സ്വന്തം നാടിനെ വേര്‍തിരിക്കുന്ന ബ്രഹ്മഗിരികള്ക്കപ്പുറം കുടകു മലകളുടെ താഴ്വരയില് പ്രകൃതിയെ ജീവനു തുല്യം സ്നേഹിക്കുന്ന മറ്റൊരു കൂട്ടം വലിയ ജനവിഭാഗമുണ്ട്. അവര്‍ ദൈവത്തിനു വേണ്ടി ‘ദേവരക്കാടുകള്’ എന്ന വിശുദ്ധ വനങ്ങള്‍ സൃഷ്ടിച്ച് അവയെ കാത്തു പരിപാലിക്കുന്നു. നൂറുകണക്കിന് ഏക്കര്‍ വിസ്താരമുള്ള ആ വനങ്ങളില്‍ നിന്നും ഒരു ചുള്ളിക്കമ്പു പോലും അവര്‍ ഒടിക്കുന്നില്ല. ദേവരക്കാടുകള് ജൈവ വൈവിധ്യത്തിന്റെ തീരാത്ത കലവറയായി എന്നെന്നേക്കുമായി നില നില്ക്കുന്നു. പുതിയ വരുന്ന ഓരോ തലമുറയും കാടിന്റെ കാവല്‍ക്കാരാകുന്നു.
പുഴകളെ പൊന്നു പോലെ നോക്കുന്ന അവര്‍ക്ക്, അവരുടെ കാവേരി നദി ‘കവേരമ്മ’ യാകുന്നു. അന്നം തരുന്ന വയലുകളില്‍ അവര്‍ ‘ഇഗ്ഗുതപ്പ’ എന്ന ദൈവത്തെ കാണുന്നു. മഴയെ നിയന്ത്രിച്ച് വിളവു തരുന്ന ഈ ദൈവത്തെ വിളിക്കാതെ മറ്റൊരു ദൈവത്തിലേക്കും അവര്‍ക്ക് പോകാന്‍ കഴിയില്ല.. അത്രമാത്രം അവര്‍ പ്രകൃതിയോട് ചേര്‍ന്നു നില്ക്കുന്നു. അവിടെ മണ്ണും, മനുഷ്യനും, ദൈവവും ഒന്നാകുന്നു.
പ്രകൃതിയുടെ പച്ചപ്പു നിറഞ്ഞ സ്വച്ഛ സുന്ദരമായ ഈ കുടക് ഗ്രാമങ്ങള്‍ തന്നെയല്ലേ ഒരു പക്ഷെ ‘ദൈവത്തിന്റെ സ്വന്തം നാട്..?’.
ഒരിക്കല്‍ കുടകു ഗ്രാമങ്ങള്‍ കാണാനിടയായ ഞാന്‍ ഇങ്ങനെയൊക്കെ ചിന്തിച്ചു പോയി.
തോടിനു കുറുകെയുള്ള തെങ്ങു തടിപ്പാലത്തിലൂടെ ഞാന്‍ മറുകരയിലെത്തി.
നേരം ഇപ്പോള്‍ നല്ലപോലെ പുലര്‍ന്നിരിക്കുന്നു.
വയല്‍ക്കരയിലെ വൃക്ഷക്കൂട്ടങ്ങള്‍ക്കിടയിലൂടെ പ്രകാശ കിരണങ്ങള്‍ നിലത്തു വീണു് വെയില് വൃത്തങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങി.
ഞാന്‍ വീണ്ടും നടന്ന് വയല്‍ വരമ്പിലേക്കിറങ്ങി.
വരമ്പിലെ വെള്ളം വീണു നനഞ്ഞ വശത്തെ ഈര്‍പ്പമുള്ള പുല്ലുകള്‍ക്കിടയില്‍ ചേറു കുഴഞ്ഞു കിടക്കുന്നു. മനപ്പൂര്‍വമായിത്തന്നെ കുഴഞ്ഞ ചേറ്റിലെ തെന്നലില്ക്കൂടി നടക്കുവാന്‍ ഒന്നു ശ്രമിച്ചു. ബാലന്‍സ് കിട്ടുന്നില്ല.
ഇതേ ചേറിലും ചെളിയിലും കുഞ്ഞു പാദങ്ങളുമായി ഓടി നടന്നപ്പോള്‍ ഒരിക്കലും വീഴാതെ ഈ ചേറും ചെളിയും താങ്ങി നിര്‍ത്തിയിരുന്നു.ചേറിന് കുഴമ്പില്‍ ഉരുണ്ടു പിരണ്ടു നടന്ന കാലം. പിന്നീട്, പാദങ്ങള്‍ വളര്‍ന്ന് വലുതായി ചേറിനോടും ചെളിയോടുമൊക്കെ അയിത്തം തുടങ്ങിയപ്പോള്‍ അത് ശരീരത്തെ താങ്ങാതായിരിക്കുന്നു.
പ്രഭാതത്തിലെ വെയിലിന് ചൂടേറി.
വയല്‍ വരമ്പില്‍ നിരനിരയായി നില്ക്കുന്ന തെങ്ങുകള്‍ക്ക് നല്ല കായ് ഫലമുണ്ട്. തെങ്ങുകളില്‍ വലിയ അക്ഷരത്തില്‍ വെളുത്ത നിറത്തിലുള്ള നമ്പരുകള്‍ അടിച്ചിരിക്കുന്നു. കാവനാടിയിലെ ഷാപ്പുകാര്ക്ക് കറന്നെടുക്കുവാനുള്ള കള്ളുമായി എണ്ണം തെറ്റാതെ നിരന്നു നില്‍ക്കുകയാണീ തെങ്ങുകള്‍.
നേരിയ കാറ്റു വീശുവാന്‍ തുടങ്ങി. നടപ്പ് കുറച്ചു കൂടി ഉന്മേഷത്തിലായി.
വയലിന്റെ ഒരു ഭാഗം മുഴുവന്‍ കൃഷിയൊന്നും ചെയ്യാതെ ചതുപ്പു നിലങ്ങളായി കിടക്കുന്നു. മദ്ധ്യ ഭാഗത്തെ ചതുപ്പുകള്‍ക്ക് മുകളില്‍ ബോള്‍സം ചെടികള്‍ കാടുപോലെ വളര്‍ന്ന് പിങ്ക് നിറത്തിലുള്ള പൂക്കള്‍ വിരിയിച്ച് നില്ക്കുന്നു. ചുറ്റുപാടും കരയോട് ചേര്‍ന്ന വശത്ത് കാട്ടുചേമ്പുകളുടെ മറ്റൊരു കാട്.
വയല്‍ വരമ്പത്ത് എരണ്ടക്കൂട്ടങ്ങളെയൊന്നും കാണാനില്ല. അവക്കും ഇവിടം വേണ്ടാതായോ..? ഓ.. അവര്‍ മഞ്ഞു കാലത്തെ വിരുന്നുകാരല്ലേ..? അതു മറന്നു.
ഡിസംബര്‍ കുളിരില്‍ കുതിര്‍ന്ന് പാടവരമ്പത്തെ കറുകപ്പുല്ലുകള്‍ മഞ്ഞു തുള്ളികളെയും പേറി നില്ക്കുന്ന പുലരികളില്‍ പാടവരമ്പത്തൂടെ ഒന്നിനു പിറകേ ഒന്നായി ഓടുന്ന കുട്ടികളുടെ ചെറു സംഘം. അവരുടെ തോളുകള്‍ക്ക് മുകളിലൂടെ ചിറകു വിരിച്ച് പറന്നുയരുന്ന എരണ്ടക്കൂട്ടം..പച്ച തത്തകള്‍.. ഓര്‍മ്മകളില്‍ ഒരു ചിത്രം മിന്നിത്തെളിഞ്ഞു പോയ്..
പച്ചക്കടലുപോലെ പരന്നു കിടക്കുന്ന പാടത്തെ തഴച്ചുവളരുന്ന നെല്‍ച്ചെടികള്‍ക്കിടയിലൂടെ ഇരതേടി നടക്കുന്ന വയല്‍ പക്ഷികളയൊക്കെ എവിടെയും കാണാമായിരുന്നു. പുഴുക്കളും, പച്ചത്തുള്ളനും, പാറ്റയും,ഞണ്ടും, ഞവുണിയും, മീന്‍ കുഞ്ഞുങ്ങളും, തവളയുമൊക്കെയാണ് ഇവറ്റകളുടെ ഭക്ഷണം. വയല്‍ക്കരയിലെ കൈത്തോടുകളില്‍ തവളകള്‍ മുട്ടയിട്ട് ധാരാളം വാല്‍മാക്രികള്‍ തുള്ളിക്കളിച്ചിരുന്നു. മുട്ടയിടാന്‍ ശുദ്ധ ജലം ആവശ്യമായ അവക്ക് ഇപ്പോള്‍ അതും നഷ്ടമായിരിക്കുന്നു.
ഓര്‍മ്മകള്‍ വീണ്ടും തകിടം മറിയുന്നു.
വര്‍ത്തമാന കാലത്തില്‍ നിന്ന് കൊണ്ട് ഭൂത കാലത്തിലേക്കുള്ള തിരിഞ്ഞു നോട്ടം…
പാട വരമ്പത്തെ നടപ്പ് കഴിഞ്ഞ് വയല്‍ക്കരയിലെ കമുകിന് തോട്ടത്തിലേക്ക് കയറിയപ്പോള്‍ എതിരെ വരുന്നു പെയിന്റ് പണിക്കാരന് കൊച്ചുകുഞ്ഞ്.
കുറച്ചു സമയം കൊണ്ട് കൂടുതല്‍ ആള്‍ക്കാരുടെ കുറ്റം പറയുവാന്‍ അതിസമര്‍ത്ഥനായ കൊച്ചുകുഞ്ഞ്. കുറ്റം പറയുന്നതും തമാശ ചേര്‍ത്താണ്. മരിച്ച ആള്‍ക്കാരെപ്പോലും വെറുതെ വിടില്ല. ഈ കരയിലുള്ള എല്ലാവര്ക്കും ഇരട്ട പേരിടുന്ന മഹാന്.
ഒരുപാട് നാളായി ഇയാളുടെ ദുഷിപ്പു കേട്ടിട്ട്. ഞാന്‍ മനസ്സില്‍ വിചാരിച്ചു.
കൊച്ചു കുഞ്ഞ് എന്നെ നോക്കി ഒന്നു ചിരിച്ചു.
“ഇവിടൊണ്ടാരുന്നോ.?
ഞാന്‍ മറുപടി പറയാതെ ഒന്നു ചിരിക്കുക മാത്രം ചെയ്തു.
ഞാന്‍ ചോദിക്കാതെ തന്നെ അയാള്‍ വിശേഷങ്ങള്‍ പറയുവാന്‍ തുടങ്ങി. അതിനിടയില്‍ കയ്യില്‍ കുറെ കുറ്റിച്ചെടികളുമായി ഞങ്ങളുടെ മുന്പില്ക്കൂടി നടന്നു പോകുന്ന കോരു വൈദ്യരെ കണ്ടു. ഞങ്ങളെ ഒന്നു നോക്കുക പോലും ചെയ്യാതെ അയാള്‍ പറമ്പിന്റെ മൂലയിലേക്ക് പോയി.
കോരു വൈദ്യര് എപ്പോഴും അങ്ങനെയാണ്. ഒരിക്കലും ആള്‍ക്കാരെ ശ്രദ്ധിക്കാറില്ല. ആരോടും മിണ്ടുകയുമില്ലാ. അഥവാ മിണ്ടിയാല്‍ മനുഷ്യരെ തമ്മില്‍ കൂട്ടിയടുപ്പിക്കും.
ദൈവം കണ്ണുകള്‍ കൊടുത്തിരിക്കുന്നത് തന്നെ മരുന്നു ചെടികള്‍ തിരഞ്ഞു പിടിക്കുവാനാണെന്ന പോലെ ജീവിതം മുഴുവന്‍ പരിസരം പരതി, പരതി കുനിഞ്ഞു നടക്കുന്നു. കുനിഞ്ഞു നടന്നു നടന്ന് ഇന്നിപ്പോള്‍ അയാള്‍ ഒരു കൂനനായി മാറിയിരിക്കുന്നു.
ചെറുപ്പം മുതല്ക്കേ എന്നെ കാണുന്ന അയാള്‍ ഒരിക്കല്‍ പോലും എന്നെ നോക്കി ചിരിച്ചിട്ടില്ല.
കൊച്ചുകുഞ്ഞ് ഇയാളെക്കുറിച്ച് എന്തെങ്കിലും പറയുമോ എന്നറിയുവാനായി ഞാന്‍ വെറുതെ ഒന്നു പരീക്ഷിച്ചു നോക്കി.
അറിയാത്ത ഭാവത്തില്‍
“അതു നമ്മുടെ കോരു വൈദ്യരല്ലേ..?
‘’അതെ…അതെ.. രാവിലെ ബ്രഹ്മി പറിക്കാനിറങ്ങീരിക്കുവാ.. കൂനിക്കൂനി പോകുന്ന പോക്കു കണ്ടില്ലേ.. ബ്രഹ്മാവിനു വരെ ‘ബ്രഹ്മം’ വെച്ച പാര്‍ട്ടിയാ.. ഇപ്പം ബ്രഹ്മി പറിക്കുവാ..” കൊച്ചുകുഞ്ഞ് വികാരഭരിതനായി.
അയാളിതു പറഞ്ഞു തീരുമ്പോള്‍ മറ്റൊരാള്‍ കൂടി അവിടേക്കു വന്നു.
പാലമ്മൂട്ടിലെ കുഞ്ഞവറാച്ചന്. കുറെ വര്‍ഷങ്ങളായി അമേരിക്കയിലായിരുന്നു. അയാള്‍ ഒരു നടപ്പ് കഴിഞ്ഞ് വരികയാണ്. യു.എസ് ബ്രാന്‍ഡിന്റെ വെള്ള കളറുള്ള ‘പോളോ’ ടീ ഷര്‍ട്ടു് വിയര്‍പ്പില്‍ നനഞ്ഞു കുളിച്ചിരിക്കുന്നു. ഞങ്ങളെക്കണ്ട് ഒന്നു നിന്നു. പ്രായം മറയ്ക്കുവാനുള്ള പെടാപ്പാടില്‍ തലയിലെ കറുപ്പ് കുറച്ചു കൂടിപ്പോയിരിക്കുന്നു. ‘കാക്കക്കറു’പ്പുള്ള ‘ഡൈ’ യുടെ അംശം കൃതാവിന്റെ വശങ്ങളില് പറ്റിപിടിച്ചിരിക്കുന്നു. അല്‍പ്പം കിതപ്പടങ്ങിയപ്പോള്‍ കുടവയറിന്റെ താഴെ ഇറങ്ങിക്കിടക്കുന്ന ‘ഗ്രേ’ കളറുള്ള ട്രാക്ക് സ്യുട്ട് ഒന്നു കൂടി വലിച്ച് മേല്‍പ്പോട്ടിട്ട് അയാള്‍ എന്നോട് കുറെ കുശലാന്വേഷണമൊക്കെ നടത്തി പിന്നെ പതുക്കെ വീണ്ടും നടക്കുവാന്‍ തുടങ്ങി. കൂട്ടത്തില്‍ നിന്ന കൊച്ചു കുഞ്ഞിനെ പൂര്‍ണ്ണമായും അവഗണിച്ച് ഒന്നു നോക്കുകയോ മിണ്ടുകയോ ചെയ്തില്ല.
അയാള്‍ നടക്കുവാന്‍ തുടങ്ങിയതും കൊച്ചുകുഞ്ഞ് ദേഷ്യത്തോടെ
“ഇങ്ങനത്തെ ഒരു തെണ്ടി.. മഹാ എച്ചിയാ.. എന്നോടിപ്പം അത്ര കോളല്ലാ.. പോകുന്ന പോക്കു കണ്ടില്ലേ.. വയറും തള്ളിപ്പിടിച്ചു്..അമേരിക്കന്‍ അഞ്ഞാഴന് , പൂണന്‍, തുപ്പലു കുത്തി, മദ്ദളം..”
ഭാഷയിലെ പുതിയ ചില വാക്കുകള്‍…!!
അയാളുടെ രോഷം ആ വാക്കുകളില്‍ക്കൂടി കത്തിക്കയറി..
അതെന്തു പറ്റി.. ഒരു ചെറു ചിരിയോടെ ഞാന്‍ ചോദിച്ചു.
“കഴിഞ്ഞ മാസം അങ്ങേരടെ വീട്ടില്‍ ഒരു പെയിന്റ് പണി ഒണ്ടാരുന്നു. പണി തൊടങ്ങിയാ പിന്നെ ഒരരശരണോം തരത്തില്ല. മൂത്രമൊഴിക്കാന്‍ പോലും വിടാതെ പൊറകേ, പൊറകേ നിക്കും. പെയിന്റ് വരെ അളന്നാ വെക്കുന്നത്. വൈകിട്ട് പണി കഴിഞ്ഞ് പോണേനു മുന്‍പ് കമ്പു കൊണ്ട് കുത്തി അളവെടുക്കും. പിറ്റേന്ന് വീണ്ടും അളവെടുക്കും. ഇനീ പെയിന്റ് ഞങ്ങളെങ്ങാനും എടുത്തു കുടിച്ചാലോ..?.
(ഒന്നു നിര്‍ത്തി)
ഒരു മനുഷ്യന് സകലതും നേടിയാലും ‘പര നാറി’യായിപ്പോയാ അതു കൊണ്ട് വല്ലോ പ്രയോജനോം ഒണ്ടോ സാറേ..?
അയാള്‍ അതും പറഞ്ഞ് സ്വയം രസിച്ചൊന്നു ചിരിച്ചു.
ഈ കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയും പറഞ്ഞതു കേട്ട് ഞാന്‍ അവിടെ നിന്നും വീണ്ടും നടക്കുവാന്‍ തുടങ്ങി.
കവുങ്ങിന് തോട്ടത്തിനു നടുവിലുള്ള ചെറിയ കൈത്തോട്ടിലെ വെള്ളത്തില്‍ കാലൊന്നു കഴുകി തൊട്ടടുത്തു കണ്ട ഒരു കരിങ്കല്ലിനു മുകളില്‍ കുറച്ചു സമയം ഇരുന്നു. ഇട തിങ്ങി കവുങ്ങുകള്‍ വളര്‍ന്നു നില്ക്കുന്നതു കൊണ്ട് നേരം ഇത്ര പുലര്‍ന്നിട്ടും ആകെ ഒരു ഇരുളിമയാണിവിടെ.
ഇടവിളയായി ഇഞ്ചിയും, മഞ്ഞളും, വാഴയും ഗ്രാമ്പൂവും, ജാതിയുമൊക്കെ ധാരാളം നട്ടിട്ടുണ്ട്. കമുകിന്റെ മുകളിലേക്ക് പടര്‍ന്നു കയറിയിരിക്കുന്ന കുരുമുളക് വള്ളികളില്‍ പച്ചക്കുരുമുളക് കുലകള്‍ വിളഞ്ഞു നില്ക്കുന്നു. മുകളില്‍ ഓറഞ്ചു നിറത്തിലുള്ള പഴുത്ത അടക്കാ കുലകള്‍. ഒരേ മരത്തില്‍ രണ്ടു വിളകള്‍…!!
ഭിന്നിച്ചു നില്ക്കുന്ന മനുഷ്യര്‍ക്ക് ഒന്നിച്ചൊരു മനസ്സോടെ ഒത്തു ചേര്‍ന്നു വിളവ് നല്കുന്ന മരവും ചെടിയും..!.
ഈ കൃഷികളും മരത്തണലിന്റെ ശീതളിമയുമൊക്കെ ഉള്ളതു കൊണ്ടാവണം കൈത്തോട്ടില്‍ ഇത്രയുമെങ്കിലും വെള്ളമുള്ളത്. കൈത്തോടിന്റെ കരയില്‍ നീലപ്പൂക്കളുമായ് നില്ക്കുന്ന വയല്‍ച്ചുള്ളി ചെടികളുടെ വലിയൊരു കാട്. മരുന്നുകള്ക്കുപയോഗിക്കുന്ന ഈ ചെടികളെ കോരു വൈദ്യര് കണ്ടില്ലായിരിക്കും..? ചുറ്റുപാടും ഒന്നു വീക്ഷിച്ചു കൊണ്ടിരിക്കുമ്പോള്‍ തൊട്ടടുത്ത പൊന്തക്കാട്ടില്‍ നിന്നും മൂന്നു കീരികള്‍ എന്റെ മുന്‍പിലേക്ക് പൊടുന്നനെ പ്രത്യക്ഷപ്പെട്ടു. വളരെ വേഗതയില്‍ ഓടിവന്ന കീരിക്കൂട്ടം എന്നെ കണ്ടൊന്നു നിന്നു, പിന്നെ അതേ വേഗതയില്‍ തന്നെ തിരികെ ഓടി കുറ്റിക്കാട്ടില്‍ മറഞ്ഞു.
ഈ ചെറിയ ജീവികള്‍ക്ക് ഞാനെന്തിനു വഴി തടസ്സമാകണം?.
വീണ്ടും എഴുന്നേറ്റു നടന്നു.
തോട്ടത്തിനു പുറത്തെ ചെമ്മണ് പാതയിലൂടെ നടന്ന് എന്റെ വീടിനടുത്തുള്ള ടാറിട്ട റോഡില്‍ എത്തി.
ഇല്ലത്തു കളത്തിലെ വീടിനു മുന്പിലെ വലിയ പുന്ന മരത്തിന്റെ ചുവട്ടില്‍ എത്തിയപ്പോള്‍ അറിയാതെ നിന്നുപോയി. മുകളിലേക്കൊന്നു നോക്കി. ദിവസത്തില്‍ ഒരു പ്രാവശ്യമെങ്കിലും ഈ പുന്ന മരത്തിന്റെ ചുവട്ടില്‍ എത്താതിരിക്കുവാന്‍ കഴിയാതിരുന്ന കാലമൊന്നോര്ത്തു പോയി.
പുന്നമരത്തിന്റെ കായ്കള്‍ പെറുക്കിക്കൂട്ടി ഗോലി കളിച്ചിരുന്ന ആ സംഘം നാനാ വഴിക്കായി പിരിഞ്ഞിരിക്കുന്നു. ഇപ്പോള്‍ ഇവിടെ ആരും ആള് താമസമില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്.
മൂന്നേക്കര്‍ സ്ഥലത്തിനുള്ളിലെ വീട് ഇപ്പോള്‍ ഒരു ‘ഭാര്‍ഗവീ നിലയം പോലെ കിടക്കുകയാണ്. വീടിനു മുന്പിലെ വലിയ ഗേറ്റ് തുറന്നു കിടക്കുന്നു. അകത്തോട്ടു കേറിയാലോ..?
ഞാന്‍ ഒന്നു സംശയിച്ചു നിന്നു. പിന്നെ അകത്തേക്ക് കയറി. പറമ്പ് മുഴുവന്‍ കാടു പിടിച്ച് നശിച്ചു കിടക്കുന്നു. അനാഥമായ പറമ്പ്. നടന്നു വീടിന്റെ പുറകിലെത്തി.
എന്നെ കണ്ട് പറമ്പിന്റെ മൂലക്കു നിന്നും കാടുപറിക്കാരന് ‘അഴകന്’ അവിടേക്ക് ഓടി വന്നു. അയാളുടെ നേതൃത്വത്തില്‍ ഒരു ‘പെണ്‍സംഘം’ അവിടെ കാടു പറിക്കുകയാണ്.
“എന്താ സാറേ?”
“വെറുതെ.. ഒന്നു കാണാന്‍ വേണ്ടി കയറിയതാ..
ഞാന്‍ അതും പറഞ്ഞു് അയാളെ ശ്രദ്ധിക്കാതെ പതുക്കെ നടക്കുവാന്‍ തുടങ്ങി.
‘ഇവിടെയിപ്പോ ആരും നോക്കാനൊന്നുമില്ലേ..? ഞാന്‍ ആഴകനോടു ചോദിച്ചു
‘ഉണ്ണിക്കുഞ്ഞു പോയതോടെ എല്ലാം കഴിഞ്ഞില്ലേ സാറേ..?’ വല്ലപ്പോഴും അക്കരേലെ സാറു വരും. വാര്യരു സാറിന്റെ എളേ അനിയന്..”
നടന്നു വീടിന്റെ പുറകിലെ കോലായുടെ സമീപമെത്തി.
രാജാവും, മന്ത്രിയും, ആനയും, കുതിരയും, കാലാള്പ്പടയുമൊക്കെയായി ഞാനും, ഉണ്ണിയും പടവെട്ടിയിരുന്ന പടിഞ്ഞാറു വശത്തെ വിശാലമായ കോലായ ഇപ്പോള്‍ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്നു.
കോലായോടു ചേര്‍ന്നു പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന വൃക്ഷക്കൂട്ടങ്ങള്‍ നല്കുന്ന സുഖ ശീതളിമയിലിരുന്ന് പടിഞ്ഞാറന്‍ കാറ്റേറ്റ് ഞങ്ങള്‍ ചതുരംഗം കളിക്കുമായിരുന്നു. ചതുരംഗ കളിയില്‍ അതി സമര്‍ത്ഥനായിരുന്നു ഉണ്ണി.
രാജ്യം നഷ്ടപ്പെട്ട രാജാവായി ഞാന്‍ എപ്പോഴും അവന്റെ മുന്പില് തോറ്റു കൊണ്ടേയിരുന്നു. അവന്റെ ആ നിഷ്ക്കളങ്കമായ ചിരി കാണുവാന്‍ പലപ്പോഴും ഞാന്‍ മനപ്പൂര്‍വം തോറ്റു കൊടുക്കുമായിരുന്നു. എനിക്കത്രക്കും ഇഷ്ടമായിരുന്നു ഉണ്ണിയെ.
വാര്യര്‍ സാറിന്റെ ഒരേ ഒരു മകനായിരുന്നു ഉണ്ണി.
നീണ്ട നാളത്തെ കാത്തിരിപ്പിനും, പൂജക്കും, വഴിപാടിനുമൊക്കെ ശേഷം വാര്യരു സാറിന്റെയും, സീതക്കുട്ടിയമ്മയുടെയും പൊന്നോമനയായി പിറന്ന മകന്.
‘ഉണ്ണികൃഷ്ണ വാര്യര്‍’ എന്ന എന്റെ പ്രിയപ്പെട്ട ഉണ്ണി. എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ഉണ്ണി. ഞാന്‍ അവനെ സ്നേഹപൂര്‍വ്വം ‘ഉണ്ണായിവാര്യര്‍’ എന്ന് കളിയാക്കി വിളിച്ചിരുന്നു. തിളക്കമുള്ള കണ്ണുകളും, വലിയ ആനച്ചെവിയുമൊക്കെയുള്ള അവന്റെ മുഖത്ത് സ്ഥായിയായ ഒരു നിഷ്കളങ്കഭാവം എപ്പോഴും ഉണ്ടായിരുന്നു. ആരും ഇഷ്ടപ്പെട്ടുപോകുന്ന സൌമ്യമായ സംസാരം.
ആ വീട്ടിന്റെ ‘ആരോമലുണ്ണി’യായിരുന്നു അവന്.
ചെറുപ്പത്തിലേ ഒരു പക്ഷി പ്രേമിയായിരുന്നു ഉണ്ണി.
“നീ ഭാവിയില്‍ ‘ഉണ്ണായിവാര്യരെ’പ്പോലെ ഒരു വലിയ കവിയാകും” എന്ന് ഞാന്‍ വെറുതെ പറയുമ്പോള്‍ അവന് പറയും
“വേണ്ട എനിക്ക് കവിയാകെണ്ടാ. ഒരു പക്ഷി ശാസ്ത്രജ്ഞനായാല്‍ മതി. Dr.സലിം അലിയെപ്പോലെ.”
അവന് ചിരിച്ചുകൊണ്ട് പറയും.
അവന്റെ ഏറ്റവും വലിയ ആരാധനാ പാത്രമായിരുന്നു പ്രശസ്ത പക്ഷി ശാസ്ത്രജ്ഞന് ‘Dr.സലിം അലി’.
സ്കൂള്‍ വിട്ടു വന്നാല്‍ ഉടന്‍ അവന് എന്റെ വീട്ടില്‍ എത്തും. പിന്നെ ഞങ്ങള്‍ രണ്ടു പേരും കൂടി ഈ പറമ്പ് മുഴുവന്‍ ഓടി നടക്കും. പക്ഷികളെ നിരീക്ഷിക്കലായിരുന്നു ഞങ്ങളുടെ സ്ഥിരം പരിപാടി.
അവന്റെ മനസ്സറിഞ്ഞെന്നപോലെ പക്ഷികളുടെ ഒരു പട തന്നെ ഇവിടേയ്ക്ക് എത്തും. അവന്റെ പക്ഷി പ്രേമം കണ്ട് വാര്യര്‍ സാര്‍ അവന് ഒരു ചെറിയ ബൈനോക്കുലര്‍ വാങ്ങിക്കൊടുത്തു. ആ ബൈനോക്കുലറുമായി ഞങ്ങള്‍ ഈ മരക്കൂട്ടങ്ങള്‍ക്കിടയില്‍ പതുങ്ങിയിരിക്കും. ഓരോ പക്ഷിയേയും ഞങ്ങള്‍ അങ്ങനെ അടുത്തറിയുവാന്‍ തുടങ്ങി. അവന്റെ കൂടെക്കൂടി ഞാനും ഒരു പക്ഷിപ്രേമിയായി. പക്ഷികളെക്കുറിച്ചുള്ള ധാരാളം പുസ്തകങ്ങള്‍ വാര്യര്‍ സാര്‍ അവനു വാങ്ങിക്കൊടുത്തു. സ്കൂള്‍ പുസ്തകങ്ങള്‍ വായിക്കുന്നതില്‍ കൂടുതല്‍ ഉത്സാഹത്തോടെ അവന് പക്ഷി പുസ്തകങ്ങള്‍ വായിക്കും.
ഏതു പക്ഷിയെക്കുറിച്ചു പറഞ്ഞാലും അവനു പറയുവാന്‍ ഏറെയുണ്ട്..
“ഓലേഞ്ഞാലി ചിലച്ചാല്‍ പെട്ടന്ന് പണം കിട്ടും, ഒറ്റ മാടത്തെയെക്കണ്ടാല് ദുഖമുണ്ടാകും. വാഴക്കിളി ചിലച്ചാല്‍ വീട്ടില്‍ കലഹം. കാക്ക കരഞ്ഞാല്‍ വിരുന്നുകാര് വരും. മയില്‍, പീലി വിരിച്ചാടിയാല് മഴ പെയ്യും. മഞ്ഞക്കിളിയെ കണ്ടാല്‍ മധുരം കിട്ടും, പരുന്തിനെ കണ്ടാല്‍ അന്ന് അടി കൊള്ളും.”
തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ അവന് എന്നോട് പറയും. ഇതെല്ലാം പല പുസ്തകങ്ങളില്‍ നിന്നും അവന് വായിച്ചറിഞ്ഞതും, പലരും പറഞ്ഞതും, കേട്ടറിഞ്ഞതുമൊക്കെയായ കാര്യങ്ങളാണ്.
മഴ തോരാതെ നില്ക്കുന്ന കറുത്ത കര്‍ക്കിടക സന്ധ്യകളില്‍ ഈ കോലായിലിരുന്നു പുറത്തെ മരക്കൂട്ടങ്ങള്‍ക്കിടയില്‍ ചരലു വാരിയെറിയുന്നത് പോലെ മഴത്തുള്ളികള്‍ വീഴുന്നതും നോക്കി ഞങ്ങള്‍ ഇരിക്കും. കോലായില്‍ ഇരുട്ടു കയറിയാലും ലൈറ്റിടാതെ ഇരുട്ടില്‍ ഇരുന്ന് പുറത്തെ മഴയെ നോക്കിയിരിക്കും. ഇടയ്ക്കിടയ്ക്ക് പുളഞ്ഞു കത്തുന്ന കൊള്ളിയാന്‍ പ്രകാശത്തില്‍ മഴ നനഞ്ഞു നില്ക്കുന്ന മരക്കൂട്ടങ്ങളെ കാണുന്നതും, മഴയുടെ സംഗീതം കേള്‍ക്കുന്നതും ഒരു വല്ലാത്ത അനുഭവം തന്നെയായിരുന്നു.
പുറത്ത് മഴ ചതച്ചുകുത്തി പെയ്യുമ്പോള്‍ അടുക്കളയില്‍ നിന്നും മസാലക്കൂട്ടിന്റെയും നെയ്യില്‍ പൊരിക്കുന്നതിന്റെയുമൊക്കെ കൊതിപ്പിക്കുന്ന ഗന്ധമുയരും. സീതക്കുട്ടിയമ്മ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കുമായി എന്തെങ്കിലുമൊക്കെ കഴിക്കാന്‍ കൊണ്ടു വന്ന് തരും. കശുവണ്ടി വറുത്തത്, നിലക്കടല, ചെറുപയര്‍ പുഴുങ്ങിയത്, ഇലയപ്പം. മുറുക്ക്, നേന്ത്രപ്പഴം പുഴുങ്ങിയത്, അങ്ങനെ പലതും.
ഞങ്ങള്‍ സ്വാദോടെ അതു കഴിച്ചു കൊണ്ട് വീണ്ടും മഴ കാണും.
അപ്പോഴെല്ലാം അവന്റെ ചിന്ത പക്ഷികളെക്കുറിച്ചു മാത്രമായിരുന്നു.
ആകാശം പിളര്‍ന്നുള്ള ഇടി വെട്ടും കൊള്ളിയാനുമൊക്കെ ഉള്ള ആ കറുത്ത സന്ധ്യകളില്‍ അവന് എന്നോട് ചോദിക്കും
“ഇത്രേം വല്യ ഈ മഴയത്ത് ഈ പക്ഷിക്കൊന്നും, ഒന്നും പറ്റത്തില്ലേടാ..? അതിന്റെ കൂട് ഒലിച്ചു പോകത്തില്ലേ..?”
ഉണ്ണിയുടെ നിഷ്ക്കളങ്കമായ ആ ചോദ്യത്തിന് ഉത്തരം കൊടുക്കുവാന്‍ എനിക്കന്നറിഞ്ഞു കൂടായിരുന്നു.
ഞാന്‍ ഇപ്പോള്‍ എല്ലാം പഠിച്ചിരിക്കുന്നു ഉണ്ണീ.. പക്ഷെ നീ ഇപ്പോള്‍…?
ഒരു ഫ്ലാഷ് ബാക്ക് പോലെ എന്റെ ഓര്‍മ്മകള്‍ പ്രതാപ ഐശ്വര്യങ്ങളോടെ തലയുയര്‍ത്തി നിന്നിരുന്ന ആ പഴയ ഇല്ലത്തുകളത്തിലെ വീട്ടിലേക്കു പോയി.
ഗേറ്റ് മുതല്‍ മുറ്റം വരെയുള്ള നടപ്പാതക്ക് ഇരുവശവും, ഒരു പ്രത്യേക ഡിസൈനില്‍ പാകിയ കല്ലുകള്‍ കൊണ്ട് മനോഹരമാക്കിയിരുന്ന വീട്.
വിശാലമായ മുറ്റം നിറയെ ചെടികള്‍.
ചെമ്പരത്തി, ചെമ്പകം, തെച്ചി, തുളസി, നന്ത്യാര്‍വട്ടം,മന്ദാരം, പിച്ചകം, മുല്ല, കാശിത്തുമ്പ, ശംഖുപുഷ്പം തുടങ്ങി ഒട്ടേറെ ചെടികള്‍. പിന്നെ പേരറിയാത്ത ഒരു പാടു ചെടികളും.
അടുത്തുള്ള അമ്പലങ്ങളിലെ ദേവീ ദേവന്മാര്ക്കായി ഈ മുറ്റം നിറയെ പൂക്കള്‍ നിറഞ്ഞു നിന്നിരുന്നു. പൂജക്കായി ഇവിടെ നിന്നും അവര്‍ സ്ഥിരമായി പൂക്കള്‍ ശേഖരിച്ചിരുന്നു.
ധാരാളം മരപ്പണികള്‍ ഒക്കെയുള്ള കുലീനത്വം മുറ്റി നില്ക്കുന്ന ആ പഴയ തറവാട് എന്റെ ഓര്‍മ്മകളില്‍ ഇപ്പോള്‍ നിറഞ്ഞു നില്ക്കുന്നു.
വീടിന്റെ ഒരു വശത്ത് ഭിത്തിയില്ക്കൂടെ മുകളിലേക്ക് പടര്‍ന്നു കയറുന്ന ചുവന്ന പൂക്കളുള്ള വള്ളി ചെടികളും, മുറ്റത്തിന്റെ വശത്തായി തൂണിന്റെ മുകളിലെ പ്രാവിന് കൂടുമൊന്നും ഇപ്പോള്‍ കാണ്മാനില്ല.
പ്രകൃതിയോടിണങ്ങി നില്ക്കുന്ന മനോഹരമായ ഒരു വീടായിരുന്നു ഇല്ലത്തു കളത്തിലെ വീട്.
വീടിനോട് ചേര്‍ന്ന് പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന ധാരാളം വലിയ തണല്‍ മരങ്ങളുമുണ്ടായിരുന്നു.
വീടിന്റെ പുറകു വശത്തെ വിശാലമായ പറമ്പിന്റെ ഒരു മൂലയ്ക്ക് ഊഞ്ഞാല് വള്ളികളും, ഇല്ലിമുളം കൂട്ടവും, മറ്റനേകം കാട്ടുമരങ്ങളും,കാട്ടുചെടിപ്പടര്പ്പുകളും, എല്ലാം ചേര്‍ന്നു് കൂടിപ്പിണഞ്ഞ്, വനത്തിന്റെ പ്രതീതി തോന്നിപ്പിക്കുന്ന ഒരു സ്ഥലമുണ്ടായിരുന്നു.
അത്യപൂര്‍വ്വമായി കാണുന്ന ചില വൃക്ഷങ്ങള്‍ ഞാന്‍ അവിടെ കണ്ടിട്ടുണ്ട്. കാഴ്ചയില്‍ തെങ്ങിനോട് സാമ്യമുള്ള ‘കാട്ടുതെങ്ങ്’ എന്ന മരം ഞാന്‍ ആദ്യമായി കാണുന്നത് ഈ പറമ്പിലാണ്. ഒരു മരം പോലും വെട്ടാതെ ഈ കാടിനെ സ്നേഹിച്ചു പരിപാലിച്ചു കൊണ്ടിരുന്ന ഒരു പ്രകൃതി സ്നേഹി കൂടിയായിരുന്നു വാര്യര്‍ സാര്‍.
അത്തിമരം, അമ്പഴം, അരിനെല്ലി, ആത്ത, ഇത്തി, ലവലോലി, സപ്പോട്ടാ, ഇലമ്പിപ്പുളി, കടപ്ലാവ്, തേന്മാവ്, തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ധാരാളം ഫലവൃക്ഷങ്ങളുമുണ്ടായിരുന്നു.
“ഇതൊരു പാമ്പു വളര്‍ത്തല്‍ കേന്ദ്രമാകുമല്ലോ സാറേ…, കൊറെ മരമൊക്കെ വെട്ടിക്കള..”
മരങ്ങളുടെ ‘കാലന്’ മരം വെട്ടുകാരന് ‘ലാലപ്പന്’ ഇടയ്ക്കിടെ സാറിനെ ഉപദേശിക്കും.
“അതുങ്ങക്കും എവിടെങ്കിലും ജീവിക്കെണ്ടേടോ..” സാറു ചിരിച്ചുകൊണ്ട് പറയും.
പക്ഷെ സന്ധ്യ കഴിഞ്ഞാല്‍ സാറു ഞങ്ങളെ അവിടേക്ക് വിടില്ലായിരുന്നു. എപ്പോഴും ഒരു ശ്രദ്ധ ഞങ്ങളിലുണ്ടായിരുന്നു.
പുറകില്‍ ഒരു കാല്‍പ്പെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കി.
“എന്നാ ഞാനങ്ങോട്ട്…” അഴകന് പറയുന്നത് കേട്ട് ഓര്‍മ്മകളില്‍ നിന്നും ഞാന്‍ ഞെട്ടിയുണര്‍ന്നു.
അയാള്‍ കാടു പറിക്കാനായി വീണ്ടും പോയി.
ഞാന്‍ താഴത്തെ പറമ്പിലേക്കും നടന്നു.
പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന വൃക്ഷങ്ങളുടെ ചുവട്ടിലെ തണലില്‍ ഞാന്‍ നിന്നു. കാല് ചുവട്ടില്‍ ധാരാളം കാട്ടു പൂക്കള്‍ ചിതറിക്കിടക്കുന്നു. മണമുള്ളതും, മണമില്ലാത്തതുമായ വിവിധ തരം പൂക്കള്‍. ഇന്നലത്തെ മഴയില്‍ കൊഴിഞ്ഞു വീണതാകം.
വെളുത്ത പാണ്ടുകളുള്ള ചെറിയ പാറക്കഷണങ്ങള്‍ നിലത്തു ചിതറിക്കിടക്കുന്നു. ചുറ്റുവട്ടത്തെ ശുദ്ധ വായുവിന്റെ അളവ് കൂടുതലുള്ളപ്പോളാണ് ഫംഗസ് ഇനത്തില്‍പ്പെട്ട ഇത്തരം ചില ‘ലൈക്കനുകള്‍’ പാറകളുടെ മുകളില്‍ പ്രത്യക്ഷപ്പെട്ടുന്നത്.
പറമ്പിന്റെ പടിഞ്ഞാറേ മൂലക്കായി ഇളം പച്ച നിറത്തിലുള്ള ഇല്ലി മുളത്തിന്റെ ഒരു വലിയ കാടു തന്നെ ഉണ്ടായിരുന്നു. അവിടെ പാമ്പ് ഉണ്ടാകുമെന്ന് പറഞ്ഞ് സീതക്കുട്ടിയമ്മ ഞങ്ങളെ അങ്ങോട്ടു പോകാന്‍ അനുവദിച്ചിരുന്നില്ല. നട്ടുച്ചയ്ക്ക് പോലും തണുപ്പനുഭവപ്പെടുന്ന സ്ഥലമാണിത്. കിളികളുടെ നിലക്കാത്ത ചിലക്കല്‍ ശബ്ദം കേള്‍ക്കാം. ഇപ്പോഴും ഇവിടെ കിളികളുണ്ട്. അവയ്ക്കിവിടെ നിന്നും ഒരിക്കലും പോകാന്‍ കഴിയില്ല.
പക്ഷികളെ സ്നേഹിച്ചു, സ്നേഹിച്ച്, അവയെ കണ്ടും കേട്ടും, ഒരു പക്ഷിയെപ്പോലെ അവക്കൊപ്പം പറന്നു നടക്കാന്‍ കൊതിച്ച എന്റെ പ്രിയപ്പെട്ട ഉണ്ണിയുടെ ഈ മണ്ണില്‍ നിന്നും ഈ പക്ഷികള്ക്കെവിടെയും പോകാന്‍ കഴിയില്ല.
എന്നും ഞങ്ങള്‍ ഒരുമിച്ചായിരുന്നു സ്കൂളില്‍ പൊയ്ക്കൊണ്ടിരുന്നത്. കുടവൂര്‍ ക്ഷേത്രത്തിന്റെ താഴെയുള്ള വിശാലമായ വയല്‍ വരമ്പില്‍ക്കൂടി നടന്നു വേണം സ്കൂളില്‍ പോകുവാന്‍. പോകുന്ന പോക്കില്‍ വയല്‍ പക്ഷികളെയൊക്കെ കാണുവാന്‍ വേണ്ടി ഞങ്ങള്‍ നേരത്തെ തന്നെ ഇറങ്ങും.
ഞാന്‍ ഇല്ലത്തു കളത്തിലെ വീടിനു മുന്പില് എത്തുമ്പോള്‍ അവന് തയ്യാറായി നില്ക്കുന്നുണ്ടാവും. സീതക്കുട്ടിയമ്മ അവനെ ചേര്‍ത്തു പിടിച്ച് കവിളത്തൊരുമ്മ കൊടുത്താണ് എന്നും സ്കൂളിലേക്ക് വിടുന്നത്. ഒറ്റ മോനായതു കൊണ്ട് തന്നെ അവര്‍ക്കു വല്യ ജീവനായിരുന്നു അവനെ.
ഞാനിപ്പോഴും ഓര്‍ക്കുന്നു ഒരു സംഭവം. ഒരിക്കല്‍ ഉണ്ണി ഉച്ച ഭക്ഷണം എടുക്കുവാന്‍ മറന്നു പോയി. സീതക്കുട്ടിയമ്മയും അതറിഞ്ഞിരുന്നില്ല. പിന്നെ ഉച്ചക്കെപ്പോഴോ അവന്റെ മുറിയില്‍ അവന് മറന്നുപോയ പൊതിപ്പാത്രം കണ്ട് വേവലാതിപ്പെട്ട് അതുമെടുത്ത്, ഉച്ച ബെല്ലടിക്കുന്നതിനു മുന്‍പ് സ്കൂളിലെത്താനായി പൊരി വെയിലത്ത് വയല്‍ വരമ്പിലൂടെ അവര്‍ ഓടി വന്നു.
ബെല്ലടിക്കുന്നതിനു തൊട്ടു മുന്‍പ് ക്ലാസ്സു മുറിയുടെ മുന്പില് മുന്പില് ഓടി അണച്ചെത്തിയ സീതക്കുട്ടിയമ്മയെ കണ്ട് ഞങ്ങള്‍ ആകെ അമ്പരന്നു പോയി. അവര്‍ നന്നെ വിയര്‍ത്തു കുളിച്ചിരുന്നു. നനഞ്ഞ കൈവിരലുകള്‍ക്കുള്ളില്‍ ഒരു നിധി പോലെ മുറുക്കി പിടിച്ചിരിക്കുന്ന ചോറ്റുപാത്രം.
അവന് ചോറു കഴിച്ചു തീരുന്നത് വരെ ക്ലാസ്സു മുറിയില്‍ അവനോടൊപ്പം അവര്‍ കൂട്ടിരുന്നു. മറ്റു കുട്ടികളുമൊക്കെയുണ്ടായിരുന്നു അപ്പോള്‍. അവന് കഴിച്ചു കഴിഞ്ഞ് അവര്‍ ചോറു പാത്രവുമായി സന്തോഷത്തോടെ തിരിച്ചു പോയി.
പോകുമ്പോള്‍ ഏല്ലാക്കുട്ടികളുടെയും ഇടയില്‍ വച്ച് സീതക്കുട്ടിയമ്മ അവനെ സ്നേഹത്തോടെ ഉമ്മവച്ചു. ഉണ്ണിക്ക് വല്ലാത്ത ഒരു നാണം പോലെയായിരുന്നു അപ്പോള്‍.
സ്കൂള്‍ വിട്ട് തിരിച്ചു വരുന്ന സമയത്ത് വയല്‍ വരമ്പത്തു നിന്നും പക്ഷികള്‍ പറന്നുയരുമ്പോള്‍ ഉണ്ണി അവയെത്തന്നെ നോക്കി നില്ക്കും. പിന്നെ അവന് വേറൊരു ലോകത്താണ്. ഓരോ പക്ഷിയേയും വളരെ കൌതുകംപൂര്വ്വം വീക്ഷിക്കും. മിക്കവാറും എല്ലാ പക്ഷികളുടെയും പേര് അവനറിയാമായിരുന്നു.
പക്ഷികളെക്കുറിച്ചുള്ള ഗൌരവമേറിയ ഒരു പഠനം തന്നെ അവന് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അവന്റെ പക്ഷിയറിവുകള് കണ്ട് ഞാന്‍ അമ്പരന്നു പോയിട്ടുണ്ട്.
നീര്കൊക്കുകള്, ചിന്നകൊക്ക്, കാടപ്പക്ഷി, അരണ്ടപ്പക്ഷി, ചേരക്കോഴി, താമരക്കോഴി, മഴക്കൊച്ച, നെല്‍പ്പൊട്ടന്‍ അങ്ങനെ ചേറിലും, ചെളിയിലുമൊക്കെ കഴിയുന്ന എല്ലാ പക്ഷികളെക്കുറിച്ചും അവന് എനിക്കു ക്ലാസ്സെടുക്കും.
സ്കൂളില്‍ ഞങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം മലയാളവും ചരിത്രവുമായിരുന്നു.
ജോബു സാറിന്റെ മലയാളവും, കരുണാകരന് സാറിന്റെ ചരിത്രവും കാല ദേശങ്ങള്‍ക്കപ്പുറം ഞങ്ങളെ നൂറ്റാണ്ടുകള്‍ക്കു പുറകിലേക്കു കൊണ്ടു പോയി.
വേദങ്ങളിലും, ഇതിഹാസങ്ങളിലും, പുരാണങ്ങളിലുമൊക്കെയുള്ള വലിയ കഥാപാത്രങ്ങളെ ജോബു സാര്‍ ഞങ്ങളുടെ കൊച്ചു ക്ലാസ്സു മുറികള്ക്കുള്ളിലേക്കെത്തിച്ചു.
അവിടെ നിന്നും മണിപ്രവാളത്തിലേക്കും, പാട്ടിലേക്കും, ഭാഷാ ചമ്പുക്കളിലേക്കുമൊക്കെ എത്തി. പിന്നീട് ഭാരതപ്പുഴയുടെ തീരങ്ങളില്ക്കൂടി അദ്ദേഹം ഞങ്ങളെ നടത്തിച്ചു. പുഴയും പുഴയോട് ചേര്‍ന്നുള്ള നാട്ടു സംസ്കാരങ്ങളും, കാവ്യ സംസ്കാരങ്ങളും, കഥകളിയും, ചാക്യാര്‍കൂത്തും, നങ്ങ്യാര്‍കൂത്തും, ഓട്ടന്തുള്ളലുമെല്ലാം ഞങ്ങളറിഞ്ഞു.
തുഞ്ചന്‍ പറമ്പിലെ ‘ഭാഷാ പിതാവിനെ അദ്ദേഹം ഞങ്ങള്‍ക്കു കാണിച്ചു തന്നു. തുള്ളല്‍ക്കഥകളിലെ ഫലിതങ്ങള്‍ ഞങ്ങള്‍ ആവോളം ആസ്വദിച്ചു. വള്ളത്തോളും, പൂന്താനവും,ചെറുശ്ശേരിയും മേല്പത്തൂരുമൊക്കെ മായാത്ത ഓര്‍മ്മകളായി ഇപ്പോഴും മനസ്സില്‍ നിറഞ്ഞു നില്ക്കുന്നു. അവരുമൊക്കെയായി ബന്ധപ്പെട്ട ഒട്ടേറെ നുറുങ്ങു കഥകള്‍ അദ്ദേഹം ഞങ്ങള്‍ക്കു പറഞ്ഞു തന്നു.
ഒട്ടേറെ സാഹിത്യകാരന്മാര്ക്ക് ജന്മം നല്കിയ ഭാരതപ്പുഴയുടെ തീരത്തെ പഞ്ചാര മണലില്‍ ഞങ്ങളെ ഇലയിട്ടിരുത്തി ഭാഷയുടെ ‘അമൃതേത്ത്’ അദ്ദേഹം ഞങ്ങള്‍ക്ക് വിളമ്പിത്തന്നു. ഭാഷയെ ഇത്രയധികം സ്നേഹിച്ചിരുന്ന ആ വലിയ ഗുരു ഞങ്ങള്‍ക്ക് പകര്‍ന്നു തന്ന അറിവുകള്‍ പില്ക്കാലത്ത് ഭാഷയോടുള്ള പ്രണയം വര്‍ദ്ധിക്കുവാന്‍ കൂടുതല്‍ ഇടയാക്കി.
ജോബു സാര്‍ പറഞ്ഞു നിര്‍ത്തിയിടത്തു നിന്നും കരുണാകരന് സാര്‍ ആരംഭിക്കും. ചേര, ചോള, പാണ്ഡ്യ രാജാക്കന്മാരില്ക്കൂടി വള്ളുവക്കോനാതിരിയും, സാമൂതിരിയുമൊക്കെ പട നയിച്ചിരുന്ന ‘തിരുനാവാ’ മണപ്പുറത്തേക്ക് വീണ്ടും ഞങ്ങളെ എത്തിക്കും.
കലയും, കവിതകളുമൊന്നുമില്ലാതെ ചോരയില്‍ മുങ്ങിയ നിളാ തീരത്തെ മറ്റൊരു ചരിത്രം കൂടി അദ്ദേഹം ഞങ്ങള്‍ക്കു പറഞ്ഞു തരും. തിരുമാന്ധാംകുന്നിന്റെ താഴ്വരയിലെ വിശാലമായ മണല്‍പ്പുറത്ത് പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ കൊണ്ടാടുന്ന ‘മാമാങ്കം’ എന്ന മഹാ ഉത്സവം.
കരുണാകരന് സാറിന്റെ ക്ലാസ്സു കഴിയുമ്പോള്‍ മാമാങ്കം നേരില്ക്കണ്ടപോലെയുള്ള ഒരനുഭവമായിരുന്നു. ക്ലാസ്സു കഴിഞ്ഞാലും മാമാങ്കത്തറയിലെ വെടിയൊച്ചകളും, കുതിരക്കുളമ്പടികളും, ആനകളുടെ ചിന്നം വിളികളും, വാളിന്റെ സീല്‍ക്കാര ശബ്ദവുമെല്ലാം കാതുകളില്‍ മുഴങ്ങി നിന്നിരുന്നു.
ആ ഒരു പ്രദേശത്തേക്ക് അദ്ദേഹം ഞങ്ങളെ കൂട്ടിക്കൊണ്ടു പോകും. അത്ര മനോഹരമായിട്ടു പ്രകൃതി വര്‍ണനകള്‍ കൂടി ഉള്‍പ്പെടുത്തിയായിരുന്നു സാറിന്റെ ക്ലാസ്സ്. മാമാങ്ക പന്തലൊരുക്കാന്‍ ‘ആലിപ്പറമ്പു’ നിന്നും പുഴ വഴി കൊടി തോരണങ്ങളും, മുളയും, മരവുമൊക്കെ കൊണ്ടു വരുന്നതു മുതല്‍ മാമാങ്കം അവസാനിക്കുന്നത് വരെയുള്ള കാര്യങ്ങള്‍ ഒരു കഥപോലെ അദ്ദേഹം പറഞ്ഞു തരും. മാമാങ്ക ദിവസങ്ങളില്‍ നടക്കുന്ന കലാ, കായിക, സാഹിത്യ മത്സരങ്ങളെക്കുറിച്ചൊക്കെ അദ്ദേഹം വിശദമായിപ്പറയും.
സാമൂതിരി നിലപാടു നില്ക്കുന്ന മാമാങ്കത്തറയിലേക്ക് പാഞ്ഞുകയറി സാമൂതിരിയുടെ തല കൊയ്യുവാന്‍ പാഞ്ഞടുക്കുന്ന ‘ചാവേറുകളുടെ’ വീരഗാഥകള്‍ ക്ലാസ്സുമുഴുവന്‍ വീര്‍പ്പടക്കി നിശ്ശബ്ദമായി കേട്ടിരിക്കും. ചാവേറുകളെക്കുറിച്ച് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് അവിടെ വച്ചാണ്. പന്ത്രണ്ടു വര്‍ഷം കഠിന പരിശീലനങ്ങള്‍ കഴിഞ്ഞ് മാമാങ്കത്തിനു വേണ്ടി കാത്തിരിക്കുന്ന വള്ളുവക്കോനാതിരിയുടെ പോരാളികള്‍. അങ്കത്തില്‍ സ്വയം മരിക്കാന്‍ തയ്യാറെടുത്തവര്‍. അവരൊക്കെയായിരുന്നു പ്രധാന കഥാപാത്രങ്ങള്‍. പുസ്തകത്തിലില്ലാത്ത ഒരുപാടു ചരിത്രങ്ങള്‍ കൂടി അദ്ദഹം ഞങ്ങള്‍ക്ക് പറഞ്ഞു തരും.
ഇന്നു ലോകം മുഴുവന്‍ ‘ചാവേര്‍’ എന്ന ഒരു വംശം തന്നെ ഉണ്ടായിരിക്കുന്നു. അവര്‍ക്ക് കഠിന പരിശീലനങ്ങളൊന്നുമില്ല, സാമൂതിരിയെപ്പോലെ ഒരു രാജാവല്ല അവരുടെ എതിരാളികള്‍. ഒന്നുമറിയാത്ത, ഒരു തെറ്റും ചെയ്യാതെ സ്വന്തം കാര്യങ്ങള്‍ മാത്രം നോക്കി കഴിയുന്ന സാധാരണ ജനങ്ങള്‍ക്കിടയിലേക്ക് അപ്രതീക്ഷിതമായി ചാടി വീഴുന്ന ചാവേറുകള്‍…!!!കുറെ നിരപരാധികളെ കൊല്ലുക എന്നതൊഴിച്ചാല്‍ അവര്‍ക്കു പ്രത്യേക ലക്ഷ്യങ്ങളൊന്നുമില്ല.
മാമാങ്കത്തെക്കുറിച്ചുള്ള ഈ വിവരണങ്ങള്‍ കേട്ടും, വായിച്ചുമൊക്കെ ഞാന്‍ അറിയാതെ ആ പഴയ നൂറ്റാണ്ടിലേക്ക് എത്തുകയായിരുന്നു. എപ്പോഴും എന്റെ മനസ്സില്‍ ആ ഒരു ചിന്ത മാത്രമായി. മാമാങ്കത്തിന്റെ ബാക്കിപത്രങ്ങളായ നിലപാടുതറയും, മണിക്കിണറും, മരുന്നറയും, കളരികളുമൊക്കെ കാണണമെന്നും, തിരുനാവാ മണപ്പുറത്തേക്ക് എത്തണമെന്ന ആഗ്രഹവും എന്നില്‍ ഏറിക്കൊണ്ടിരുന്നു. ഞാന്‍ അറിയാതെ ഒരു സ്വപ്ന ജീവിയായി ഭൂതകാലത്തില്‍ തന്നെ ജീവിക്കുകയായിരുന്നു.
കരുണാകരന് സാറിന്റെ ക്ലാസ്സുകഴിഞ്ഞ പല ദിവങ്ങളിലും നൂറ്റാണ്ടുകള്‍ക്കു പിറകിലെ ഒരു ഭൂതകാല ജീവിയായി ഞാന്‍ മാറുകയായിരുന്നു. മാമാങ്ക ചിന്തകളുമായി മാത്രം നടന്നിരുന്ന എനിക്ക് സര്‍വ്വാഭരണ വിഭൂഷിതനായി കാവല്ഭടന്മാര്ക്കിടയില് മാമാങ്കത്തറയില്‍ നിലപാടെഴുന്നെള്ളി നില്ക്കുന്ന സാമൂതിരിമാര്‍ സ്വപ്നങ്ങളില്‍ക്കൂടി ദര്‍ശനം നല്കിക്കൊണ്ടിരുന്നു.
നെറ്റി പട്ടം കെട്ടി കഴുത്തില്‍ കട്ടിയുള്ള സ്വര്‍ണ്ണമാലകളും, കാലില്‍ സ്വര്ണ്ണത്തുടലുകളുമായി നില്ക്കുന്ന കൊമ്പനാനകളുടെ ചിന്നം വിളി കേട്ട് ഞാന്‍ രാത്രി കാലങ്ങളില്‍ ഞെട്ടി ഉണര്‍ന്നു. വാളും പരിചയുമായി വായുവില്‍ പറന്നു വീശി അങ്കം വെട്ടുന്ന ചാവേര്‍ പോരാളികളുടെ ഭീതിതമായ അലര്‍ച്ചകളും, വാദ്യമേളങ്ങള്ക്കിടയിലെ ജനക്കൂട്ടത്തിന്റെ ആരവവും, കതിനാവെടികളും, പൂഴി മണല്‍ ചവിട്ടിത്തെറിപ്പിച്ചു പായുന്ന കുതിരക്കുളമ്പടി ശബ്ദവുമെല്ലാം എന്റെ ചെവിയില്‍ എപ്പോഴും മുഴങ്ങിക്കൊണ്ടിരുന്നു.
സ്വപ്നങ്ങളുടെ ഒരു കഷായത്തെക്കുറിച്ച് ഒരിക്കല്‍ ഞാന്‍ കേട്ടിട്ടുണ്ട്. തെക്കേ അമേരിക്കയിലെ ആമസോണ്‍ കാടുകളില്‍ ‘ഷമാന്’ എന്ന ഒരു ആദിവാസി വിഭാഗമുണ്ട്. അവര്‍ ‘അയഹുസ്ക’ എന്ന ഒരു പച്ചമരുന്നുകൊണ്ടുണ്ടാക്കുന്ന ആ കഷായം കുടിച്ചാല്‍ പിന്നെ നമ്മള് കാണാന്‍ ആഗ്രഹിക്കുന്നതെല്ലാം സ്വപ്നത്തില്‍ നമ്മുടെ അടുത്തെത്തും. നമ്മള് പിന്നെ ആ ഒരു സ്വപ്ന ലോകത്തിലായിരിക്കും. സ്വപ്നത്തിലെ കഥാപാത്രങ്ങളെ നമുക്കു നേരിട്ട് കാണാം. ആ ‘സ്വപ്ന കഷായം’ കുടിച്ചപോലെയുള്ള ഒരു അവസ്ഥയിലായിരുന്നു ഞാനപ്പോള്‍.
തിരുനാവ മണല്‍പ്പുറത്തേക്ക് ഓടിച്ചെല്ലുവാന്‍ മനസ്സ് എപ്പോഴും വെമ്പല്‍ കൊണ്ടു കൊണ്ടിരുന്നു. ആരോടും പറയാന്‍ പറ്റാത്ത വിചിത്രമായ ഒരവസ്ഥയിലായിരുന്നു ഞാനാ ദിവസങ്ങളില്‍. കരുണാകരന് സാറിന്റെ ‘മാമാങ്ക ക്ലാസുകള്‍’ എന്നില്‍ അത്രയേറെ സ്വാധീനം ചെലുത്തിയിരുന്നു.
ഒരു ദിവസം ഞാനത് ഉണ്ണിയോട് തുറന്നു പറഞ്ഞു.
“എടാ ഞാനിന്നലെ സാമൂതിരിയെ സ്വപ്നം കണ്ടു. ശരിക്കും മാമാങ്കം ഞാന്‍ നേരില്‍ കണ്ടു. എന്തൊരുത്സവമാ ഒന്നു കാണേണ്ടിയതാ അത്.”
ഞാന്‍ പറയുന്നത് കേട്ട് ഉണ്ണി പൊട്ടിച്ചിരിച്ചു.
“നിനക്കു വട്ടായെന്നാ തോന്നുന്നത്”
“അല്ലെടാ …ഞാന്‍ കണ്ടതാ” ഞാന്‍ തര്‍ക്കിച്ചു.
“എനിക്കെങ്ങിനെയെങ്കിലും തിരുനാവാ മണപ്പുറത്തെത്തണം. അല്ലാതെ എനിക്ക് പറ്റത്തില്ലാ”..
ഹിസ്റ്റീരിയ ബാധിച്ച ഒരാളെപ്പോലെ ഞാന്‍ ഉറക്കെ പുലമ്പിക്കൊണ്ടിരുന്നു. പറഞ്ഞു പറഞ്ഞ് ഞാന്‍ ഒരു കരച്ചിലിന്റെ വക്കോളമെത്തി.
ഞാന്‍ എന്താണ് പറയുന്നതെന്നോ, ചെയ്യുന്നതെന്നോ എനിക്കു പോലും അറിയാന്‍ വയ്യാത്ത വല്ലാത്ത ഒരു ഭ്രാന്തമായ അവസ്ഥ.
വല്ലപ്പോഴും മാത്രം തമാശ പറയുന്ന ഉണ്ണി എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
“മാമാങ്കം തലയ്ക്കു പിടിച്ച ഒരു വട്ടന്‍. എന്റെ ദൈവമേ ശത്രുക്കള്‍ക്കു പോലും ഇങ്ങനെ ഒരവസ്ഥ വരല്ലേ…!!”
ഞാന്‍ ചിരിച്ചില്ല വളരെ ഗൌരവത്തോടെ പറഞ്ഞു.
“ഇല്ലാ…എനിക്കു പോയേ പറ്റൂ..”
ഉണ്ണി ഒരമ്പരപ്പോടെ എന്നെ നോക്കി.
ഒടുവില്‍ എന്റെ മാനസികാവസ്ഥ പൂര്‍ണ്ണമായും മനസ്സിലാക്കിയ അവന് എന്നോടു പറഞ്ഞു
“വിഷമിക്കേണ്ടാ നമുക്ക് പോകാം നിനക്കിഷ്ടപ്പെട്ട നിന്റെ തിരുനാവാ മണപ്പുറത്തേക്ക്…വഴിയുണ്ട്.”
മധ്യവേനലവധിക്കാലമായി
ഉണ്ണി എന്റെ ‘മാമാങ്ക മനോരോഗ’ത്തെക്കുറിച്ച് വാര്യര്‍ സാറിനോട് വിശദമായി തന്നെ പറഞ്ഞു. എന്റെ വീട്ടിലും കാര്യങ്ങള്‍ അറിഞ്ഞു. ഒടുവില്‍ ഞങ്ങള്‍ക്ക് തിരുനാവായ്ക്ക് പോകുവാന്‍ അനുവാദമുണ്ടായി.
വാര്യര്‍ സാറിന്റെ ഒരു ബന്ധു വീട് അങ്ങാടിപ്പുറത്തുണ്ട്. പതിനഞ്ചു ദിവസത്തേക്ക് ഞങ്ങളെ അവിടേക്ക് നാട് കടത്തി. വാര്യര്‍ സാറും ഞങ്ങളുടെ കൂടെ വന്നു ഞങ്ങളെ അവിടെ ഏല്‍പ്പിച്ചിട്ട് അദ്ദേഹം തിരികെ പോയി.
തിരുമാന്ധാംകുന്നുകളുടെ താഴ്വരയിലെ വിശാലമായ ഒരു തെങ്ങും തോപ്പിനുള്ളിലെ ഓടിട്ട ഒരുപാടു മുറികളൊക്കെയുള്ള ഒരു വലിയ വീടായിരുന്നു അത്. എല്ലാ മുറികളിലും കാറ്റും വെളിച്ചവും വേണ്ടുവോളമുണ്ട്. അവിടെ ഞങ്ങള്‍ക്കനുവദിച്ച മുറിയില്‍ നിന്നും പുറത്തേക്കു നോക്കിയാല്‍ അകലെ നീല മലകളുടെ അതിര്‍ത്തി വരെ നീണ്ടു കിടക്കുന്ന നെല്‍ വയലുകള്‍ കാണാം. അവിടെ നിന്നും പടിഞ്ഞാറോട്ട് നടന്നാല്‍ ഭാരതപ്പുഴയുടെ മണല്പ്പുറത്തെത്താം.
ആ വീട്ടിലെ ആള്‍ക്കാരെല്ലാം വളരെ സ്നേഹമുള്ളവരായിരുന്നു. ഞങ്ങള്‍ക്ക് എല്ലാവിധ സ്വാതന്ത്ര്യവും അവിടെയുണ്ടായിരുന്നു. പകല്‍ മുഴുവന്‍ ഞങ്ങള്‍ സ്ഥലങ്ങള്‍ കാണുവാന്‍ പോകും. ആ വീട്ടിലെ കാരണവരായ ‘കേശു മാമന്’ വെളുത്തു മെല്ലിച്ച് നല്ല പൊക്കമുള്ള ഒരാളായിരുന്നു. വലിയ കൃഷ്ണ ഭക്തനായ അദ്ദേഹം നന്നേ പുലര്‍ച്ചേ തന്നെ എഴുന്നേറ്റു പ്രാര്‍ത്ഥനയും പൂജകളുമൊക്കെ തുടങ്ങും. കഴുത്തില്‍ സ്വര്‍ണ്ണം കെട്ടിയ ഒരു ‘ഗൌരീശങ്കര’ രുദ്രാക്ഷ മാലയുണ്ട്. ഒരു നല്ല തമാശക്കാരന്‍ കൂടിയായ അദ്ദേഹം ഒരിക്കലും ഷര്‍ട്ട് ഇട്ടു കണ്ടിരുന്നില്ല. എപ്പോഴും ശ്ലോകങ്ങള്‍ ചൊല്ലി നടക്കുന്ന അദ്ദേഹത്തിന് ഞാനൊരു പേരിട്ടിരുന്നു. “കേശുപ്പൂന്താനം”.. അടക്കത്തില്‍ ഞാനത് ഉണ്ണിയോട് പറയുമ്പോള്‍ അവന് നിന്ന് ചിരിക്കും.
തിരുനാവായുടെ ഭൂപ്രകൃതിയെക്കുറിച്ചെല്ലാം അദ്ദേഹം ഞങ്ങള്‍ക്ക് വിശദമായി പറഞ്ഞു തരും.ചില ദിവസങ്ങളില്‍ അദ്ദേഹവും ഞങ്ങളോടൊപ്പം നടക്കുവാന്‍ വരും.
കഥയും കവിതയുമൊക്കെയായി ക്ലാസ്സു മുറികളില്‍ നിറഞ്ഞു നിന്ന പല സ്ഥലങ്ങളും ഞാന്‍ നേരില്‍ കണ്ടപ്പോള്‍ മനസ്സിലെ ബിംബങ്ങള്‍ തകര്‍ന്നു വീഴുകയായിരുന്നു. മാമാങ്കത്തിന്റെ ശേഷിപ്പുകളായിട്ടുള്ള മരുന്നറയും, മണിക്കിണറുമെല്ലാം കാടുപിടിച്ച് തിരിച്ചറിയുവാന്‍ വയ്യാത്ത അവസ്ഥയിലായിരിക്കുന്നു. സാമൂതിരിയുടെ നിലപാട് തറ ഒരു സ്വകാര്യ വ്യക്തിയുടെ ഓട്ടു കമ്പനി വളപ്പില്‍ കാടുകയറി നശിച്ചു കിടക്കുന്നു…!! ചുറ്റുപാടും കന്നുകാലികളുടെ ചാണകം വീണ് ഉണങ്ങിക്കിടക്കുന്നു. സാമൂതിരിമാരുടെ പാദസ്പര്‍ശമേറ്റ ചരിത്രങ്ങള്‍ ഉറങ്ങുന്ന ഭൂമി. അദ്ദേഹത്തിന്റെ ‘വാകയൂര്’ കോവിലകം ഇന്ന് ഒരോട്ടു കമ്പനിയായിരിക്കുന്നു.
ഒരു മിന്നായം പോലെ ഓര്‍മ്മകള്‍ നൂറ്റാണ്ടുകള്‍ക്കു പിറകിലേക്ക് പോയി. കൊട്ടും കുരവയുമായി നില്ക്കുന്ന ആള്‍ക്കൂട്ടത്തിനു നടുവില്‍ സര്‍വാഭരണ വിഭൂഷിതനായി നില്ക്കുന്ന സാമൂതിരി..ആലവെട്ടവും വെഞ്ചാമരവുമായി ദാസി, ദാസന്മാര്..ഞാന്‍ ഒരു നിമിഷം കണ്ണുകളടച്ചു നിന്ന് കരുണാകരന് സാര്‍ പറഞ്ഞു തന്ന ആ മാമാങ്കം കണ്ടു…പിന്നെ കണ്ണു തുറന്നപ്പോള്‍ മറ്റൊരു ലോകം..
സാമൂതിരിയുടെ വീര ചരിത്രങ്ങള്‍ ഉറങ്ങുന്ന ഭൂമി തന്നെയാണോ ഇത്..? കന്നുകാലികള്‍ മേഞ്ഞുനടക്കുന്ന, ഇഴജന്തുക്കളുടെ പാര്‍പ്പിടമായ ഈ കാട്ടു പ്രദേശമാണോ ഞാന്‍ സ്വപ്നം കണ്ടിരുന്ന നിലപാട് തറ..? ആരുമില്ലല്ലോ ഇതൊക്കെ സംരക്ഷിക്കുവാന്‍?..
വലിയ വലിയ പദ്ധതികള്‍ക്ക് വേണ്ടി കോടികള്‍ ചിലവഴിക്കുന്ന ഭരണകൂടങ്ങള്‍ ഒരു വലിയ സംസ്ക്കാരത്തെയും, ചരിത്രത്തെയും പാടേ അവഗണിച്ചിരിക്കുന്നു. ഞാന്‍ അത്ഭുതപ്പെട്ടു പോയി…! ഇതൊക്കെ കാണുവാന്‍ ഇവിടേയ്ക്ക് വരേണ്ടിയിരുന്നില്ല എന്ന് മനസ്സിലപ്പോള്‍ ചിന്തിച്ചു പോയി..
ഇവിടെ വരാതെയിരുന്നിരുന്നെങ്കില് മനസ്സിന്റെ ഭിത്തിയില്‍ ഞാന്‍ നിറങ്ങള്‍ ചാലിച്ചു വരച്ചു വച്ചിരുന്ന ‘മാമാങ്ക ചിത്രങ്ങള്‍’ അങ്ങനെ തന്നെ അങ്ങു നില്‍ക്കുമായിരുന്നല്ലോ എന്ന് വ്യസനത്തോടെ ചിന്തിച്ചു പോയി.
എന്റെ പിഴ, എന്റെ പിഴ… എന്റെ വലിയ പിഴ..!.
മനസ്സ് എന്നെ തന്നെ ശാസിച്ചു കൊണ്ടിരുന്നു. ഉണ്ണിക്കും ഏതാണ്ട് ഇതേ ചിന്ത തന്നെയായിരുന്നു.
“ഇപ്പൊ എന്തായി നിന്റെ മാമാങ്കം…?”
അവന് ചോദിച്ചപ്പോള്‍ എനിക്ക് മറുപടി ഇല്ലായിരുന്നു.
ഭാരതപ്പുഴയുടെ സ്ഥിതി അതിലും ദയനീയമായിരുന്നു. ഒരു വലിയ ചരിത്രത്തേയും, സംസ്കാരത്തെയും നെഞ്ചിലേറ്റിയ മഹാപ്രവാഹം…ഇന്ന് വെറുമൊരു നീര്‍ച്ചാലായി മാറിയിരിക്കുന്നു. മണല്‍ മാഫിയ കൈക്കുള്ളിലാക്കിയ പുഴക്കുള്ളില്‍ കുറ്റിക്കാടുകളുടെ ധാരാളം തുരുത്തുകള്‍ കാണാമായിരുന്നു.
എന്റെ ഈ ഈ സ്വപ്ന ഭൂമിയെ ഈ വിധം അവഗണനയുടെ അങ്ങേയറ്റത്തേക്ക് എത്തിച്ചവരോട് അടക്കാനാവാത്ത ദേഷ്യം തോന്നിയ ദിവസങ്ങള്‍.. ആകെപ്പാടെ നിരാശ തോന്നിപ്പോയി. തിരിച്ചു പോയാലോ എന്നു വരെ ആലോചിച്ചു. പിന്നെ ഉണ്ണിയുടെ നിര്‍ബന്ധപ്രകാരം അവിടെ നില്‍ക്കുകയായിരുന്നു.എങ്കിലും മിക്ക ദിവസങ്ങളിലും ഞങ്ങള്‍ ഭാരതപ്പുഴയുടെ തീരത്തെ മണല്‍പ്പുറത്തു പോയിരിക്കും.
ക്ഷേത്രങ്ങളുടെയും, പൂരങ്ങളുടെയും നാടാണ് അങ്ങാടിപ്പുറം.
പടിഞ്ഞാറന്‍ ചെരുവില്‍ സിന്ദൂരം വാരിയെറിഞ്ഞു കൊണ്ട് ഉരുകിത്തിളക്കുന്ന സൂര്യന് നീല മലകള്‍ക്കിടയിലേക്ക് എരിഞ്ഞു താഴുമ്പോള്‍ തിരുമാന്ധാംകുന്നു ചുറ്റി വരുന്ന നേര്‍ത്ത കാറ്റിന് ഭക്തിയുടെ നാദവും തണുപ്പുമുണ്ടായിരുന്നു.
ഭാരതപ്പുഴയുടെ പഞ്ചാരമണല്പ്പുറത്തു ഞാനിരിക്കുമ്പോള്‍, മലര്‍ന്നു കിടന്ന് ചുവന്ന ആകാശത്തിന്റെ അതിരുകളിലേക്ക് നോക്കി ഉണ്ണി കിടക്കും. മറുകരയെ ലക്ഷ്യമാക്കി കറുത്ത പക്ഷിക്കൂട്ടങ്ങള്‍ പറന്നു പോകുന്ന മനോഹരമായ് കാഴ്ച്ച കാണുവാന്‍ വേണ്ടിയായിരുന്നു അത്.
ഒരു ദിവസം സന്ധ്യക്ക് ഞങ്ങളോടൊപ്പം ഉണ്ണിയുടെ കേശു മാമനും വന്നു. അന്ന് അദ്ദേഹം ഞങ്ങളോട് കുറെ സാഹിത്യമൊക്കെ സംസാരിച്ചു. ‘കേശുപ്പൂന്താനം’ അദ്ദേഹത്തിനിഷ്ടപ്പെട്ട ചെറുശ്ശേരിയിലേക്കും, കൃഷ്ണഗാഥയിലേക്കുമൊക്കെ പോയി.
പിന്നെ ചെറുശ്ശേരിയുടെ ‘എരിശ്ശേരി’യെക്കുറിച്ചു പറഞ്ഞു ചിരിച്ചു. രസകരമായ ഒരുപാട് നിമിഷങ്ങള്‍ക്കു ശേഷം അദ്ദേഹം പുഴക്കരയിലെ അല്‍പ്പം വെള്ളമുള്ള സ്ഥലത്തേക്ക് കുളിക്കുവാന്‍ പോയി.
സൂര്യനെ യാത്രയയച്ചു് ചന്ദ്രന് പ്രത്യക്ഷനായി. നല്ല നിലാവുള്ള ഒരു തെളിഞ്ഞ രാത്രിയായിരുന്നു അത്. ഭാരതപ്പുഴയുടെ ഇരുണ്ട ഓളപ്പരപ്പിലേക്ക് നിലാവിന്റെ പാല് വെട്ടം ചിതറി തെറിച്ച് വീണു് നേര്‍ത്ത വെള്ളി വരകള്‍ സൃഷ്ടിച്ചു കൊണ്ടിരുന്നു. നിലാവിന്റെ ആ പാല് വെളിച്ചത്തില്‍ കേശുമാമന്‍ അവിടെ മുങ്ങിക്കുളിക്കുന്നത് ഞങ്ങള്‍ക്ക് കാണാമായിരുന്നു. ഞങ്ങള്‍ രണ്ടു പേരും പൂര്‍ണ്ണ ചന്ദ്രനെ കണ്ടു കൊണ്ട് മണല്പ്പുറത്തങ്ങനെ മലര്‍ന്നു കിടന്നു. തെളിഞ്ഞ ആകാശത്ത് മേഘങ്ങള്‍ ചലിക്കുമ്പോള്‍ ചന്ദ്രന്റെ മുഖം ചെറുതായൊന്ന് ഇരുളും. പിന്നെ വീണ്ടും പൂര്‍ണ്ണ പ്രഭയാകും വെളിച്ചത്തിന്റെ മാറിയും മറിഞ്ഞുമുള്ള ഈ ഒളിച്ചു കളികള്‍ കണ്ടങ്ങനെ കിടക്കുമ്പോള്‍ നിശബ്ദതയെ ഭേദിച്ചുകൊണ്ട് പൊന്തക്കാട്ടില്‍ നിന്നും ചീവീടുകളുടെ നേര്‍ത്ത കരച്ചില് കേള്‍ക്കാം.പെട്ടന്നാണ് ആ ശബ്ദത്തെ മുറിച്ചു കൊണ്ട് ഒരു കിളിയുടെ ഉച്ചത്തിലുള്ള ചിലക്കല്‍ കേട്ടത്.
പൊന്തക്കാട്ടില്‍ നിന്നും ഒരു കിളി പുറത്തേക്ക് വന്നു.
ഉണ്ണി ചാടി എഴുന്നേറ്റു.
ചുവന്ന പുരികങ്ങളും, കൊക്കുകളുമൊക്കെയുള്ള മനോഹരിയായ ഒരു പക്ഷി.
നിലാവില് നില്ക്കുന്ന ഒരു സുന്ദരി പക്ഷി.
അതിന്റെ ചിലക്കല്‍ ശബ്ദം വളരെ ഉച്ചത്തിലായിരുന്നു. ഞങ്ങളെക്കണ്ടിട്ട് ഒരു പേടിയുമില്ലാതെ അത് ഞങ്ങള്‍ക്ക് വളരെ അടുത്തു തന്നെ നിന്നു കൊണ്ട് കൊത്തിപ്പെറുക്കുകയാണ്.
ഉണ്ണിക്കു വലിയ സന്തോഷമായി. നിലാവിന്റെ വെളിച്ചത്തില്‍ അവന്റെ വിടര്‍ന്ന കണ്ണുകളിലെ തിളക്കവും സന്തോഷവും ഞാന്‍ കണ്ടു.
എന്നോട് അനങ്ങരുത് എന്ന് ആങ്ങ്യം കാണിച്ചു് അവന് അതിനെത്തന്നെ നോക്കിയിരുന്നു. പിച്ചള നിറത്തിലുള്ള ചിറകുകള് വിരിച്ചു് അതടുത്ത കുറ്റിക്കാട്ടിലേക്ക് പറന്നു പോയി. ഉണ്ണി പമ്മി പമ്മി പുറകെയും.
അന്ന് രാത്രി മുഴുവന്‍ ഉണ്ണി ആ പക്ഷിയെക്കുറിച്ചുള്ള വര്‍ണ്ണനകളായിരുന്നു. നിലവില്‍ ഇര തേടാനിഷ്ടപ്പെടുന്ന ആ പക്ഷിയുടെ പേര് ‘തിത്തിരി’ എന്നാണ്. മരങ്ങള്‍ക്ക് മുകളില്‍ ചേക്കേറാന്‍ കഴിവില്ലാത്ത ഈ പക്ഷികള്‍ മണല്‍പ്പുറത്തെ കുറ്റിക്കാടുകളിലാണ് അധികവും വസിക്കുന്നത്. അവന് എല്ലാം പഠിച്ചു വച്ചിരുന്നു.
പക്ഷികളെക്കുറിച്ചു പറയുമ്പോള്‍ അവന് നൂറ് നാവാണ്. അപ്പോള്‍ ആ കണ്ണിലെ തിളക്കം കൂടും. പക്ഷികളോടുള്ള അവന്റെയീ പ്രണയം കണ്ട് ചിരിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു
“അടുത്ത ജന്മത്തില് നീ മിക്കവാറും പക്ഷി രാജാവായ ഗരുഡനാകും”
“വേണ്ട എനിക്ക് ഗരുഡനാകേണ്ടാ…തിത്തിരി പക്ഷിയായാല് മതി” അവന് ചിരിച്ചു കൊണ്ട് പറഞ്ഞു.
തിത്തിരി കഥകള്‍ ഒരു താരാട്ടു പോലെ കേട്ടു കേട്ടു ഞാന്‍ ഉറങ്ങിപ്പോയ ദിവസം.
ഉണ്ണിയുടെ നിര്‍ബന്ധപ്രകാരം പിന്നീടുള്ള പല ദിവസങ്ങളിലും തിത്തിരി പക്ഷികളെ കാണുവാനായി ഞങ്ങള്‍ ഭാരതപ്പുഴയുടെ മണല്‍പ്പുറങ്ങളിലൂടെ അലഞ്ഞു നടന്നു. പിന്നീട് ഒരിക്കലും ഞങ്ങള്‍ക്ക് ആ പക്ഷിയെ കാണുവാന്‍ കഴിഞ്ഞില്ല.ഉണ്ണി ആകെ നിരാശനായിരുന്നു.
അവന് ഏപ്പോഴും ‘തിത്തിരി പക്ഷി’കളുടെ ലോകത്തില്‍ തന്നെയായിരുന്നു.
ഞങ്ങള്‍ക്കനുവദിച്ച ഒഴിവു ദിവസങ്ങളുടെ എണ്ണം കുറഞ്ഞു കൊണ്ടിരുന്നു. ഒടുവില്‍ പോകുവാനുള്ള ദിവസമെത്തി. ഉണ്ണി പക്ഷെ എന്റെ കൂടെ വന്നില്ല. ഞാന്‍ എത്ര നിര്‍ബന്ധിച്ചിട്ടും അവന് എന്റെ കൂടെ വരാന്‍ തയ്യാറായില്ല. അവനു വീണ്ടും തിത്തിരി പക്ഷിയെ കാണണമെന്ന വാശിയിലായിരുന്നു. ആരു പറഞ്ഞിട്ടും അവന് കേട്ടില്ല. ഒടുവില്‍ വാര്യര്‍ സാറിനെ അറിയിച്ചു്, കുറച്ചു ദിവസം കൂടി അവിടെ തങ്ങുവാനുള്ള അനുവാദം അവന് വാങ്ങി.
വയനാട്ടിലുള്ള ഒരു ബന്ധുവിന്റെ വീട്ടില്‍ കല്യാണത്തിന് പങ്കെടുക്കുവാനായി കുടുംബ സമേതം പോകേണ്ടിയിരുന്നതുകൊണ്ട് ഞാന്‍ തിരികെ വീട്ടിലേക്കു പോയി. പോകുമ്പോള്‍ ഉണ്ണിയോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഞാന്‍ പറഞ്ഞു
“എന്റെ ‘മാമാങ്ക’ ഭ്രാന്തു ചികിത്സിക്കാനാ നമ്മളിവിടെ വന്നത്, എന്നിട്ടിപ്പം നിനക്കിപ്പോള്‍ തിത്തിരി ഭ്രാന്തു മൂത്ത് ഞാന്‍ ദേ പോകുന്നു”.
അവന്റെ സ്വതസിദ്ധമായ നിഷ്ക്കളങ്കതയില് അവന് എന്നെ നോക്കി ഒന്നു ചിരിച്ചു. ഇത്രയും ദിവസം ഒന്നിച്ചു നിന്നിട്ട് അവനെ ഒറ്റക്കാക്കി പെട്ടന്ന് പോകുന്നതില്‍ എനിക്ക് വിഷമമുണ്ടായിരുന്നു. പക്ഷേ പോകാതിരിക്കാന്‍ പറ്റില്ലായിരുന്നു. ഞാന്‍ കുറെ മുന്നോട്ടു നടന്നതിനു ശേഷം ഒന്നു തിരിഞ്ഞു നോക്കി. അവന് അവിടെത്തന്നെ എന്നെ നോക്കി നില്‍ക്കുകയാണ്.
യാത്രയിലുടനീളം ഉണ്ണിയെ ഒറ്റയ്ക്കാക്കി വന്നതിലുള്ള വിഷമമുണ്ടായിരുന്നു.
വയനാടന്‍ കുന്നുകളുടെ ഇടയില്‍ക്കൂടി വണ്ടി ചുരം കയറുമ്പോള്‍ കാറ്റിന് നല്ല കുളിര്‍മ്മയുണ്ടായിരുന്നു.
കാറ്റില്‍ ചെരിഞ്ഞു വീശുന്ന ചാറ്റമഴ.
സന്ധ്യ മയങ്ങിയ നേരത്ത് നേര്‍ത്ത ചാറ്റല്‍ മഴയില്‍ നനഞ്ഞു കുളിച്ചു നില്ക്കുന്ന മരക്കൂട്ടങ്ങള്ക്കിടയില്ക്കൂടി അക്കരെ കുന്നുകള്‍ക്കു മുകളിലെ നരച്ച ആകാശം കാണുമ്പോള്‍ പ്രകൃതിക്ക് വല്ലാത്ത ഒരു ലാസ്യ ഭാവമുണ്ടായിരുന്നു.
തലയില്‍ ചുള്ളിക്കമ്പ് കെട്ടുകളുമായി ചാറ്റമഴ നനഞ്ഞു് കുന്നിറങ്ങി വരുന്ന ‘കുറിച്യരുടെ’ കുഞ്ഞു കുട്ടി പരാധീനതകളോടെയുള്ള ഘോഷയാത്ര കാണാം. മഞ്ഞും, മഴയും, വെയിലും, തണുപ്പുമൊന്നുമേശാത്ത ഈ ഭൂമിയുടെ സ്വന്തം മക്കളാണവര്‍.
കുന്നിന് മുകളിലെ വിശാലമായ കാപ്പിത്തോട്ടങ്ങള്ക്കുള്ളിലായിരുന്നു എന്റെ ബന്ധു വീട്. മങ്ങിയ വെളിച്ചത്തില്‍ ആ വഴിയിലേക്കുള്ള ഒതുക്കു കല്ലുകള്‍ കയറുമ്പോള്‍ കാപ്പിപ്പൂക്കളുടെ മാദക ഗന്ധം ആ പരിസരമാകെ നിറഞ്ഞു നില്ക്കുന്നുണ്ടായിരുന്നു.
കാപ്പി പൂത്തു നില്ക്കുന്ന ഒരു താഴ്വര.
കുന്നിന് മുകളിലെ വീട്ടുമുറ്റത്ത് വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടു മുട്ടിയ കുട്ടികള്‍ സന്തോഷം പങ്കു വയ്ക്കുകയാണ്. അവരുടെ പൊട്ടിച്ചിരിയുടെ ശബ്ദം ആ താഴ്വരയാകെ മുഴങ്ങി നിന്നു.
വിശാലമായ ആ വലിയ വീടിന്റെ പടിഞ്ഞാറേ മൂലയിലെ നിലത്തു തറയോടു പാകിയ മുറിയുടെ തണുത്ത ഇരുണ്ട നിശബ്ദതയില്‍ ഒറ്റക്കു നില്‍ക്കുവാനായിരുന്നു ഞാനപ്പോള്‍ ഇഷ്ടപ്പെട്ടത്. മുറ്റത്തു നിന്നും ആരൊക്കെയോ എന്നെ വിളിക്കുന്നതു കേള്‍ക്കാം. ഞാന്‍ വിളി കേട്ടില്ല. എന്റെതായ ഒരു ലോകം സൃഷ്ടിക്കുവാനുള്ള ഒരു തയ്യാറെടുപ്പിലായിരുന്നു ഞാനപ്പോള്‍. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ഒറ്റപ്പെട്ടു നില്ക്കുവാനാണ് ഞാനപ്പോള്‍ ആഗ്രഹിച്ചത്. മുറിയുടെ ജനാലകള്‍ തുറന്ന് പുറത്തേക്ക് നോക്കി.
താഴ്വര മുഴുവന്‍ കാപ്പി പൂത്തു നില്‍ക്കുകയാണ്. അരണ്ട വെള്ളി വെളിച്ചത്തില്‍ ഇരുണ്ട ഇലകള്‍ക്ക് മുകളിലായി തെളിഞ്ഞു കാണുന്ന വെളുത്ത കാപ്പി പൂക്കള്‍. നേരിയ കാറ്റില്‍ ഇളകിയാടുന്ന കാപ്പിപ്പൂങ്കുലകള്‍.
മനോഹരമായ ആ കാഴ്ച്ച കണ്ട് ഞാന്‍ നില്ക്കുമ്പോള് കാപ്പിപ്പൂക്കളുടെ മാദക ഗന്ധം വീണ്ടും നാസാരന്ധ്രങ്ങളിലേക്ക് തുളച്ചു കയറി. ഒരു നിമിഷം കണ്ണുകളടച്ചു് ആ സുഗന്ധത്തിന്റെ അനുഭൂതിയില്‍ മതി മറന്നങ്ങനെ നില്ക്കുമ്പോള് ഞാന്‍ അറിയാതെ മറ്റൊരു ഭൂമികയിലേക്ക് എത്തുകയായിരുന്നു.
അങ്ങകലെ ഭാരതപ്പുഴയുടെ മണല്‍പ്പരപ്പിലൂടെ അരണ്ടവെളിച്ചത്തില്‍ തിത്തിരി പക്ഷിയെ അന്വേഷിച്ചു അലഞ്ഞു നടക്കുന്ന ദുഖിതനായ പാവം ഉണ്ണി. അവന്റെ മുടിയിഴകള്‍ കാറ്റില്‍ പാറിപ്പറക്കുന്നു. കയ്യിലും കാലിലുമൊക്കെ മണല്‍ തരികള്‍ പുരണ്ടിരിക്കുന്നു. അവന് ഒറ്റക്കാണ്. എനിക്ക് വല്ലാത്ത വിഷമം തോന്നി. അവനെ തനിച്ചാക്കിയിട്ട് വരേണ്ടിയിരുന്നില്ല മനസ്സെന്നെ ശപിച്ചു കൊണ്ടിരുന്നു. അവന്റെ കൂടെ പക്ഷികളെ തിരയുവാന്‍ ഞാനും കൂടേണ്ടിയിരുന്നു.
ദൂരെ ഏതോ പണിയക്കുടിലുകളില്‍ നിന്നും ഒഴുകിയെത്തുന്ന നിലക്കാത്ത തുടിയൊച്ച കേട്ട് ഞാന്‍ സ്വപ്നത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു.
കല്യാണവീട്ടില്‍ ബന്ധുക്കളുടെ തിക്കും തിരക്കും കൂടിക്കൂടി വന്നു. അടുക്കള വശത്ത് സ്ത്രീകള്‍ കറിക്കരിയലിനും, പാത്രം കഴുകലിനുമൊക്കെയിടയില് വിശേഷങ്ങള്‍ പങ്കു വയ്ക്കുന്നു. ആകെപ്പാടെ ബഹളമയമായ ഒരന്തരീക്ഷം. പൂമുഖത്തും, മുറ്റത്തും, കാപ്പിച്ചെടികളുടെ ചോട്ടിലുമൊക്കെയായി പഴയ തലമുറ വട്ടം കൂടിയിരുന്നു വെടിവട്ടം തുടങ്ങി. രാത്രിക്ക് കനം കൂടും തോറും ചുറ്റുപാടുമുള്ള കുഞ്ഞു കാപ്പിയിലകള്‍ വെറ്റിലക്കറ വീണ് ചുവക്കുവാന്‍ തുടങ്ങി.
അന്ന് രാത്രി എനിക്കുറങ്ങുവാന്‍ കഴിഞ്ഞില്ല മനസ്സിന് വല്ലാത്ത ഒരു അസ്വസ്ഥത തോന്നിക്കൊണ്ടിരുന്നു.’അവനെ തനിച്ചാക്കിയിട്ട് വരേണ്ടിയിരുന്നില്ല,’ അതു തന്നെയായിരുന്നു ചിന്ത.
കല്യാണം കഴിഞ്ഞ് ഞങ്ങള്‍ ചുരമിറങ്ങി. കാറ്റിന് ഇപ്പോള്‍ കുറച്ചു കൂടി തണുപ്പു കൂടിയിരിക്കുന്നു. ഉറങ്ങിയും ഉണര്ന്നുമുള്ള നീണ്ട യാത്രക്കൊടുവില്‍ നെല്ലിക്കല്‍ കവലയിലെത്തി.
വണ്ടി ഇറങ്ങി കുടുംബ സമേതം ഞങ്ങള്‍ നടക്കാന്‍ തുടങ്ങുമ്പോള്‍ വാസുപിള്ളച്ചേട്ടന്റെ ചായക്കടയുടെ മുന്പില് നിന്നും ഒരു വിളി കേട്ടു. നോക്കുമ്പോള്‍ പിള്ളച്ചേട്ടന് കഴുകി കൊണ്ടിരുന്ന ഗ്ലാസ്സുമായി ചായക്കടയില്‍ നിന്നും ഇറങ്ങി വരുന്നു. കടയിലുള്ള എല്ലാവരും ഞങ്ങളെത്തന്നെ നോക്കുന്നു. അദ്ദേഹത്തിന്റെ വരവില്‍ എന്തോ പന്തികേട് തോന്നി.
ഞങ്ങള്‍ക്കടുത്തെത്തി ഒരു നിമിഷം മിണ്ടാതെ നില്ക്കുന്ന വാസുപിള്ള ചേട്ടന്.
പിന്നെ എന്റെ തോളില്‍ പിടിച്ചു കൊണ്ട് പതുക്കെ പറഞ്ഞു.
“നിന്റെ ഉണ്ണി പോയല്ലോടാ മോനെ..”
അയാളത് പറയുമ്പോള്‍ തൊണ്ട ഇടറിയിരുന്നു.
പിന്നീട് അയാള്‍ പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല.
കയ്യിലുണ്ടായിരുന്ന ബാഗ് ഒരലര്‍ച്ചയോടെ വലിച്ചെറിഞ്ഞു് ഓടുകയായിരുന്നു. ആരൊക്കെയോ എന്നെ വഴിയില്‍ തടയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഭ്രാന്തമായ ആ ഓട്ടത്തിനിടയില്‍ ഞാന്‍ ഒന്നും കണ്ടില്ല, കേട്ടില്ല.. വഴിയില്‍ കാല് തെറ്റി വീണു. റോഡു പണിക്കായി കൂട്ടിയിട്ടിരുന്ന കരിങ്കല്ലിനു മുകളില്‍ കാല്മുട്ടിടിച്ചു് ചോര വാര്ന്നൊലിക്കുവാന് തുടങ്ങി. എങ്ങനെയൊക്കെയോ അവിടെ നിന്നും എഴുന്നേറ്റ് വീണ്ടും ഓടി ഇല്ലത്തുകളത്തിനു മുന്‍പിലെത്തി. തൊണ്ട വറ്റി, എന്റെ കയ്യും കാലുകളും വിറക്കുവാന്‍ തുടങ്ങിയിരുന്നു.
വീടിന്റെ പരിസരങ്ങളിലും മുറ്റത്തുമൊക്കെയായി നില്ക്കുന്ന ആരെയും ശ്രദ്ധിക്കാതെ ഞാന്‍ മുറിക്കുള്ളിലേക്ക് ഓടിക്കയറി. കാല് മുട്ടില്‍ നിന്നും ചോര വാര്‍ന്നൊലിക്കുന്ന എന്നെ കണ്ടു് എല്ലാവരും ഒന്നമ്പരന്നു. മുറിയുടെ ഇരുണ്ട മൂലയില്‍ എല്ലാം നഷ്ടടപ്പെട്ടു തളര്‍ന്നിരിക്കുന്ന സീതക്കുട്ടിയമ്മയുടെ അടുത്തേക്ക് ഞാന്‍ ഓടി ചെന്നു വീഴുകയായിരുന്നു. അവരെന്നെ മാറോട് ചേര്‍ത്തു കെട്ടിപ്പിടിച്ച് കരഞ്ഞു. ചുടു കണ്ണുനീര് വീണ് എന്റെ മുഖവും ഷര്‍ട്ടുമെല്ലാം നനഞ്ഞു.
“നിന്റെ പക്ഷി കൂട്ടുകാരന് പോയെല്ലോടാ മോനേ”
ഒരു വിങ്ങലോടെ ഹൃദയം തകര്‍ന്ന അവരുടെ കരച്ചില് കേട്ടു ഞാന്‍ അവരുടെ മടിയിലേക്ക് വീണു പോയി. കാല് മുട്ടുകള്‍ തുടച്ച എന്റെ കയ്യിലെ രക്തം പുരണ്ടു് അവരുടെ വസ്ത്രങ്ങള്‍ ചുവന്നു. ചുറ്റും കൂടി നിന്ന എല്ലാവരുടെയും ഏങ്ങലടികള്‍ ഉച്ചത്തിലായി. തൊട്ടപ്പുറത്തെ മുറിയില്‍ ആരെയും കാണാന്‍ കൂട്ടാക്കാതെ ആരോടും ഒന്നും മിണ്ടാതെ വാതിലടച്ചു മുറിക്കുള്ളില്‍ മുനിയെപ്പോലെ ഇരിക്കുന്ന വാര്യര്‍ സാര്‍. എല്ലാം കഴിഞ്ഞിട്ട് രണ്ടു ദിവസമായിരിക്കുന്നു.
ഭാരതപ്പുഴയിലെ കുറ്റിക്കാടുകള്‍ക്കിടയില്‍ തിത്തിരി പക്ഷികളെ തിരഞ്ഞു തിരഞ്ഞു നടന്ന് പുഴക്കുള്ളിലെ മണല്‍ കുഴിയില്‍പ്പെട്ടു മരിച്ചുപോയ എന്റെ പ്രിയപ്പെട്ട കൂട്ടുകാരന്.
വയനാട്ടില്‍ വച്ച് അന്നു ഞാനനുഭവിച്ച അസ്വസ്ഥതകള്‍ ഉണ്ണി എന്നില്‍ നിന്നും വിട പറയുന്ന അതേ ദിവസം…അതേ സമയത്തു തന്നെയായിരുന്നു. ഇതെല്ലം ഞാന്‍ പിന്നീടാണ് അറിഞ്ഞത്.
ഒരത്ഭുതം പോലെ, വല്യ ചോദ്യ ചിഹ്നമായി ഇപ്പോഴുമെന്നിലതവശേഷിക്കുന്നു.
കാപ്പിപ്പൂക്കളുടെ സുഗന്ധത്തിനൊപ്പം ഉണ്ണിയുടെ ആത്മാവും എന്നെ സ്പര്‍ശിച്ചിരുന്നുവോ…? വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞു പോയിരിക്കുന്നു. മരണത്തിനു ശേഷം ആത്മാവ് ഉണ്ടോ ഇല്ലയോ എന്നുള്ള നൂറു ചോദ്യങ്ങള്‍ക്കിടയിലും അന്ന് ഞാന്‍ കണ്ണടച്ചപ്പോള്‍ കണ്ട ഉണ്ണിയുടെ ആ ദൈന്യതയാര്‍ന്ന രൂപം എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.
ഭാരതപ്പുഴയുടെ തീരത്തേക്ക് ഞാനല്ലേ അവനെ നിര്‍ബന്ധിച്ചു കൂട്ടിക്കൊണ്ടു പോയത്?
അവനെ തനിച്ചാക്കി മരണത്തിനു വിട്ടു കൊടുത്ത ക്രൂരനല്ലേ ഞാന്‍…?
കുറ്റബോധത്തിന്റെ ഉമിത്തീയില്‍ മനസ്സു നീറി നീറിക്കഴിഞ്ഞ ഒരുപാട് വര്‍ഷങ്ങള്‍…
ജീവിതത്തില്‍ കരയാനായി ഞാന്‍ ബാക്കി വച്ചിരുന്ന കണ്ണുനീര് മുഴുവന്‍ ആ ദിവസങ്ങളിലായി കരഞ്ഞു തീര്‍ത്തു.
പിന്നീട് സീതക്കുട്ടിയമ്മയുടെയും, വാര്യര്‍ സാറിന്റെയും മുഖത്ത് നോക്കുവാന്‍ പോലും എനിക്കു ഭയമായിരുന്നു. പക്ഷേ ആ നല്ലവരായ മനുഷ്യര്‍ ഒരിക്കല്‍ പോലും എന്നോടൊരു വെറുപ്പു പോലും കാണിച്ചില്ല.. എന്റെ വിഷമം അവര്‍ക്ക് നല്ലതുപോലെ അറിയാമായിരുന്നു.
ബാഹ്യലോകത്തിലെ തിളക്കങ്ങള്‍ക്കും നാദങ്ങള്ക്കുമെല്ലാം അപ്രാപ്യമായ ഒരു കൊച്ചു തുരുത്ത് സ്വയം നിര്‍മ്മിച്ചെടുത്ത് അതിനുള്ളിലായിരുന്നു പിന്നീടാ ദമ്പതികളുടെ വാസം. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒറ്റയ്ക്ക് കഴിയുവാനാണ് അവരിഷ്ടപ്പെട്ടത്.
എപ്പോഴും ഉടുത്തൊരുങ്ങി കുലീനത്വമുള്ള മുഖഭാവങ്ങളോടെ എല്ലാവരുമായി അടുത്തു പെരുമാറിയിരുന്ന സീതക്കുട്ടിയമ്മ ഒരു ഭ്രാന്തിയെപ്പോലെയുള്ള വസ്ത്രധാരണങ്ങളുമായി മുറിക്കുള്ളിലെ ഇരുട്ടിനെ മാത്രം സ്നേഹിച്ചു കുറെനാള്‍ ജീവിച്ചു.. മകനെ ഓര്‍ത്തു നീറി, നീറി ഒടുവില്‍ രോഗങ്ങളുടെ ഒരു കൂടായി അവര്‍ മരിച്ചു. പിന്നീട് എല്ലാം തകര്‍ന്ന് ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയ വാര്യര്‍ സാറും അധിക നാള് ജീവിച്ചിരുന്നില്ല.
സകലവിധ പ്രൌഢിയോടും നിന്നിരുന്ന ആ വീടിപ്പോള്‍ അനാഥമായി ചിതലും മാറാലയും പിടിച്ച് അടഞ്ഞു കിടക്കുന്നു. മുറിയുടെ ഇരുണ്ട അകത്തളങ്ങളിപ്പോള് കട വാതിലുകളുടെ വിഹാര കേന്ദ്രമായിരിക്കുന്നു.
ഉണ്ണിയുടെ പൊട്ടിച്ചിരിയില്ല
സീതക്കുട്ടിയമ്മയുടെ ‘ഉണ്ണിക്കുട്ടാ’ എന്ന വിളി കേള്‍ക്കാനില്ല..
എല്ലാത്തിനും കാരണക്കാരന്‍ ഞാനല്ലേ? ഞാന്‍ മൂലം ഒരു കുടുംബം മുഴുവന്‍ തകര്‍ന്നു പോയില്ലേ..?
അല്ല,
മനസ്സില്‍ സ്വപ്നം കണ്ട സംസ്കാരങ്ങളുറങ്ങുന്ന മനോഹരമായ ഒരു ഭൂമി കാണുവാനല്ലേ ഞാന്‍ അവനേയും കൂട്ടി ഭാരതപ്പുഴയുടെ തീരത്തേക്ക് പോയത്? അതു മാത്രമല്ലേ ഞാന്‍ ആശിച്ചിരുന്നത്?.. അതൊരു തെറ്റാണോ?
ഒരു പുഴയും സംസ്കാരവും, വരെ നശിപ്പിച്ച് പുഴയുടെ മാറുവരെ വരെ കൊത്തിവലിക്കുന്ന ആര്‍ത്തി മൂത്ത കഴുകന്മാര്…അവര്‍ ഒരുക്കിയ ചതിക്കുഴിയില്പ്പെട്ടല്ലേ എന്റെ പ്രിയപ്പെട്ട ഉണ്ണി മരിച്ചത്? അപ്പോള്‍ അവരല്ലേ കുറ്റക്കാര്‍…? ഞാനല്ലല്ലോ..? ഇങ്ങനെയൊക്കെ ചിന്തിച്ച്, ചിന്തിച്ച് സ്വയം ആശ്വസിക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
പിറക്കാനിരിക്കുന്ന ഭാവി തലമുറയ്ക്ക് കൂടി അവകാശപ്പെട്ട വെള്ളവും, വായുവും വരെ ഇല്ലാതാക്കി, ഈ ഭൂമിയെ ഒരു ശവപ്പറമ്പാക്കി മാറ്റുന്ന എല്ലാവരും അന്നുമുതല്‍ എന്റെ ശത്രുക്കളാണ്. മരണം വരെ അവര്‍ എന്റെ ശത്രുക്കള്‍ തന്നെയായിരിക്കും.
ഉണ്ണിയെപ്പോലെ ഒരു പാടു പേര് ഇവരുടെ ക്രൂരത മൂലം മരിക്കുന്നില്ലേ..?
മരക്കൊമ്പുകളില്‍ പക്ഷികളുടെ കലപില ശബ്ദം വീണ്ടും കേള്‍ക്കുന്നു. മരക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും ബൈനോക്കുലറുമായി ഉണ്ണി വരുമെന്ന് ഞാന്‍ വെറുതെ മോഹിച്ചു പോയി.
ഉണ്ണിയുടെ പ്രിയപ്പെട്ട പക്ഷികള്‍.. ഉള്ളില്‍ വല്ലാത്ത ഒരു വേദന തോന്നുന്നു.
അവന് അന്ന് പറഞ്ഞതു പോലെ ഒരു ‘തിത്തിരി പക്ഷി’യായി ഭാരതപ്പുഴയുടെ തീരത്ത് അവനുണ്ടാകുമോ..?
ഇനിയും ഇവിടെ നില്‍ക്കേണ്ട.. ഓര്‍മ്മകളുടെ ആ പക്ഷിക്കൂട്ടില്‍ നിന്നും ഞാന്‍ പുറത്തേക്ക് നടന്നു.
ഉണ്ണിയുടെ പ്രിയപ്പെട്ട പക്ഷികള്‍ പിറകില്‍ ചിലച്ചു കൊണ്ടേയിരിക്കുന്നു.