parallax background

ആദ്യ തിരക്കഥയ്ക്കുതന്നെ ദേശീയ പുരസ്‌കാരവുമായി ജോഷി

May 4, 2014
Dubai based Indian writer Joshy Mangalath wins National Award
May 4, 2014
Penning the Pangs of Humans, Nature
May 5, 2014

ആദ്യ തിരക്കഥതന്നെ ദേശീയ ചലച്ചിത്ര അവാര്‍ഡിന് അര്‍ഹമായ സന്തോഷത്തിലാണ് പ്രവാസിയായ ജോഷി എസ്. മംഗലത്ത്. ഇരുപത് വര്‍ഷത്തിലേറെയായി ദുബായിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ജോഷി ജയരാജ് സംവിധാനം ചെയ്ത 'ഒറ്റാല്‍' എന്ന സിനിമയ്ക്കുവേണ്ടിയാണ് തിരക്കഥ എഴുതിയത്.

 

ദുബായ്: ആദ്യ തിരക്കഥതന്നെ ദേശീയ ചലച്ചിത്ര അവാര്‍ഡിന് അര്‍ഹമായ സന്തോഷത്തിലാണ് പ്രവാസിയായ ജോഷി എസ്. മംഗലത്ത്. ഇരുപത് വര്‍ഷത്തിലേറെയായി ദുബായിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ജോഷി ജയരാജ് സംവിധാനം ചെയ്ത 'ഒറ്റാല്‍' എന്ന സിനിമയ്ക്കുവേണ്ടിയാണ് തിരക്കഥ എഴുതിയത്. അറുപത്തിയഞ്ച് സീനിലധികം ഉള്ള ഒറ്റാലിന്റെ തിരക്കഥ കരാമയിലെ താമസസ്ഥലത്തിരുന്നാണ് ജോഷി പൂര്‍ത്തിയാക്കിയത്. അതാകട്ടെ സംവിധായകന്‍ ജയരാജിന്റെ നിര്‍ദേശപ്രകാരവുമായിരുന്നു. നാല് വര്‍ഷമെടുത്ത് പൂര്‍ത്തിയാക്കിയ കുതിരച്ചന്ദ്രന്‍ എന്ന തിരക്കഥയുമായാണ് ജയരാജിനെ ജോഷി ആദ്യം സമീപിക്കുന്നത്. എന്നാല്‍ ഈ തിരക്കഥ പിന്നീട് ചെയ്യാമെന്ന് പറഞ്ഞ ജയരാജ് ജോഷിയെ മറ്റൊരു ദൗത്യം ഏല്‍പ്പിക്കുകയായിരുന്നു. റഷ്യന്‍ സാഹിത്യകാരനായ ആന്റണ്‍ ചെക്കോവിന്റെ 'വാങ്ക' എന്ന ചെറുകഥ തിരക്കഥയാക്കുക എന്നതായിരുന്നു ആ ദൗത്യം. മുത്തച്ഛന്റെയും കൊച്ചുമകന്റെയും ഹൃദയസ്​പര്‍ശിയായ കഥ പറയുന്ന വാങ്ക, കേരളത്തിന്റെ പശ്ചാത്തലത്തിലേക്ക് ചേര്‍ത്തുവെച്ചാണ് ജോഷി 'ഒറ്റാല്‍' സൃഷ്ടിച്ചത്. ഇന്നും മാറ്റമില്ലാതെ തുടരുന്ന ബാലവേലയുടെ ക്രൂരമായ മുഖംതന്നെയാണ് തിരക്കഥയില്‍ ഉടനീളം പ്രതിഫലിച്ച് നില്‍ക്കുന്നത്. തിരക്കഥാ രചനയില്‍ ഈ പ്രവാസി മലാളിക്ക് ഗുരുക്കന്മാരില്ല. എന്നാല്‍ കേരളാ ഫൊറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മുന്‍ ഡയറക്ടറും എഴുത്തുകാരനുമായ ഡോക്ടര്‍ മുരളീകൃഷ്ണന്റെ ഉപദേശങ്ങള്‍ ജോഷിയുടെ എഴുത്തിനെ സഹായിച്ചു. നല്ല വായനക്കാരനായ ജോഷി ലോക ക്ലാസിക്കുകളെല്ലാം ചെറുപ്പത്തില്‍തന്നെ വായിച്ചിരുന്നു. പരിസ്ഥിതി, സാമൂഹികജീവിതം, കുടുംബങ്ങളുടെ നല്ല പാഠങ്ങള്‍ എന്നിവയൊക്കെ എഴുതാനാണ് ഈ ദേശീയ പുരസ്‌കാരജേതാവ് ഏറെ ഇഷ്ടപ്പെടുന്നത്. ഭാര്യ സന്ധ്യയും മക്കളായ നയനും നീലുമായി ഇവിടെ ജീവിക്കുന്ന ജോഷി ആറ്റിങ്ങല്‍ കോരാണി സ്വദേശിയാണ്. യു.എ.ഇ. യിലെ അറിയപ്പെടുന്ന പാട്ടുകാരന്‍ കൂടിയായ ജോഷി പുതിയ തിരക്കഥാരചനയുടെ ഒരുക്കത്തിലാണ്.

Joshy Mangalath
Joshy Mangalath
ഒറ്റാൽ എന്ന സിനിമയിലൂടെ തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌ക്കാരം നേടി. ചെക്കോവിന്റെ വാങ്ക എന്ന ചെറുകഥയെ ഉപജീവിച്ച്‌ ഒറ്റാൽ രചിച്ചത്. രവീന്ദ്ര നാഥ ടാഗോറിന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് പുതിയ സിനിമയ്ക്കുള്ള തിരക്കഥ പൂർത്തിയാക്കിയിരിയ്ക്കുന്നത്. ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും എഴുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *