സരോജിനി നഗറിലെ വാങ്ക

ചിങ്ങവനത്താഴത്തെ അമ്മയോണം
January 16, 2019
Globe – Malayalam Screenplay
January 16, 2019

അന്ന് ഒരു കൃസ്തുമസ് രാത്രിയായിരുന്നു.

പ്രകൃതി മുഴുവന്‍  മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന റഷ്യയിലെ ഒരു തണുത്ത ക്രിസ്തുമസ്സ് രാത്രി.

ഓക്കു മരങ്ങളും, പൈന്‍ മരങ്ങളുമെല്ലാം  മഞ്ഞിന്‍ പുതപ്പണിഞ്ഞു് വെളുത്തു വിറങ്ങലിച്ചു നില്‍ക്കുകയാണ്.

പുറത്തു, ദൂരത്തെവിടെയോ പടക്കം പൊട്ടുന്നതിന്‍റെ ഒച്ച കേള്‍ക്കാം. കൂട്ടത്തില്‍   കുട്ടികളുടെ ആര്‍പ്പുവിളികളും.

വാങ്ക ഷുക്കോവ് ഉറങ്ങിയിട്ടില്ല. അവന്‍ ഒറ്റക്കാണ്.

കുട്ടികളുടെ ആരവം കേട്ട് മനസ്സിലടക്കിയ വേദനയോടെ അവന്‍ പുറത്തേക്ക് നോക്കുന്നു. എനിക്കും അവരോടൊപ്പം പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍

ജനല്‍പ്പാളികളിലാകെ പൊടിമഞ്ഞിന്‍റെ  തരികള്‍.

ദൂരെ പള്ളിയില്‍  പാതിരാ കുറുബാനക്ക് സമയമായി.

യജമാനനും കുടുംബവും പള്ളിയില്‍ നിന്നും വരുന്നതിനു മുന്‍പ്, മുത്തച്ഛനൊരു എഴുത്ത് എഴുതണം.

വരാന്തയിലെ അരണ്ട വെളിച്ചത്തിലിരുന്ന്  അവന്‍  എഴുതാന്‍ തുടങ്ങി.   

അവന്‍ അനുഭവിക്കുന്ന  ദുഃഖങ്ങള്‍, വേദനകള്‍, നരകയാതനകള്‍, എല്ലാം അക്ഷരങ്ങള്‍ കൊണ്ട് ചേര്‍ത്തു  വയ്ക്കുമ്പോള്‍ അവന്‍റെ  കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിരുന്നു.

അവന്‍ എഴുതുകയാണ്

എന്‍റെ പ്രിയപ്പെട്ട മുത്തച്ഛാ.. ഇന്ന് എല്ലാവര്‍ക്കും ക്രിസ്തുമസ് ആണ്.എനിക്കു മാത്രം ക്രിസ്തുമസില്ല. അപ്പനും അമ്മയുമില്ലാത്ത എനിക്ക് എന്‍റെ  മുത്തച്ഛന്‍ മാത്രമേയുള്ളൂ.എന്നെ ഇവിടെ നിന്നും എങ്ങനെയെങ്കിലും ഒന്ന് രക്ഷിക്കൂഞാന്‍ മുത്തച്ഛന്‍റെ കാലു പിടിക്കാം. ഇവര്‍ എന്നെ ക്രൂരമായി മര്‍ദ്ദിക്കുകയാണ്.എനിക്ക് ആഹാരമില്ല, വെള്ളമില്ല, വസ്ത്രങ്ങളില്ല, കിടക്കുവാന്‍ കട്ടിലില്ലാ,പുതപ്പില്ലാ….

അവന്‍റെ  പരിദേവനങ്ങള്‍ നീളുകയാണ്.

ഒന്‍പതു  വയസ്സിനുള്ളില്‍ പാവം  ബാലന്‍ അനുഭവിച്ചു തീര്‍ത്ത ദുരിതങ്ങള്‍ക്ക് സമാനതകളില്ല.

വാങ്കഷുക്കോവിന്‍റെ പരിദേവനങ്ങള്‍ക്ക് ഒന്നര നൂറ്റാണ്ടിനടുത്ത്പഴക്കമുണ്ട്.

Anton Chekov  എന്ന ചെറുകഥകളുടെ  രാജകുമാരന്‍ എഴുതിവച്ച മനുഷ്യമനസ്സുകളെ ആര്‍ദ്രമാക്കുന്ന ഒരു കൊച്ചു കഥയാണ് വാങ്ക.

നൂറ്റി ഇരുപത്തൊന്പതു വര്‍ഷങ്ങള്‍ക്കുശേഷം ഭൂ പടത്തിന്‍റെ ഇങ്ങേ  തലക്കല്‍ കുട്ടനാട് എന്ന കൊച്ചു സ്ഥലത്തെ കൊയ്തൊഴിഞ്ഞ വയല്ക്കരയിലേക്ക്, ചേറിലും, ചെളിയിലും ഓടി നടക്കുവാനും, പക്ഷികളോടും പറവകളോടും,പൂക്കളോടുമൊക്കെ കഥ പറയുവാനും വാങ്ക ഷുക്കോവ് എത്തുകയാണ്ഒറ്റാലിലൂടെ.

വാങ്കയെ റഷ്യയുടെ  മഞ്ഞിന്‍  കൂട്ടില്‍ നിന്നും, നെഞ്ചോട്ചേര്‍ത്തു കൈ പിടിച്ച് വേമ്പനാടിന്‍റെ ഹരിത തീരങ്ങളിലേക്ക് കൊണ്ടുവരുവാന്‍ എന്നെ ഏല്‍പ്പിച്ചത് പ്രതിഭാധനനായ സംവിധായകന്‍ ജയരാജായിരുന്നു.

വെള്ളവും വള്ളവും, താമരയും, താറവുമെല്ലാം അവനെ മറ്റൊരു ഭൂമികയിലെത്തിച്ചു. പക്ഷികളുടെ  കരച്ചില്‍ കേട്ട്  അവന്‍ ഉണര്‍ന്നു. എരണ്ടയും,പൊന്മയും, കൊറ്റികളുമെല്ലാം അവന്‍റെ കൂട്ടുകാരായി. പ്രകൃതിയുടെ ഭാഷയറിഞ്ഞ് അവനിവിടെ കുട്ടപ്പായിയായി.

ഒടുവില്‍ അവന്‍ എന്‍റെ കൈ പിടിച്ച് എന്നെ നടത്തിച്ചു.

ഡല്‍ഹി രജത് റോഡിലെ വിജ്ഞാന ഭവനിലെ ചുവപ്പു പരവതാനി വിരിച്ച  വിശാലമായ ഹാളില്‍ അവന്‍ എന്നെ കൊണ്ടെത്തിച്ചു.

എന്‍റെ പ്രിയപ്പെട്ട വാങ്ക

വാങ്ക എന്ന കുരുന്നു  ബാലന്‍ ജയരാജ്എന്ന സംവിധായകനിലൂടെ ഒരു നിയോഗം പോലെ എന്നിലേക്ക്വരികയായിരുന്നു.

വാങ്ക ഒരു പ്രതീകമാണ്.

അക്ഷരവും അന്നവും, ബാല്യവും നിഷേധിക്കപ്പെട്ട കുട്ടികളുടെ പ്രതീകം.

അവര്‍ ഒന്നല്ല, ഒരായിരമല്ല, ലക്ഷങ്ങളും കോടികളുമുണ്ട്.

നമ്മള്‍ വസിക്കുന്ന ഭൂമി എന്ന ഗ്രഹത്തിന്‍റെ മുക്കിലും മൂലയിലുമുണ്ട് വാങ്കമാര്‍.

ഒരു രാഷ്ട്രം പടുത്തുയര്‍ത്തേണ്ട  ബാല്യങ്ങള്‍

അവര്‍ ഇവിടെ ചൂഷണത്തിന് ഇരയാവുകയാണ്.

കുട്ടനാടന്‍ കായലോരങ്ങളിലും, പുഴയോരങ്ങളിലുമൊക്കെ മീനിനെ കെണിയിലാക്കി പിടിക്കുവാന്‍  ഉപയോഗിക്കുന്ന  ചൂരല്‍ കൊണ്ടുള്ള ഒരു കുട്ടയാണ്ഒറ്റാല്‍(A wicker basket for catching fish).

ഇന്ന് നമ്മുടെ സമൂഹത്തില്‍ കുട്ടികളെ പിടിക്കുവാനുള്ളഒറ്റാലുമായിനടക്കുന്ന ആള്‍ക്കാരുടെ എണ്ണം ഏറി വരുന്നു.

ജീവിത സാഹചര്യങ്ങള്‍ കൊണ്ട് ഒറ്റപ്പെട്ടു പോയ  കുട്ടികള്‍.

അനാഥരാക്കപ്പെട്ടവര്‍, വലിച്ചെറിയപ്പെട്ടവര്‍,

എല്ലാവരും ഉണ്ടായിട്ടും,  ആരുമില്ലാത്തവര്‍.

ഇവരെല്ലാം കൂട്ടരുടെ ഇരകളാകുന്നു. കുട്ടികള്‍ക്ക് പിന്നെ  രക്ഷപെടുവാന്‍ കഴിയുന്നില്ല. ലാര്‍വാ   അവസ്ഥയില്‍ വച്ചു തന്നെ ചിറകുകള്‍ മുരടിച്ച ചിത്രശലഭങ്ങള്‍..

അവര്‍ പിന്നെ കള്ളന്മാരും,കൊള്ളക്കാരും,കൊലപാതകികളും, ഗുണ്ടകളും, തീവ്രവാദികളും ഒക്കെയായി മാറുന്നു.

ചിറകുകള്‍ നഷ്ടപ്പെട്ട അവര്‍ പിന്നീട് സ്വയം നിര്‍മ്മിച്ചെടുക്കുന്ന ലഹരി ചിറകുള്ള പുഷ്പകവിമാനത്തില്‍ കയറി അതിരുകള്‍ താണ്ടുന്നു. ഒടുവിലവര്‍ ആള്‍ക്കൂട്ടത്തിനിടയിലെ അജ്മല്‍ കസബുമാരായിസമൂഹത്തിന്‍റെ തന്നെ അന്തകന്മാരായി മാറുന്നു.

രാജ്യത്തെ നീതിന്യായ വ്യവസ്ഥിതികളും, ഭരണകൂടവുമെല്ലാം അവരുടെ  മുന്‍പില്‍ മുട്ടുകുത്തുന്നു.

മനസ്സു നീറിപ്പിടഞ്ഞ ഒരു പാവം  കുട്ടിയില്‍ നിന്നും  അവന്‍ ഇത്രയേറെ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു എന്ന തിരിച്ചറിവ് ഒരു പൊതു സമൂഹത്തിനില്ലാതെ പോകുന്നിടത്തോളം കാലം ഇതു തുടര്‍ന്നു കൊണ്ടേയിരിക്കും.

നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും വാങ്ക പോലുള്ള കുട്ടികളുടെ  കഥകള്‍ ഇവിടെ പുന്ര്‍ജ്ജനിച്ചുകൊണ്ടേയിരിക്കും.

ഞാന്‍ ഇങ്ങനെയൊക്കെ ചിന്തിച്ചു, ചിന്തിച്ച് വാങ്ക എന്‍റെ ആത്മാവിന്‍റെ ഒരു ഭാഗമായിരിക്കുന്നു.

വാങ്കയുടെ വേദന ഒരു ഉമിത്തീ പോലെ മനസ്സിലേക്ക് പടര്‍ന്നു  പിടിച്ചപ്പോള്‍  കഥയിലെ വാങ്കയെ എന്‍റെ ജീവിത പരിസരത്ത് എവിടെയെങ്കിലും കാണുവാനുള്ള ശ്രമത്തിലായി  ഞാന്‍.

ഒരു പ്രവാസിയായ എനിക്ക് ഒരിക്കല്‍ പോലും ദുബായ് പോലുള്ള ഒരു നഗരത്തില്‍ വാങ്കയെപ്പോലെയുള്ള ഒരു പാവം കുട്ടിയെ  കണ്ടുമുട്ടുവാന്‍ കഴിഞ്ഞിരുന്നില്ല. അവന്‍റെ കണ്ണിലെ നിഷ്കളങ്കമായ ദൈന്യത, അതേ കണ്ണുകള്‍ തേടി  ഞാന്‍ നടന്നു.

എവിടെ എന്‍റെ വാങ്കയെ  കാണുവാന്‍ കഴിയും?

ഞാനത് ഭാര്യയോട് പറഞ്ഞപ്പോള്‍ വെറുതെ എന്നെ നോക്കി ഒന്നു ചിരിച്ചു.

ദേശീയ അവാര്‍ഡ്പ്രഖ്യാപനം കഴിഞ്ഞ  ദിവസങ്ങള്‍

ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രസിഡന്റിന്‍റെ  കയ്യില്‍ നിന്നും അവാര്‍ഡു വാങ്ങിക്കുവനുള്ള കാത്തിരിപ്പ്.

ഇതിനിടയില്‍ വാങ്ക എന്‍റെ  മനസ്സില്‍ വല്ലാത്ത ഒരു പ്രകമ്പനം സൃഷ്ടിച്ചുകൊണ്ടേയിരുന്നു.

വാങ്കയെ എനിക്ക് കാണണം.

ഒരു ചിന്ത മാത്രമായി മനസ്സില്‍.

അതെന്നെ വല്ലാത്ത ഒരു അവസ്ഥയിലേക്കെത്തിച്ചു.

ഞാനും വാങ്കയുമായിട്ടുള്ള ഒരു ആത്മബന്ധം പോലെ അതെന്നില്‍ നിറഞ്ഞു നിന്നു.

മെയ്‌ 3, 2015.

എന്‍റെ ജീവിതത്തിന്‍റെ ഓര്‍മ  പുസ്തകത്തില്‍ ഒരിക്കലും മായാത്ത  മഷിയില്‍ ഞാന്‍ കുറിച്ചു വയ്ക്കേണ്ട ഒരു ദിവസം.

തലേ ദിവസം തന്നെ ഡല്‍ഹിയിലെത്തി.

രാഷ്ട്രപതിയുടെ സാന്നിധ്യം ഏതാണ്ട് അടുത്തെത്തിയിരിക്കുന്നു.

ചാണക്യപുരിയിലെ വി..പി സുരക്ഷയുള്ള വിശാലമായ അശോക്ഹോട്ടലിന്‍റെ അറുനൂറ്റി പന്ത്രെണ്ടാം നമ്പര്‍ മുറിയുടെ സ്വീകരണ  ഹാളിലിരിക്കുമ്പോള്‍ തൊട്ടടുത്ത ദിവസം നടക്കാന്‍ പോകുന്ന അവാര്‍ഡ്ദാന ചടങ്ങിനെക്കുറിച്ച് മാത്രമായി ചിന്തകള്‍.

വാങ്കയെ ഞാന്‍ ഇതിനിടയിലെപ്പോഴോ മറന്നു.

ഭാര്യ സന്ധ്യയും, മക്കളായ നയനും, നീലും കൂടെയുണ്ട്. അവരും സന്തോഷത്തിലാണ്.

അന്ന് വൈകിട്ട്, പിറ്റേ ദിവസം നടക്കാന്‍ പോകുന്ന അവാര്‍ഡ്ദാന ചടങ്ങിന്‍റെ  റിഹേഴ്സലാണ്‌.

റിഹേര്ഴല്‍ ചടങ്ങ് ആയതു കൊണ്ടും, കുടുംബത്തിന്‍റെ സാന്നിധ്യം ആവശ്യമില്ലാത്തതു കൊണ്ടും ഞാന്‍ റിഹേര്‍സല്‍ നടക്കുന്നവിജ്ഞാന്‍ ഭവനിലേക്കും അവര്‍ തൊട്ടടുത്ത  സ്ഥലങ്ങള്‍ കാണുവാനുമായി പോയി.

വിജ്ഞാന്‍ ഭവനിലെ വിശാലമായ  ഹാള്‍ നിറയെ  ഇന്ത്യന്‍ സിനിമയിലെ പ്രശസ്തരും, പ്രഗല്‍ഭരുമായ, വിശിഷ്ട വ്യക്തികളാണിരിക്കുന്നത്. സിനിമയുടെ രണ്ടറ്റവും കണ്ട പ്രതിഭകളുണ്ട്   കൂട്ടത്തില്‍. അവരോടൊപ്പമാണ് ആദ്യ തിരക്കഥക്കു തന്നെ അവാര്‍ഡ്  വാങ്ങിക്കുവാന്‍ എത്തിയ ഞാനുമിരിക്കുന്നത്.ഒരു കന്നിക്കാരന്‍റെ  ആകുലതകള്‍ എന്‍റെ  ഉള്ളില്‍ നേരിയ അളവിലുണ്ടായിരുന്നു. പക്ഷെ കുറച്ചു സമയത്തിനുള്ളില്‍ തന്നെ സഹൃദയത്തിന്‍റെ  മനോഹരമായ ഒരു അന്തരീക്ഷം അവിടെ സൃഷ്ടിക്കപ്പെട്ടു.വലിപ്പച്ചെറുപ്പത്തിന്‍റെത്രാസ്സുകള്‍ ഉയരുകയും താഴുകയും ചെയ്യാതെ കേന്ദ്ര ബിന്ദുവില്‍ത്തന്നെ നിര്‍ത്തിക്കൊണ്ട് പരസ്പരം അറിഞ്ഞ് അഭിനന്ദിക്കുന്ന നല്ല മനുഷ്യരുടെ കൂട്ടായ്മ. അപൂര്‍വ്വമായി വീണുകിട്ടുന്ന ചില ജീവിത  മുഹൂര്‍ത്തങ്ങള്‍….

റിഹേര്‍സല്‍ തുടങ്ങി. സ്റ്റേജിനു മുകളിലെ വലിയ  സ്ക്രീനില്‍ അവാര്‍ഡു ജേതാക്കളുടെ വിവരണങ്ങളും  അവര്‍ പ്രതിധാനം ചെയ്യുന്ന സിനിമകളുടെ ക്ലിപ്പിങ്ങുകളും കാണിക്കുവാന്‍ തുടങ്ങി. ഇന്ത്യന്‍ സിനിമയുടെ  നേര്‍ക്കാഴ്ചകള്‍ വിവിധ ഭാഷകളുടെ ഭൂമികയിലൂടെ ചുറ്റിത്തിരിഞ്ഞ്‌… ഒടുവില്‍ ഒറ്റാലിലെത്തി. കുട്ടപ്പായിയുടെ മുഖം സ്ക്രീനില്‍. വാങ്ക വീണ്ടുമൊരു മിന്നലായ് മനസ്സിലേക്ക്.ഞാന്‍ അസ്വസ്ഥനായി. പിന്നീടുള്ള എന്‍റെ  ചിന്തകള്‍  മുഴുവന്‍ വാങ്കയിലേക്കായി. ആള്‍ക്കൂട്ടത്തിനിടയില്‍ വാങ്കയുടെ ചിന്തകളുമായി  ഞാന്‍ ഒറ്റപ്പെട്ടു. റിഹേര്‍സല്‍ കഴിഞ്ഞ് എല്ലാവരും പുറത്തെ  ഹാളില്‍ ഒത്തുകൂടി. വിവിധ ഭാഷ, വേഷം, സംസ്കാരം. എല്ലാവരുമായി ചിരിച്ചു, സംസാരിച്ചു, ഹസ്തദാനം ചെയ്തു. ഞാനും  അതില്‍ ഒരംഗമാകാന്‍ ശ്രമം നടത്തി. പക്ഷേ വാങ്ക മനസ്സിലിരുന്ന് വിങ്ങാന്‍ തുടങ്ങി. അവന്‍റെ നിഷ്കളങ്കമായ  കണ്ണുകള്‍ എന്നെ വേട്ടയാടുവാന്‍ തുടങ്ങി.

എനിക്ക് വാങ്കയെ കാണണം

റഷ്യയിലെഅല്യാഖിന്‍എന്ന ദുഷ്ടനായ മനുഷ്യന്‍റെ കൈപ്പിടിയില്‍ നിന്നും രക്ഷപെട്ട്, കാതങ്ങള്‍ ഓടിത്തളര്‍ന്നു് വിജ്ഞാന ഭവനിലെ  ചുവപ്പു പരവതാനിയിട്ട വഴിയിലെത്തി കിതച്ചു തളര്‍ന്നു നില്‍ക്കുന്ന വാങ്ക.

അവന്‍ ഇവിടെയെവിടെയെങ്കിലും നില്ക്കുന്നുണ്ടോ?.

അവന്‍റെ  കണ്ണുകള്‍ നനഞ്ഞിട്ടുണ്ടോ?

അവന്‍ എന്‍റെ  കൈ തലോടലിനു വേണ്ടി  കാത്തു നില്‍ക്കുകയാണോ?

ഞാന്‍ ചുറ്റും നോക്കി. ഇല്ല, വാങ്കയില്ല.

ഹോട്ടല്‍ ജാനേ കീ ബസ് തയ്യാറെ’’…സംഘാടകരിലാരോ വിളിച്ചു പറയുന്നു. ഒരു ഫ്ലാഷ് ബാക്കില്‍ നിന്നും കട്ട്ചെയ്ത് ലൈവ് സീനിലേക്ക്എത്തിയത് പോലെ എനിക്ക് പെട്ടന്ന് സ്ഥലകാലബോധം വന്നു.

ഹോട്ടലിലെത്തി കുളി കഴിഞ്ഞ്,അന്നു നടന്ന റിഹേര്‍സലിന്‍റെ ചരിത്രം  പറയാന്‍ തുടങ്ങുമ്പോള്‍, സന്ധ്യ ഇടയ്ക്കു കയറിപ്പറഞ്ഞു. ‘അതവിടെ നില്‍ക്കട്ടെ, മാഷേ.. അതിനു മുന്‍പ് ഇതു കേട്ടേനിങ്ങടെ വാങ്കയെ ഞങ്ങളിന്നു കണ്ടു. ഒന്നല്ല, ഒരുപാട് വാങ്കമാരേ.

ഒരു ഞെട്ടലോടും, അത്ഭുതത്തോടെയുമാണ്ഞാനത് കേട്ടത്. കുറച്ചു നിമിഷങ്ങള്‍ക്കു മുന്‍പ് വരെ  ഞാന്‍  മനസ്സില്‍ ആഗ്രഹിച്ചു കൊണ്ടിരുന്ന ഒരു കാര്യം. ദൈവം വീണ്ടും ഒരു നിയോഗവുമായി എത്തുകയാണോ..?

എവിടെ?….എവിടെയാണ്?

ആകാംക്ഷയോടെ ഞാന്‍ ചോദിച്ചു.

സരോജിനി നഗറില്‍’. ഇവിടെ അടുത്തുള്ള ഏറ്റവും വലിയ ഒരു മാര്‍ക്കറ്റ്ആണ്. പിന്നെ സന്ധ്യ പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല. ഒരു ആവേശത്തോടെ കട്ടിലില്‍ നിന്നും ചാടി എഴുന്നേറ്റു

ഞാന്‍ സരോജിനി നഗറിലേക്ക്പോവുകയാണ് എനിക്ക് വാങ്കയെ കാണണം’.  ഇതും പറഞ്ഞുകൊണ്ട് ഞാന്‍ പെട്ടന്ന് ഡ്രെസ്സ് ചെയ്ത് പുറത്തേക്ക് പോകുവനാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി.

സന്ധ്യയും മക്കളും എന്നെ തടയുവാന്‍ ശ്രമിച്ചു.

രാത്രിയില്‍ ഇപ്പം എങ്ങോട്ടും പോകേണ്ടാ”.. നാളെ അവാര്‍ഡു വാങ്ങിക്കുവാനുള്ളതാണ്.അതു മറക്കേണ്ട”… സന്ധ്യ പറഞ്ഞു.

വാങ്കയല്ലേ അവാര്‍ഡ്  വാങ്ങിക്കുവാന്‍ നമ്മളെ ഇവിടെ എത്തിച്ചത്?”. ഞാന്‍ തിരിച്ചു പറഞ്ഞു.

‘’എന്നും പറഞ്ഞ് കഥക്കാത്തെ വാങ്കെടെ പേരും പറഞ്ഞ് പാതിരാത്രിക്ക്എവടെ ഇറങ്ങി ഓടുവാഇതു റഷ്യയല്ലാഡല്‍ഹിയാ”. സന്ധ്യ പറഞ്ഞു നോക്കി. ഞാന്‍ കേട്ടില്ല.

പറഞ്ഞത്അബദ്ധമായിപ്പോയി എന്ന പോലെ  നില്‍ക്കുകയാണവര്‍.

വാങ്കയെ കാണുവാനായി  ഞാന്‍  ധൃതിയില്‍ പുറത്തേക്ക് ഇറങ്ങി. നടക്കുകയായിരുന്നില്ല. ഓടുകയായിരുന്നു. ഹോട്ടല്‍  റിസപ്ഷനില്‍ പറഞ്ഞ് ടാക്സി ഏര്‍പ്പാടാക്കി.

ഒരു കാലത്ത്,നമ്മുടെ രാജ്യത്ത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുപോയ സ്ത്രീകളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൈ പിടിച്ചുയര്‍ത്തിക്കൊണ്ടു വന്ന സരോജിനി നായിഡു എന്ന ധീര വനിതയുടെ പേരില്‍ ഇന്നും ആയിരങ്ങള്‍ ഒത്തു ചേരുന്ന ഡല്‍ഹി നഗരത്തിലെ അതിവിശാലമായ മാര്‍ക്കറ്റ്. ‘സരോജിനി നഗര്‍’.. പത്തു വര്‍ഷം മുന്‍പ് തുലാമാസത്തിലെ ഒരു അമാവാസി ദിവസം, ഇരുട്ടിനെ അടിയറവു പറയിച്ച് വെളിച്ചം വിജയം നേടിയപ്പോള്‍ ഇതേ മാര്‍ക്കറ്റിന്‍റെ ഒരു കോണില്‍ ഒരു കൂട്ടം പാവം മനുഷ്യരുടെ ചോര ചിതറി വീണു. ജാതി, മത,വര്‍ഗ്ഗ ഗോത്രങ്ങള്‍ തിരിച്ച്, മനുഷ്യ രക്തത്തിനു വേണ്ടി ദാഹിക്കുന്ന ഒരു കൂട്ടം കാപാലികരുടെ കൊടും ക്രൂരതയായിരുന്നു അത്.

ചോരയുടെ മണമുള്ളതായിത്തീര്‍ന്നു ദീപാവലി.

മണ്ണില്‍ക്കൂടിയാണ് ഞാനിന്നു നടക്കുന്നത്.

ഞാന്‍ ഉള്‍പ്പെടുന്ന സമൂഹം അറിഞ്ഞോ അറിയാതെയോ ആണ്   സാമൂഹ്യ ദ്രോഹികളെയൊക്കെ സൃഷ്ടിക്കുന്നത്.ഒരു പക്ഷെ അവരുംഒറ്റാലില്‍കുടുങ്ങിപ്പോയ വാങ്കമാരായിരിക്കാം. പിന്നീട് സര്‍വ്വ്നാശത്തിന്‍റെയും  കാരണക്കാരായി തീരുന്നഅവര്‍ അറിയുന്നില്ലലോ  അവര്‍ എന്താണ് ചെയ്യുന്നതെന്ന്”. ഞാന്‍ ക്രിസ്തുവചനം ഓര്‍ത്തു കൊണ്ട് സരോജിനി നായിഡുമാപ്പ്എന്ന് മനസ്സില്‍ പറഞ്ഞു.

  

കാലം എല്ലാം മറവിയിലേക്ക് മായ്ച്ചു കളഞ്ഞു. മറവി മനുഷ്യര്‍ക്ക് ഒരനുഗ്രഹം കൂടിയാകുന്നു. സരോജിനി നഗറില്‍ക്കൂടി ആള്‍ക്കാര്‍ വീണ്ടും ഒഴുകുകയാണ്.   

ഉപ്പു തൊട്ട്കര്‍പ്പൂരം വരെ സ്വദേശിയും, വിദേശിയുമായ എന്തും വിലപേശി വാങ്ങുവാന്‍ കഴിയുന്ന ഇന്ത്യയിലെ പ്രശസ്തമായ ഒരു തെരുവോര വിപണി. തെരുവോരങ്ങള്‍  മുഴുവന്‍ നൂറുകണക്കിന് കടകളാണ്. പാതയോരങ്ങളില്‍ കിട്ടിയ സ്ഥലങ്ങളിലൊക്കെ കച്ചവടം നടത്തുന്ന വഴിയോര വാണിഭക്കാരുമുണ്ട്. ആള്‍ക്കൂട്ടത്തിന്‍റെ  ആരവങ്ങള്‍ക്കിടയില്‍ ഒരംഗമായിത്തന്നെ ഞാനും നടക്കുകയാണ്.    

എല്ലാം കണ്ടും കേട്ടും നടക്കുമ്പോഴും, ആള്‍ക്കൂട്ടത്തിനിടയില്‍  ഞാന്‍ വാങ്കയെ തിരയുകയായിരുന്നു.

ഭായ് സാബ് അന്തര്‍ ആകെ ദേഘോബഹുത് കുച്ച് നയാ ചീസേ, ദേഖ്നെകെലിയെ

ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും  ഒരാള്‍ എന്‍റെ കൈത്തണ്ടയില്‍ കടന്നു പിടിച്ച് അയാളുടെ കടക്കുള്ളിലേക്ക് ക്ഷണിക്കുകയാണ്. അയാളുടെ വായില്‍ നിന്നും  പാന്‍ പരാഗിന്‍റെ കടുത്ത മണം കുമു കുമാ മുഖത്തേക്ക്. അതൊരുഷൂകടയായിരുന്നു.

അഭി നയീ മാങ്ങ്തെ…” ഞാന്‍ അയാളുടെ ക്ഷണം നിരസിച്ച് രക്ഷപെട്ടു  മുന്നോട്ടു നടന്നു.

ഏതാനും അടി മുന്നോട്ടു നടന്നപ്പോള്‍ തെരുവിന്‍റെ ഒരു ഇരുണ്ട  കോണില്‍ നിന്നും ഏതാനും കുട്ടികളുടെ  ഉച്ചത്തിലുള്ള സംസാരം കേള്‍ക്കാം.  അവര്‍ പരസ്പരം  കയര്‍ത്തു സംസാരിക്കുകയും,അങ്ങോട്ടുമിങ്ങോട്ടും പിടിച്ചു തള്ളുകയുമൊക്കെ ചെയ്യുന്നു.

മിക്കവരുടെ  കയ്യിലും അടുക്കി വച്ച നോട്ടുകളുണ്ട്. അതു കയ്യില്‍ ഇറുക്കി പിടിച്ചിരിക്കുകയാണവര്‍. ചുരുട്ടി വച്ചിരിക്കുന്ന ചെറിയ കൈപ്പത്തികള്‍ക്കിടയില്‍ക്കൂടി നോട്ടിന്‍റെ ആഗ്ര ഭാഗം പുറത്തേക്കു കാണാം. ശരീരത്തിനു പാകമല്ലാത്ത മുഷിഞ്ഞ ഉടുപ്പുകള്‍ അണിഞ്ഞിരിക്കുന്നു. ഏതാനും പേരുടെ തല മൊട്ടയടിച്ചിരിക്കുന്നു. ഒരു കുട്ടിയുടെ മുഖം നഖം കൊണ്ട് മാന്തി കീറി ചോര ചെറുതായി പൊടിയുന്നുമുണ്ട്.എന്തോ കണക്കിനെ ചൊല്ലിയുള്ള അഭിപ്രായ വത്യാസമാണ്.

ഇവരിതെന്തിനാണ് വഴക്കടിക്കുന്നത്? ഇതാണോ സന്ധ്യ പറഞ്ഞവാങ്കമാര്‍’.ആരും ഇവരെ പിടിച്ചു മാറ്റുന്നില്ലലോ, എന്നൊക്കെ മനസ്സില്‍ വിചാരിച്ച് അവരുടെ അടുത്തേക്ക് പതുക്കെ  നടക്കുമ്പോള്‍ തൊട്ടടുത്ത കടയില്‍ നിന്നും  ഒരാള്‍ ഉറക്കെ വിളിച്ചു പറയുന്നു.

പോലീസ് ആരെഭാഗോ, ഭാഗോ…”  ഇതു കേട്ടതും കുട്ടികള്‍ നാലുപാടും ചിതറി ഓടി.

ഇതൊക്കെ ഇവിടെ സാധാരണമാണന്ന് എനിക്കപ്പോള്‍ മനസ്സിലായി.

പെട്ടന്ന് മൊബൈല്‍ ഫോണ്‍ അടിക്കുവാന്‍ തുടങ്ങി. സന്ധ്യയാണ്.

ഇതെവിടെയാ വരാറായില്ലേ…?.

അപ്പോഴാണ്ഞാന്‍  വാച്ചില്‍ നോക്കുന്നത്. ദാ വരുന്നു എന്നും പറഞ്ഞ് തിടുക്കത്തില്‍  മാര്‍ക്കറ്റിനു പുറത്തേക്ക് നടക്കാന്‍ തുടങ്ങി.

എന്‍റെ മനസ്സിലെ വാങ്കയെ ഇവിടെയും കാണാന്‍ പറ്റിയില്ലല്ലോ എന്ന വിഷമം മനസ്സില്‍. വേണ്ട, അത്തരം കുട്ടികളെ കാണേണ്ട. അത്തരം കുട്ടികള്‍ നമ്മുടെ സമൂഹത്തില്‍ ഇല്ലാതിരിക്കട്ടെ. മനസ്സിന്‍റെ മറുപാതി എന്നെ ശാസിക്കുവാന്‍ തുടങ്ങി.

സരോജിനി നഗറിലെ മാര്‍ക്കെറ്റ് സമയം കഴിയുകയാണ്.കടകള്‍ അടക്കുവാന്‍ തുടങ്ങി. ആള്‍ക്കാര്‍ പതുക്കെ പിരിയുകയാണ്. ഞാന്‍ നടന്നു നടന്ന് മാര്‍ക്കറ്റിനു പുറത്തെ ഗേറ്റിനു സമീപത്തെത്തി

പെട്ടന്നാണ് എന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. ഗേറ്റിനു സമീപം ഒരു ഉന്തുവണ്ടിയില്‍ ചായയും സമൂസയും ഒക്കെ വില്‍ക്കുന്ന ഒരു കുട്ടി. അവന്‍ അന്നത്തെ കച്ചവടം ഒക്കെ കഴിഞ്ഞ് തിരിച്ചു പോകാന്‍ തുടങ്ങുകയാണ്.

ഞാന്‍ ഓടി അവന്‍റെ അടുത്തേക്ക് എത്തി. അവനെ തടഞ്ഞു നിര്‍ത്തി ഒരു ചായ ചോദിച്ചു.

അയ്യോഇന്നത്തെ കച്ചവടം കഴിഞ്ഞല്ലോ.. ഗ്ലാസ്സ് ഒക്കെ കഴുകി വച്ചിരിക്കുകയാണ്. വെള്ളവും തീര്‍ന്നു  അവന്‍ ഹിന്ദിയില്‍ എന്നോട് പറഞ്ഞു.

എന്നാലും ഒന്നു നോക്കിക്കേഎന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി  ഒടുവില്‍  അവന്‍ കെറ്റിലില്‍ അവശേഷിച്ചിരുന്ന ഒരു ചായ എനിക്ക് ഒഴിച്ചു തന്നു.

ഞാന്‍ അവനെ തന്നെ ശ്രദ്ധിക്കുകയായിരുന്നു. ഏതാണ്ട് പത്തു വയസ്സിനടുത്ത് പ്രായം വരും. മെല്ലിച്ച രൂപം. മെഴുക്കുപുരണ്ട തലമുടി. നിറം മങ്ങി പിഞ്ഞിപ്പോയ ഒരു ബനിയനും, മെല്ലിച്ചുണങ്ങിയ കാലിനോട് ചേര്‍ന്ന് ഒട്ടിപ്പിടിച്ചു കിടക്കുന്ന കറുത്ത പാന്റും വേഷം. കാലുകളില്‍ തേഞ്ഞു തീരാറായ  സ്ലിപ്പര്‍. പഴകിയ പാന്റിന്‍റെ കറുപ്പുനിറം ഏതാണ്ട്  മാറി വെളുത്തു നരച്ചിരിക്കുന്നു.

അതേ.. ഞാന്‍ അനേഷിച്ചു നടന്ന വാങ്ക ഇവനാണ്. അവന്‍റെ മുഖത്തെ   ദൈന്യത ഞാന്‍ ശ്രദ്ധിച്ചു. എങ്കിലും അവന്‍റെ  കണ്ണുകളില്‍ തിളക്കമുണ്ട്.

റഷ്യയിലെ തണുത്ത ക്രിസ്തുമസ്  രാത്രിയില്‍ മുത്തച്ഛനു കത്തെഴുതിയ  എന്‍റെ പാവം വാങ്ക.., അതിവനല്ലേ….?ബാല്യത്തിന്‍റെ ക്യാന്‍വാസില്‍ വര്‍ണ്ണക്കൂട്ടുകളില്ലാതെ കറുത്ത പ്രതിരൂപങ്ങളെ മാത്രം വരച്ചുകൂട്ടുകയല്ലേ ഇവനും ചെയ്യുന്നത്..?

ചായ കുടിച്ചു കൊണ്ടിരുന്നപ്പോള്‍  ഞാന്‍ അവന്‍റെ  പേര്‍ ചോദിച്ചു.

ശിവാഅവന്‍ മറുപടി പറഞ്ഞു.

ഭഗവാന്‍റെ പേരുള്ള വാങ്കയുടെ പ്രതിരൂപം. ഞാന്‍  മനസ്സില്‍ വിചാരിച്ചു.

ഇവന്‍ മാത്രമല്ല എല്ലാ കൊച്ചു കുട്ടികളും ദൈവത്തിന്‍റെ പ്രതിരൂപങ്ങളല്ലേ?.

അമ്പലമുറ്റത്തു കളിക്കുന്ന കുഞ്ഞുങ്ങളെ നോക്കി നില്‍ക്കുമ്പോള്‍ ദൈവം പൂജാരിയെ മറക്കുന്നു”, എന്ന് ടാഗോറിന്‍റെ കണ്ടെത്തല്‍

വിഷപ്പല്ലു മുളക്കാന്‍ തുടങ്ങാന്‍ തുടങ്ങാത്ത പ്രായക്കാരോട് ഡീല്‍ ചെയ്യുവാന്‍ ഒരു സുഖമാണ്എന്ന പ്രിയപ്പെട്ട എം.ടി യുടെ ഒരു സിനിമാ ഡയലോഗ്  മനസ്സില്‍ വിചാരിച്ച്  ഞാന്‍ അവനോട് വീണ്ടും ചോദിച്ചു.

നിന്‍റെ വീടെവിടയാണ്..?

ഇവിടെ അടുത്താണ്”.അതും പറഞ്ഞ് അത്ര ഇഷ്ടപ്പെടാത്ത രീതിയില്‍  അവന്‍ എന്നെ ഒന്നു നോക്കി.

പ്രായത്തില്‍ കവിഞ്ഞ പക്വതയുണ്ട് അവന്‍റെ നോട്ടത്തിന്.

വീട്ടില്‍ ആരൊക്കെയുണ്ട്? ഞാനവനെ വിടാതെ കൂടി.

അവന്‍ ഒന്നും മിണ്ടാതെ പാത്രങ്ങള്‍ അടുക്കി വയ്ക്കുന്ന ജോലി തുടര്‍ന്നു.

അവനത്ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല എന്ന് അവന്‍റെ മുഖഭാവം കണ്ടപ്പോള്‍ മനസ്സിലായി.

ചായകുടിക്കുവാന്‍  വന്നവന്‍ ചായകുടിച്ചിട്ടു പോണംഎന്നടോണില്‍ഉള്ള ഒരു നോട്ടം അവന്‍ എന്നിലേക്കെറിഞ്ഞു.

കൊച്ചു കുട്ടിയെങ്കിലും അവന്‍റെ മുന്‍പില്‍ ഞാന്‍ ഒന്നു ചൂളി.

ചായ കുടി കഴിഞ്ഞ് ഞാന്‍ പൈസ കൊടുത്തു.

ഞാന്‍ കൊടുത്ത വല്യ നോട്ടിനു അവന്‍റെ കൊച്ചു പെട്ടിയില്‍ ബാക്കി ഇല്ലായിരുന്നു. ഞാന്‍ അതു മനപ്പൂര്‍വം കൊടുത്തതാണ്. അവന്‍ നോട്ടു വാങ്ങി പെട്ടന്ന് എന്തോ കൈ പൊള്ളിയതുപോലെ പറഞ്ഞു.. സാര്‍ ഇതിനു ചേഞ്ച്ഇല്ലാ

വേണ്ടാബാക്കി നീ വച്ചോ

വേണ്ട സാര്‍.. ഞാന്‍ എത്ര നിര്‍ബന്ധിച്ചിട്ടും അവന്‍ നോട്ടു വാങ്ങാന്‍ കൂട്ടാക്കിയില്ലാ.. അവന് എന്തോ പേടി പോലെയായിരുന്നു.

ഒടുവില്‍ ഞാന്‍ ചെറിയ നോട്ടു കൊടുത്തു.

അവനു സന്തോഷമായി.

നിന്‍റെ ഷര്‍ട്ടും,പാന്റും ഒക്കെ പഴയതല്ലേ..? ഞാന്‍ നിനക്കൊരു ഷര്‍ട്ടും പാന്റും വാങ്ങിത്തരട്ടെ..?”  ഞാന്‍ അവനോടു ചോദിച്ചു.

അയ്യോ വേണ്ടാ എനിക്കൊന്നും വേണ്ടാ..”

അവന്‍ എന്നെ ഒരു അത്ഭുതത്തോടെയും,എന്നാല്‍ ഒട്ടൊരു കൌതുകത്തോടെയും   നോക്കുകയാണ്.

ഞാന്‍ അവനെ നോക്കി മൃദുവായ് ഒന്നു ചിരിച്ചു.

അവനറിയുന്നില്ലല്ലോ ഞാന്‍ എന്‍റെ വാങ്കയെ അവനിലേക്ക് ആവാഹിക്കുകയാണെന്ന്.

ഞാന്‍ പതുക്കെ സ്നേഹത്തോടെ അവനോട്  അടുക്കാന്‍ ശ്രമിച്ചു. ഒരു കുഴപ്പക്കാരനല്ല ഞാന്‍ എന്നു തോന്നിയപ്പോള്‍ അപരിചിതത്വം മെല്ലെ മാറി അവനും എന്നോട് സംസാരിക്കുവാന്‍ തുടങ്ങി.

സാറിവിടെ ആദ്യമായിട്ടാ…?” “അതെ..”. ഞാന്‍ പറഞ്ഞു. പിന്നെ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം  അവന്‍ ഉത്തരം നല്‍കി.

അവനാരുണ്ട് എന്ന ചോദ്യത്തിനുത്തരമായി അവന്‍ കൈ ചൂണ്ടിയ സ്ഥലത്തേക്ക് ഞാന്‍ നോക്കി.

അകലെയുള്ള ഒരു ബെഞ്ചില്‍ ഒരു വൃദ്ധരൂപം ചുരുണ്ടു കൂടിയിരിക്കുന്നു. അവന്‍റെ വല്യപ്പച്ചനാണ്. വാങ്കയുടെ കഥ ജീവിതത്തിലേക്ക് ഇറങ്ങി വരികയാണോ.. ഞാന്‍ അത്ഭുതപ്പെട്ടു പോയി.

വീണ്ടും അവനോട്  കൂടുതല്‍  സ്നേഹത്തില്‍ കാര്യങ്ങള്‍ ചോദിച്ചപ്പോള്‍    

അവന്‍ അവനെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഒരു കുഞ്ഞു മനസ്സിന്‍റെ നിഷ്കളങ്കതയോടെ എന്നോടു പറയുവാന്‍  തുടങ്ങി.

ഒരു സംവിധായകന്‍ തിരക്കഥ വായിച്ചു കേള്‍ക്കുന്നതു പോലെ എന്‍റെ മനസ്സില്‍ക്കൂടി ഷോട്ടുകളും, സീനുകളും, സീക്വന്‍സുകളുമെല്ലാം, കടന്നുപോയി.

അവന് അച്ഛനുണ്ടെങ്കിലും, ഇല്ലാത്ത അവസ്ഥയിലായിരുന്നു. ചെറിയ ജീവിത കാലയളവിനുള്ളില്‍ വളരെ അപൂര്‍വ്വമായി മാത്രമേ  അവന്‍  അച്ഛനെ കണ്ടിരുന്നുള്ളൂ. ജീവിതം ലഹരി നിറച്ച് ഒരുത്സവം പോലെ ആഘോഷിക്കുന്ന  അയാള്‍ക്ക് അവന്‍റെ അമ്മയും, മുത്തച്ഛനും, മുത്തശ്ശിയും അടങ്ങുന്ന കുടുംബം ഒരു ബാധ്യതയായിരുന്നു. അതില്‍ നിന്നും രക്ഷപെടുവാന്‍ അയാള്‍ ദൂരെ ദൂരെ  എവിടെയൊക്കെയോ ഉള്ള ലഹരി താവളങ്ങളിലേക്ക് പറന്നുയരുകയും, ലഹരി നിറച്ചുവച്ച് വീണ്ടും ഒരു ദേശാടന പക്ഷിയെപ്പോലെ പറന്നിറങ്ങുകയും ചെയ്തിരുന്നു.

ദിവസങ്ങള്‍ കടുത്ത പീഡനങ്ങളുടെ നാളുകളായിരുന്നു അവനും, അവന്‍റെ അമ്മക്കും.

അയാള്‍ അവിടേക്ക് വരാതെ ഇരിക്കട്ടെ എന്ന അവന്‍റെ അമ്മയുടെ പ്രാര്‍ത്ഥന ഫലിച്ചിട്ടാകണം പിന്നെ, പിന്നെ അയാള്‍ വരാതെയായി. ഇപ്പോള്‍ എവിടെയാണന്നു പോലും അറിയില്ലാ

അച്ഛനില്‍ നിന്നും അവന് ലഭിക്കാതെ പോയതെല്ലാം സാന്ത്വനത്തിന്‍റെ തലോടലുകളാക്കി, സ്നേഹത്തിന്‍റെ ഉരുളകളാക്കി അവനെ ഊട്ടി ഉറക്കി, വളര്‍ത്തി വലുതാക്കിയ അവന്‍റെ അമ്മ ഇന്ന് രോഗശയ്യയിലാണ്. പഴയ ജീവിതത്തിലേക്ക് തിരിച്ചു വരുവാന്‍ അവര്‍ ഇനിയും സമയമെടുക്കും.

അങ്ങനെ കുരുന്നു പ്രായത്തില്‍ കുടുംബം  നോക്കുവാന്‍  അവന്‍ ചായയും, സമൂസയുമായി  തെരുവിലേക്കിറങ്ങി.

മുത്തച്ഛന്‍റെ കൂട്ടിനായിട്ടാണ്  അവന്‍ വരുന്നത്. പക്ഷെ, കുറച്ചു ദിവസമായി അദ്ദേഹത്തിനു സുഖമില്ലാത്തതു കൊണ്ട് അവനാണ് കാര്യങ്ങള്‍ ചെയ്യുന്നത്. ഒരു കാവലിനായി മുത്തച്ഛന്‍ ദൂരെ മാറിയിരിക്കുന്നു.

രാഷ്ട്രം പടുത്തുയര്‍ത്തേണ്ടിയ മറ്റൊരുകുട്ടി കൂടി ഇവിടെ ചായഗ്ലാസ്സ് കഴുകുന്നു…!! ആരാണിതിനു ഉത്തരവാദി? അവന്‍റെ മുത്തച്ഛനാണോ? അയാള്‍ക്കെതിരെ കേസെടുക്കുവാന്‍ കഴിയുമോ?

ശിശുപരിപാലനം, പ്രാഥമിക വിദ്യാഭ്യാസം എന്നിവയ്ക്കൊക്കെ വേണ്ടി പാര്‍ലമെന്റിളക്കിയുള്ള ചര്‍ച്ചകള്‍ നടക്കുകയും നിയമങ്ങള്‍ പാസ്സാക്കുകയും ചെയ്യുന്നു ഭരണസിരാകേന്ദ്രത്താണ് ഇതൊക്കെ നടക്കുന്നത്.

നിയമങ്ങള്‍ ഉണ്ടാക്കുകയും നിയമങ്ങള്‍ നടപ്പിലാക്കാനുള്ള  കര്‍ത്തവ്യത്തില്‍ നിന്നും ഭരണകൂടങ്ങള്‍ ഒഴിഞ്ഞുമാറി അവകാശപാലനത്തിനുള്ള കടമ മാതാ പിതാക്കളില്‍ മാത്രമായി ചുരുക്കുകയും ചെയ്യുമ്പോള്‍ അനാഥരും, പട്ടിണിക്കാരുമായ  കുഞ്ഞുങ്ങള്‍ വീണ്ടും, വീണ്ടും ഇവിടെ തെരുവിന്‍റെ മക്കളാകുന്നു.ഇവിടെയാണ്ഭരണകൂടങ്ങള്‍ കുട്ടികളെ സഹായിക്കുകയോ, സംരക്ഷിക്കുകയോ ഒക്കെ ചെയ്യേണ്ടിയത്.

ബഹിരാകാശ പരീക്ഷണങ്ങളടക്കം കോടിക്കണക്കിനു രൂപയുടെ പദ്ധതികള്‍ ഭരണകൂടങ്ങള്‍ നടപ്പാക്കുമ്പോള്‍ ഒരു നല്ല രാഷ്ട്രത്തിന്‍റെ ശില്‍പ്പികളാകേണ്ടിയവര്‍ ഇവിടെ അവഗണിക്കപ്പെടുകയാണ്.ഒരു നല്ല രാഷ്ട്രം ഇല്ലെങ്കില്‍ പിന്നെന്തു പദ്ധതികള്‍..?

ഒന്നുകില്‍ ജീവിക്കണം, അല്ലെങ്കില്‍ കൂട്ടത്തോടെ മരിക്കണം.

എന്തു ചെയ്യണം?

ജീവിക്കാനുള്ള  തത്രപ്പാടിലാണ്‌ ‘ശിവഎന്ന കൊച്ചു ബാലന്‍ ഇന്ന് തെരുവിലേക്കിറങ്ങിയത്..

കഥയിലെ വാങ്ക അവന്‍റെ യജമാനന്‍റെ ക്രൂര  പീഡനങ്ങള്‍ ഏറ്റുവാങ്ങി,ബാല്യം നഷ്ടപ്പെട്ട് തന്നിലേക്ക് തന്നെ ഉള്‍വലിയുമ്പോള്‍, ശിവ എന്ന ബാലന്‍ അവന്‍റെ അച്ഛന്‍റെ തന്നെ പീഡനങ്ങള്‍ ഏറ്റുവാങ്ങി തെരുവിലേക്കിറങ്ങാന്‍ നിര്‍ബന്ധിതനാകുന്നു. ഇവിടെ വാങ്കയും, ശിവയും ഒന്നാകുന്നു. ബാല്യം നഷ്ടപ്പെട്ടവരുടെ ലോകത്തില്‍ ഒറ്റപ്പെട്ടു പോവുകയാണവര്‍.

ചുട്ടുപൊള്ളുന്ന മരുഭൂവില്‍ ദിക്കറിയാതെ പകച്ചു നില്‍ക്കുന്ന പാവം വഴിയാത്രക്കാരെപ്പോലെയാകുന്നു അവര്‍.   

സന്ധ്യയുടെ വിളി വീണ്ടും വന്നു.

എനിക്കു പോകാന്‍ സമയമായി.

വാങ്കയോട്,- അല്ല ശിവയോട് യാത്ര പറയുവാന്‍ സമയമായി.

ഫോണ്‍ വന്നപ്പോള്‍ ഞാന്‍ പോവാന്‍ പോകുകയാണെന്ന് അവന് മനസ്സിലായി.

ഭായീ സാബ് അഭീ ജാനേവാലേ ഹൈ ക്യാ….?”

അതെ..ഞാന്‍ പോവുകയാണ്എനിക്ക് പോകാതിരിക്കാന്‍ പറ്റില്ലല്ലോ..

ഞാന്‍ നാളെ അവാര്‍ഡ്വാങ്ങിക്കുവാനുള്ള ഒരു വ്യക്തിയാണെന്ന് അവനറിഞ്ഞു കൂടല്ലോ

സമയത്തിനുള്ളില്‍ ഞാന്‍ അവനുമായി വല്ലാതെ അടുത്തു കഴിഞ്ഞിരുന്നു. അവന്‍റെ  കണ്ണുകളില്‍ നനവിന്‍റെ ഒരു നക്ഷത്ര തിളക്കം ഞാന്‍ കണ്ടു.. ഒരു പക്ഷെ ആദ്യമായിട്ടായിരിക്കാം ഒരുകസ്റ്റമര്‍അവനോട് ഇത്രയും സ്നേഹമായി പെരുമാറുന്നത്. കാരണം മറ്റുള്ള ആര്‍ക്കും തന്നെ അവനെ വാങ്കയായി കാണേണ്ടല്ലോ…!!

ഞാന്‍ അവനെ  എന്നോടു ചേര്‍ത്തു നിര്‍ത്തി.

അവന്‍റെ മെഴുക്കുപുരണ്ട  തലമുടിയില്‍ പതുക്കെ തലോടി. അവന്‍ തലയുയര്‍ത്തി എന്‍റെ മുഖത്തേക്ക് നോക്കി. ഒരു പക്ഷെ എന്‍റെ കണ്ണുകളിലെ നേര്‍ത്ത നീര്‍ത്തിളക്കം അവനും കണ്ടിരിക്കാം.

അവനോട് യാത്ര പറയുന്നതിനു മുന്‍പ് അവന്‍റെ ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ കുറച്ചു വലിയ  നോട്ടുകള്‍ ഞാന്‍ തിരുകി വച്ചു കൊടുത്തു.

എനിക്കിതല്ലേ പറ്റൂ..പക്ഷേ ബാല മനസ്സിന്‍റെ അഭിമാനം വീണ്ടുമവനെ തടഞ്ഞു.

അവന്‍ അവന്‍റെ പോക്കറ്റിനോട് കൈപ്പത്തി ചേര്‍ത്തു വച്ച് അതു  തടയുവാന്‍ ശ്രമിച്ചു. ഒടുവില്‍ കുറെ നേരത്തെ എന്‍റെ ശ്രമത്തിനു ശേഷം മനസ്സില്ലാമനസ്സോടെ അവന്‍ അതു വാങ്ങി.

അവന്‍ പോക്കറ്റിനോട് ചേര്‍ത്തു വെച്ച കൈപ്പത്തിയുടെ  മുകളില്‍  ഞാന്‍ ബലമായി പിടിച്ചപ്പോള്‍ ചുള്ളിക്കമ്പു പോലെയുള്ള അവന്‍റെ  വിരലുകള്‍   മോതിരമിട്ട എന്‍റെ കൈ വിരലുകള്‍ കൊണ്ട് വേദനിച്ചു കാണുമോ?. മോതിരം നിമിഷത്തില്‍ ആദ്യമായി എനിക്കൊരു ഭാരമായി തോന്നി. ഞാന്‍ അവന്‍റെ വിരലുകളില്‍ ഒന്നു കൂടി തലോടി.

സാന്ത്വനത്തിന്‍റെ നേര്‍ത്ത സ്നേഹകുപ്പായം കൊണ്ട് ഞാന്‍ അവനെ പുതപ്പിച്ചിട്ട്യാത്ര പറഞ്ഞ് മുന്നോട്ടു നടന്നു.

കുറച്ചു മുന്നോട്ടു നടന്നതിനു ശേഷം ഞാന്‍ അവനെ ഒന്നു കൂടി തിരിഞ്ഞു നോക്കി.

അവന്‍ അവിടെത്തന്നെ എന്നെയും നോക്കി നില്‍ക്കുകയാണ്. പോക്കറ്റിനോട്  ചേര്‍ത്തു വച്ച കൈപ്പത്തി ഇപ്പോഴും അവിടെത്തന്നെയാണ്

പെട്ടന്നാണ് ഓര്‍ത്തത്.തിരികെ അവന്‍റെ അരികിലേക്ക് നടന്നു. എന്‍റെ വിസിറ്റിംഗ് കാര്‍ഡു് എടുത്തു അവന്‍റെ പോക്കറ്റില്‍ വച്ചു കൊടുത്തിട്ടു പറഞ്ഞു. നീ നിന്‍റെ മുത്തച്ഛനോടു പറഞ്ഞിട്ട് എന്നെ വിളിക്കണം. അവന്‍ മെല്ലെ തലയാട്ടി.

സര്‍വ്വ ശ്രേഷ്ഠ് സ്ക്രീന്‍പ്ലേ അഡാപ്റ്റഡ് ജോഷി മംഗലത്ത് കോ മലയാളം ഫിലിംഒറ്റാല്‍കേ ലിയേരജത് കമല്‍

രാഷ്ട്രപതി നില്‍ക്കുന്ന വേദിയില്‍ നിന്നും അറിയിപ്പുണ്ടായി.  ഇന്ത്യന്‍ രാഷ്ട്രപതിയുടെ  കയ്യില്‍ നിന്നും പരമോന്നത ബഹുമതി ഏറ്റുവാങ്ങി പ്രസ്ഫോട്ടോഗ്രാഫര്‍മാരുടെ  മുന്‍പില്‍ ചിരിച്ചുനിന്ന് പുറത്തേക്ക് വരുമ്പോള്‍ മനസ്സു നിറയെ ഒരു വിതുമ്പലിന്‍റെ വക്കിലെത്തി നില്‍ക്കുന്നശിവഎന്ന വാങ്കയായിരുന്നു.

സരോജിനി നഗറില്‍ ഞാന്‍ കണ്ട കൊച്ചു വാങ്ക.

ഞാന്‍ ഒന്നു പതറിപ്പോയി.കണ്ണു നിറയരുതേ..അവാര്‍ഡ്ജേതാവാണ്‌, എല്ലാവരും ശ്രദ്ധിക്കുന്നു.ഞാന്‍ സ്വയം നിയന്ത്രിച്ച്അവാര്‍ഡും കയ്യില്‍പ്പിടിച്ച് മുന്നോട്ടു നടന്നു.   

നമുക്കു ചുറ്റും ഇപ്പോഴും ബാല്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് വങ്കമാര്‍ക്കു വേണ്ടി ഞാന്‍ അവാര്‍ഡ് സമര്‍പ്പിക്കുന്നു. മനസ്സില്‍ പറഞ്ഞു.

വാങ്കയുടെ വേദന ഏറ്റെടുക്കുവാന്‍ എന്നോട് പറഞ്ഞ ശ്രീ ജയരാജിനും നന്ദി.

അവാര്‍ഡ്ദാന ചടങ്ങുകളെല്ലാം കഴിഞ്ഞ്  തിരിച്ചു കേരളത്തിലേക്ക് പോകുവാന്‍ ഞങ്ങള്‍  വിമാനത്തിനുള്ളില്‍  തയ്യാറായി ഇരിക്കുകയാണ്. വിമാനംടേക്ക് ഓഫ് ചെയ്യുവാനുള്ള അറിയിപ്പിന് ശേഷം മുകളിലേക്ക് കുതിച്ചുയരുന്നു. വിമാനത്തിന്‍റെ ജനല്‍ വാതിലിലൂടെ ഞാന്‍ താഴേക്ക് നോക്കി. വലുതും, ചെറുതുമായ ധാരാളം  തുണ്ടുകള്‍ ചേര്‍ന്നു കിടക്കുന്ന ദല്‍ഹി നഗരത്തിന്‍റെ ഒരു ആകാശക്കാഴ്ച്ച..

അവിടെ എവിടെയായിരിക്കും സരോജിനി നഗര്‍?. ഞാന്‍ ശിവയെ ഓര്‍ത്തു അവന്‍റെ ഉന്തു വണ്ടി അവിടെയെവിടെയെങ്കിലും ഉണ്ടോ….?.  ദല്‍ഹിയോടും, ശിവയോടും യാത്ര പറയുകയാണ്‌. ഇനി ഒരു പക്ഷെ ഒരിക്കലും ജീവിതത്തില്‍ എനിക്കവനെ കാണുവാന്‍ കഴിയില്ലായിരിക്കാം. മനസ്സു പറഞ്ഞു.

ശ്രീ ജയരാജിന്‍റെ തന്നെ സിനിമയിലെ ഒരു ആര്‍ദ്ര ഗാനത്തിന്‍റെ വരികള്‍  എന്‍റെ  മനസ്സിലേക്കപ്പോള്‍ കടന്നു വന്നു.

ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ സരയൂ തീരത്തു കാണാം.

പിന്നെയും ജന്മമുണ്ടെങ്കില്‍ നമുക്കാ യാദവ യമുനാ തീര്‍ത്തു കാണാം…”

നിനക്കുറങ്ങാന്‍

അമ്മയെപ്പോലെ  ഞാന്‍ ഉണ്ണാതുറങ്ങാതിരിക്കാം

നിനക്കു നല്‍കാന്‍     

ഇടനെഞ്ചിനുള്ളിലൊരൊറ്റ ചിലമ്പുമായ് നില്‍ക്കാം…..”

  

പ്രിയപ്പെട്ട കുട്ടീ..നിനക്ക് നല്ലത്മാത്രം വരട്ടെ..

ഞാന്‍ മനസ്സു നിറഞ്ഞു പ്രാര്‍ത്ഥിച്ചു.

പുറത്തേക്ക് നോക്കി

ദല്‍ഹി നഗരം  ഇപ്പോള്‍ കാഴ്ച്ചയിലില്ല.

എന്‍റെ പ്രിയപ്പെട്ട വാങ്കേനിനക്കു വിട….

Joshy Mangalath
Joshy Mangalath
ഒറ്റാൽ എന്ന സിനിമയിലൂടെ തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌ക്കാരം നേടി. ചെക്കോവിന്റെ വാങ്ക എന്ന ചെറുകഥയെ ഉപജീവിച്ച്‌ ഒറ്റാൽ രചിച്ചത്. രവീന്ദ്ര നാഥ ടാഗോറിന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് പുതിയ സിനിമയ്ക്കുള്ള തിരക്കഥ പൂർത്തിയാക്കിയിരിയ്ക്കുന്നത്. ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും എഴുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *