വിദ്യ നല്‍കി പ്രബുദ്ധരാക്കിയവര്‍

യേശുക്കുഞ്ഞിന്‍റെ സുവിശേഷങ്ങള്‍
May 15, 2019
നിലാവില്‍ വിരിഞ്ഞ കൈതപ്പൂവ്
January 20, 2020

അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി

അതിനുള്ളിലാനന്ദദീപം കൊളുത്തി

പരമാണുപ്പൊരുളിലും സ്ഫുരണമായ് മിന്നും

പരമപ്രകാശമേ ശരണം നീയെന്നും..’

നാഴികകള്‍ക്കപ്പുറത്തു നിന്നുമെന്നെ ഓര്‍മ്മകളുടെ മുറ്റത്തെ പ്രഭാത വെയിലില്‍ അറ്റന്‍ഷനായി നിര്‍ത്തുന്ന മറക്കാനാവാത്ത ഒരു ഗാനം. വരിവരിയായി നില്‍ക്കുന്ന കുട്ടികളുടെയിടയില്‍ നിന്ന് വരിതെറ്റാതെ ഉറക്കെ പാടിയിരുന്ന ഗാനം. ജനാര്‍ദ്ദനന്‍ സാറിന്‍റെ അറിയിപ്പുകള്‍ക്ക് ശേഷം അസംബ്ലി പിരിഞ്ഞ് ക്ലാസ്സു മുറിയിലേക്കോടിക്കിതച്ചെത്തുമ്പോള്‍ വല്ലാത്ത ഒരാശ്വാസമായിരുന്നു. ക്ലാസ്സു മുറിയിലെ തണുത്ത ബെഞ്ചിലിരുന്ന് കലപില കൂട്ടുമ്പോള്‍ അന്ന് അവിടെ ഒരദ്ധ്യായനദിവസം തുടങ്ങും. അങ്ങിനെ കലപില കൂടിയും കലഹിച്ചും കാലം നഷ്ടപ്പെടുത്തിയ മറിയപ്പള്ളി സ്കൂളിലെ എന്‍റെ കൌമാര കാലം. പ്രകാശത്തിന്‍റെ വേഗതയെക്കുറിച്ച് ഒട്ടേറെ ഉദാഹരണങ്ങളിലൂടെ പറഞ്ഞ് ഞങ്ങളെ ഞെട്ടിച്ചിട്ടുണ്ട് പ്രിയപ്പെട്ട ചന്ദ്രികക്കുട്ടി ടീച്ചര്‍. ഇപ്പോള്‍ അതിനെക്കാള്‍ വേഗതയില്‍ എന്‍റെ ഓര്‍മ്മകള്‍ സ്കൂള്‍ മുറ്റത്തേക്കെത്തിയിരിക്കുന്നു. ഇവിടെ ചന്ദ്രികക്കുട്ടി ടീച്ചര്‍ പരാജയപ്പെട്ടിരിക്കുന്നു..! ചില ഗാനങ്ങള്‍, ചില ശബ്ദങ്ങള്‍, ചില ഗന്ധങ്ങള്‍ ഒക്കെ അങ്ങനെയാണ്. മങ്ങാതെ, മായാതെ അതു മനസ്സില്‍ത്തന്നെ കിടക്കും, മരണം വരെ.

മനുഷ്യനായ് ഭൂമിയില്‍ പിറക്കുന്ന ഏതൊരാളിന്‍റെയും ഓര്‍മ്മകളില്‍ എന്നും മായാത്ത ഒരു കാലമുണ്ടെങ്കില്‍ അതൊരുപക്ഷേ ബാല്യ, കൌമാര കാലം തന്നെയാണന്ന് ഞാന്‍ പറയും. അതമേരിക്കന്‍ പ്രസിഡന്‍റാണെങ്കിലും അങ്ങിനെ തന്നെയാ. ഇപ്പോള്‍ ഇതു വായിക്കുന്ന നിങ്ങള്‍ക്കും അതങ്ങിനെ തന്നെയായിരിക്കുമെന്നെനിക്കുറപ്പുണ്ട്. ഞാന്‍ എന്ന വ്യക്തിക്ക് വിദ്യ തന്നു വളര്‍ത്തി വലിയതാക്കിയ പ്രിയപ്പെട്ട അധ്യാപകരാണ് എന്‍റെ ബാല്യ, കൌമാര സ്കൂള്‍ ഓര്‍മ്മകളിലേറെയും. അന്ന് അധ്യാപകര്‍ പറഞ്ഞു തന്ന, പഠിപ്പിച്ച പല കാര്യങ്ങളും, ജീവിതത്തിലെ നിരവധി മുഹൂര്‍ത്തങ്ങളില്‍ ഓര്‍മ്മകളിലേക്ക്  കടന്നു വരാറുണ്ട്. 

ആള്‍പ്സ് പര്‍വ്വത നിരയെക്കുറിച്ചു പഠിപ്പിച്ച കരുണാകരന്‍ സാറിനെയും, ആട്ടക്കഥകളിലെ നളനായ് മാറിയ എബ്രഹാം സാറിനെയും മറക്കാനാവാത്തതിന്‍റെ കാരണവും ഇതൊക്കെ തന്നെയാണ്. മഞ്ഞു മൂടിയ ആല്‍പ്സ് പര്‍വ്വത നിരകളുടെ മുകളില്‍ കയറ്റി കരുണാകരന്‍ സാര്‍ ഞങ്ങളെ യൂറോപ്പു മുഴുവന്‍ കാണിച്ചു തന്ന്, പിന്നെ മറിയപ്പള്ളിയില്‍ തിരിച്ചെത്തിക്കുമായിരുന്നു. ആല്‍പ്സിലെ തണുപ്പും, യൂറോപ്പിന്‍റെ സൌന്ദര്യവും അന്ന് ഞങ്ങള്‍ വേണ്ടുവോളം ആസ്വദിച്ചു. ആട്ടക്കഥകളോടൊപ്പം തന്നെ, കൂത്ത് കൂടിയാട്ടം, കഥകളി തുടങ്ങിയ എല്ലാ കലാരൂപങ്ങളുടെയും ഒരു വിജ്ഞാനകോശം തന്നെയായിരുന്നു ഏബ്രഹാം സാര്‍. ഇതെല്ലാം പഠിപ്പിക്കുന്നതിനോടൊപ്പം ഒരു പടി കൂടി കടന്ന് അരങ്ങത്തെ കലാകാരന്മാരുടെ പരിതാപകരമായ ജീവിതാവസ്ഥകള്‍ കൂടി അന്നദ്ദേഹം ഞങ്ങള്‍ക്കന്നു കാണിച്ചു തന്നു. ഫ്യൂഡല്‍ പ്രഭുത്വം കൊടികെട്ടി വാണിരുന്ന നാളുകളില്‍ അരങ്ങത്താടിത്തളര്‍ന്ന ‘പട്ടിക്കാംതൊടി രാവുണ്ണി മേനോന്‍’ എന്ന അതുല്യനായ കഥകളി പ്രതിഭ ചായമഴിച്ച മുഖത്ത് അരിമാവിന്‍റെ അവശിഷ്ടങ്ങളുമായ് ഇല്ലങ്ങളുടെ അടുക്കളപ്പുറങ്ങളില്‍ വിശന്നിരിക്കുമ്പോള്‍ ആ കല അസ്വദിച്ച തമ്പുരാക്കന്മാര്‍ വിഭവ സമൃദ്ധമായ സദ്യയുണ്ട് കോലായില്‍ വെടിപറഞ്ഞിരിക്കുകയാവാം. ആരും തിരിഞ്ഞു നോക്കാതെ ക്ഷീണം കൊണ്ടുറങ്ങിപ്പോകുന്ന അദ്ദേഹത്തെ നോക്കി ചിലപ്പോള്‍ ആരെങ്കിലും പരിഹാസരൂപേണെ ചോദിക്കുമായിരുന്നു പോലും “പട്ടിക്കു ചോറ് കൊടുത്തോ എന്ന്”. അരങ്ങത്താടി അലറി വിളിച്ചിരുന്ന രാമനും, രാവണനുമൊക്കെ വെറും പട്ടിണിപ്പവങ്ങളായിരുന്നു എന്ന തിരിച്ചറിവെനിക്കുണ്ടായത് അപ്പോളായിരുന്നു. വര്‍ഷങ്ങളേറെക്കഴിഞ്ഞിട്ടും ഇന്നും ഞാന്‍ ഓര്‍ത്തിരിക്കുന്നതും സ്നേഹിക്കുന്നതും ഈ കലകളെക്കാളേറെ ആ പാവം കലാകാരന്മാരെയാണ്.അതിനു കാരണക്കാരന്‍ അന്നതു പറഞ്ഞ ഏബ്രഹാം സാറാണ്.

ജീവശാസ്ത്രമെന്ന വിഷയത്തെ പിന്നീടു ജീവിതത്തിലുടനീളം ഓര്‍ത്തു വയ്ക്കാന്‍ പാകത്തിലാക്കിയ രാജപ്പന്‍ സാര്‍. അമീബ മുതല്‍ ആനവരെയുള്ള ജീവികളുടെ ശാസ്ത്രം കൃത്യമായിപ്പറഞ്ഞിരുന്ന അദ്ദേഹത്തിന് പുല്ലും, പൂവും, പുഴുവുമുള്‍പ്പെടെയുള്ള ജീവികളുടെ ശാസ്ത്ര നാമങ്ങള്‍ കാണാപ്പാഠമായിരുന്നു. ഈജിപ്റ്റിലെ പിരമിഡ്‌ നിര്‍മ്മിച്ച മനുഷ്യരേക്കാള്‍ വിദഗ്ധരായ വാസ്തു ശില്പ്പികളാണ് തേനീച്ചകള്‍ എന്നദ്ദേഹം പറയുമായിരുന്നു. അതു സ്ഥാപിക്കുവാന്‍ വേണ്ടി എവിടെ നിന്നോ ഒരു തേനീച്ചക്കൂടുമായി ഒരിക്കല്‍ ക്ലാസ്സിലെത്തിയ രാജപ്പന്‍ സാര്‍. തേനീച്ചക്കൂടിലെ ഓരോ അറയും ഒരേ ആകൃതിയിലും വലിപ്പത്തിലുമാണന്ന് അന്നദ്ദേഹം ഞങ്ങള്‍ക്കു കാണിച്ചു തന്നു. മനുഷ്യരുടെ ഒരളവു കോലിനും ഇത്ര കൃത്യത ഉണ്ടാവില്ലന്നു പറഞ്ഞ അദ്ദേഹം ആ ചെറു ജീവികളുടെ തേന്‍ നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളെക്കുറിച്ചു വളരെ വിശദമായിത്തന്നെ അന്നു പറഞ്ഞു തന്നിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം വയനാട്ടിലെ ഒരു തേന്‍ സംഭരണ കേന്ദ്രത്തില്‍നിന്ന് ശുദ്ധമായ തേന്‍ നാവിലേക്കിറ്റിച്ചു വീഴിക്കുമ്പോള്‍, ആ രുചിയോടൊപ്പം തേന്‍ കൂടുമായ് ക്ലാസ്സില്‍ നിന്നിരുന്ന രാജപ്പന്‍ സാറിനെ ഞാനൊരു നിമിഷമൊന്നോര്‍ത്തു പോയി.

ഹിന്ദി പറയാനുള്ള ഒരു ഭാഷ എന്നതിലപ്പുറം ആ ഭാഷയിലെ സാഹിത്യത്തിന്‍റെ ആത്മാവിനെ കണ്ടറിയുവാനും, ഭാഷ വളരെ ഗൌരവത്തോടെ പഠിക്കുവാനും കാരണക്കാരനാക്കിയ കേശവന്‍ നായര്‍ സാര്‍. ‘തും ഭീ ജാവോ, സീതാ ജാവോ’ എന്നൊക്കെ പണ്ടു ഹിന്ദിയില്‍ പറയുമ്പോള്‍ “ങേ തുമ്പിയോ..? ‘സീതയോ..?’ എന്നൊക്കെ സ്വയം പറഞ്ഞ്  ഉള്ളില്‍ ഞാന്‍ ചിരിക്കുമായിരുന്നു. അവിടെ നിന്നും ഹിന്ദി എന്ന ഭാഷയിലെ കഥകളും കവിതകളുമൊക്കെ അറിയുവാനും ആ ഭാഷയോട് എനിക്കൊരു സ്നേഹമുണ്ടാവുകയും ചെയ്തത് കേശവന്‍നായര്‍ സാറിന്‍റെ ക്ലാസ്സുകളിലൂടെയാണ്. വടി പോലെ തേച്ച തൂവെള്ള ഖദര്‍ ഷര്‍ട്ടും മുണ്ടും ധരിച്ച് ഹിന്ദിയിലദ്ദേഹം കവിതകള്‍ ചൊല്ലുമ്പോള്‍ തുളസീ ദാസിനെയും, സൂര്‍ ദാസിനെയും, കബീര്‍ ദാസിനേയുമൊക്കെ ഞാനടുത്തറിയുവാന്‍ തുടങ്ങി. ഉത്തരേന്ത്യയിലെ പ്രശസ്തരായ എല്ലാ കവികളെക്കുറിച്ചും പറഞ്ഞിരുന്ന അദ്ദേഹം ഒരിക്കല്‍ ‘ഭജന്‍, പൂജന്‍, സാധന്‍, ആരാധനാ’ എന്നു തുടങ്ങുന്ന രബീന്ദ്രനാഥ ടാഗോറിന്‍റെ ഗീതാജ്ഞലിയിലെ വരികളുടെ അര്‍ഥം വളരെ വിശദമായി പറഞ്ഞു തന്നിരുന്നു.

“അറയ്ക്കുള്ളില്‍ കയറി വാതിലുമടച്ച് സ്വകാര്യമായ് പ്രാര്‍ഥിക്കുന്ന മനുഷ്യാ, അമ്പലങ്ങളുടെ മൂലയില്‍ കണ്ണുമടച്ചു പ്രാര്‍ഥിക്കുന്ന മനുഷ്യാ, നിങ്ങള്‍ കണ്ണു തുറന്നു നോക്കൂ, ദൈവം ഇവിടെയെങ്ങുമില്ല. ദൈവത്തെ കാണണമെങ്കില്‍ വെയിലത്തും മഴയത്തും പണിചെയ്യുന്ന, അധ്വാനിക്കുന്ന പട്ടിണിപ്പാവങ്ങളുടെ ഇടയിലേക്ക് പോകൂ, വയലുകളില്‍ പണിയെടുത്ത് അന്നമുണ്ടാക്കി തരുന്ന കര്‍ഷകരുടെ ഇടയിലേക്ക് പോകൂ, അവിടെ നിങ്ങള്‍ക്ക് ദൈവത്തെ കാണാം’ ഗീതാഞ്ജലിയിലെ ആ പതിനൊന്നാം ശ്ലോകം ഒരിക്കലും മറക്കാത്ത രീതിയില്‍ കേശവന്‍നായര്‍ സാര്‍ അന്നു മനസ്സിലേക്കു പതിപ്പിച്ചു തന്നു. അന്നുമുതലെനിക്ക് ടാഗോറിനോട് വല്ലാത്ത ഒരിഷ്ടം തോന്നി. ടാഗോറിന്‍റെ ഒട്ടുമിക്കവാറും എല്ലാ കൃതികളും തിരഞ്ഞു പിടിച്ചു വായിക്കുവാന്‍ തുടങ്ങിയ ഞാന്‍ അദ്ദേഹത്തിന്‍റെ കൃതികളില്‍ക്കൂടി ‘പദ്മ’ എന്ന നദീ തീരത്തെ ‘സിയല്‍ദ’ എന്ന അദ്ദേഹത്തിന്‍റെ കൊച്ചു ഗ്രാമത്തിലേക്കു പോയി. നിറയെ പൂമരങ്ങളുള്ള നാട്ടുവഴികളിലൂടെ സായാഹ്ന നടത്തത്തിനിറങ്ങുന്ന ടാഗോറിനോടൊപ്പം ഞാനും നടക്കുവാന്‍ തുടങ്ങി. പൂര്‍ണ്ണ നിലാവുള്ള രാത്രികളില്‍ വെട്ടം വീണു വെട്ടിത്തിളങ്ങുന്ന പദ്മ നദിയിലെ നേര്‍ത്ത ഓളങ്ങളെ നോക്കി ഒരു കൊച്ചു തോണിയിയില്‍ ഒറ്റക്കിരിക്കുന്ന ടാഗോറിനെ ഞാന്‍ കണ്ടു. നേര്‍ത്ത തണുത്ത കാറ്റടിക്കുമ്പോള്‍ നിലാവില്‍ അദ്ദേഹത്തിന്‍റെ ആ വെളുത്ത താടി ഒന്നു പറന്നുയരും. അതുനോക്കി ഞാനും മറ്റൊരു പടവിലായിരിക്കും. ഒരദ്ധ്യാപകന് എങ്ങനെയാണ് കുട്ടികളെ അവരുടെ അഭിരുചികളിലേക്കു പെട്ടന്നു കൊണ്ടെത്തിക്കുവാന്‍ കഴിയുന്നത് എന്നുള്ളത്തിന്‍റെ ഒരു ദൃഷ്ടാന്തം കൂടിയാണിത്.

“സംഗീതം ദൈവീകമാണ്. നിര്‍മ്മല മനസ്സോടെ ഈശ്വരനെ ധ്യാനിക്കുന്നതുപോലെ തന്നെ നല്ല മനസ്സോടെ, ഗൌരവത്തോടെ സംഗീതത്തെ കാണണം. അങ്ങനെ ഒരു തവണ നിങ്ങള്‍  പാടിയാല്‍ ഒരു കോടി പ്രാവശ്യം ലയം പ്രാപിക്കുന്നതിനു തുല്യമാണത്”.

ഇതു പറഞ്ഞത് പാട്ടു പഠിപ്പിച്ച അമ്മാള്‍ ടീച്ചറായിരുന്നു. സംഗീതത്തിന്‍റെ ബാലപാഠങ്ങള്‍ പറഞ്ഞു തന്ന ടീച്ചര്‍. വെറുതെ പാട്ടു പഠിപ്പിക്കാതെ സംഗീതചരിത്രവുമായ്‌ ബന്ധപ്പെട്ട മഹാപ്രതിഭകളുടെ കഥകളും വിശേഷങ്ങളും കൂടി പറഞ്ഞു തന്ന ടീച്ചര്‍. അതിലൂടെ  സംഗീതത്തെ കൂടുതല്‍ അറിയുവാന്‍ ഇടയായി. വര്‍ഷങ്ങള്‍ ഏറെക്കഴിഞ്ഞിട്ടും ഒരു ‘രത്ന മുക്കൂത്തി’യുടെ കഥ ഇപ്പോഴുമോര്‍ത്തിരിക്കുന്നു. സംഭവം നടന്നത് പതിനഞ്ചാം നൂറ്റാണ്ടിലാണ്. സംസ്കൃത ഭാഷയില്‍ അവഗാഹമായ പാണ്ഡിത്യമുള്ള ശ്രീനിവാസനായക് എന്ന മഹാധനികനായ ഒരു രത്ന വ്യാപാരി. സംഗീത, സാഹിത്യ കലകളിലും അയാള്‍ അതിനിപുണനായിരുന്നു. ഒരിക്കല്‍ പരമ ദരിദ്രനായ ഒരു വൃദ്ധന്‍ സഹായമഭ്യര്‍ഥനയുമായി അയാളുടെ അടുക്കല്‍ ചെന്നു. ഒരു പാട് കേണിട്ടും മനസ്സലിയാഞ്ഞ ശ്രീനിവാസ് വളരെ ദേഷ്യത്തോടെ വളരെ ചെറിയ ഒരു തുക നല്‍കി അയാളെ അവിടെ നിന്നും പറഞ്ഞു വിട്ടു. വൃദ്ധന്‍ വീണ്ടും കരഞ്ഞു, കേണ് ശ്രീനിവാസിന്‍റെ ഭാര്യ സരസ്വതിയെ സമീപിച്ചു. കടുത്ത ഈശ്വര വിശ്വാസിയായ അവര്‍ അവരുടെ രത്ന മൂക്കുത്തി ഊരി വൃദ്ധനു കൊടുത്തു. വൃദ്ധന്‍ അതുമായ് വീണ്ടും ശ്രീനിവാസനായിക്കിനെ സമീപിച്ച് മൂക്കുത്തി കൊടുത്ത് പകരം അതിന്‍റെ വില തരണമെന്നഭ്യര്‍ഥിച്ചു. മൂക്കുത്തി തിരിച്ചറിഞ്ഞ അയാള്‍ അത് പെട്ടിയില്‍ വച്ചു പൂട്ടി വൃദ്ധനെ പുറത്തു നിര്‍ത്തി ഭാര്യയുടെ അടുത്തുചെന്നു വളരെ ക്രുദ്ധനായി മൂക്കുത്തി ഉടനെ അയാളെ ഏല്‍പ്പിക്കുവാന്‍ ആജ്ഞാപിച്ചു. അയാളുടെ കോപം സഹിക്കവയ്യാതെ ആ സാധു സ്ത്രീ പെട്ടന്നുള്ള ദേഷ്യത്തില്‍ വെള്ളത്തില്‍ വിഷമൊഴിച്ചു  കുടിക്കുവാനായി തുടങ്ങുമ്പോള്‍ പാത്രത്തിലെ വെള്ളത്തില്‍ അവരുടെ മൂക്കുത്തി കിടന്നു തിളങ്ങുന്നത് കണ്ടു. അവരതുമായി ഭര്‍ത്താവിനെ സമീപിച്ചു നടന്ന കാര്യമെല്ലാം തുറന്നു പറഞ്ഞു. ആശ്ചര്യത്തോടെ ശ്രീനിവാസനായക് പെട്ടി തുറന്നപ്പോള്‍ ആഭരണം അപ്രത്യക്ഷമായിരിക്കുന്നതു കണ്ടു. ഇത് ഈശ്വരന്‍ നടത്തിയ പരീക്ഷണമാണന്നു തിരിച്ചറിഞ്ഞ അയാള്‍ സര്‍വസംഗ പരിത്യാഗിയായി ഈശ്വരനെ ഭജിക്കുവാന്‍ തുടങ്ങുകയും പിന്നീട് കര്‍ണ്ണാടക സംഗീതത്തിലെ പ്രഥമാചാര്യനായ ‘പുരന്ദര ദാസനായ്’ മാറുകയും ഒട്ടേറെ കര്‍ണ്ണാടക സംഗീത പാഠങ്ങള്‍ ചിട്ടപ്പെടുത്തുകയും ചെയ്തു. ഈ കഥ അന്നു പറഞ്ഞു തന്നത് അമ്മാള്‍ ടീച്ചറായിരുന്നു. ‘പുരന്തരദാസരെ’ പുറന്തള്ളിയ പുത്തന്‍ സംഗീത സൃഷ്ടാക്കളുടെ ആഘോഷ തിമിര്‍പ്പില്‍ ‘താര സ്ഥായിയി’ലേക്ക് മാത്രം കുതിക്കുന്ന സംഗീതം കേള്‍ക്കുമ്പോള്‍ ഞാന്‍ പ്രിയപ്പെട്ട അമ്മാള്‍ ടീച്ചറെ ഓര്‍ത്തുപോകുന്നു. പാട്ടു പാടുമ്പോളും കേള്‍ക്കുമ്പോളും വരികള്‍ കൂടി ശ്രദ്ധിക്കണമെന്നും അപ്പോള്‍ ആ പാട്ടിന്‍റെ ഭാവം പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നും പറഞ്ഞു തന്നതും ടീച്ചറായിരുന്നു. നല്ല വരികളുള്ള നല്ല പാട്ടുകളെ ഞാന്‍ ഇഷ്ടപ്പെടാന്‍ തുടങ്ങുകയും പിന്നീട് ഒട്ടേറെ വേദികളില്‍ അത്തരം പാട്ടുകള്‍ പാടാനുള്ള അവസരമുണ്ടാവുകയും ചെയ്തിട്ടുണ്ട്.

രസതന്ത്രം ‘രസിച്ചു’ തന്നെ പഠിക്കണമെന്നു പറഞ്ഞത് ലീല ടീച്ചറായിരുന്നു. ഇരുമ്പു തുരുമ്പിക്കുന്നതും, ഉള്ളി അരിയുമ്പോള്‍ കണ്ണുനീര്‍ വരുന്നതും തുടങ്ങി ജീവിതത്തിന്‍റെ  സമസ്ത മേഘലയിലും രസതന്ത്രമുണ്ടന്നും പറഞ്ഞു തന്ന ടീച്ചര്‍, ശരീരത്ത് രാസപദാര്‍ത്ഥങ്ങളില്ലാത്ത ഒരു ജീവി പോലും ഈ ഭൂമുഖത്തില്ലന്നും പറഞ്ഞു തന്നു. സ്കൂള്‍ പഠന കാലത്ത് ഞാന്‍ ഏറ്റവും വെറുത്തിരുന്ന വിഷയമായിരുന്നു രസതന്ത്രം. ഒരിക്കല്‍ ക്ലാസ്സു പരീക്ഷയില്‍ രസതന്ത്രത്തിനു ഞാനൊരു വന്‍ പരാജയമായപ്പോള്‍ ടീച്ചര്‍ എന്നെ സ്റ്റാഫ്‌ മുറിയിലേക്ക് വിളിച്ചിട്ടു പറഞ്ഞു. “നീ ആദ്യം ഈ വിഷയത്തോടുള്ള നിന്‍റെ വെറുപ്പുമാറ്റ്. എന്നിട്ടീ വിഷയത്തെ മനസ്സറിഞ്ഞ് സ്നേഹിക്കാന്‍ തുടങ്ങ്. അതോടെ നിന്‍റെ എല്ലാ പ്രശ്നങ്ങളും മാറിക്കിട്ടും.” അടുത്ത ക്ലാസ്സു പരീക്ഷയില്‍ രസതന്ത്രത്തിനു മികച്ച വിജയം കരസ്ഥമാക്കി ടീച്ചര്‍ പറഞ്ഞത് പൂര്‍ണ്ണമായും ശരിയായിരുന്നെന്ന് ഞാന്‍ ടീച്ചറിനു തന്നെ കാണിച്ചു കൊടുത്തു. പിന്നീട് വളരെ അഭിമാനത്തോടെ ടീച്ചറത് ക്ലാസ്സില്‍ പറയുകയും ചെയ്തിരുന്നു.

പദസമ്പത്ത് വര്‍ദ്ധിപ്പിക്കാതെ നിങ്ങള്‍ക്കൊരിക്കലും ഇംഗ്ലീഷ് ഭാഷ സംസാരിക്കാന്‍ കഴിയില്ലന്നുറപ്പിച്ചു പറഞ്ഞ ജേക്കബ് ജോര്‍ജു സര്‍ അതിനു വേണ്ടി ഓരോ വാക്കുകളുടെയും അര്‍ഥവും, പ്രയോഗവും, അതുപയോഗിക്കുന്ന സന്ദര്‍ഭങ്ങളുമെല്ലാം വളരെ വിശദമായി പറയുകയും അതു മനസ്സില്‍ ഹൃദ്വിസ്ഥമാക്കുന്നതുവരെ വായിപ്പിക്കുകയും, എഴുതിപ്പിക്കുകയും തുടര്‍ന്നു കൊണ്ടേയിരിക്കുമായിരുന്നു. അദ്ദേഹം പറഞ്ഞ കഥകളിലൂടെ ഒലിവര്‍ ട്വിസ്റ്റും, നാന്‍സിയും,ഗള്ളിവറുമൊക്കെ മറക്കാനാവാത്ത കഥാപാത്രങ്ങളായി. അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശ പ്രകാരം ഇംഗ്ലീഷ് ഭാഷ കൂടുതല്‍ വശത്താക്കുവാന്‍ വേണ്ടി അധിക വായനക്കായ് റീഡേഴ്സ് ഡൈജസ്റ്റ്, സോവിയറ്റ് ലാന്‍ഡ്‌ തുടങ്ങിയ മാഗസിനുകള്‍ ഞാന്‍ സ്ഥിരമായ്‌ വായിക്കുകയും, അതിലൂടെ പ്രശസ്തരായ റഷ്യന്‍ എഴുത്തുകാരെയൊക്കെ അടുത്തറിയുവാനും അവരുടെയൊക്കെ കൃതികള്‍ വായിക്കാന്‍ തുടങ്ങുകയും ചെയ്തു.

വലിയ തമാശക്കാരനായിരുന്നു മാധവന്‍ സാര്‍. കണക്കൊരു കീറാമുട്ടിയായിരുന്ന ആ  കാലത്ത് കളി തമാശയിലൂടെ കണക്കു പഠിപ്പിച്ച അദ്ധ്യാപകന്‍. സൂത്രവാക്യങ്ങള്‍ പഠിക്കാന്‍ ഒട്ടേറെ സൂത്രപ്പണികള്‍ പറഞ്ഞു തന്ന മാധവന്‍ സാര്‍ കണക്കിലെ സങ്കീര്‍ണ്ണതകള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കി. തെറ്റിക്കാതെ കണക്കു ചെയ്യുന്നവരെ ഇഷ്ടത്തോടെ എപ്പോഴും ‘കണക്കപ്പിള്ള’ എന്നു സാര്‍ വിളിക്കും. കീറാമുട്ടികളായ കണക്കുകള്‍ ചെയ്യാനറിയാതെ എല്ലാവരും മിഴിച്ചിരിക്കുമ്പോള്‍ അറിയാവുന്ന ആളിനെ വിളിച്ചു ചോക്ക് കയ്യില്‍ കൊടുത്തിട്ടു സാര്‍ പറയും “എടാ കണക്കപ്പിള്ളേ നീ ഇതൊന്നു ചെയ്തു കാണിച്ചേ”. പിന്നെ ചിരിച്ചോണ്ട് ഇടക്കൊക്കെ ഒരു പഴഞ്ചൊല്ലും പറയും “കണക്കപ്പിള്ളേടെ വീട്ടില് കരിക്കലും പൊരിക്കലും, കണക്കെടുത്ത് നോക്കുമ്പോൾ കരച്ചിലും പിഴിച്ചിലും”. എപ്പോഴും തമാശ പറഞ്ഞും ചിരിച്ചും ക്ലാസില്‍ വന്നിരുന്ന മാധവന്‍സാറിന്‍റെ ക്ലാസ്സുകള്‍ക്കു വേണ്ടി ഞങ്ങള്‍ കാത്തിരിക്കുമായിരുന്നു. പട്ടികകള്‍ പാട്ടിലാക്കിയ ഞങ്ങള്‍ക്ക് സങ്കലനവും, വ്യവകലനവും, ഹരണവുമൊന്നും ഒരു പ്രശ്നമേയല്ലാതായ്‌. ചതുരവും, ദീര്‍ഘചതുരവും, ത്രികോണവും വരച്ചു  കണക്കിലെ കളികള്‍ ഞങ്ങള്‍ ശരിക്കും ആസ്വദിച്ചു. പെട്ടന്നാണ് അപ്രതീക്ഷിതമായ ചില സംഭവങ്ങള്‍ മാധവന്‍ സാറിന്‍റെ ജീവിതത്തിലുണ്ടായത്. ഭാര്യയുടെ മരണമായിരുന്നു അത്. അപ്രതീക്ഷിതമായുള്ള ആ മരണത്തിനു ശേഷം കുറെ ദിവസത്തെ അവധി കഴിഞ്ഞ് ക്ലാസ്സിലേക്കാദ്യമായ്‌ സാര്‍ വന്ന ദിവസം. ആദ്യം കുറെ സമയത്തേക്ക് അദ്ദേഹം ആരോടും ഒന്നും മിണ്ടിയില്ല. വെറുതെ കുറേ സമയം കസേരയിലങ്ങനെ ഇരുന്നു. സാറിനെ നോക്കുവാന്‍ ഞങ്ങള്‍ക്കും ഒരു വല്ലാത്ത  വിഷമമായിരുന്നു. ഡെസ്ക്കിനു താഴേക്കു നോക്കി ഞങ്ങളും ഒന്നും മിണ്ടാതെ അങ്ങനെയിരുന്നു. പിന്നെ സാര്‍ എഴുന്നേറ്റ് ഒന്ന് രണ്ടു ചുവട് അങ്ങോട്ടുമിങ്ങോട്ടും വെറുതെ  നടന്നു. ക്ലാസിന്‍റെ ജനാലയില്‍ക്കൂടി പുറത്തെ ശൂന്യതയിലേക്കു നോക്കി കുറെ നിമിഷം നിന്നു. ഞങ്ങളെല്ലാം സാറിനെ തന്നെ നോക്കി ആകാംക്ഷയോടെ വല്ലാത്ത ഒരു വീര്‍പ്പുമുട്ടലില്‍ ഇരിക്കുകയായിരുന്നു. പെട്ടന്നു ക്ലാസിന്‍റെ നടുവിലേക്കു വന്ന സാര്‍ ഞങ്ങളുടെ ക്ലാസ്സിലെ ആസ്ഥാന ഗായകന്‍ പ്രേമദാസിനെ നോക്കി പതുക്കെ പറഞ്ഞു. “എടോ പ്രേമാ താനന്ന് യുവജനോത്സവത്തിനു പാടിയ ആ പാട്ടൊന്നു പാടിക്കേ..”

പ്രേമന്‍ എഴുന്നേറ്റു നിന്ന് പാടുവാന്‍ തുടങ്ങി.

“എല്ലാ ദുഃഖവും എനിക്കു തരൂ

എന്‍റെ പ്രിയ സഖീ പോയ്‌ വരൂ

മനസ്സില്‍ പടരും ചിതയില്‍ എന്നുടെ

മണിക്കിനാവുകള്‍ എരിയുമ്പോള്‍, എല്ലാ ദുഃഖവും എനിക്കു തരൂ”

പ്രേമദാസന്‍ ലയിച്ചു നിന്നു പാടുകയാണ്. ക്ലാസ്സിന്‍റെ മുന്‍വശത്ത് ഒരു മൂലയ്ക്ക്‌ നിന്നു മാധവന്‍ സാര്‍ പാട്ടു കേള്‍ക്കുന്നു. നിശ്ശബ്ദമായ ക്ലാസ്സില്‍ പ്രേമദാസന്‍റെ പാട്ടങ്ങനെ മുഴങ്ങി നില്‍ക്കുന്നു. പാട്ട് പല്ലവിയില്‍ നിന്നും അനുപല്ലവിയിലേക്കെത്തി. ഞാന്‍ ഒളികണ്ണിട്ടു സാറിനെയൊന്നു നോക്കി. സാറിന്‍റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. പെട്ടന്ന് സാര്‍ ഒന്നും പറയാതെ ഒരു വിതുമ്പലോടെ പുറത്തേക്കിറങ്ങിപ്പോയി. പ്രേമദാസന്‍ പാട്ടു നിര്‍ത്തി. എല്ലാവരും വല്ലാതെയായിപ്പോയി.വര്‍ഷങ്ങള്‍ ഏറെക്കഴിഞ്ഞിട്ടും ഇന്നും ഞാന്‍ പ്രിയപ്പെട്ട മാധവന്‍ സാറിന്‍റെ ആ മുഖം വേദനയോടെ ഓര്‍ക്കുന്നു.

കുട്ടികളായാല്‍ കടുവയെപ്പോലെ കരുത്തു വേണമെന്നു പറഞ്ഞിരുന്ന ഇട്ടിസാര്‍. കബടി കളിയും, ഖോ ഖോ കളിയുമായി സ്കൂള്‍ മൈതാനത് കുത്തിമറിഞ്ഞ നാളുകള്‍. സാറിന്‍റെ ഒറ്റ വിസില്‍ മുഴക്കത്തില്‍ തൊടുത്തുവിട്ട അസ്ത്രം പോലെ മൈതാനത്തിലൂടെ മത്സരിച്ചോടു- മായിരുന്നു ഞങ്ങള്‍. അവിടെ നിന്നും അങ്ങിനെ ഓടിയോടി ജീവിതത്തിന്‍റെ പരുപരുത്ത ട്രാക്കിലേക്കു കയറിയ ഞങ്ങള്‍ ഒന്നാമതായി ഓടിയെത്തുവാന്‍ ‘സ്പ്രിന്ടു റണ്ണര്‍’മാരേപ്പോലെ കുതിച്ചു പാഞ്ഞു. കടുവയെപ്പോലെ ആവുന്നത്ര കരുത്തു സംഭരിച്ച് ഓട്ടം തുടര്‍ന്നു. പലരും പല വഴിയിലേക്കു തിരിഞ്ഞു. ആ ഓട്ടത്തിനിടയില്‍ ചിലര്‍ ഒന്നാമതായെത്തി. ചിലര്‍ ഇടയ്ക്കു വീണുപോയി, മറ്റു ചിലര്‍ കിതച്ചും,വലിച്ചും, ഓടിക്കൊണ്ടേയിരിക്കുന്നു. ഓടിയോടി രാജ്യത്തിന്‍റെ അതിര്‍ത്തിയും കടന്ന് ഞാന്‍ ദുബായ് എന്ന ഈ വലിയ മെട്രോ നഗരത്തിലെത്തി. കലണ്ടറുകളിലെ വര്‍ഷങ്ങളും, മാസങ്ങളും, ദിവസങ്ങളും മാറി മറിഞ്ഞ് ഒടുവില്‍ എന്‍റെ ജീവിതത്തിന്‍റെ ഓര്‍മ  പുസ്തകത്തില്‍ ഞാന്‍ കുറിച്ചു വയ്ക്കേണ്ട ആ ദിവസവും അങ്ങനെ എത്തിച്ചേര്‍ന്നു. ‘രണ്ടായിരത്തിപ്പതിനഞ്ച് മെയ് മൂന്നാം തീയതി’. രാജ്യ തലസ്ഥാനത്തെ ‘വിജ്ഞാന്‍ ഭവനില്‍’ വച്ച് രാഷ്ട്രപതിയുടെ കയ്യില്‍ നിന്നും തിരക്കഥക്കുള്ള പരമോന്നതമായ ദേശീയ ബഹുമതി ഏറ്റുവാങ്ങിയ ആ നിമിഷം.  അഭിമാനത്തോടൊപ്പം ജോഷി മംഗലത്ത് എന്ന ഞാന്‍ എങ്ങനെ ഇവിടെ വരെ എത്തി എന്നു ഞാന്‍ എന്നോടു തന്നെ ചോദിച്ചു. വര്‍ഷങ്ങള്‍ക്കു മുന്‍പ് കാക്കി നിക്കറും വെള്ളയുടുപ്പുമിട്ട് മറിയപ്പള്ളി സ്കൂളിന്‍റെ മുറ്റത്തെ അസംബ്ലിയില്‍ അറ്റന്‍ഷനായ്‌ നിന്നിരുന്ന എന്നെ രാഷ്ട്ര പതിയുടെ സമീപത്തേക്കെത്താന്‍വരെ പ്രാപ്തരാക്കിയ പ്രിയപ്പെട്ട അദ്ധ്യാപകര്‍, വായനയുടെ വലിയ ഒരു ലോകത്തേക്കെനിക്കു വാതായനങ്ങള്‍ തുറന്നിട്ടു തന്ന അവര്‍ തന്നെയാണ് എന്നെ ഇവിടം വരെ എത്തിച്ചതെന്നു ഞാന്‍ തിരിച്ചറിയുന്നു.

എഴുതി തീര്‍ക്കുവാനാവാത്ത ഒരു പാടു ഓര്‍മ്മകള്‍ ഇനിയുമുണ്ടെങ്കിലും സ്ഥല പരിമിതി മൂലം അതിനു കഴിയുന്നില്ല. ഓര്‍മ്മകളുടെ മുത്തുകള്‍ കോര്‍ത്തു കോര്‍ത്തൊരു മാലയാക്കി ആ മുത്തുകളെ നെഞ്ചോട്‌ ചേര്‍ത്തു പിടിക്കുമ്പോള്‍, അസംബ്ലിയിലെ ആ പാട്ട് എന്‍റെ കാതുകളില്‍ വീണ്ടും മുഴങ്ങി കേള്‍ക്കുന്നു.

അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി

അതിനുള്ളിലാനന്ദദീപം കൊളുത്തി

പരമാണുപ്പൊരുളിലും സ്ഫുരണമായ് മിന്നും

പരമപ്രകാശമേ ശരണം നീയെന്നും..’

Joshy Mangalath
Joshy Mangalath
ഒറ്റാൽ എന്ന സിനിമയിലൂടെ തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌ക്കാരം നേടി. ചെക്കോവിന്റെ വാങ്ക എന്ന ചെറുകഥയെ ഉപജീവിച്ച്‌ ഒറ്റാൽ രചിച്ചത്. രവീന്ദ്ര നാഥ ടാഗോറിന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് പുതിയ സിനിമയ്ക്കുള്ള തിരക്കഥ പൂർത്തിയാക്കിയിരിയ്ക്കുന്നത്. ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും എഴുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *