വായിച്ചു കേള്‍ക്കാത്ത തിരക്കഥ

എസ്. ജാനകിയും ആശാനും വീണപൂവും
January 16, 2019
പുന്നന്‍ പോത്തന്‍റെ ആധികള്‍
January 16, 2019

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ കണ്ട ഒരു പത്രവാര്‍ത്ത 

‘അംബൂരി ഉരുള്‍ പൊട്ടല്‍’

അതിനോടനുബന്ധിച്ച ചിത്രങ്ങള്‍. 

എന്‍റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു പോയിരുന്നു ആ ചിത്രങ്ങള്‍. 

ഒരു ഗ്രാമം മുഴുവന്‍ നശിച്ചു.

അള്‍ത്താരയിലെ കത്തുന്ന മെഴുകുതിരികള്‍ക്കു മുന്‍പില്‍ കര്‍ത്താവിനെ സക്ഷിയാക്കി തന്‍റെ ജീവിത സഖിയെ ജീവിതത്തിലേക്ക് ഉറപ്പിക്കുവാന്‍ ഒരു പാവം ചെറുപ്പക്കാരന്‍ തിരഞ്ഞെടുത്ത ദിവസം. 

അയാളും, അയാളുടെ സ്വപ്നങ്ങളും, ആ മല വെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി. അതേ പള്ളിയുടെ സെമിത്തേരിയില്‍ അയാളൊരു ഓര്‍മ്മയായി മാറി.

പ്രകൃതി എന്തിനാണ് മനുഷ്യനോട് ഇത്രയധികം ക്രൂരത കാണിക്കുന്നത്..?. ദൈവത്തോടു തന്നെ വെറുപ്പു തോന്നിയ നിമിഷം.

ഉത്തരങ്ങള്‍ക്കു വേണ്ടി  ഒരുപാടു വായിച്ചു. 

അന്വേഷിച്ചു…

കണ്ടെത്തി..

മനുഷ്യന്‍ തന്നെയാണ് എല്ലാറ്റിനും ഉത്തരവാദി. 

മനുഷ്യന്‍റെ ക്രൂരതകള്‍ ഇതിലും എത്രയോ വലുത്…!

അറിഞ്ഞും, അറിയാതെയും മനുഷ്യന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ തന്നെയാണ് പലപ്പോഴും മനുഷ്യനു തന്നെ വിനയായിത്തീരുന്നത്. അതില്‍ ഒന്നുമറിയാത്ത നിരപരാധികളും ഉള്‍പ്പെടുന്നു..!.

ദൈവം മനുഷ്യനെ വെറുക്കുന്നില്ലാ, മറിച്ച് അങ്ങേയറ്റം സ്നേഹിക്കുന്നു. ഈ ഭൂമിയില്‍ ജീവിക്കുവാനുള്ളതെല്ലാം മനുഷ്യനു നല്‍കിയിരിക്കുന്നു. 

വെള്ളം, വായു, ആഹാരം.. എല്ലാം…

ദൈവം തന്‍റെ കല്‍പ്പനകള്‍ കൊണ്ട് മനുഷ്യനെ ‘സ്ഫുടം’  ചെയ്തെടുക്കുവാന്‍ തിരഞ്ഞെടുത്ത ദൈവത്തിന്‍റെ മലയായ ‘സീനായ്’ മലപോലെ വലിയ ഒരു  മലയുടെ ഏറ്റവും മുകളിലെ തുഞ്ചത്തു നിന്നും താഴെ, താഴ്വരയിലേക്ക് നോക്കി തിങ്ങി നിറഞ്ഞ മഹാ പുരുഷാരത്തോടായി ‘‘ഹേ മനുഷ്യാ.. നിന്നെ ദൈവം വെറുക്കുന്നില്ലാ, സ്നേഹിക്കുന്നു.. നീയാണ്…നീയാണ് ദൈവത്തെ…, ഭൂമിയെ മറക്കുന്നത്. നിന്‍റെ  അന്തകന്‍ നീ തന്നെയാകുന്നു, നിനക്കുള്ള ശിക്ഷയാണ് നീ ഏറ്റു വാങ്ങുന്നത്’’ എന്നൊക്കെ ഉച്ചത്തില്‍ വിളിച്ചു പറയണമെന്ന് ഏനിക്കു തോന്നിയ ഭ്രാന്തമായ  നിമിഷങ്ങള്‍…എന്‍റെ ഉറക്കം കെടുത്തിയ രാത്രികള്‍…

ആ ഭ്രാന്തന്‍ ചിന്തകള്‍ക്കൊടുവില്‍ യാഥാര്‍ത്ഥ്യത്തിലേക്ക് എത്തിയപ്പോള്‍ പറയുവാന്‍ പറ്റിയ ഏറ്റവും നല്ല മാര്‍ഗ്ഗം സിനിമയാണന്ന തിരിച്ചറിവ് എന്നിലുണ്ടാക്കി. 

പക്ഷേ അതെങ്ങനെ…?

സിനിമക്കു വേണ്ടി കഥയെഴുതുക, തിരക്കഥാകൃത്താവുക. അതു തന്നെ വഴി. ദൈവവും, മനുഷ്യനും, ഭൂമിയും തമ്മിലുള്ള ബന്ധം വിഷയമാക്കി ഒരു തിരക്കഥ എഴുതണം.

പിന്നീട്, തിരക്കഥ എങ്ങനെ എഴുതും എന്ന് മാത്രമായി ചിന്ത.

നടക്കുമോ…? ഇല്ലാ എന്ന തോന്നല്‍ ഉള്ളില്‍.. 

ഏറെ വായിക്കുകയും, കുറച്ചു കഥകളും, കവിതകളുമൊക്കെ എഴുതുകയും ഒപ്പം കുറച്ചു സംഗീതവും കൊണ്ടു നടക്കുന്നു എന്നല്ലാതെ തിരക്കഥാ രചനയെക്കുറിച്ച്‌ എനിക്ക് വല്യ അറിവുകളൊന്നും തന്നെയില്ല.

പക്ഷെ, തയ്യാറെടുപ്പുകള്‍ തുടങ്ങി. അതൊരു ഉറച്ച തീരുമാനമായിരുന്നു. 

ചെറുപ്പത്തില്‍ ഞാന്‍ പഠിച്ച നെപ്പോളിയന്‍റെ വാക്കുകള്‍ വീണ്ടും ഞാന്‍ കേട്ടു.

“അസാധ്യമായതൊന്നും ഇല്ലാ”.. 

തിരക്കേറിയ ജോലിസമയത്തിനിടക്കും സമയമുണ്ടാക്കി  കിട്ടാവുന്ന തിരക്കഥകള്‍ മുഴുവന്‍ വായിച്ചു തുടങ്ങി. ലോകപ്രശസ്തമായ ക്ലാസ്സിക്‌ സിനിമകള്‍ ഏതാണ്ടെല്ലാം കണ്ടു. പക്ഷെ എനിക്ക് എന്‍റെ ഉള്ളിലുള്ള ഞാന്‍ ഉദ്ദേശിക്കുന്ന രീതിയിലുള്ള ഒരു തിരക്കഥ എഴുതുവാനുള്ള ആത്മ വിശ്വാസം വരുന്നില്ല. 

എഴുതുകയാണെങ്കില്‍ നല്ല തിരക്കഥ എഴുതണം അല്ലെങ്കില്‍ എഴുതേണ്ട. 

മനസ്സെന്നോട് പറഞ്ഞു കൊണ്ടിരുന്നു. പിന്നീട് സിനിമയുടെ സാങ്കേതിക വശങ്ങള്‍ പ്രതിപാദിക്കുന്ന പുസ്തകങ്ങള്‍ തിരക്കി നടന്നു. അങ്ങനെ ഡി.സി ബുക്സിന്‍റെ ഷെല്‍ഫില്‍ നിന്നും എനിക്കൊരു ബുക്ക്‌ കിട്ടി. 

‘സിനിമാ വീഡിയോ ടെക്നിക്ക്’. 

വാങ്ങി വീട്ടില്‍ കൊണ്ടു വന്നു.

പുറം ചട്ടയില്‍ എഴുത്തുകാരന്‍ ‘ഡോക്ടര്‍ മുരളീകൃഷ്ണയുടെ’ ചിത്രം. അദ്ദേഹത്തെക്കുറിച്ചുള്ള ഒരു ചെറിയ വിവരണവും. മുന്‍പ് അദ്ദേഹത്തിന്‍റെ പുസ്തകങ്ങള്‍ വായിച്ചിട്ടില്ലാത്തതു കൊണ്ട് കൂടുതലൊന്നും നോക്കാതെ വായന തുടങ്ങി. പുസ്തകത്തിന്‍റെ ഓരോ പേജ് വായിക്കും തോറും മുരളീ കൃഷ്ണ എന്ന എഴുത്തുകാരന്‍ സിനിമാ സങ്കേതത്തിന്‍റെ പുതിയ  വാതിലുകള്‍ എനിക്കു വേണ്ടി തുറന്നു തരികയായിരുന്നു. ഓരോ വാതിലും തുറന്ന്, തുറന്ന് മുന്നോട്ടു പോയപ്പോള്‍ നിഴലും, വെളിച്ചവും, വര്‍ണ്ണങ്ങളുമൊക്കെ ഇടകലര്‍ന്ന ശാസ്ത്രത്തിന്‍റെ പുതിയ പാതയില്‍ ഞാന്‍ എത്തിച്ചേര്‍ന്നു. 

എന്‍റെ മുന്‍പിലെ  മനുഷ്യരും, കാഴ്ച്ചകളുമെല്ലാം അളന്നു കുറിച്ച ഫ്രെയ്മിനുള്ളില്‍ നിറയാന്‍ തുടങ്ങി. അവരുടെ ചലനങ്ങള്‍ ലോങ്ങ്‌ ഷോട്ടിലും, മിഡില്‍ ഷോട്ടിലുമൊക്കെയായി ഞാന്‍ കാണുവാന്‍ തുടങ്ങി. 

ഞാന്‍ എന്‍റെ മാത്രമായ ഒരു ലോകത്തായി. വായിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്കിടയ്ക്ക്  പുസ്തകം മറിച്ച് പുറം ചട്ടയിലെ  മുരളി സാറിന്‍റെ ഫോട്ടോ നോക്കും..പിന്നെ മനസ്സില്‍ പതിയെ പറഞ്ഞു “ഈ മനുഷ്യനെ എനിക്കൊന്നു കാണണം”. വെറുതെ ഒരാഗ്രഹം തോന്നിയതാണ്. ഇതിനിടയില്‍  ഞാന്‍ ബുക്കിന്‍റെ മുക്കാല്‍ഭാഗവും വായിച്ചു കഴിഞ്ഞിരുന്നു.

എന്‍റെ ജീവിതത്തിലെ പല കാര്യങ്ങളും സംഭവിച്ച പോലെ, ഒരു നിയോഗം പോലെ  അദ്ദേഹം ഇവിടെയെത്തി ദുബായില്‍…!! എന്‍റെ കണ്‍ മുന്‍പില്‍. കരാമയില്‍  ഞാന്‍ താമസിക്കുന്ന അതേ കെട്ടിടത്തിന്‍റെ താഴത്തെ നിലയിലെ   പുസ്തകങ്ങളുടെ മണമുള്ള ഡി.സി  ബുക്സിനുള്ളില്‍ ഒരു അഥിതിയായി.

അന്നു ഞങ്ങള്‍ പരിചയപ്പെട്ടു. കുറേ നേരം സംസാരിച്ചു. എനിക്കദ്ദേഹത്തെ വല്ലാതെയങ്ങ് ഇഷ്ടപ്പെട്ടു. എല്ലാ നല്ല മനുഷ്യര്‍ക്കും നമ്മള്‍ കൊടുക്കുന്ന നല്ല വിശേഷണങ്ങളെല്ലാം കൂട്ടിച്ചേര്‍ത്തു വച്ച് പിന്നെയും കുറച്ചു കൂടി പറഞ്ഞാല്‍ –

‘വലിയ അറിവുകളുടെ സാഗരത്തെ ആറ്റിക്കുറുക്കി ചെറിയ ചിമിഴിനുള്ളിലാക്കി കൊണ്ടു നടക്കുന്ന തികഞ്ഞ ഒരു മനുഷ്യസ്നേഹി’ 

അദ്ദേഹം ഇവിടെ മകളുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. എന്നെ അദ്ദേഹം അവിടേക്ക് ക്ഷണിച്ചു. ഞാന്‍ താമസിക്കുന്ന വീട്ടില്‍ നിന്നും കുറച്ചു ദൂരം മാത്രം. എനിക്കെന്തോ എല്ലാം ഒരത്ഭുതം പോലെ തോന്നുകയായിരുന്നു. ഏതോ ഒരു അദൃശ്യ ശക്തി എന്നെ അദ്ദേഹത്തോട് അടുപ്പിക്കുകയായിരുന്നോ…?.എനിക്കത് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ലാ.!.

ഒരു വെള്ളിയാഴ്ച്ച  വെയില്‍ ചാഞ്ഞ സായാഹ്നത്തില്‍ ഞങ്ങള്‍ വീണ്ടും കണ്ടു മുട്ടി. അദ്ദേഹത്തിന്‍റെ വീട്ടില്‍ വച്ച്. സിനിമയെക്കുറിച്ചും, പ്രകൃതിയെക്കുറിച്ചും, ലോക ക്ലാസ്സിക്‌ സിനിമകളെക്കുറിച്ചുമൊക്കെ ധാരാളം സംസാരിച്ചു. ഒരു പാട് കാര്യങ്ങള്‍ ഞാന്‍ അദ്ദേഹത്തില്‍ നിന്നും മനസ്സിലാക്കി. 

നിര്‍ബന്ധമായും  വായിച്ചിരിക്കേണ്ട ചില തിരക്കഥകളെക്കുറിച്ചൊക്കെ അദ്ദേഹം പറഞ്ഞു തന്നു. ഒടുവില്‍ മടങ്ങുന്നതിനു മുന്‍പ്  ഞാന്‍ എന്‍റെ  കയ്യില്‍ കരുതിയിരുന്ന ബുക്ക്‌ പതുക്കെ പുറത്തെടുത്തു എന്നിട്ട് മടിച്ചു, മടിച്ചു പറഞ്ഞു.

‘ഞാന്‍ ഒരു തിരക്കഥ എഴുതാന്‍ ശ്രമിക്കുകയാണ് സാര്‍. ഒന്നു വായിച്ചു കേള്‍പ്പിക്കണമെന്ന് ആഗ്രഹമുണ്ട്. ആരെയും ഇതു വരെ കാണിച്ചിട്ടില്ല. എന്തെങ്കിലും പോരായ്മകളുണ്ടെങ്കില്‍ ഒന്നു പറഞ്ഞു തരണം..’

‘അതിനെന്താ വായിച്ചോളൂ’ 

ഞാന്‍ വായിക്കുവാന്‍ തുടങ്ങി. ഏതാണ്ട് പതിനഞ്ചു സീനുകളോളം ഉണ്ട്. ഇടയ്ക്കിടെ ഞാന്‍  അദ്ദേഹത്തെ നോക്കും. അദ്ദേഹം കണ്ണുകളടച്ചു സോഫായില്‍ ചാരിക്കിടന്നു കേള്‍ക്കുകയാണ്. ഞാന്‍ വായിച്ചു തീരുന്നതു വരെ ഇടക്കൊരു പ്രാവശ്യം പോലും കണ്ണുകള്‍ തുറന്നില്ല. വായിച്ചു തീര്‍ന്നപ്പോള്‍ അദ്ദേഹം കണ്ണുകള്‍ തുറന്നു. പിന്നെ എന്നൊയൊന്നു നോക്കി. 

മുരളി സാര്‍ ഇനി എന്താണ് പറയാന്‍ പോകുന്നത്…? മോശമാണെങ്കില്‍ ഇതോടെ  ഈ പരിപാടി ഞാന്‍ ഇവിടെ വച്ച് നിര്‍ത്തുകയാണ്…മനസ്സില്‍ വിചാരിച്ചു.

അദ്ദേഹം ഒന്നു പുഞ്ചിരിച്ചുകൊണ്ട് കൊണ്ട് എഴുന്നേറ്റു. ഞാനും ഇരുന്നിടത്തു നിന്നും എഴുന്നേറ്റു. എനിക്കാകെ സംശയമായി. 

ഇനി എന്നെ കളിയാക്കി ചിരിക്കുകയാണോ?. 

അദ്ദേഹം എന്‍റെ അടുത്തു വന്നു തോളില്‍ തട്ടി, എന്നിട്ട് പറഞ്ഞു.

‘ധൈര്യമായിട്ട് എഴുതിക്കൊള്ളൂ…. ഇതേ പോലെ തന്നെ എഴുതിക്കോളൂ.. വളരെ നന്നായിട്ടുണ്ട്. എനിക്ക് തിരുത്തുവാനായിട്ട്‌  ഇതില്‍ ഒന്നും തന്നെയില്ല…നന്നായി വരും’

സന്തോഷം കൊണ്ട് എന്‍റെ കണ്ണുകള്‍ നിറഞ്ഞു.. 

അപ്പോള്‍ എനിക്ക് തിരക്കഥ  എഴുതുവാന്‍ കഴിയും ഇല്ലേ..?. ഞാന്‍ എന്നോടു തന്നെ ചോദിച്ചു.

എന്നെ യാത്രയാക്കുവാന്‍ ബില്‍ഡിങ്ങിന്‍റെ താഴെ വരെ മുരളി സാര്‍ വന്നു. അവിടെ ബില്‍ഡിംങ്ങിന്‍റെ  മുന്‍പില്‍, ഒരു കൂറ്റന്‍ ‘ഗാഫ്’ മരമുണ്ടായിരുന്നു. മരുഭൂമിയിലെ അതിജീവനത്തിന്‍റെ പ്രതീകം പോലെ നിത്യ ഹരിതയായി തണല്‍ വിരിച്ചു നില്‍ക്കുന്ന ആ മരത്തിന്‍റെ  ചുവട്ടില്‍ നിന്ന്  ഞങ്ങള്‍ വീണ്ടും ഒരു പാടു നേരം സംസാരിച്ചു. 

അദ്ദേഹത്തിന് എന്നെ പറഞ്ഞയക്കുവാന്‍ മടി പോലെയായിരുന്നു. എനിക്കും അദ്ദേഹത്തിന്‍റെ  സാമീപ്യത്തില്‍ നിന്നും  അകലുവാന്‍ തോന്നിയില്ല. 

ഞങ്ങളുടെ സിനിമാ ചര്‍ച്ചകള്‍ കേരളവും, ഇന്ത്യയുമൊക്കെ വിട്ട്  പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ക്കൂടി കറങ്ങി ജപ്പാനിലെ സമുറായ് കുടുംബ ചരിത്രത്തിലേക്കു വന്നു നിന്നു. 

സിനിമക്കുള്ള ആജീവനാന്ത ‘ഓസ്കാര്‍’ പുരസ്കാരം നേടിയ ‘അകിര കുറസോവ’യെക്കുറിച്ചും ‘സമുറായ്’ എന്ന പോരാളി വര്‍ഗ്ഗത്തെക്കുറിച്ചുമൊക്കെ  അദ്ദേഹത്തിനേറെ പറയുവാനുണ്ടായിരുന്നു. 

ഞങ്ങളുടെ സംസാരത്തിനിടയിലെപ്പോഴോ ‘ഗാഫു’ മരത്തിന്‍റെ  ചില്ലകളിലേക്ക്‌ ഒരു കുരുവിക്കൂട്ടം  വന്നു  ചേക്കേറാന്‍ തുടങ്ങി. സായാഹ്നത്തിലെ കാറ്റു വീശുവാന്‍  തുടങ്ങിയപ്പോള്‍ ഞങ്ങളുടെ തലയ്ക്കു മുകളിലെ ചില്ലകളില്‍ കിളികളുടെ  ചിലക്കല്‍ ശബ്ദം കൂടിക്കൂടി വന്നു. ഇടയ്ക്കു സംസാരം നിര്‍ത്തി  ഞങ്ങള്‍ കിളികളെത്തന്നെ ശ്രദ്ധിച്ചു. പെട്ടന്നാണ് മുരളി സാര്‍ പറയുന്നത്‌

‘നമ്മള്‍ ഒരു സിനിമയുടെ കാര്യം വിട്ട് പോയി’.

ഏതു സിനിമ…? ഞാന്‍ ചോദിച്ചു.

‘ദി ബേര്‍ഡ്സ്’… ഈ കിളികളെ കണ്ടപ്പോഴാ ഞാനതോര്‍ത്തത്’.. അദ്ദേഹം പറഞ്ഞു.

പിന്നീട് ഞങ്ങളുടെ സംസാരം ‘ആല്‍ഫ്രഡ്‌ ഹിച്ച്കോക്കിന്‍റെ’ ബേര്‍ഡ്സ് എന്ന ഹൊറര്‍ സിനിമയെക്കുറിച്ചായി.     

ഒടുവില്‍ ഞാന്‍ പോകുമ്പോള്‍ നാട്ടില്‍ വന്നാല്‍ വിളിക്കണമെന്നു പറഞ്ഞു നാട്ടിലെ ടെലിഫോണ്‍ നമ്പരും തന്നു. ഞാന്‍ കാറിലേക്ക് കയറുവാന്‍ തുടങ്ങുമ്പോള്‍ എന്‍റെ കൈ വിരലുകള്‍ ചേര്‍ത്തു പിടിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

‘നമ്മള്‍ നേരത്തെ കാണേണ്ടിയതായിരുന്നു’ 

‘അതെ സാറേ..’ ഞാനും പറഞ്ഞു

‘സാരമില്ല ഇനിയും കാണാമല്ലോ…’ അദ്ദേഹം പറഞ്ഞു നിര്‍ത്തി.

വീട്ടിലേക്ക് വണ്ടിയോടിക്കുമ്പോള്‍ ഞാന്‍ എന്‍റെ മനസ്സില്‍ ഗുരു സ്ഥാനത്തായി മുരളി സാറിനെ പ്രതിഷ്ഠിച്ചു കഴിഞ്ഞിരുന്നു.

പിന്നീട് ഞങ്ങള്‍ പലപ്പോഴായി ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്നു. എന്‍റെ തിരക്കഥയുടെ പുരോഗതിയെക്കുറിച്ചൊക്കെ പറയും. ഫോണില്‍ക്കൂടി വായിച്ചു കേള്‍പ്പിക്കട്ടെ എന്നു ചോദിക്കും. അപ്പോഴെല്ലാം അദ്ദേഹം പറയും.

‘ഇപ്പോള്‍ വേണ്ടാ. മുഴുവന്‍ തീര്‍ന്നു  കഴിയുമ്പോള്‍ നമുക്കിരിക്കാം’.

അവധിക്കു നാട്ടില്‍  പോയപ്പോള്‍ തിരുവന്തപുരത്തെ ‘പോങ്ങമ്മൂടുള്ള’ അദ്ദേഹത്തിന്‍റെ വീട്ടില്‍ പോയിരുന്നു.. ബൃഹത്തായ ഒരു ലൈബ്രറി അദ്ദേഹത്തിനുണ്ടായിരുന്നു. 

ആ അക്ഷരക്കൂട്ടിലിരുന്നു അന്നും ഞങ്ങള്‍ ഒരു പാടു നേരം സംസാരിച്ചു. ഞാന്‍ തിരക്കഥ വായിച്ചു കേള്‍പ്പിക്കുന്ന കാര്യം വീണ്ടും പറഞ്ഞു. 

മുഴുവന്‍ കഴിയട്ടെ..’ അദ്ദേഹം പറഞ്ഞു

അവധി തീരുന്നതിനിടയില്‍ ഞാന്‍ കുടുംബവുമായിട്ട് വീണ്ടും അവിടേക്ക് പോയി. ഞങ്ങള്‍ ആ വീട്ടിലെ ഒരംഗത്തെപ്പോലെയായിരുന്നു. അദ്ദേഹത്തിന്‍റെ ഭാര്യ ശാന്ത ചേച്ചിയും ഞങ്ങളെ വളരെ സ്നേഹത്തോടെ സ്വീകരിച്ചു. ദുബായിലേക്ക് തിരിച്ചു പോരുന്നതിനു മുന്‍പ് ഒരിക്കല്‍ക്കൂടി ഞാന്‍ അവിടെ പോയി. പോകാനായി ഇറങ്ങിയപ്പോള്‍ ഞാന്‍ സാറിനോട് ചോദിച്ചു

‘ഞാന്‍ ഈ തിരക്കഥയൊക്കെ എഴുതിയാല്‍ ആരെങ്കിലും ഇതു സിനിമയാക്കുമോ സാറേ..?

അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു.

‘ആദ്യം എഴുതി തീര്‍ക്കൂ.. പിന്നീട് നമുക്ക് വഴി ആലോചിക്കാം’. ഇതൊരു  നല്ല തിരക്കഥയാണ്. ഇടയ്ക്കു വച്ച് കേട്ട് നിര്‍ത്തിയാല്‍ എന്‍റെ  മനസ്സിലെ പ്രൊജക്ടറില്‍ പിന്നെയിത് ഓടില്ലാ..എനിക്കത് മുഴുവനായി ജോഷി വായിച്ചു  കേള്‍പ്പിക്കണം. 

പിന്നെ കൈകള്‍ ഉയര്‍ത്തി ഒരനുഗ്രഹം പോലെ “നന്നായ് വരട്ടെ..”

ഞാന്‍ യാത്ര പറഞ്ഞിറങ്ങി.

ഭാരിച്ച ജോലിത്തിരക്കുകള്‍ക്കിടയില്‍ ഒരുപാട് ബുദ്ധിമുട്ടി സമയം കണ്ടെത്തിയാണ് ഞാന്‍ എഴുതിക്കൊണ്ടിരുന്നത്.

മുരളിസാര്‍ എന്നിലേക്ക്‌ പകര്‍ന്നു തന്ന ഊര്‍ജം മുഴുവന്‍ സ്വീകരിച്ച് ഞാന്‍ കുറച്ചു കൂടി വേഗത്തില്‍ എഴുതാന്‍ തുടങ്ങി. ജോലി കഴിഞ്ഞ് വീട്ടിലെത്തി രാത്രി കാലങ്ങളിലായിരുന്നു എന്‍റെ എഴുത്ത് മുഴുവനും. 

ദൈവം മനുഷ്യനുവേണ്ടി  നട്ടു വളര്‍ത്തിയ അത്തിമരങ്ങളും, മുന്തിരിച്ചെടികളും, അവന്‍ തന്നെ വെട്ടി നശിപ്പിക്കുന്നു..!. കുന്നും, മലയും, കാടുമെല്ലാം തകര്‍ത്ത് ദൈവത്തിനായി അവന്‍ പഞ്ച നക്ഷത്ര ആലയങ്ങള്‍ പണിയുന്നു. അവന്‍  ഭൂമിയുടെ ഉടമസ്ഥനാകുന്നു. അവന്‍ അറിയുന്നില്ലാ പ്രകൃതിയും ദൈവവും ഒന്നാണന്ന്. 

എന്‍റെ ഈ ചിന്തകളില്‍ക്കൂടി കഥയിലെ വഴിത്തിരിവുകളും, സംഘര്‍ഷങ്ങളുമെല്ലാം മാറി മറിഞ്ഞുകൊണ്ടിരുന്നു.

ഞാന്‍ സ്വയം സമര്‍പ്പിതനായി എഴുതുകയായിരുന്നു. മുരളി സാറിനെ എത്രയും വേഗം ഇത് കാണിക്കണം, പിന്നീട് ഇത് സമൂഹത്തിന്‍റെ മുന്‍പില്‍ വയ്ക്കണം. ഇതു മാത്രമായിരുന്നു ചിന്ത. 

തിരക്കഥാ രചന ഏതാണ്ട് പൂര്‍ത്തിയായി കഥയുടെ ക്ലൈമാക്സിലേക്ക് ഞാന്‍ എത്തുന്ന ഒരു രാത്രിയില്‍ എനിക്ക് വന്ന ഒരു ടെലിഫോണ്‍ സന്ദേശത്തിലൂടെ ഞെട്ടലോടെ ഞാന്‍ അറിഞ്ഞു മുരളി സാര്‍  ഇനി എന്‍റെ കഥ കേള്‍ക്കുവാന്‍   ഉണ്ടാകില്ലാ എന്ന്. 

എന്‍റെ എഴുത്ത് ആ  രാത്രിയില്‍  നിശ്ചലമായി.

ഒരു പകല്‍  മുഴുവന്‍ ആരോടും മിണ്ടാതെ, ഭക്ഷണം കഴിക്കാതെ, ഓഫീസില്‍  പോകാതെ ഞാന്‍ ചുരുണ്ടു കൂടിക്കിടന്നു. വളരെ ചുരുങ്ങിയ ഒരു കാലയളവിനുള്ളില്‍ എന്‍റെ സാഹിത്യ ജീവിതത്തില്‍ ഇത്രയധികം സ്വാധീനം ചെലുത്തിയ മുരളി സാര്‍ ഇനിയും എന്നോടൊപ്പം ഉണ്ടാകില്ലല്ലോ എന്ന യാഥാര്‍ഥ്യത്തെ ഒടുവില്‍ എനിക്ക് അംഗീകരിക്കേണ്ടി വന്നു. 

ഒരു ദിവസത്തെ ഇടവേളക്കു ശേഷം ഞാന്‍ ശാന്ത ചേച്ചിയെ ഫോണില്‍ വിളിച്ചു. വാക്കുകള്‍ പുറത്തേക്ക് വന്നില്ല… ഒരു നിമിഷത്തെ ഇടവേളയ്ക്കു ശേഷം ഇടറിയ ശബ്ദത്തോടെ ഞാന്‍ ചോദിച്ചു

‘മുരളി സാര്‍ എന്നെക്കുറിച്ച് എന്തെങ്കിലും പറയുമായിരുന്നോ..?

എന്നെ വല്യ ഇഷ്ടമായിരുന്നു എന്ന് പറഞ്ഞു.

“കുറച്ചു കൂടി നേരത്തെ പരിചയപ്പെടെണ്ടിയതായിരുന്നു ജോഷിയെ” എന്നും പറഞ്ഞിരുന്നു.

അന്നാണ് ഞാന്‍ അറിയുന്നത്, ഞാന്‍ അദ്ദേഹത്തിന്‍റെ വീട്ടില്‍ ചെന്നിരുന്ന സമയത്ത് അദ്ദേഹത്തിന് തീരെ സുഖമില്ലായിരുന്നു എന്നും, എന്നെ ഇതൊന്നും അറിയിക്കാതെ സ്നേഹത്തോടെ സ്വീകരിക്കുകയായിരുന്നു എന്നുമൊക്കെ…

എന്‍റെ തിരക്കഥാ രചന കുറച്ചു നാളത്തേക്ക്  ഞാന്‍ നിര്‍ത്തി വച്ചു. പിന്നീട് ഏതോ ഒരു ഉള്‍പ്രേരണ പോലെ വീണ്ടും എഴുതി പൂര്‍ത്തീകരിച്ചു.

എഴുതിക്കഴിഞ്ഞപ്പോള്‍ മുന്നില്‍ ഒരു വലിയ ശൂന്യത. 

ആരും സഹായിക്കുവാനില്ലാത്ത അവസ്ഥ. 

സിനിമാ ലോകത്തെ ആരെയും പരിചയമില്ലാതിരുന്ന ഞാന്‍, ആ തിരക്കഥയുമായി പലരേയും സമീപിച്ചു. ഒരു പുതിയ എഴുത്തുകാരനായ എന്‍റെ കഥ വായിച്ചു കേള്‍ക്കുവാന്‍ പോലും  ആരും തയ്യാറായില്ല. 

“ഈ പ്രകൃതിയും, പരിസ്ഥിതിയുമൊന്നും സിനിമയ്ക്ക് പറ്റിയ വിഷയമല്ല..” എന്ന് പറഞ്ഞ് ഒഴിവാക്കിയവര്‍.

അവിടെ ഞാന്‍ മുരളി സാര്‍ എന്ന ആ വലിയ മനുഷ്യന്‍റെ വില ഒന്നു കൂടി മനസ്സിലാക്കി.

ഒടുവില്‍ കുറെ നാളത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ സംവിധായകന്‍ ജയരാജിനെ കണ്ടു മുട്ടുകയും. അദ്ദേഹം നല്ല മനസ്സോടെ തിരക്കഥ മുഴുവന്‍ വായിക്കുകയും എന്‍റെ പ്രകൃതി എഴുത്തിന്‍റെ വില മനസിലാക്കി, പ്രശസ്ത റഷ്യന്‍ സാഹിത്യകാരന്‍ ‘ആന്‍റണ്‍ ചെക്കോവിന്‍റെ വാങ്ക എന്ന ചെറുകഥ തിരക്കഥയാക്കുന്ന ദൌത്യം എന്നെ എല്പ്പിക്കുകയുമായിരുന്നു.

വാങ്ക, ‘ഒറ്റാല്‍’ എന്ന പേരില്‍ തിരക്കഥയാവുകയും എനിക്ക് തിരക്കഥക്കുള്ള ദേശീയ അവാര്‍ഡ്‌ നേടിത്തരുകയും ചെയ്തു. കൂടാതെ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും, മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു.

പക്ഷേ എല്ലാത്തിനും തുടക്കമിട്ടു തന്ന മുരളി സാര്‍ ഇന്ന് എന്നോടൊപ്പം ഇല്ലാ..

അവാര്‍ഡ്‌ പ്രഖ്യാപനം  കഴിഞ്ഞ ദിവസങ്ങളിലെ ഒരു സന്ധ്യക്ക്  ഞാന്‍ വീണ്ടും മുരളി സാറിന്‍റെ സാമീപ്യമറിഞ്ഞു. 

ദുബായിലെ ആ പഴയ ‘ഗാഫു’  മരത്തിന്‍റെ  ചുവട്ടില്‍  ഞാന്‍ ഒന്നുകൂടി പോയി. അവിടെ വച്ച് അദ്ദേഹം എന്നെ വീണ്ടും അനുഗ്രഹിക്കുന്നതു പോലെ എനിക്ക് തോന്നി. “നന്നായി വരും”…ആ ശബ്ദം ഞാന്‍ കേട്ടതു പോലെ എനിക്കു തോന്നി.

ഞാന്‍ ആ മരക്കൊമ്പുകളിലേക്ക് നോക്കി.

ആ  മരക്കൊമ്പുകള്‍ അപ്പോള്‍  കിളികളില്ലാതെ ശൂന്യമായിക്കിടക്കുകയായിരുന്നു. 

ആ കിളികളെപ്പോലെ അദ്ദേഹത്തിന്‍റെ ആത്മാവും പറന്നു, പറന്നു ദൂരേക്ക്‌ പോയിരിക്കുന്നു.

ആരും കാണാത്ത ആ.. ദൂരേക്ക്‌…. 

Joshy Mangalath
Joshy Mangalath
ഒറ്റാൽ എന്ന സിനിമയിലൂടെ തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌ക്കാരം നേടി. ചെക്കോവിന്റെ വാങ്ക എന്ന ചെറുകഥയെ ഉപജീവിച്ച്‌ ഒറ്റാൽ രചിച്ചത്. രവീന്ദ്ര നാഥ ടാഗോറിന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് പുതിയ സിനിമയ്ക്കുള്ള തിരക്കഥ പൂർത്തിയാക്കിയിരിയ്ക്കുന്നത്. ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും എഴുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *