യേശുക്കുഞ്ഞിന്‍റെ സുവിശേഷങ്ങള്‍

Kalakaumudi
January 19, 2019
വിദ്യ നല്‍കി പ്രബുദ്ധരാക്കിയവര്‍
May 16, 2019

സദസ്സിനെ സാക്ഷിയാക്കി യേശുക്കുഞ്ഞിന്‍റെ ‘ജീവന്‍രക്ഷാപതക്ക്’ കമ്മറ്റി പ്രസിഡന്‍റ് കാലായില്‍ കറിയാ ദേവസ്യാച്ചനു കൊടുത്തു.’‘സുവിശേഷങ്ങള്‍ പറയുവാന്‍ ഇനി നമ്മോടൊപ്പം യേശുക്കുഞ്ഞില്ല ഇതിനി അച്ചനിരിക്കട്ടെ”. നിറകണ്ണുകളോടെ ഇടറിയ ശബ്ദത്തില്‍ കറിയാ അതു പറയുമ്പോള്‍ ഹാള്‍ നിശബ്ദമായി. സ്ത്രീകളുടെയിടയില്‍ എവിടെയൊക്കെയോ ചില അമര്‍ത്തിപ്പിടിച്ച തേങ്ങലുകള്‍. പെട്ടന്നു യോഗം പിരിച്ചു വിട്ടതായി കറിയാ പറയുമ്പോള്‍  ദുഃഖത്തോടെ നെഞ്ചില്‍ ചേര്‍ത്തു വച്ച ഫലകവുമായി അച്ചന്‍ ആദ്യം പുറത്തേക്കിറങ്ങി.

സന്ധ്യാ പ്രാര്‍ത്ഥന കഴിഞ്ഞ് തന്‍റെ ചാരുകസേരയിലേക്കൊന്നു ചായാന്‍ തുടങ്ങുമ്പോള്‍ തൊട്ടടുത്തിരിക്കുന്ന ഫ്ലാസ്ക്കിലേക്കറിയാതെയൊന്നു നോക്കിയ അച്ചന്‍ യേശുക്കുഞ്ഞിന്‍റെ  കൊഞ്ഞയുള്ള ആ ശബ്ദം കേട്ടു. “അജ്-ഞാ ഈ ജീരക വെള്ളം നജൂടോടെ കുടിക്കണം, എന്നാലെ അതിന്‍റെയൊരു ഇതൊള്ളൂ”. ഒഴിഞ്ഞ ഫ്ലാസ്ക്ക് വെറുതെയൊന്നു കയ്യിലെടുത്ത് അവിടെത്തന്നെ തിരിച്ചുവച്ച് അച്ചന്‍ കസേരയിലേക്ക് വീണ്ടും ചാഞ്ഞു. മുച്ചുണ്ടുള്ള യേശുക്കുഞ്ഞിന്‍റെ നിഷ്ക്കളങ്കമായ മുഖം മനസ്സില്‍ തെളിഞ്ഞു വരുന്നു.

വര്‍ഷങ്ങള്‍ക്കുമുന്‍പ് ഏലപ്പാറയിലെ പുത്തന്‍ പള്ളിയില്‍ പുതിയ വികാരിയായി അച്ചന്‍ ചാര്‍ജെടുത്ത സമയം. ഡിസംബര്‍ കുളിരില്‍ കുതിര്‍ന്നു നില്‍ക്കുന്ന ക്രിസ്തുമസ് സന്ധ്യയില്‍, പള്ളി മുറ്റത്തെ അലങ്കരിച്ച സൈപ്രസ് മരങ്ങളുടെ ചുവട്ടില്‍ കരോളിനായി തയ്യാറെടുക്കുന്ന  കുട്ടികളോടൊപ്പമാണ് യേശുക്കുഞ്ഞിനെ ആദ്യമായി ദേവസ്യാച്ചന്‍ കാണുന്നത്. ഒരേ ഈണത്തില്‍, താളത്തില്‍, ആര്‍ത്തു പാടുന്ന കുട്ടികളുടെയിടയില്‍ ഒരപശ്രുതി പോലെ മുഴങ്ങിക്കേള്‍ക്കുന്ന അരോചകമായ ഒരു ശബ്ദം. ശബ്ദത്തിന്‍റെ ഉത്ഭവസ്ഥാനമറിയാനായി അച്ചന്‍ ഒന്നു പരതി നോക്കുമ്പോള്‍ കാണുന്നു, കറുത്തു മെലിഞ്ഞ്‌, മുഖത്തേക്കാള്‍ വലിയ ചെവിയുള്ള, മുച്ചുണ്ടുള്ള, അതിലുപരി അല്‍പ്പം കോങ്കണ്ണുമുള്ള, വിചിത്രമായ ഭാവ ചലനങ്ങളൊക്കെയുള്ള ഒരു പയ്യന്‍. വളര്‍ച്ച മുരടിച്ചപോലെയുള്ള ഒരു രൂപം. ഒറ്റ നോട്ടത്തില്‍ത്തന്നെ ആരുമൊന്നു ശ്രദ്ധിക്കും. എല്ലാവരും അവനെ അല്പം അകറ്റി നിര്‍ത്തിയിരിക്കുകയാണ്. എങ്കിലും അവന്‍ ആത്മാര്‍ത്തമായിത്തന്നെ പാടുകയാണ്. അവന്‍റെ ശബ്ദം മേല്‍സ്ഥായിയിലേക്കെത്തുമ്പോള്‍ മറ്റുള്ളവര്‍ അവനെ ദേഷ്യത്തോടെ ഒന്നു നോക്കുന്നു. പെട്ടന്നവന്‍ പേടിച്ചു ശബ്ദം കുറയ്ക്കുന്നു. വീണ്ടും കൂട്ടുന്നു. ഇടയ്ക്കിടയ്ക്കങ്ങിനെ ശബ്ദം കൂട്ടിയും, കുറച്ചും അവന്‍ പാടിക്കൊണ്ടിരുന്നു. അവന്‍റെ മുഖത്തെ ആ നിഷ്ക്കളങ്കത അയാള്‍ ശ്രദ്ധിച്ചു കൊണ്ടിരുന്നു. ഇടയ്ക്കറിയാതെ ശബ്ദം വീണ്ടും ഉയര്‍ന്നപ്പോള്‍ സംഘത്തിന്‍റെ നേതാവ് അവനോടു് കയര്‍ക്കുകയും പാട്ടുനിര്‍ത്താന്‍ ആജ്ഞാപിച്ച് പുറകിലോട്ടു പിടിച്ചു തള്ളുകയും ചെയ്തു. എല്ലാവരുടെയും മുന്‍പില്‍ ഇളിഭ്യനായ അവന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുവാന്‍ തുടങ്ങി. പുറകിലൊതുങ്ങി മാറി നിന്ന അവന്‍റെ വിഷമം മനസ്സിലാക്കിയ അച്ചന്‍ അവന്‍റെ സമീപത്തേക്ക്‌ ചെന്ന് അവനെ തന്നോട് ചേര്‍ത്തു നിര്‍ത്തി തലയില്‍ തലോടി. പിന്നെ പേരു ചോദിച്ചു. കരച്ചിലിനിടയില്‍ ഒരു കൊഞ്ഞയോടെ അവന്‍ പറഞ്ഞു.“മാണി-ഹുഞ്ഞ്” “എന്തിനാ ‘മാണിക്കുഞ്ഞേ’ നീ കരയുന്നേ..നീ നല്ലോണം പാടിയല്ലോ”. അച്ചന്‍ അവനെ പള്ളിമേടയിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഇടവകയിലാരോ അച്ചനു സമ്മാനിച്ച ഒരു പ്ലം കേക്കു മുറിച്ച് ഒരു വലിയ കഷണം അവന്‍റെ വായില്‍ വച്ചു കൊടുത്തു. മുച്ചുണ്ടുള്ള ചിറി കോട്ടി അവന്‍ ചിരിച്ചു. മൂക്കള പിഴിഞ്ഞ് നിക്കറില്‍ തേക്കുവാന്‍ തുടങ്ങിയ അവനെ തടഞ്ഞ് അച്ചന്‍ പറഞ്ഞു “ഛെ..എന്തു വൃത്തികേടാടാ ഈ കാണിക്കുന്നത് പോയി മുഖം കഴുക്”. വാഷ് ബേസിനില്‍ മുഖം കഴുകി വന്ന അവന് അച്ചന്‍ യേശുവിന്‍റെ മുഖ ചിത്രം തുന്നിയ റോസ് കളറിലെ ഒരു ഒരു കുഞ്ഞു പട്ടുതൂവാല കൊടുത്തു. കുന്തിരിക്കത്തിന്‍റെ മണമുള്ള ആ തൂവാല അവന്‍ മുഖത്തോടു ചേര്‍ത്തു വച്ച് ഒരനുഭൂതി പോലെയതിന്‍റെ മണം ആസ്വദിച്ചു കൊണ്ടു പറഞ്ഞു: “ഹായ് ഞല്ല മനം”.

“ഇത് യേശുവിന്‍റെ മണമാണ്. ഇനി നിനക്കു വിഷമം തോന്നുമ്പോള്‍ ഈ തൂവാല കൊണ്ടു മുഖം പൊത്തിയാല്‍ മതി എല്ലാം മാറിക്കിട്ടും; പക്ഷേ മുഖം വൃത്തിയായിരിക്കണം, സമ്മതിച്ചോ” അച്ചന്‍ ചോദിച്ചു:നിഷ്ക്കളങ്കതയോടെ അവന്‍ തലയാട്ടി.

“ഭദ്രമായി സൂക്ഷിക്കണം” അച്ചനവനതു കൊടുത്തു. അന്ന് അവിടെ വച്ച്, അച്ചന്‍ അവന്‍റെ മനസ്സില്‍ സന്തോഷത്തിന്‍റെ, സ്നേഹത്തിന്‍റെ, പുതിയ ഒരു നക്ഷത്രവിളക്കു തൂക്കി.

കരോട്ടു കുട്ടപ്പന്‍റെ റബ്ബര്‍ ഫാക്ടറിയില്‍ ചെരുപ്പു വള്ളി വെട്ടാന്‍ പോകുന്ന ഏലിക്കൊച്ചിന്‍റെയും, മുഴുക്കുടിയനായ മോനാച്ചന്‍റെയും ഒറ്റ മകനായ മാണിക്കുഞ്ഞ് തന്‍റെ പതിമൂന്നു വര്‍ഷത്തെ കൊച്ചു ജീവിതത്തിനുള്ളില്‍ത്തന്നെ ഒട്ടേറെ അവഗണനകളും ദുരിതങ്ങളും അനുഭവിച്ചു തീര്‍ത്തിരുന്നു. കള്ളിനൊപ്പം കഞ്ചാവും ചേര്‍ന്നപ്പോള്‍ മോനാച്ചനെ ആരും ജോലിക്കെടുക്കാതെയായ്. ലഹരിമൂത്ത രാത്രികളില്‍ മോനാ, മാണിക്കുഞ്ഞിനെ മതിയാവോളം മര്‍ദ്ദിച്ചു. “എറങ്ങിപ്പോടാ കുട്ടിപ്പിശാശെ എവിടേയ്ക്കെങ്കിലും, കാലന്‍റെ തല കണ്ടതോടെ ഒള്ള പണിയും പോയി” മോനാച്ചനലറി.

ഇടയ്ക്കു കയറിയ ഏലിക്കൊച്ചിന്‍റെ മുടിയില്‍ ചുറ്റി ഭിത്തിയിലിടിച്ചു:

“കഴ്വറട മോളെ എന്തിനാ ഈ ഒരു ജന്തൂനെ ഇങ്ങനെ പെറ്റെറക്കിയത്.എന്‍റെ കണ്ണും വെട്ടത്തു കാണരു-തീ സാധനത്തിനെ”

ദണ്ഡം സഹിക്കാതെ ഏലിക്കൊച്ചും അവനെ തല്ലി; ചപ്രം, ചിപ്രം.

“പോടാ..പോ എവിടെയെങ്കിലും പോ…, പോയ് ചാവ്,എന്തിനാ ഇങ്ങനെ തല്ലുകൊണ്ടു ജീവിക്കുന്നേ?

അടികൊണ്ടവശനായ മാണിക്കുഞ്ഞ് പേടിച്ചു വിറച്ചു വരാന്തയില്‍ ചുരുണ്ടുകൂടി.

തല്ലി മടുത്ത ഏലിക്കൊച്ച് നിലത്തു കുത്തിയിരുന്നു തലയില്‍ക്കൈവച്ചു തേങ്ങി.   

“കാലന്‍, കുട്ടിപ്പിശാച്, സാത്താന്‍”.

റെയില്‍വേ ട്രാക്കിനരികിലെ ചെറ്റപ്പുരയുടെ പുറത്തെ കട്ട ഇരുട്ടില്‍ മോനാച്ചന്‍റെ ഗര്‍ജ്ജനം അലയടിച്ചു നിന്നു. അയല്‍വക്കത്തെ വിളക്കുകള്‍ ഒന്നൊന്നായി തെളിഞ്ഞു. മണ്‍ചുവരിലെ മുഷിഞ്ഞ കലണ്ടറിലെ യേശുവിന്‍റെ തിരുഹൃദയത്തെ വേദനയോടെ അവനൊന്നു നോക്കി. കണ്‍മഷിയുടെ പരസ്യം കീറിക്കളഞ്ഞു് യേശുവിനെ മാത്രമായി അവനാ കലണ്ടറില്‍  സൂക്ഷിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. നിഷ്ക്കളങ്കനോടു നിഷ്ക്കളങ്കനാകുന്ന ദൈവം അവന്‍റെ മനസ്സറിഞ്ഞു. ചൂളം വിളിച്ച് ട്രെയിന്‍ കടന്നു പോയി. മോനാച്ചന്‍റെ അലര്‍ച്ചകള്‍ ട്രെയിനെഞ്ചിനേറ്റെടുത്തു ദുര്‍ബലമാക്കി. അയല്‍വക്കത്തെ ലൈറ്റുകളണഞ്ഞു. അങ്ങിനെ രാത്രികാലത്തെ അവന്‍റെ വിളികള്‍ കേട്ട് യേശു അവന്‍റെ മാനം കാക്കുവാന്‍ തുടങ്ങി. പണ്ടൊക്കെ എലിക്കൊച്ചവന് ധാരാളം ബൈബിള്‍ക്കഥകള്‍ പറഞ്ഞു കൊടുക്കുമായിരുന്നു. യേശു ജനിച്ച ബെത്‌ലഹേമിലെ ആ രാത്രി:

നിലാവും, നക്ഷത്രങ്ങളും പ്രഭ ചൊരിഞ്ഞപ്പോള്‍ മാലാഖമാരുടെ താരാട്ടു കേട്ട് മയങ്ങിയുണര്‍ന്നു ചിരിക്കുന്ന ഉണ്ണിയേശുവിനെ അവന്‍ സ്വപനം കണ്ടു. പുല്‍ക്കൂട്ടില്‍ ജനിച്ചിട്ടും എത്ര വല്യ ആള്‍ക്കാരാ അവനെ കാണാന്‍ വന്നത്?. എന്തെല്ലാം സമ്മാനങ്ങളാ അവനു കിട്ടിയത്? ശത്രുക്കളുടെ പിടിയിലൊന്നും കൊടുക്കാതെ എപ്പോഴും നെഞ്ചോട്‌ ചേര്‍ത്തു വയ്ക്കാന്‍ ഒരച്ഛന്‍. ദൈവത്തില്‍ ഉറപ്പിച്ച മനസ്സുമായി മാലാഖമാരുടെ രാജ്ഞിയായ ഒരമ്മ. കൂട്ടിനായ് കാവല്‍ മാലാഖമാര്‍. എത്ര ഭാഗ്യവാനാണീ ഉണ്ണിയേശു. അവന്‍, അവനെക്കുറിച്ചൊന്നോര്‍ത്തു. ‘ആര്‍ക്കും വേണ്ടാത്തവന്‍’. ചുറ്റി നടക്കാന്‍ തൊടികളില്ല, കളിച്ചു നടക്കാന്‍ കൂട്ടുകാരില്ല. ഈ തീവണ്ടിയില്‍ക്കയറി എങ്ങോട്ടെങ്കിലും പോയാലോ?. എവിടെ പോകും? എല്ലായിടത്തും മനുഷ്യരില്ലേ?. എല്ലാവര്‍ക്കും താന്‍ ‘സാത്താന്‍ കുഞ്ഞല്ലേ?’. നാലു പേര്‍ കൂടുന്നിടത്ത് താനൊരു കാഴ്ച്ചവസ്തുവല്ലേ?.. കണ്ണാടിയില്‍ നോക്കാനവന്‍ ഭയന്നു. ആരും ചോദിക്കാനില്ലാത്ത അവനെ നാട്ടിലെ ‘ട്രോള്‍’ സംഘടനയുടെ പോസ്റ്ററില്‍ കാര്‍ട്ടൂണ്‍ കഥാപാത്രമാക്കി. അവന്‍ ചിരിച്ചാല്‍, കരഞ്ഞാല്‍, നോക്കിയാല്‍, മിണ്ടിയാല്‍ എല്ലാം തമാശക്കഥകളായി. കവലകൂട്ടങ്ങളില്‍, അങ്ങാടിയില്‍, തെരുവില്‍, പള്ളിയില്‍, ചായക്കട ചര്‍ച്ചകളില്‍ എല്ലായിടത്തും സാക്ഷരരും നിരക്ഷരരും തങ്ങളാലാവും വിധം അവന്‍റെ വൈരൂപ്യത്തെച്ചൊല്ലി ചിരിച്ചുല്ലസിച്ചു. പള്ളിക്കൂട വരാന്തയില്‍ ‘സാത്താന്‍കുഞ്ഞിന്‍റെ’ തലയില്‍ ഞോടാന്‍ കുട്ടികള്‍ മത്സരിച്ചപ്പോള്‍ പരാതി പറഞ്ഞ അവനെ അദ്ധ്യാപകര്‍ ശാസിച്ചു, തല്ലിയോടിച്ചു. കാക്കപ്പട ചേര്‍ന്ന് ഒരു മനുഷ്യന്‍റെ തലയില്‍ കൊത്തി മുറിവേല്‍പ്പിക്കുമ്പോള്‍ രക്ഷപെടാനായി ഓടി വീട്ടില്‍ക്കയറി കതകടയ്ക്കുന്ന ഒരു മനുഷ്യനെ അവന്‍ കണ്ടിട്ടുണ്ട്. താനും ആ മനുഷ്യനും ഒരേപോലെയല്ലേ? സ്കൂളിലെ പഠിത്തമവന്‍ നിര്‍ത്തി, വീട്ടിനുള്ളില്‍ത്തന്നെ ചടഞ്ഞുകൂടി. ആര്‍ക്കും വേണ്ടാത്ത താന്‍ ഇനിയെന്തിനു പഠിക്കണം.?

പകല്‍ വെട്ടത്തെ ഭയന്ന അവന്‍ രാത്രികള്‍ക്കായ് കാത്തിരുന്നു. പക്ഷെ രാത്രികള്‍ അതിലും ഭീകരമായപ്പോള്‍ ഇരുട്ടിനേയും വെളിച്ചത്തേയും അവനൊരുപോലെ ഭയന്നു. എങ്കിലും കര്‍ത്താവിന്‍റെ മുന്നില്‍ കത്തി നില്‍ക്കുന്ന മെഴുകുതിരി വെട്ടത്തെ അവനിഷ്ടപ്പെട്ടു. ഏലിക്കൊച്ചിനോടൊപ്പം മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. പകല്‍ മേഘ സ്തംഭവും രാത്രി അഗ്നിത്തൂണുമായ് ഇസ്രായേല്‍ ജനതയെ കാത്തു പരിപാലിച്ച സര്‍വ്വ ശകതനോടവന്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. ”കര്‍ത്താവേ എന്നെയും കൂടി കാത്തു കൊള്ളേണമേ”.

റബ്ബര്‍പ്പൊടി നിറഞ്ഞ ശ്വാസകോശവുമായ് വലിച്ചും, കുരച്ചും ജോലിക്കുപോയ ഏലിക്കൊച്ച് ഒരിക്കല്‍ ചോരതുപ്പി വഴിയില്‍ വീണു. കഞ്ചാവു മൂത്ത ‘മോനാ’ കുത്തു കേസില്‍ പ്രതിയായി. ഏതാണ്ടനാഥനായ മാണിക്കുഞ്ഞ് ബാഹ്യലോകത്തിലെ വെളിച്ചം കാണാതെ, ശബ്ദം കേള്‍ക്കാതെ, ഒട്ടിയ വയറുമായ് ഇരുണ്ട ഒറ്റ മുറിയിലെ രോഗക്കിടക്കയില്‍ ഏലിക്കൊച്ചിനു കൂട്ടിരുന്നു. ശുഷ്ക്കിച്ച അവന്‍റെ കൈവിരലുകള്‍ ചേര്‍ത്തു പിടിച്ച് കണ്ണീര്‍ വറ്റിയ കണ്ണുകളുമായ് മുകളിലെ ശൂന്യതയിലേക്കു നോക്കി ഒരു പ്രതിമ കണക്കെ അവര്‍ കിടന്നു. നാളുകള്‍ കടന്നു പോയി. ആര്‍ക്കും വേണ്ടാത്ത ആ രണ്ടു ജന്മങ്ങളെ നാട്ടുകാര്‍ മറന്നു, ‘ട്രോളുകാര്‍’ മറന്നു.

പുത്തന്‍ പള്ളിയില്‍ പെരുന്നാളിനു കൊടിയേറി. മതിലുകള്‍ വെള്ളപൂശി. കെട്ടിടമാകെ ബള്‍ബുകളും കൊടി തോരണങ്ങളും കൊണ്ടലങ്കരിച്ചു. പള്ളിയിലേക്കുള്ള  വഴികളിലെ കാടും, പുല്ലുമൊക്കെ തെളിച്ചു വൃത്തിയാക്കുന്നവര്‍ മാണിക്കുഞ്ഞിന്‍റെ വീടിനടുത്ത വഴിയിലുമെത്തി.സഹായത്തിനായി ഒരു സംഘം കുട്ടികളും. അവരുടെ കൂടെക്കൂടുവാന്‍ അവന്‍റെ മനസ്സ് വല്ലാതെ കൊതിച്ചു. പക്ഷെ അവര്‍ തന്നെക്കൂട്ടില്ലെന്നവനുറപ്പുള്ളതു കൊണ്ടും പരിഹാസത്തെ ഭയന്നും പുറത്തിറങ്ങാതെ ഇരുട്ടില്‍ നിന്ന് പാതി തുറന്ന ജനാലയിലൂടെ അവനെല്ലാം നോക്കിക്കണ്ടു. ആള്‍ക്കാരുടെ കലപില ശബ്ദം ഉയര്‍ന്നു കേള്‍ക്കാം. ഇടക്കൊരുത്തന്‍ എല്ലാവരോടുമായി ഉറക്കെ:

“ഇതു നമ്മടെ ആ സാത്താന്‍ കുഞ്ഞിന്‍റെ വീടല്ലേ?.

മനസ്സിലാകാത്ത പോലെ വേറൊരാള്‍

അതാര്?

“ഹാ.. ആ കുടിയന്‍ മോനായില്ലേ..? അയാടെ മോന്‍; ആ മുച്ചുണ്ടന്‍ ചെറുക്കന്‍. അവലക്ഷണം കെട്ട ഒരു ജന്തു. തന്ത ഇപ്പോ ജയിലിലാ അതാ ഇപ്പോ പുറത്തോട്ടൊന്നും കാണാത്തെ”

“ഓ അതു ശരി ഞാനാ ചെറുക്കനെ കണ്ടിട്ടില്ല”

ആദ്യത്തെയാള്‍ :“എന്നാ പിന്നെ കാണാതിരിക്കുന്നതാ നല്ലത്”

എല്ലാവരും ചിരിക്കുന്നു

ഏലിക്കൊച്ചിന്‍റെ മുഖത്തേക്കാ ശബ്ദം വന്നു വീണു

മാണിക്കുഞ്ഞ് അവരെ ദയനീയമായൊന്നു നോക്കി. അവന്‍റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. ഏലിക്കൊച്ചവനെ അരികില്‍ ചേര്‍ത്തിരുത്തി ആശ്വസിപ്പിച്ചു.

പെരുന്നാള്‍ തലേന്നു്.

പള്ളി മണിയടിച്ചു. കതിനാ വെടി മുഴങ്ങി.ആ ശബ്ദത്തെ മുറിച്ചു് ഗായക സംഘം പാടി:

“മംഗളമായ്‌ത്തീരണമീ പെരുന്നാള്‍”.

കൂറ്റന്‍ സ്പീക്കറില്‍ നിന്നും ആ ഗാനം ഒഴുകിയെത്തി. ഒപ്പം പെരുന്നാള്‍ പ്രദക്ഷിണത്തിന്‍റെ അറിയിപ്പും. മാണിക്കുഞ്ഞ് ജനല്‍ തുറന്നു പുറത്തെ ഇരുട്ടിലേക്കു നോക്കി. ആകാശത്തേക്ക് നൂണ്ടു കയറി പൊട്ടി വിരിയുന്ന വാണങ്ങള്‍. വാഹനങ്ങളുടെ സ്പീക്കറില്‍ നിന്നും ഒഴുകിയെത്തുന്ന ഭക്തി ഗാനങ്ങളോടൊപ്പം ഇടകലര്‍ന്നു കേള്‍ക്കുന്ന ചെണ്ട മേളം. പ്രദക്ഷിണം തുടങ്ങി മാണിക്കുഞ്ഞിന്‍റെ വീടിനു മുന്‍പിലെ വഴിയിലേക്കുമെത്തി. പരിഹാസം ഭയന്നവന്‍  പുറത്തിറങ്ങാതെ മുറിക്കുള്ളിലെ ഇരുട്ടില്‍ നിന്ന് ജനലിന്‍റെ വിടവില്‍ക്കൂടി പുറത്തേക്കു നോക്കി. കട്ടിലില്‍ കിടന്ന്‌ ഏലിക്കൊച്ചു സഹതാപത്തോടെ അവനെ നോക്കി.

    മുത്തുക്കുടകളുമേന്തി വരിവരിയായി നടന്നു പോകുന്ന സമ പ്രായക്കാരില്‍ ഒരാളാകാന്‍ അവന്‍ കൊതിച്ചു. വിശുദ്ധ ആചാര വസ്ത്രം ധരിച്ച ദേവസ്യാച്ചന്‍,മറ്റു വൈദികര്‍, കൈക്കാര്‍,സഹായികള്‍, കന്യാസ്ത്രീകള്‍, രൂപക്കൂടുകളേന്തിയവര്‍, ബാന്റുമേളക്കാര്‍.ഭക്തി നിറഞ്ഞ മുഖങ്ങളുമായ് കൈകൂപ്പി നീങ്ങുന്ന സ്ത്രീകള്‍.

ജാഥയുടെ പുറകില്‍ മുറുകുന്ന ചെണ്ടമേളത്തിനാവേശം പകരാന്‍ നാട്ടിലെ ‘ട്രോള്‍’ സംഘവുമുണ്ട്. മാണിക്കുഞ്ഞിന്‍റെ വീടിനു മുപിലെത്തിയ അവര്‍ മേളത്തിന്‍റെ താളത്തിനൊപ്പം ആവേശത്തോടെ വിളിച്ചു കൂവി:

“സാത്താന്‍ കുഞ്ഞേ..സാത്താന്‍ കുഞ്ഞേ..

ധിംത, തക്കിട, ധിംത, തക്കിട, തക്കിട,തക്കിട തോം”..

ഹാ.. “സാത്താന്‍ കുഞ്ഞേ..സാത്താന്‍ കുഞ്ഞേ..

ധിംത, തക്കിട, ധിംത, തക്കിട, തക്കിട,തക്കിട തോം..”

രസം മൂത്ത താന്തോന്നികളായ ചെറുപ്പക്കാര്‍ നൃത്തച്ചുവടുകളോടെ, ആവേശത്തോടെ വീണ്ടും, വീണ്ടുമതേറ്റു പാടി.തര്‍ന്ന മനസ്സുമായി മാണിക്കുഞ്ഞ് പൊട്ടിക്കരഞ്ഞു. ഏങ്ങലടിച്ചുള്ള അവന്‍റെ കരച്ചില്‍ കണ്ട ഏലിക്കൊച്ചും കരഞ്ഞു പോയി. അമ്മ കരയുന്നതവനിഷ്ടമില്ല. പെട്ടന്നവന്‍ കരച്ചില്‍ നിര്‍ത്തി കട്ടിലിലിരുന്നു. അവരവന്‍റെ നെറ്റിയിലും, തലയിലും തെരു തെരെ ഉമ്മ വച്ചു..ചെണ്ട മേളം അകന്നു പോയി.

രോഗം മൂര്‍ഛിച്ച ഏലിക്കൊച്ചിനു് അന്ന് ആ രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല. അവരുടെ കട്ടിലിനു സമീപം കൂട്ടിരുന്ന മാണിക്കുഞ്ഞിനെ നോക്കി കണ്ണീരോടെ അവര്‍ പറഞ്ഞു:

“അമ്മയില്ലാതായാല്‍ മോന്‍ ദേവസ്യാച്ചനോട് പറയണം മോനെക്കൂടെ നോക്കണമെന്ന്. മോന്‍ പറഞ്ഞാല്‍ അച്ചനതു കേള്‍ക്കും”.

ചുമച്ചു, ചുമച്ചു വീണ്ടും ചോര തുപ്പിയ എലിക്കൊച്ചു് ശ്വാസം കിട്ടാതെ പിടഞ്ഞു. വെപ്രാളപ്പെട്ട്, നിറകണ്ണുകളോടെ ദയനീയമായി അവരവനെ ഒന്നു നോക്കി. ഒരന്ധാളിപ്പോടെ മാണിക്കുഞ്ഞിറങ്ങിയോടി. അയല്‍വക്കത്തെ വീടുകള്‍ അടഞ്ഞു കിടക്കുന്നു. എല്ലാവരും പള്ളിയിലാണ്. ചെണ്ടമേളക്കാര്‍ കലാശക്കൊട്ടില്‍. സകല ശക്തിയും സംഭരിച്ച് അവനവിടേക്കൊടി. പള്ളിമുറ്റത്തെ ആള്‍ക്കൂട്ടത്തിനിടയില്‍ കിതച്ചു നിന്നു. വെടിക്കെട്ടാരംഭിച്ചിരിക്കുന്നു. ആകാശത്തു പൊട്ടിവിടരുന്ന പൂക്കുടകളെ നോക്കി ആര്‍ത്തട്ടഹസിക്കുന്ന ആള്‍ക്കാര്‍. ഒരു കരച്ചിലോടെ എല്ലാവരെയും അവന്‍ മാറി മാറി നോക്കി. കാതടപ്പിക്കുന്ന ശബ്ദ ഘോഷങ്ങള്‍ക്കിടയില്‍ അവന്‍റെ കരച്ചിലവിടെ മുങ്ങിപ്പോയി. ആരോടൊക്കെയോ, എന്തൊക്കെയോ പറഞ്ഞു. അവന്‍റെ ‘കൊഞ്ഞ ഭാഷ’ മനസ്സിലാകാതെ പുച്ഛത്തോടെ അവരവനെ ആട്ടിയകറ്റി.നിരാശനായ മാണിക്കുഞ്ഞ് തിരികെ വീട്ടിലേക്കോടി.

സ്കൂളില്‍ പോകുമ്പോള്‍ അവനെ ഇഞ്ച തേച്ചു കുളിപ്പിച്ച ഏലിക്കൊച്ചിന്‍റെ വിരലുകള്‍ നിശ്ചലമായിരിക്കുന്നു. അലറിക്കരഞ്ഞ അവന്‍റെ ശബ്ദത്തെ മുറിച്ചുകൊണ്ട് ഒരു ട്രെയിന്‍ ഇരമ്പിപ്പാഞ്ഞു. തകരപ്പെട്ടിയില്‍ സൂക്ഷിച്ചിരുന്ന ദേവസ്യാച്ചന്‍ കൊടുത്ത തൂവാല എടുത്തവന്‍ മുഖത്തോടു ചേര്‍ത്തു വച്ചു പൊട്ടിക്കരഞ്ഞു. ചുടു കണ്ണീര്‍ വീണു് യേശുവിന്‍റെ മുഖം നനഞ്ഞു കുതിര്‍ന്നു.

“ദുഖിക്കുന്നവര്‍ ഭാഗ്യവാന്മാര്‍, അവര്‍ക്ക് ആശ്വാസം ലഭിക്കും”. അള്‍ത്താരയിലെ യേശുവിന്‍റെ മുമ്പില്‍ കണ്ണീരോടെ മുട്ടുകുത്തിയ അവന്‍ യേശുവിന്‍റെ ശബ്ദം കേട്ടു. അവന്‍റെ കൈ പിടിച്ചുയര്‍ത്തി ദേവസ്യാച്ചന്‍ അവനെ കൂടെക്കൂട്ടി. അച്ചനോടൊപ്പം ഒരു നിഴല്‍ പോലെ അങ്ങനെ അവനും കൂടി. അമ്മ പറഞ്ഞിടത്തുനിന്നും അച്ചന്‍ തുടങ്ങി; പുതിയ ബൈബിള്‍ കഥകളവനു പറഞ്ഞു കൊടുത്തു.

“നീ ആര്‍ക്കും വേണ്ടാത്തവനല്ല, ദൈവത്തിന്‍റെ പ്രിയപുത്രനാണ് നീ. നിനക്കു ചെയ്യുവാന്‍ വേണ്ടി ദൈവം ഈ ലോകത്തില്‍ മുന്‍കൂട്ടി തീരുമാനിച്ച ഒട്ടേറെ കാര്യങ്ങളുണ്ട്, അതു നീ ചെയ്യും, ദൈവം അതിനായ് നിന്നെ ഒരുക്കും. നീ സാത്താന്‍ കുഞ്ഞല്ല, യേശുവിന്‍റെ കുഞ്ഞാണ്. ‘യേശുക്കുഞ്ഞ്”.

അവന്‍റെ ഹൃദയത്തിലേക്കച്ചന്‍റെ ഈ വാക്കുകള്‍ ആഴത്തില്‍ പതിഞ്ഞു.

വേദപുസ്തകം നെഞ്ചോട്‌ ചേര്‍ത്തുവച്ചവന്‍ ഉറക്കെയുറക്കെ പറഞ്ഞു:

“ഞാന്‍ യേശുക്കുഞ്ഞാണ്.., ഞാന്‍ യേശുക്കുഞ്ഞാണ്”.

വേദപുസ്തകത്തിന്‍റെ ആഴങ്ങളിലേക്കവന്‍ ഊളിയിട്ടിറങ്ങിയപ്പോള്‍ ഒരു കാര്യം ബോധ്യമായി. തന്നെപ്പോലെ തന്നെ അവഗണിക്കപ്പെട്ടവരെയും,ആര്‍ക്കും വേണ്ടാത്തവരെയുമാണ്‌ യേശു കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നതെന്ന്. മെഴുക്കു പുരണ്ട മുടിയും, ദേഹമാസകലം മീന്‍ ചെതുമ്പലും, ചെളിപുരണ്ട് ഉളുംമ്പു മണക്കുന്ന വസ്ത്രങ്ങളുമായി നടന്നിരുന്ന അക്ഷരാഭ്യാസം പോലുമില്ലാത്ത പാവപ്പെട്ട  മുക്കുവരെ യേശു തന്നോടു ചേര്‍ത്തു നിര്‍ത്തി ശിഷ്യന്മാരാക്കി. അപ്പോള്‍ തന്നെയും തീര്‍ച്ചയായും കൂടെച്ചേര്‍ക്കും. അച്ചന്‍ പറഞ്ഞതവന്‍ മനസ്സിലുറപ്പിച്ചു. അവന്‍റെ മനസ്സിനെ ആകര്‍ഷിച്ച വേദപുസ്തകത്തിലെ മറ്റൊരു കഥാപാത്രം മോശയായിരുന്നു. ഫറവോന്‍റെ കൊട്ടാരത്തിലെ ദാസ്യപ്പണി ചെയ്തു ജീവിച്ച, അച്ഛനാരാണെന്നറിയാത്ത, വിക്കനായിരുന്ന അയാളെയാണ് ഇസ്രായേല്‍ ജനതയുടെ രക്ഷകനായി ദൈവം തിരഞ്ഞെടുത്തടുത്തത്..! ചെങ്കടലിനു മീതെ വടിയുയര്‍ത്തി രണ്ടായി പിളര്‍ന്നവന്‍. അവന്‍ ആകാശത്തേക്കു നോക്കി അലറുമ്പോള്‍ ദൈവം ‘മന്ന’ പൊഴിക്കും. അവന്‍ ദിക്കുകളോടു കല്‍പ്പിക്കുമ്പോള്‍ കാടപ്പക്ഷികള്‍ ഇരമ്പിയെത്തും. അവന്‍ പാറപ്പുറത്താഞ്ഞടിക്കുമ്പോള്‍ പാറപിളര്‍ന്നു വെള്ളം കുതിച്ചു ചാടും. അവന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവസാന്നിധ്യം മേഘരൂപത്തിലവന്‍റെ തലയ്ക്കുമുകളിലെത്തും. സ്നേഹിതരെപ്പോലെ മോശ കര്‍ത്താവിനോടു സംസാരിക്കും. വിക്കനായ മോശയെ ദൈവം ഇങ്ങനെയൊക്കെ സ്നേഹിച്ചു ബലപ്പെടുത്തിയെങ്കില്‍ തീര്‍ച്ചയായും തന്നെയും ബലപ്പെടുത്തും. വല്ലാത്ത ഒരു ഒരു ആത്മധൈര്യം അവനു ലഭിച്ചു.

മാന്‍ നീര്‍ത്തോടുകളെ കാംക്ഷിക്കുന്നതുപോലെ അവന്‍റെ ഉള്ളം യേശുവിങ്കലേക്ക് ചേരുവാന്‍ അതിയായി ആഗ്രഹിച്ചു. യേശു ചിന്തകള്‍ കൊണ്ടു മനസ്സു നിറഞ്ഞ അവന് യേശുവിനെ കാണുവാന്‍ അതിയായ ഒരാഗ്രഹം തോന്നി. ഊണിലും, ഉറക്കത്തിലും അതു മാത്രമായി ചിന്ത. രാത്രി ഏറെ വൈകിയും വേദപുസ്തകം വായിച്ചു കൊണ്ടിരുന്ന അവന്‍, വേദപുസ്തകം നെഞ്ചില്‍ വച്ച് അറിയാതെ ഉറക്കത്തിലേക്ക് വീണു പോയി.

പുലര്‍ച്ചെ ആടുകളുടെ കരച്ചില്‍ കേട്ടവന്‍ ഞെട്ടിയുണര്‍ന്നു. ശാന്ത സുന്ദരമായ യേശുവിന്‍റെ നസറത്ത് ഗ്രാമം അപ്പോള്‍ ഉണര്‍ന്നു വരുന്നതേയുള്ളൂ. ചെമ്മരിയാടുകളെയും തെളിച്ചുകൊണ്ട്‌ മലയടിവാരത്തേക്കു പോകുന്ന ഉന്മേഷവന്മാരായ ഒരു പറ്റം ഇടയന്മാര്‍. പുലര്‍ മഞ്ഞില്‍ നനഞ്ഞു കുളിച്ച മാതള മരങ്ങള്‍, ഒലിവു മരങ്ങള്‍, മുന്തിരിത്തോട്ടങ്ങള്‍. ചുവന്നു തുടുത്ത മുന്തിരിക്കുലകളില്‍ നിന്നും ഹിമബിന്ദുക്കളിറ്റു വീണുകൊണ്ടിരിക്കുന്നു. തണുപ്പിനെ വകവയ്ക്കാതെ കഴുതകളെയുമായി ഗോതമ്പു പാടങ്ങള്‍ ഉഴുതു മറിക്കുന്ന യഹൂദ കര്‍ഷകര്‍. യേശുവിനെ തിരഞ്ഞ് മാണിക്കുഞ്ഞിപ്പോള്‍ അവിടെ എത്തിയിരിക്കുന്നു.!

പടര്‍ന്നു പന്തലിച്ച ഒരത്തിമരത്തിന്‍റെ ചുവട്ടില്‍ നിന്ന് വരുന്നവരെയും പോണവരേയുമൊക്കെ കുറേ നേരമായി അവന്‍  ശ്രദ്ധിച്ചുകൊണ്ടു നില്‍ക്കുകയാണ്. തണുത്ത കാറ്റടിച്ചവന്‍ വിറയ്ക്കുന്നു. ചുവന്ന നീളന്‍ കുപ്പായവുമണിഞ്ഞ് കുതിരപ്പുറത്തു പോകുന്ന പുരോഹിത ശ്രേഷ്ഠന്മാര്‍. അവരെക്കണ്ട് ഭക്ത്യാദരപൂര്‍വം വഴിമാറികൊടുക്കുന്ന ഇടയന്മാര്‍. മറ്റൊരു കൂട്ടര്‍  നീളന്‍ വടികള്‍ വീശി ഉറക്കെയെന്തൊക്കെയൊ പറഞ്ഞ് നടന്നു വരുന്നു.അവന്‍ നോക്കി. യേശുവുണ്ടോ ആ കൂട്ടത്തില്‍? ഇല്ല. ഇനി ഇവിടെ നിന്നാല്‍ ശരിയാവുകയില്ല; യേശുവിനെ അന്വേഷിച്ചവന്‍ നടക്കാന്‍ തുടങ്ങി. നസ്രത്തിലെ തച്ചന്‍റെ ചെറിയ വീടു തിരഞ്ഞവന്‍ ഇടുങ്ങിയ തെരുവുകളില്‍ക്കൂടി നടന്നു. കല്ലുകള്‍ കൊണ്ട് പണിതീര്‍ത്തിരിക്കുന്ന ഒട്ടേറെ വീടുകള്‍. എല്ലാവീടുകളും ഏതാണ്ടൊരേപോലെയിരിക്കുന്നു. വീടിന്‍റെ മുറ്റത്ത് ചര്‍ക്ക നൂല്‍ക്കുന്ന സ്ത്രീകള്‍, കഴുതകളോടൊപ്പം തലങ്ങും, വിലങ്ങും ഓടിക്കളിക്കുന്ന കുട്ടികള്‍, അവിടെയെങ്ങും യേശുവില്ല. നടന്നു നടന്ന് കഫര്‍ന്നഹൂം ചന്തസ്ഥലത്തേക്കെത്തി. ആളു കൂടി നില്‍ക്കുന്ന എല്ലായിടത്തും നോക്കി. വീഞ്ഞു നിറയ്ക്കുന്ന ഭരണികള്‍ക്കു വേണ്ടി വില പേശുന്ന ആള്‍ക്കാര്‍, കമ്പളങ്ങളും വിരിപ്പുകളും വില്‍ക്കുന്നവര്‍, പക്ഷി മൃഗാദികള്‍, സുഗന്ധ ദ്രവ്യങ്ങള്‍, പഴങ്ങള്‍, കളിമണ്‍ പാത്രങ്ങള്‍, ഇതെല്ലാം വില്‍ക്കുന്നവര്‍. എല്ലാം കണ്ടും കേട്ടും ആള്‍ക്കാരുടെ ഇടയിലൂടെ അവന്‍ നടന്നു. എവിടെയും യേശുവില്ല. വില്‍ക്കാന്‍ വച്ചിടത്തു നിന്നും സ്വതന്ത്രനായി പറന്നു പൊങ്ങിയ ഒരു മയിലിനെ പിടിക്കുവാന്‍ പുറകേ ഓടിയ ഒരു കച്ചവടക്കാരന്‍ അവനെ തള്ളിമാറ്റി മുന്നോട്ടോടി. പെട്ടന്നവിടമാകെ ബഹളമയമായി. വഴിയുടെ അരികുപറ്റി നിന്ന അവന്‍ ഒരു കൂട്ടം ആശാരിമാരെക്കണ്ടു. മരത്തില്‍ കൊത്തുപണികള്‍ ചെയ്ത് കരകൌശല വസ്തുക്കള്‍ വില്‍ക്കുകയാണവര്‍. ഒരു പക്ഷേ യേശു അവിടെയുണ്ടാവും. പ്രത്യാശയോടെ അവനവിടേക്കെത്തി. ഇല്ല, യേശു അവിടെയുമില്ല. ‘എവിടെപ്പോയാണെങ്കിലും യേശുവിനെ ഞാന്‍ കണ്ടുപിടിക്കും’. ഒരു വാശിയോടെ അവനത് മനസ്സിലുറപ്പിച്ചു. യേശു സഞ്ചരിക്കാറുള്ള എല്ലാ വഴികളിലൂടെയും അവനലഞ്ഞു. ഗന്നെസരത്തു തടാകക്കരയില്‍, യേശു ഒറ്റക്കിരുന്നു പ്രാര്‍ത്ഥിക്കുന്ന ഒലിവു മലയില്‍, കാരകില്‍ മരങ്ങള്‍ തളിരണിഞ്ഞു നില്‍ക്കുന്ന സീനായ്‌ മലഞ്ചെരുവുകളില്‍, കാനായിലെയും, കൈസീര്യയിലെയും തെരുവുകളില്‍, യെരുശലേമിലെ ഊരുകളില്‍, ബെഥന്യായുടെയും, ശമര്യായുടെയും, സോരിന്‍റെയും പ്രാന്തപ്രദേശങ്ങളില്‍, മഗ്ദലയിലെ നാട്ടുക്കൂട്ടങ്ങളില്‍. എങ്ങും യേശുവില്ല.

ക്ഷീണിച്ചവശനായ മാണിക്കുഞ്ഞ് കഫര്‍ന്നഹൂമിലെ മനോഹരമായ ഒരു മലയടിവാരത്തില്‍ തിരിച്ചെത്തി. നിറയെ പൂത്തു നില്‍ക്കുന്ന ഒരു ബദാം മരത്തിന്‍റെ ചുവട്ടിലിരുന്നു. നിരാശനായ അവന്‍ ചുറ്റുപാടുമൊന്നു നോക്കി. ഒരിളം കാറ്റവനെ തഴുകിപ്പോയി. നെറുകയിലേക്കൊരു പൂവ് അടര്‍ന്നു വീണു. ഹിമം പോലെ വെളുത്ത, സുഗന്ധം വമിപ്പിക്കുന്ന പരിശുദ്ധിയുടെ ഒരഞ്ചിതള്‍പ്പൂ. യേശുവിന്‍റെ സഞ്ചാര പഥങ്ങളില്‍ തണല്‍ വിരിച്ച വിശുദ്ധ മരങ്ങള്‍. ചുറ്റുപാടും പൂത്തു നില്‍ക്കുന്ന ഒട്ടേറെ ബദാം മരങ്ങള്‍. ദൂരെ പച്ചവിരിച്ച താഴ്വരകളിലേക്കവനൊന്നു നോക്കി. എവിടെ നോക്കിയാലും ആട്ടിടയന്മാരും ചെമ്മരിയാടുകളും, പിന്നെ അലഞ്ഞു തിരയുന്ന കുറെ കഴുതകളും മാത്രം.

സന്ധ്യയായി, മഞ്ഞു പെയ്യുന്നു. അങ്ങകലെ മലഞ്ചെരുവുകളിലെ വീടുകളില്‍ മണ്‍ വിളക്കുകള്‍ തെളിയുന്നു. കഴുതപ്പുറത്തു കുന്നുകയറുന്ന കൃഷിക്കാര്‍. അവന്‍ മെല്ലെ നടക്കാന്‍ തുടങ്ങി. വഴിയരികില്‍ കാല്‍മുട്ടുവരെയുള്ള നീളന്‍ കുപ്പായമണിഞ്ഞ കുട്ടികള്‍ എന്തോ ചാടിക്കളിക്കുന്ന കളികളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. നടന്നു നടന്ന്‌ അവനൊരു പുല്‍മൈതാനത്തിലെത്തി. ‘ദൂദായ്പ്പഴ’ത്തിന്‍റെ മണമുള്ള ഒരു നേരിയ കുളിര്‍ കാറ്റവനെ തഴുകിപ്പോയി. നല്ല ആശ്വാസം തോന്നുന്നു. ക്ഷീണം തീര്‍ക്കാന്‍ അവിടെയൊന്നിരുന്നു. തെളിഞ്ഞ ആകാശത്ത് നക്ഷത്രങ്ങള്‍ തിളങ്ങുന്നു. പെട്ടന്നാണവനത് ശ്രദ്ധിച്ചത്.

അരണ്ട വെളിച്ചത്തില്‍ അകലെ ഒരു യഹൂദപ്പള്ളിയുടെ ‘സിനഗോഗിനു’ (യഹൂദര്‍ ആരാധനക്കു വരുന്ന പ്രാദേശിക കേന്ദ്രം)  മുന്‍പില്‍ ഒരാള്‍ക്കൂട്ടം. അവനവിടേക്കോടി. ആള്‍ക്കാരുടെ ഇടയിലൂടെ നുഴഞ്ഞകത്തു കയറി. അവന്‍റെ ഉള്ളം സന്തോഷം കൊണ്ടു തുള്ളിച്ചാടി. കൂറ്റന്‍ കല്‍ഭിത്തികള്‍ കൊണ്ട് കെട്ടിയുയര്‍ത്തിയിരിക്കുന്ന ആ സിനഗോഗിനുള്ളില്‍ നിന്ന് യേശു പ്രസംഗിക്കുന്നു…! ഘനഗംഭീരമായ ആ ഉറച്ച ശബ്ദം സിനഗോഗിനുള്ളില്‍ ഒരു മുഴക്കത്തോടെ അലയടിച്ചു നില്‍ക്കുന്നു. വലിയ ഒരാള്‍ക്കൂട്ടം ചുറ്റിലും. യഹൂദ പുരോഹിതന്മാര്‍, ശാസ്ത്രിമാര്‍, പ്രഭുക്കന്മാര്‍, സദൂക്യര്‍, പരീശപണ്ഡിതന്മാര്‍, എല്ലാവരുമുണ്ട്.

അത്ഭുതമെന്നു പറയട്ടെ, യേശു പറയുന്നതെല്ലാം അവന്‍റെ ഭാഷയില്‍ത്തന്നെ അവനു കേള്‍ക്കാന്‍ കഴിയുന്നു. ചുറ്റുമുള്ളവര്‍ പറയുന്നതും അവന്‍റെ ഭാഷയില്‍ത്തന്നെ.വല്ലാത്ത ഒരത്ഭുതത്തോടെ അവനതു കേള്‍ക്കുന്നു.

“നമ്മുടെ സ്വന്തം ഭാഷകളില്‍ അവര്‍ ദൈവത്തിന്‍റെ വന്‍കാര്യങ്ങള്‍ പ്രസ്താവിക്കുന്നതു കേള്‍ക്കുന്നു”.

ബൈബിളിലെ ഈ വചനമവനോര്‍ത്തു. ഒന്നുകൂടി പതുക്കെ തിക്കിത്തിരക്കി അകത്തേക്കു കയറാന്‍ ശ്രമിച്ച അവനെ ഒരു പരീശ പണ്ഡിതന്‍ കഴുത്തിനു പിടിച്ചു പുറകോട്ടു തള്ളി. തറയിലേക്കവന്‍ വീണു പോയി. ചുറ്റുമുള്ളവര്‍ ആര്‍ത്തു ചിരിക്കുന്നു. ഇവിടെയും താനൊറ്റപ്പെടുകയാണോ?.അവന്‍റെയുള്ളം തേങ്ങി. എങ്കിലും എന്‍റെ ആഗ്രഹം സാധിച്ചില്ലേ? യേശുവിനെ കാണുവാന്‍ സാധിച്ചില്ലേ?. ഇനിയെന്തിനു വിഷമിക്കണം?. അവനെഴുന്നേറ്റൊരു മൂലയിലേക്കു മാറി. ഇപ്പോള്‍ യേശുവിനെ കണ്‍കുളിര്‍ക്കെ കാണാം. ഗോതമ്പ് കറ്റകള്‍ ചേര്‍ത്തുകെട്ടി തൂണുകള്‍പോലെയാക്കി അതിനു മുകളിലായ് വച്ചിരിക്കുന്ന മണ്‍ വിളക്കുകള്‍. പ്രസംഗത്തിനിടയില്‍ പ്രകാശം മങ്ങിയ വിളക്കുകളിലേക്ക് യേശു ഒന്നു നോക്കി. അത് മനസ്സിലാക്കിയ ഒരാള്‍ ഒരു ചെറിയ കല്‍ഭരണിയില്‍ നിന്ന് ഒലിവെണ്ണ ഒഴിച്ച് വിളക്കുകള്‍ കൂടുതല്‍ പ്രകാശിതമാക്കുന്നു. യേശുവിന്‍റെ മുഖത്തിനിപ്പോള്‍ തേജസ്സു വര്‍ദ്ധിച്ചിരിക്കുന്നു. കണ്ണുകളില്‍ വല്ലാത്ത ഒരു തിളക്കം. തന്‍റെ ആ പട്ടു തൂവാലയിലെ യേശുവിനെക്കാള്‍ മനോഹരനായ യേശു. എല്ലാവരോടുമായ് യേശു :-

“വിളക്കു കത്തിച്ചു പറയിന്‍ കീഴല്ല, തണ്ടിന്മേലത്രേ വെക്കുന്നത്; അപ്പോള്‍ അതു വീട്ടിലുള്ള എല്ലാവര്‍ക്കും പ്രകാശിക്കുന്നു”.

യേശുവിനെ എതിര്‍ത്തുകൊണ്ട് പരീശന്മാരും, ശാസ്ത്രിമാരുമടങ്ങിയ സംഘം  മനപ്പൂര്‍വ്വം പ്രസംഗം തടസ്സപ്പെടുത്തുവാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അതൊന്നും വകവയ്ക്കാതെ വളരെ ഉറക്കെ യേശു സംസാരിച്ചു. യേശുവിന്‍റെ മൂര്‍ച്ചയുള്ള ചോദ്യങ്ങള്‍ക്കു മുന്‍പില്‍ ഉത്തരം മുട്ടിയ അവര്‍ ബഹളം വച്ചു. യേശു അവരോട്:

“പരീശന്മാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾക്കു പള്ളിയിൽ മുഖ്യാസനവും അങ്ങാടിയിൽ വന്ദനവും പ്രിയമാകുന്നു. ശാസ്ത്രിമാരെ,പരീശന്മാരെ, കപടഭക്തിക്കാരാണു നിങ്ങള്‍. നിങ്ങളുടെ മാര്‍ഗ്ഗം പിന്തുടരുന്നവരെ നിങ്ങളെക്കാള്‍ ദുഷിച്ചവരാക്കുന്നു നിങ്ങള്‍. നരകവുമായ് ബന്ധപ്പെട്ട നിങ്ങള്‍ അത്ര ദുഷ്ടരാണ്..!,വെള്ള പൂശിയ ശവക്കല്ലറ പോലെയാണു നിങ്ങള്‍. നിങ്ങളുടെ ഉള്ളില്‍ കാപട്യവും, ദുഷ്ടതയും നിറഞ്ഞിരിക്കുന്നു. ദൈവത്തില്‍ നിന്നും നിങ്ങള്‍ രക്ഷപെടില്ല”

അതു ശരിവച്ച് മാണിക്കുഞ്ഞു മനസ്സില്‍ പറഞ്ഞു:

“തീര്‍ച്ചയായും, ദൈവത്തില്‍ നിന്നിവര്‍ രക്ഷപെടില്ല പരമദുഷ്ടന്മാരാണിവര്‍”.

ക്ഷുഭിതരായ ജനക്കൂട്ടം യേശുവിനു നേരെ തിരിഞ്ഞു.

“ഇങ്ങനെയൊക്കെ പറയുവാന്‍ നിനക്കാരാ അധികാരം നല്‍കിയത്? നീ ആ ആശാരീടെ മകനല്ലേ? നിന്‍റെ അമ്മ ആ മറിയ അല്ലെ?” അവര്‍ അതും പറഞ്ഞ് യേശുവിന്‍റെ വസ്ത്രം വലിച്ചുകീറി, മര്‍ദ്ദിക്കുവാന്‍ തുടങ്ങി. തടയുവാന്‍ ശ്രമിച്ച  ശിഷ്യന്മാരോടും, അനുയായികളോടുമവര്‍ ഏറ്റു മുട്ടി. ഇതിനിടയില്‍  ആള്‍ക്കൂട്ടത്തിലെ ശാസ്ത്രിമാരില്‍ ഒരാള്‍ പെട്ടന്നവിടേക്കോടിവന്ന് യേശുവിന്‍റെ മുഖത്താഞ്ഞടിച്ചു. ഇതെല്ലം കണ്ടുകൊണ്ടിരുന്ന മാണിക്കുഞ്ഞിനു കരച്ചില്‍ വന്നു. യേശുവിനെ മര്‍ദ്ദിക്കുന്നതവന് സഹിക്കാന്‍ കഴിയുന്നില്ല. വാവിട്ടവന്‍ നിലവിളിച്ചു. എല്ലാവരും അവനെത്തന്നെ നോക്കുന്നു. അവശനായ യേശുവിനെ അവര്‍ തള്ളി സിനഗോഗിനു പുറത്താക്കി. ഇതിനിടയില്‍ ആരൊക്കെയോ അടക്കം പറയുന്നു.

“നമുക്കവനെ ആ മലയില്‍ നിന്നും തള്ളി താഴേക്കിടാം.”

ഇതുകട്ട മാണിക്കുഞ്ഞ് രണ്ടും കല്‍പ്പിച്ച് യേശുവിന്‍റെ സമീപത്തേക്കവനോടി.എനിക്കിത് യേശുവിനോട് പറയണം, യേശുവിനെ രക്ഷപെടുത്തണം. അജാനുബാഹുവായ ഒരു ശാസ്ത്രി അവനെ തടഞ്ഞ് ദേഷ്യത്തില്‍ സിനഗോഗിന്‍റെ ജനലിലൂടെ പുറത്തേക്കാഞ്ഞെറിഞ്ഞു. 

സൂര്യപ്രകാശം മുഖത്തേക്കടിച്ചപ്പോള്‍ മാണിക്കുഞ്ഞ് ഞെട്ടിയുണര്‍ന്നു. താനെവിടെയാണ്?. എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. പറ്റുന്നില്ല ദേഹമാസകലം വേദനിക്കുന്നു. കൈകള്‍ മുറിഞ്ഞിരിക്കുന്നു. ഉണങ്ങിയ ചോരയില്‍ മണല്‍ത്തരികള്‍ പറ്റിയിരിക്കുന്നു. തലയ്ക്കു വല്ലാത്ത വേദന. തൊട്ടു നോക്കിയപ്പോള്‍ ചോര.! സ്ഥലകാലബോധം വന്ന മാണിക്കുഞ്ഞു ചാടി എഴുന്നേറ്റു. യേശു എവിടെ? യേശുവിനെന്തു പറ്റിക്കാണും?. ചുറ്റിലുമവന്‍ നോക്കി.  സിനഗോഗിനു പുറകിലെ കല്ലുപാകിയ നടപ്പാത ഒഴിഞ്ഞു കിടക്കുന്നു. യേശുവിനെ വകവരുത്തുവാനവര്‍ ചൂണ്ടിക്കാണിച്ച മലയിലേക്കവനൊന്നു നോക്കി. ഉള്ളൊന്നു കാളി. വേദന സഹിച്ചു മല മുകളിലേക്കോടിയെത്തി. ശൂന്യത; എങ്ങും ശൂന്യത. എങ്കിലും യേശു രക്ഷപെട്ടല്ലോ, അതു മതി. അവനാശ്വസിച്ചു. തെളിഞ്ഞ ആകാശത്തിന്‍റെ പശ്ചാത്തലത്തില്‍ മലമുകളിലിപ്പോള്‍ അവനും ആകാശവും  മാത്രം. ഒരിളം കാറ്റുവന്നവന്‍റെ അളകങ്ങള്‍ തഴുകിപ്പോയി. വല്ലാത്ത ഒരു സുഖം. യേശുവിനെ ഞാനിനി എങ്ങനെ  കാണും? അതോര്‍ത്തപ്പോള്‍ അവന്‍റെയുള്ളം കലങ്ങി.

“നിന്നെ ഞാന്‍ ശരണമാക്കിയിരിക്കുന്നു കര്‍ത്താവേ..,നിന്നെ എനിക്കു കാണിച്ചു തരേണമേ..”

കണ്ണുകളടച്ചവന്‍ പ്രാര്‍ത്ഥിച്ചു.

ആകാശത്തിലെ മേഘരൂപങ്ങള്‍ക്കിടയില്‍ നിന്നും ഒരശരീരി മുഴങ്ങി.

“നിന്‍റെ വഴികളെ ഞാന്‍ നടത്തും, നിന്‍റെ താത്പര്യമൊക്കെയും ഞാന്‍ നിവര്‍ത്തിക്കും.”. അവനവിടേക്കു നോക്കി. മനുഷ്യരൂപം പ്രാപിച്ചപോലെ ഒരു മേഘരൂപം..!    വിശ്വസിക്കാനാവാതെ മാണിക്കുഞ്ഞ്. അവന്‍റെ കണ്ണുകള്‍ നിറഞ്ഞു.  

ദൈവം കാണിച്ച വഴികളിലൂടെ അവന്‍ നടന്നു. ആകാശവും ഭൂമിയും കൂട്ടുനിന്നു. വിശപ്പും ദാഹവും അവനെ വിട്ടകന്നു. കാട്ടു കുതിരകള്‍ മേയുന്ന മലഞ്ചെരുവുകളിലൂടെ, മരുപ്രദേശങ്ങളിലൂടെ, ഒലിവു തോട്ടങ്ങളിലൂടെ, ഗോതമ്പും, ബാര്‍ളിയും വിളഞ്ഞു നില്‍ക്കുന്ന  വയലുകളിലൂടെ, നദീ തീരങ്ങളിലൂടെ, ഒടുവില്‍ മൂന്നാം ദിവസം സന്ധ്യക്ക്‌ അവന്‍ യേശുവിനെ കണ്ടു. ഗലീല കടപ്പുറത്ത്, തിങ്ങിനിറഞ്ഞ വലിയ ഒരു പുരുഷാരത്തിനു നടുവില്‍ യേശു പ്രസംഗിക്കുന്നു. അത്യാഹ്ലാദത്തോടെ അവനവിടേക്കൊടിച്ചെന്നു.

യേശുവിന്‍റെ ശബ്ദം മുഴങ്ങിക്കേള്‍ക്കുന്നു:

“പലരും എന്‍റെ പേരില്‍ വരും. അവര്‍ പറയും ‘ഞാനാണ് ക്രിസ്തു എന്ന്’. അവര്‍ പലരെയും വഴി തെറ്റിക്കും. നിങ്ങള്‍ യുദ്ധങ്ങളെപ്പറ്റി കേള്‍ക്കും, രാജ്യങ്ങള്‍ അന്യോന്യം പട പൊരുതും. ജനത ജനതയോടു യുദ്ധം ചെയ്യും. പലയിടത്തും ക്ഷാമവും ഭൂകമ്പവുമുണ്ടാകും”.

ആള്‍ക്കൂട്ടത്തിനിടയിലൂടെ യേശുവിന്‍റെ അരികിലെത്താനായി മണലിലൂടെയവന്‍ ഓടി. ഇതിനിടയില്‍ മണല്‍പ്പുറത്ത് വീണുപോയ മാണിക്കുഞ്ഞ് ചാടി എഴന്നേറ്റു. മണല്‍ പുരണ്ട മുഖത്തോടെ യേശുവിനെ കൈ ഉയര്‍ത്തിക്കാണിച്ചു.ആള്‍ക്കാരവനെ തടഞ്ഞു. ഇതു കണ്ട യേശു ഉറക്കെ പറഞ്ഞു

“അവനെ തടയരുത്. അവന്‍ എന്‍റെ അടുക്കല്‍ വരട്ടെ”. നിറഞ്ഞ സന്തോഷത്തോടെ യേശുവിന്‍റെ സമീപത്തെത്തിയ മാണിക്കുഞ്ഞിനെ യേശു തന്നോട് ചേര്‍ത്തു നിര്‍ത്തി. എല്ലാം മനസ്സിലാക്കിയ പോലെ അവന്‍റെ കണ്ണുകളിലേക്ക് തന്നെ ഒന്നു നോക്കി. സ്നേഹാര്‍ദ്രമായ ഒരു നോട്ടം. അവന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അപ്പോള്‍ ആകാശത്തു നിന്ന് വീണ്ടുമൊരു ശബ്ദം കേട്ടു.

“ഇവന്‍ എന്‍റെ പ്രിയപുത്രന്‍. ഇവനെ ഞാന്‍ സ്നേഹിക്കുന്നു”.

ജോര്‍ദ്ദാന്‍ നദിക്കരയില്‍ ഒരിക്കല്‍ യേശു കേട്ട അതേ ശബ്ദം ഇപ്പോളിതാ മാണിക്കുഞ്ഞും കേട്ടിരിക്കുന്നു..!

അവന്‍ മുകളിലേക്ക് നോക്കി.

അത്യുജ്ജല പ്രകാശത്തോടെ ആകാശത്തൊരു മേഘരൂപം. മേഘരൂപങ്ങള്‍ക്കിടയില്‍ യേശുവിന്‍റെ മുഖം. വിശ്വസിക്കാനാവാതെ അത്ഭുതത്തോടെ അവന്‍ തൊട്ടടുത്തു നില്‍ക്കുന്ന യേശുവിനേയും, ആകാശത്തിലെ യേശുവിനേയും മാറി, മാറി നോക്കി. അതേ മുഖം. അതേ യേശു..! ആ മേഘരൂപത്തെ അപ്പോള്‍ അവനും, യേശുവിനും മാത്രമേ കാണുവാന്‍ കഴിഞ്ഞുള്ളൂ. യേശു അവനെ നോക്കി ഗൂഢമായൊന്നു ചിരിച്ചു, പിന്നെ അവന്‍റെ തലയില്‍ വാത്സല്യത്തോടെയൊന്നു തലോടി. തീവ്രമായ ഒരു സ്വര്‍ണ്ണപ്രഭ അവന്‍റെ മുഖത്തുകൂടി മിന്നി മറഞ്ഞു.

ഒരു ഞെട്ടലോടെ കട്ടിലില്‍ നിന്നും മാണിക്കുഞ്ഞ് ചാടി എഴുന്നേറ്റു ചുറ്റിലും നോക്കി. സ്വപ്നമായിരുന്നോ?. എല്ലാം ഒന്നോര്‍ത്തെടുക്കാന്‍ ശ്രമിച്ചു. പിന്നെ, ഒരു നഷ്ടബോധത്തോടെ  കട്ടിലില്‍ കുത്തിയിരുന്നു. എങ്കിലും ശരീരത്തിനാകെ ഒരു ഉന്മേഷം തോന്നുന്നു. വല്ലാത്ത ഒരു ശക്തി ലഭിച്ച പോലെ..

 

മാണിക്കുഞ്ഞിപ്പോള്‍ പുതിയ ഒരു മനുഷ്യനായി മാറിയിരിക്കുന്നു. ഭയം അവനില്‍ നിന്നും പൂര്‍ണ്ണമായും വിട്ടകന്നു. വാക്കിലും, പ്രവൃത്തിയിലും നോട്ടത്തിലുമെല്ലാം ഒരു ആധികാരികത കൈ വന്ന അവന്‍ യേശുവിന്‍റെ സുവിശേഷങ്ങള്‍ മുഴുന്‍ മനപ്പാഠമാക്കി. അവന്‍ കണ്ട യേശുവിനെ, കേട്ട യേശുവിനെ, മനസ്സില്‍ ധ്യാനിച്ച്,ധ്യാനിച്ച്‌, ഉപബോധമനസ്സിന്‍റെ ഭ്രമാത്മക ചിന്തകളില്‍ക്കൂടി യേശുവായ്‌ രൂപാന്തരം പ്രാപിക്കുവാനവന്‍ ശ്രമിച്ചു. അധികം ആരോടും സംസാരിക്കാതെ പ്രാര്‍ത്ഥനാ നിരതമായ നാളുകളില്‍ക്കൂടിയവന്‍ കടന്നു പോയി. പിന്നീട് ആളുകൂടുന്നിടത്തൊക്കെ ‘കൊഞ്ഞ’ ഭാഷയെങ്കിലും ഉറച്ച ശബ്ദത്തിലവന്‍ യേശുവിന്‍റെ വചനങ്ങള്‍ പ്രഘോഷിക്കാന്‍ തുടങ്ങി. കുടിയന്‍ മോനായുടെ മകന്‍ സാത്താന്‍ കുഞ്ഞിന്‍റെ ‘പിരിയിളകി’ എന്ന വാര്‍ത്തയുമായി ട്രോളുകാര്‍ പൂര്‍വ്വാധികം ശക്തിയോടെയെത്തി. അവനിലുണ്ടായിരിക്കുന്ന ഈ മാറ്റങ്ങള്‍ പൂര്‍ണ്ണമായും മനസ്സിലാക്കിയ ദേവസ്യാച്ചന്‍ പള്ളിമേടയോട് ചേര്‍ന്നുള്ള കമ്മറ്റിക്കാരുടെ ഒരു മുറി അവനു സ്വന്തമായ്‌ നല്‍കിയിട്ടു പറഞ്ഞു:

”നീ ഇനീ ഇവിടെ താമസിച്ചാല്‍ മതി”

”അച്ചന് വേറെ തൊഴിലൊന്നുമില്ലേ? ഈ ‘മുച്ചുണ്ട കഴുവര്‍ട’ മോനേം പൊക്കിപ്പിടിച്ചോണ്ട് നടക്കുവാ; ഇനീ വല്ലോ വാഴ്ത്തപ്പെട്ടവനായിട്ട് പ്രഖ്യാപിക്കുമോ എന്തോ”

പള്ളിക്കമ്മറ്റി പ്രസിഡന്‍റ് കാലായ് കറിയാ രോഷം കൊണ്ടു. അതേറ്റു പിടിച്ച് കമ്മറ്റിക്കാരും കൂടെ കൂടി. അവരൊന്നിച്ച് അച്ചനെക്കണ്ട് പരാതി പറഞ്ഞു.

“ദൈവം ശുദ്ധീകരിച്ചവരെ മനുഷ്യന്‍ മലിനമെന്ന് എണ്ണരുത്; ഇതെന്‍റെ തീരുമാനമാണ്”. അച്ചന്‍റെ ദൃഢ നിശ്ചയത്തിനു മുന്‍പിലവര്‍ പിന്‍വാങ്ങിയെങ്കിലും പരിഹാസം തുടര്‍ന്നുകൊണ്ടേയിരുന്നു. പള്ളി മുറിയിലെ സ്വകാര്യ മദ്യപാനത്തിനുള്ള അവസരം നിഷേധിക്കപ്പെട്ട അവര്‍ അവനെ പുകച്ചു പുറത്താക്കാനുള്ള പല പദ്ധതികളും ആസൂത്രണം ചെയ്തു. അച്ചന്‍റെ ഇടപെടല്‍മൂലം അതെല്ലാം പരാജയപ്പെട്ടു. അവനോടുള്ള പക മനസ്സിലൊളിപ്പിച്ചവര്‍ നടന്നു.

ദേവസ്യാച്ചന്‍റെ പൂര്‍ണ്ണ പിന്തുണയില്‍ ദൈവീകമായ ഒരു ശക്തി ലഭിച്ചപോലെ ആരെയും കൂസാക്കാതെ മാണിക്കുഞ്ഞ് പ്രഘോഷണം തുടര്‍ന്നു. അവന്‍ സംസാരിക്കുമ്പോള്‍ ഭാഷയിലെ അവന്‍റെയാ ‘കൊഞ്ഞത്തരം’ സാവധാനം കുറഞ്ഞു, കുറഞ്ഞു വന്നു. ഒടുവില്‍ നാവിന്‍റെ ഒരു കെട്ടഴിക്കപ്പെട്ടതു പോലെ അതു പൂര്‍ണ്ണമായും അവനില്‍ നിന്നും വിട്ടകന്നു. കൃത്യമായ അക്ഷര സ്പുടതയോടെ അവന്‍ സംസാരിക്കുന്നതു കണ്ട നാട്ടുകാര്‍ ഒരത്ഭുതത്തോടെ അവനെ വീക്ഷിക്കുവാന്‍ തുടങ്ങി. അവന്‍റെ പാണ്ഡിത്യവും, വാഗ്ധാടിയും, നാട്ടില്‍ പരക്കെ ചര്‍ച്ച ചെയ്യപ്പെട്ടു. “ഇവനാളു ചില്ലറക്കാരനല്ലല്ലോ?”. തലമൂത്ത കാരണവന്‍മാര്‍ പറഞ്ഞു. പരിഹസിച്ചവര്‍ മെല്ലെ പിന്‍വാങ്ങി. മനുഷ്യ സ്നേഹത്തിന്‍റെ, നന്മയുടെ, നല്ലകാര്യങ്ങള്‍ മാത്രം വളരെ ഗൌരവത്തോടെ പറയുന്ന അവനെ ജാതി മത ഭേദമന്യേ എല്ലാവരും സ്നേഹിക്കാനും, ബഹുമാനിക്കാനും തുടങ്ങി. അവന്‍റെ വൈരൂപ്യങ്ങളെയെല്ലാം അവഗണിച്ച് വല്ലാത്ത ഒരാകര്‍ഷണ വലയത്തില്‍പ്പെട്ട പോലെ അവരവനെ കേള്‍ക്കുവാനെത്തി. കുടിയന്‍ മോനായുടെ മകന്‍, ‘അവലക്ഷംകെട്ട ജന്തു’ അങ്ങനെ നാട്ടുകാരുടെ പ്രിയങ്കരനായ ‘യേശുക്കുഞ്ഞായി’.

നഗരത്തിലെ ‘കാലായില്‍ ഫിനാന്‍സിയേഴ്സ്’ എന്ന കഴുത്തറപ്പന്‍ കമ്പനിയുടെ ഉത്ഘാടന ദിവസം കറിയായുടെ വീട്ടില്‍ രാത്രി കള്ളു പാര്‍ട്ടി നടക്കുന്നു. കര പ്രമാണിമാരുടെ കൂട്ടത്തില്‍ അയാളുടെ സകല കൊള്ളരുതായ്മകള്‍ക്കും കൂട്ടുനില്‍ക്കുന്ന സുഹൃത്തുക്കളായ, ഡി.വൈ.എസ്പി. തമ്പാന്‍ തോമസ്സും, റവന്യു  ഡിപ്പാര്‍ട്ട്‌മെന്റിലെ കേശവന്‍ നായരുമുണ്ട്. ഗ്ലാസിലെ മദ്യം ഒറ്റ വലിക്കു തീര്‍ത്ത് ഒരു ശബ്ദത്തോടെ മേശപ്പുറത്തേക്കിടിച്ചു വച്ച് ഒരു പൊങ്ങച്ചം പോലെ കറിയാ:

“ദേ.. ഈ കാണുന്ന സാധനങ്ങളൊന്നും ചന്തേന്നു മേടിച്ചതല്ല, എല്ലാം എന്‍റെ ഫാമീ-ന്നാ”

വേലക്കാരന്‍ കുഞ്ഞച്ചനെ നോക്കി അയാള്‍ :

“ഇതെന്തൊക്കെയാണന്നങ്ങോട്ട്‌ പറഞ്ഞു കൊടുക്കെടാ പരട്ട കുഞ്ഞച്ചാ” 

ഓരോ പ്ലേറ്റും ചൂണ്ടി ഓച്ഛാനിച്ച് കുഞ്ഞച്ചന്‍ –

ഇത് താറാവ്, ഇതു  കോഴി, ഇതു  മുയല്‍, പോത്ത്, ആട്, പന്നി, കാട, ഖല്ഗം…”

അയാളതു പറഞ്ഞു തീരുന്നതും കറിയാ –

“ഇതിനെയെല്ലാം ഇവിടെത്തന്നെ വളര്‍ത്തുന്നുണ്ട്. ഒരു കണ്ണൊന്നിറുക്കി, “ഫുള്‍  സെറ്റപ്പാ”.

കേശവന്‍ നായര്‍ : ”ഇത്ര ബള്‍ക്ക് ആയിട്ട് വളര്‍ത്താന്‍ അത്രക്കും ഡിമാന്റ്..ആ”.

കറിയാ :ഹും…ആണെന്നോ..ഞങ്ങക്കെന്നും വിരുന്നല്ലേ?. പള്ളി കമ്മറ്റിക്കാരു തന്നെ മൊത്തം പത്തു പേരൊണ്ട്. അടുത്ത മാസം പെരുന്നാളും തൊടങ്ങുവാ. കൊറെ എണ്ണത്തിനെയങ്ങു മേടിച്ചു നിര്‍ത്തി. ഞങ്ങളീ ക്രിസ്ത്യാനികള്‍ക്ക് പെരുന്നാളാ ഏറ്റവും വലിയ ഉത്സവം”.

തമ്പാനെ നോക്കി അയാള്‍–

“അല്ലേടോ ..തമ്പാന്‍ ‘സാ….റെ’..?

അതത്ര  ബഹുമാനത്തോടു കൂടിയുള്ള ഒരു സാറു വിളിയൊന്നുമല്ലെന്ന് തമ്പാനറിയാം. കള്ളിലും തീറ്റിയിലും മാത്രം ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന അയാള്‍ വെറുതെയൊന്നു തലയാട്ടി കറിയായോട്:

“എടോ ഈ കാട ഊക്കന്‍”

കറിയാ : “ആയിരം കോഴിക്ക് അരക്കാടേന്നാ പ്രമാണം.”

കള്ളു ശരിക്കും തലയ്ക്കു പിടിച്ച തമ്പാന്‍ കുഴഞ്ഞ നാവോടെ :

“എടോ കറിയാ എന്‍റെ വല്യ ഒരാഗ്രഹമാ ഒരു മരപ്പട്ടീടെ ഇറച്ചി തിന്നണോന്ന്”

കറിയാ : “ ഏറ്റു ,ഞാനേറ്റടോ. ഈ പള്ളിപ്പെരുന്നാളിന് നല്ല കുരുമുളകിട്ടു മൊരിച്ച മരപ്പട്ടിയിറച്ചി താന്‍ തിന്നും.. ഇപ്പൊ അതങ്ങോട്ടു പട പാടാന്നു പിടിപ്പിച്ചേ” 

കുഞ്ഞച്ചനെ നോക്കി തമ്പാന്‍

“ഒന്നു കൂടി ഒഴിക്കെടാ”

അയാള്‍ ഒഴിക്കുന്നതും അവര്‍ കുടിക്കുന്നതും അങ്ങനെ തുടര്‍ന്നു കൊണ്ടേയിരുന്നു. ഭിത്തിയിലെ കൂറ്റന്‍ ക്ലോക്കില്‍ സൂചി കറങ്ങിക്കറങ്ങി ആ ദിവസം പൂര്‍ത്തിയാക്കിയ മണിയടിച്ചു. ഇതിനിടയില്‍ കള്ളുമൂത്തു പൂക്കുറ്റിയായ തമ്പാന്‍ ഒരു മൂലയ്ക്ക് ചെരിഞ്ഞു. കറിയായും കൂട്ടരും നാട്ടിലുള്ള സകല ആള്‍ക്കാരെക്കുറിച്ചും രാവേറെ ദുഷിപ്പു പറഞ്ഞു, പറഞ്ഞ് ഒടുവിലത് മാണിക്കുഞ്ഞിലേക്കുമെത്തി.പെട്ടന്ന് മദ്യ ലഹരിയില്‍ പെരുത്തു നില്‍ക്കുന്ന കറിയായ്ക്കൊരു മോഹം. അയാള്‍ ചാടി എഴുന്നേറ്റു.

“ഇന്നു ഞാനാ മുച്ചുണ്ടത്തെണ്ടീടെ കാര്യം തീര്‍ത്തിട്ടേ ഒള്ളൂ; ആ പന്ന പൊലയാടി മോന്‍ വന്നതോടു കൂടി ഞാനച്ചന്‍റെ മുന്‍പില്‍ ആസായി”.

അയാളെ തടഞ്ഞ് കേശവന്‍ നായര്‍:

“എടോ ആ ചെറുക്കന് വല്ലോം പറ്റിയാ താന്‍ കുടുങ്ങും. നാട്ടുകാരു മുഴുവനിപ്പമവന്‍റെ പൊറകെയാ.”

അയാളെ തള്ളി മാറ്റി കറിയാ:

“എന്‍റെ പന്നീം മുയലും വടിച്ചു നക്കീട്ടു ദാ കണ്ടോ, ഒരുത്തന്‍ മൂലയ്ക്ക് ചുരുണ്ടു കൂടിക്കിടക്കുന്നത്. സ്ഥലം ‘ഡി.വൈ.എസ്പി. പിന്നെ ഞാനെന്തിനാടോ പേടിക്കുന്നത്?  മുറ്റത്തു കിടക്കുന്ന ഫോര്‍ വീലറില്‍ കയറി അയാള്‍ പള്ളിമേടയിലേക്കു പാഞ്ഞു.    

സഭാ ആസ്ഥാനത്ത് വികാരി ജനറല്‍മാരുടെ സമ്മേളനത്തിനായി ദേവസ്യാച്ചന്‍ പോയതു കൊണ്ട്, മാണിക്കുഞ്ഞന്നവിടെ ഒറ്റക്കായിരുന്നു. ഉറക്കത്തില്‍ നിന്നും കറിയാ അവനെ വിളിച്ചെഴുന്നേല്‍പ്പിച്ചു. പിന്നെ പൊതിരെ തല്ലി. ഉറക്കെ കരഞ്ഞ അവന്‍റെ മുഖം പൊത്തി കഴുത്തില്‍ ഞെക്കി ഭിത്തിയില്‍ ചേര്‍ത്തു നിര്‍ത്തി. ശ്വാസം മുട്ടിയ അവന്‍ കൈ കൂപ്പി യാചിച്ചു. പുറത്തു മിണ്ടിയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അയാള്‍ അവനെ കട്ടിലിലേക്കെറിഞ്ഞു.

ജനിച്ചപ്പോള്‍ മുതല്‍ താനുഭവിച്ച പീഢനങ്ങളെയോര്‍ത്തവന്‍ കട്ടിലില്‍ക്കിടന്നു തേങ്ങിക്കരഞ്ഞു. തലയിണക്കടിയിലെ യേശുവിന്‍റെ മുഖചിത്രമുള്ള തൂവാലയെടുത്തവന്‍ മുഖം ചേര്‍ത്തു വച്ചു. അവന്‍റെ മനസ്സ് യേശുവിന്‍റെ ജീവിതത്തില്‍ക്കൂടിയൊന്നു സഞ്ചരിച്ചു. ഭൂമിയിലെ സകല മനുഷ്യരേം സ്നേഹിച്ച്, അവര്‍ക്കു വേണ്ടി മാത്രം ജീവിച്ച യേശുവിനെ ശത്രുവായ് കണ്ട് ഒറ്റിക്കൊടുത്ത ഇവരുടെ പൂര്‍വ്വികരായ യഹൂദ പ്രമാണിമാരെ അവനോര്‍ത്തു. അന്നവര്‍, അവന്‍റെ മുഖത്ത് കാര്‍ക്കിച്ചുതുപ്പി, കരണത്തടിച്ചു. തലയില്‍ മുള്‍ക്കിരീടം വച്ച് നിലത്തൂടെ വലിച്ചിഴച്ചു. കുടിക്കാന്‍ ഒരു തുള്ളി വെള്ളം ചോദിച്ചപ്പോള്‍ കയ്പ്പുനീര്‍ കൊടുത്തു. ഒടുവില്‍ പച്ച മാംസത്തില്‍ ആണി തറച്ച് ആ പാവം നീതിമാനെ ക്രൂശിച്ചു കൊന്നു. അന്ന് യേശു ആ പീഢനങ്ങളൊക്കെ അനുഭവിച്ചെങ്കില്‍, നിസ്സാരനായ ഈ ഞാന്‍ എന്തിനു കരയണം?. സ്വയം ആശ്വസിക്കാനവന്‍ ശ്രമിച്ചു. ദൈവമേ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ തന്നെ അറിയുന്നില്ലല്ലോ? സ്വയം പൊറുക്കാനും, ക്ഷമിക്കാനും അവന്‍ പഠിച്ചു കഴിഞ്ഞിരിക്കുന്നു.  

പുത്തന്‍ പള്ളിയില്‍ വീണ്ടുമൊരു പെരുന്നാളെത്തി. പെരുന്നാള്‍ മാടാകോടിയായി നടത്താന്‍ ദേവസ്യാച്ചന്‍റെ നേതൃത്വത്തില്‍ കമ്മറ്റി കൂടി തീരുമാനമെടുത്തു.

“ജൂബിലി വര്‍ഷത്തെ ഈ പെരുന്നാള്‍ നമ്മള്‍ പൂര്‍വ്വാധികം ഭംഗിയായിത്തന്നെ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ‘പെരുന്നാള്‍ പ്രസുദേന്തിയായി’ (പെരുനാള്‍ നടത്തിപ്പുകാരന്‍) കാലായി കറിയായെ നിയമിച്ചിരിക്കുന്നു”. എല്ലാവരും അതു കയ്യടിച്ചു പാസാക്കി. തന്‍റെ കൊമ്പന്‍ മീശ യൊന്നു പിരിച്ചു മേല്‍പ്പോട്ടാക്കി കറിയാ സ്വയം അഭിമാനിതനായി എല്ലാവരെയുമൊന്നു നോക്കി.

“ഇനീ പെരുന്നാള്‍ നടത്തിപ്പിനെക്കുറിച്ച് കറിയായ്ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ആകാം”. അച്ചന്‍ പറഞ്ഞതു കേട്ട് കറിയ എഴുന്നേറ്റു. തിളങ്ങുന്ന സില്‍ക്കു ജുബ്ബയുടെയിടയില്‍ക്കൂടി പുറത്തേക്കു ചാടി വന്ന കട്ടി സ്വര്‍ണ ചെയിനൊന്നു പിടിച്ചിട്ടു നേരെയാക്കി. പിന്നെ, എല്ലാവരെയുമൊന്നു നോക്കി പരുക്കന്‍ ശബ്ദത്തില്‍ പറഞ്ഞു.

“അച്ചനെല്ലാം വിശദമായി പറഞ്ഞ സ്ഥിതിക്ക് എനിക്കിനി കൂടുതലൊന്നും പറയാനില്ല. പറയാനുള്ളത് വേറൊരു കാര്യമാ. അത് നിങ്ങള്‍ക്കെല്ലാം അറിയാവുന്ന തന്നെയാ…വെറുമൊരു കാടായിരുന്ന ഈ മലപ്രദേശത്തിന്‍റെ ഇന്നീ കാണുന്ന എല്ലാ പുരോഗതീടേം തുടക്കക്കാരന്‍ എന്‍റെ അപ്പന്‍ ‘കാലായില്‍ ഇടുക്കുളയാ’. അതെനിക്ക് അഭിമാനത്തോടു കൂടി തന്നെ പറയാം. ആനേം, പുലീം, കടുവായുമൊക്കെ തെരേ പാരേ നടന്ന ഈ സ്ഥലത്ത്, ദേഹം തൊട്ടാ കീറി മുറിക്കുന്ന തൊടലി മുള്ളിന്‍റെ കാടായിരുന്നു. അതു വെട്ടിത്തെളിച്ചാ അപ്പനീ പള്ളി പണിതത്. ഈ അമ്പതാം പെരുനാളിന്‍റെ  നടത്തിപ്പുകാരനാകാന്‍ കഴിഞ്ഞത് എന്‍റെ ഒരു ഭാഗ്യമായിട്ടാ ഞാന്‍ കരുതുന്നത്. ഈ   പെരുന്നാള്‍ ഞാനിവിടെ ഒരു ‘സംഭവമാക്കാന്‍ പോവ്വാ. നിങ്ങളെല്ലാവരും എന്‍റെ കൂടെ വേണം. പിന്നെ പെരുന്നാള്‍ ദിവസം പള്ളി വകയായിട്ട്‌ കരക്കാര്‍ക്കെല്ലാവര്‍ക്കും ഒരു സ്നേഹവിരുന്നു നല്‍കണമെന്നാ എന്‍റെ ഒരഭിപ്രായം. അതിന്‍റെ ഫുള്‍ ചിലവും ഞാനെടുക്കാന്‍ തയ്യാറാ”. വന്‍പിച്ച ഹര്‍ഷാരവത്തോടെ കമ്മറ്റിയത് അംഗീകരിച്ചു പിരിഞ്ഞു.

കറിയായുടെ നേതൃത്വത്തില്‍ പെരുന്നാള്‍ ഒരുക്കങ്ങള്‍ പൂര്‍വ്വാധികം ഭംഗിയോടെ പുരോഗമിച്ചു. നാടിന്‍റെ മുക്കിലും മൂലയിലും കൊടി തോരണങ്ങളും,അലങ്കാര ബള്‍ബുകളും കൊണ്ടു വര്‍ണ്ണാഭമാക്കി. ജൂബിലി വര്‍ഷത്തിന് പ്രത്യേക ആശംസകളര്‍പ്പിച്ച് പ്രധാന സ്ഥലങ്ങളിലെല്ലാം കാലായില്‍ ഫിനാന്‍സ് ഗ്രൂപ്പ്, കാലായില്‍ ജൂവലേഴ്‌സ്, കാലായില്‍ ടെക്സ്റ്റയില്‍സ്, കാലായില്‍ ഫര്‍ണിച്ചര്‍ മാര്‍ട്ട്, തുടങ്ങിയ എല്ലാ ‘കാലായില്‍’ സ്ഥാപനങ്ങളുടെയും കൂറ്റന്‍ കമാനങ്ങളുയര്‍ന്നു. ആഘോഷങ്ങള്‍ക്കിടയിലൂടെ എല്ലാത്തിലും ഒരു കാലായില്‍ ‘ടച്ചു’ വരുത്തി തന്‍റെ പ്രശസ്തി ഒന്നുകൂടി വര്‍ദ്ധിപ്പിക്കാന്‍ അയാളുടെ കച്ചവട ബുദ്ധി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. നാടു മുഴുവനങ്ങനെ കറിയായും കാലായും നിറഞ്ഞു നിന്നു. കാലായില്‍ വീടിന്‍റെ ഗോഡൌണുകള്‍ കള്ളുകേസുകള്‍ കൊണ്ടു നിറഞ്ഞു. പലവട്ടം കമ്മറ്റി കൂടി കുടിച്ചുന്മത്തരായി കറിയായും സംഘവും പിരിഞ്ഞു.

പകലൊടുങ്ങി, പ്രകാശം മങ്ങി.പള്ളിമുറിയിലെ ജനാല തുറന്ന് മാണിക്കുഞ്ഞ് പുറത്തേക്കൊന്നു നോക്കി.അവന്‍റെ മുഖത്തേക്കു വന്നു വീഴുന്ന പള്ളിമണിയൊച്ച. അതു മൂന്നു പ്രാവശ്യം കേട്ടു. മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റ യേശുവിനെയോര്‍ത്ത് അവനാകാശത്തേക്കു നോക്കി. ആകാശത്തെയും മേഘങ്ങളെയും അവനിപ്പോള്‍ വല്ലാതെ ഇഷ്ടപ്പെടുന്നുണ്ട്. തന്നെ ഇഷ്ടപ്പെടുന്ന തന്‍റെ ദൈവത്തെ അവനവിടെ തിരയാറുണ്ട്. ഈ മേഘങ്ങള്‍ക്ക് ഇനിയും തന്നോടെന്തെങ്കിലും പറയാനുണ്ടോ?. ആകാംക്ഷപൂര്‍വ്വം കതോര്‍ത്ത് അവയെ അങ്ങനെ നോക്കുന്നതവന്‍ പതിവാക്കിയിരിക്കുന്നു. കറുത്ത കനത്ത മഴ മേഘങ്ങള്‍ അകാശത്തേക്ക് ഒരുണ്ടു കയറുന്നു. പെയ്യാന്‍ വെമ്പുന്ന,വിങ്ങുന്ന മഴമേഘങ്ങള്‍. മേഘങ്ങള്‍ക്കിപ്പോള്‍ ഒരു രൌദ്രഭാവം ഭാവം കൈവന്നിരിക്കുന്നു. പെട്ടന്ന് കാറ്റിന്‍റെ ശക്തി കൂടി.പുറത്തെ കാറ്റാടി മരക്കൂട്ടങ്ങള്‍ടയിലൂടെ ഹുങ്കാര ശബ്ദത്തോടെ വീശിയടിക്കുന്ന കാറ്റ്. ഭ്രാന്തമായ മുരള്‍ച്ചയോടെ ഇളകിയാടുന്ന വൃക്ഷത്തലപ്പുകള്‍. ജനാലയോടു ചേര്‍ന്നു നില്‍ക്കുന്ന മള്‍ബറി മരത്തിന്‍റെ ചില്ലകള്‍ വട്ടം ചുറ്റിയൊടിഞ്ഞു വീണു. കനത്ത ശബ്ദത്തോടെ പെയ്തിറങ്ങുന്ന മഴത്തുള്ളികള്‍. അവന്‍ നോക്കി നില്‍ക്കെ മഴ കനക്കുന്നു. എത്ര പെട്ടെന്നാണീ പ്രകൃതിയുടെ ഒരു മാറ്റം…!. കാറ്റ് കൊണ്ടുവന്ന ഒരു മഴത്തുള്ളിക്കൂട്ടം അവന്‍റെ മുഖത്തേക്ക് തെറിച്ചു വീണു. ആ മഴത്തുള്ളികള്‍ നല്‍കിയ കുളിര്‍ ആസ്വദിച്ചെന്നോണം കണ്ണുകളിറുകിയടച്ചവന്‍ ഒരു നിമിഷം നിന്നു. പിന്നെ, തൊട്ടടുത്ത കസേരയില്‍ ഇരുന്ന് ദേവസ്യാച്ചന്‍ തന്ന ടേബിള്‍ ലാമ്പിന്‍റെ വെളിച്ചത്തില്‍ വേദപുസ്തകം തുറന്നു.

“ഞാന്‍ നിനക്കു സ്വര്‍ഗ്ഗരാജ്യത്തിന്‍റെ താക്കോലുകള്‍ തരാം. നീ ഈ ഭൂമിയില്‍ നടത്തുന്ന ന്യായവിധി ദൈവത്തിന്‍റെ വിധിയായിരിക്കും. നീ ഇവിടെ ക്ഷമിക്കുന്നതെല്ലാം ദൈവത്തിന്‍റെ ക്ഷമ ആയിരിക്കും”.

ആ വചനങ്ങള്‍ അവന്‍റെ മനസ്സിനെ സ്പര്‍ശിച്ചു. പല ആവര്‍ത്തി അവനതു വായിച്ചു. വല്ലാത്ത ഒരു ആന്തരിക ഉന്മേഷം. ഒരു നിമിഷം കണ്ണുകളടച്ചവന്‍ പ്രാര്‍ഥിച്ചു.

പെരുന്നാള്‍ തലേന്നു്.

പള്ളി മണിയടിച്ചു. കതിനാ വെടികള്‍ മുഴങ്ങി. വീണ്ടും ഗായക സംഘം പാടി.

“മംഗളമായ്‌ത്തീരണമീ പെരുന്നാള്‍”.

പെരുന്നാള്‍ പ്രദക്ഷിണം തുടങ്ങി. ആകാശത്തേക്ക് നൂണ്ടു കയറി പൊട്ടി വിരിയുന്ന വാണങ്ങള്‍. മേളക്കൊഴുപ്പേകാന്‍ മേജര്‍സെറ്റ് ബാന്റു മേളവും, ചെണ്ടമേളവും ഒരുങ്ങിക്കഴിഞ്ഞു. “എഴുന്നെള്ളുന്നു രാജാവെഴുന്നെള്ളുന്നു”. ബാന്റു മേളക്കാരുടെ ട്യൂണൊപ്പിച്ച് രൂപക്കൂടുകളേന്തിയ ആള്‍ക്കാര്‍ മന്ദം മന്ദം മുന്നോട്ടു നീങ്ങുന്നു. മുഖത്തോടുമുഖം എതിര്‍ ദിശകളിലായി നിന്നു ചെണ്ട കൊട്ടുന്ന മേളക്കാര്‍. ഒരു വശത്തെ മേളം അവസാനിക്കുന്ന അതേ നിമിഷത്തില്‍ത്തന്നെ മറു വശക്കാര്‍ അതിലും ഉത്സാഹത്തോടെ അതേറ്റെടുക്കുന്നു. മേളം മുറുകി വന്നപ്പോള്‍ അവരുടെ ഇടയിലേക്ക് ഓടിക്കയറി വന്ന കറിയാ. അയാളുടെ സില്‍ക്ക്‌ മുണ്ടും ജുബ്ബയും നന്നായി വിയര്‍ത്തു കുളിച്ചിരിക്കുന്നു. വന്ന പാടെ മേളത്തിനൊപ്പം കൈകള്‍ കൊണ്ടൊരാക്ഷന്‍ കാണിച്ച് രണ്ടു വരിക്കാര്‍ക്കും മാറി മാറി പ്രോത്സാഹനം നല്‍കുന്ന കറിയാ. ചുറ്റും സില്‍ബന്ദികള്‍ ഓളമിട്ടു നില്‍ക്കുന്നു. എല്ലാവരും ലഹരിയില്‍.

‘മേല്‍ക്കട്ടി’യുടെ കീഴില്‍ ദേവസ്യാച്ചന്‍റെയും, മറ്റു ശുശ്രൂഷകരുടേയുമൊപ്പം മാണിക്കുഞ്ഞുമുണ്ട്. അച്ചന്‍ അവനെ അടുത്തു തന്നെ ചേര്‍ത്തു നിര്‍ത്തിയിരിക്കുന്നു. ഒരിക്കല്‍ ജീവിതം അവനു കൈവിട്ടു പോയ ആ പഴയ പെരുന്നാള്‍ ഓര്‍മ്മകളിലേക്കവന്‍റെ മനസ്സൊന്നു കടന്നു പോയി. ശ്വാസം കിട്ടാതെ പിടഞ്ഞ് അവനെ നോക്കുന്ന ഏലിക്കൊച്ചിന്‍റെ ആ ദയനീയ മുഖം അവന്‍റെ മനസ്സില്‍ തെളിഞ്ഞു. അറിയാതെയൊന്നു വിങ്ങിപ്പോയ അവന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ചുറ്റിലുമൊന്നു നോക്കി.ആള്‍ക്കൂട്ടത്തിനിടയിലെ ശബ്ദ കോലാഹലങ്ങള്‍ക്കിടയില്‍ ആരും തന്നെ ശ്രദ്ധിക്കുന്നില്ല. പെട്ടെന്ന് കണ്ണു തുടച്ചു. 

ആഘോഷങ്ങളുടെ സമാപ്തിയായ പെരുന്നാള്‍ സന്ധ്യ. അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വവുമായി ആകാശത്ത് നക്ഷത്രങ്ങള്‍ കണ്‍ തുറന്നു. താഴെ, ഭൂമിയില്‍ വര്‍ണ്ണ വിസ്മയങ്ങളുടെ പ്രഭയില്‍ പുത്തന്‍ പള്ളി തിളങ്ങി. പള്ളിയങ്കണത്തിലെ പന്തല്‍ സ്നേഹ വിരുന്നിനായ് നിറഞ്ഞു കവിഞ്ഞു. ‘സ്നേഹം’ മൂത്ത കറിയാ ചുവന്ന കണ്ണുകളുമായി ഓടി നടന്നു. രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖര്‍, സഭാ മേലദ്ധ്യക്ഷന്മാര്‍, മറ്റിടവകകളിലെ പ്രമുഖര്‍, തമ്പാന്‍ തോമസ്സിന്‍റെ പോലീസ് സംഘം, കേശവന്‍ നായരും സംഘവും, കറിയായുടെ പ്രത്യേക ക്ഷണമനുസരിച്ചെത്തിയ മാധ്യമ സംഘം തുടങ്ങി സമൂഹത്തിലെ നാനാ തുറയികളില്‍പ്പെട്ടവര്‍ സ്നേഹ വിരുന്നിനായ് എത്തിയിരിക്കുന്നു.വിരുന്നിനു ശേഷം പുത്തന്‍പള്ളിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വെടിക്കെട്ടും നടക്കാന്‍ പോവുകയാണ്. കേറ്ററിങ്ങ് കമ്പനികളുടെ എണ്ണം പറഞ്ഞ പാചകക്കാര്‍ പാചകപ്പുരകളില്‍ രുചി വൈവിധ്യങ്ങളുടെ വിസ്മയം തീര്‍ത്തു കൊണ്ടിരുന്നു. തലപ്പാവ് വച്ച പരിചാരകര്‍ ആവി പറക്കുന്ന ഭക്ഷണവുമായ് ഓടി നടക്കുന്നു.പശ്ചാത്തലത്തില്‍ പള്ളി ഗായക സംഘത്തിന്‍റെ പാട്ടുകള്‍ തുടര്‍ന്നു. നാനാ ജാതി മതസ്ഥര്‍ ഒത്തുചേര്‍ന്ന പന്തീ ഭോജനത്തിനു നേതൃത്വം നല്‍കിയ കാലായിക്കറിയ സഹോദരന്‍ അയ്യപ്പനേക്കാള്‍ ശ്രേഷ്ഠനാണന്നു പുരുഷാരം ഒന്നടങ്കം പ്രഖ്യാപിച്ചു.

സഭയുടെ പരമോന്നതനായ മേലദ്ധ്യക്ഷനോടും മറ്റു പ്രമുഖ വ്യക്തിത്വങ്ങളോടുമൊപ്പമിരിക്കുന്ന ദേവസ്യാച്ചന്‍ ആള്‍ക്കൂട്ടത്തിനിടയില്‍ ഒതുങ്ങി നില്‍ക്കുന്ന മാണിക്കുഞ്ഞിനെ തന്നോടൊപ്പം ഭക്ഷണം കഴിക്കുവാനായി ക്ഷണിച്ചു. ഭയത്തോടെ അതു നിരസിച്ച അവനോട്‌ അച്ചന്‍ പറഞ്ഞു: “നിന്നെ ശക്തനാക്കിയ ദൈവം മുഖാന്തിരം നീ ഇപ്പോള്‍ സകലതിനും മതിയായവനാണ്, നിന്നെക്കാള്‍ മികച്ചവരായി ഇവിടെ ആരും തന്നെയില്ല. അതുകൊണ്ട് നീ ഇവിടെ എന്നോടൊപ്പമിരുന്നു ഭക്ഷണം കഴിക്കുന്നു.’’

അച്ചന്‍റെ ആ ഉറച്ച തീരുമാനത്തിനു മുന്‍പിലവന്‍ വഴങ്ങി. അവനെ ഇഷ്ടപ്പെടുന്നവര്‍ അത്ഭുദാദരങ്ങളോടെ അതു നോക്കിക്കണ്ടു. വിലപിടിപ്പുള്ള ആ ഇരിപ്പാടത്തില്‍ ഇരിപ്പുറയ്ക്കാതെ ഒരു ജാള്യതയോടെ മാണിക്കുഞ്ഞെഴുന്നേറ്റു. ശകാരത്തോടെ അച്ചനവനെ പിടിച്ചിരുത്തി.അവന്‍ അവനെത്തന്നെയൊന്നു നോക്കി. ആര്‍ക്കും വേണ്ടാതിരുന്ന വിരൂപനായ തന്നെ ദൈവം ഇവിടംവരെയെത്തിച്ചിരിക്കുന്നു. കണ്ണുകളില്‍ നനവു പടര്‍ന്നു. ഹീന ജന്തുവായ്‌ കരുതി എല്ലാവരുടെയും അടിയും ഇടിയുമേറ്റുമടുത്ത ഒരു കഴുതയെ കര്‍ത്താവ് തന്‍റെ വാഹനമാക്കിയപ്പോള്‍ അതിന്‍റെ മാഹാത്മ്യം വര്‍ദ്ധിച്ച പോലെ തന്‍റെ മഹാത്മ്യവും ഇവിടെ ഇപ്പോള്‍ വര്‍ദ്ധിച്ചിരിക്കുന്നു.

പന്തലിലാകെ അത് സംസാര വിഷയമായി. കൌതുകകരമായ ആ അത്താഴവിരുന്നിന്‍റെ ഫോട്ടോയെടുക്കുവാന്‍ ക്യാമറാകള്‍ തമ്മില്‍ത്തമ്മില്‍ മത്സരിച്ചു. തിരക്കിനിടയില്‍ ഓടിനടന്നിരുന്ന കറിയായുടെ ചെവിയിലുമീവാര്‍ത്തയെത്തി. രോഷം പതഞ്ഞുപൊങ്ങിയ അയാള്‍ ആക്രോശിച്ചു:  “ഇയാളിതെന്തു വിചാരിച്ചാ..,അച്ചനാണ് കോപ്പനാണന്നൊന്നും ഞാന്‍ നോക്കത്തില്ല”. ദേഷ്യത്തില്‍ അവിടേക്ക് പോകാന്‍ തുടങ്ങിയ കറിയായെ തടഞ്ഞ് കേശവന്‍ നായര്‍:

“എടോ കറിയാ താനതു വിട്ടേക്ക്. ഈ പരിപാടി കൊളമായാ നാണക്കേടു തനിക്കാ”. രോഷം കടിച്ചമര്‍ത്തി കറിയാ: “ഹാ ഒള്ള മൂടും പോയി. താന്‍ കണ്ടോ, മൂക്കും, മുഞ്ഞീം എല്ലാംകൂടെ ഒന്നിച്ചിരിക്കുന്ന ഈ തെണ്ടിച്ചെറുക്കന്‍റെ പടവാരിക്കും നാളെയിനി പത്രത്തി വരാന്‍ പോണത്. പെരുന്നാളും വിരുന്നുമൊന്നും വാര്‍ത്തേലേ കാണത്തില്ല. സെന്‍സേഷന്‍ പുളുത്താനായിട്ടീ- വൃത്തികേട്ടവന്മാരിതുതന്നെ ഫ്രണ്ടു പേജിലും കൊടുക്കും. എല്ലാവനേം മൂക്കറ്റം തീറ്റിപ്പിച്ചു വിടുന്നതേ പുണ്യം കിട്ടാനൊന്നുമല്ല”

അയാളത് പറഞ്ഞു തീരുന്ന നിമിഷം പന്തലിന്‍റെ ഒരു വശത്തു നിന്നും ഒരു നിലവിളി ഉയര്‍ന്നു. പാചകപ്പുരയോടു ചേര്‍ന്ന വശത്തെ പന്തലിന് തീപിടിച്ചിരിക്കുന്നു.എല്ലാവരും അങ്ങോട്ടേക്കോടുന്നു. കുടിച്ചു ലക്കുകെട്ട തമ്പാന്‍ തോമസ്സും, കേശവന്‍ നായരുമടങ്ങിയ സംഘം ഭ്രാന്തമായ ഒരാവേശത്തോടെ തീ അണയ്ക്കുവാനായ് അവിടേക്കോടിയെത്തുന്നു. കത്തി നിന്ന പന്തലിന്‍റെ ഒരു ഭാഗം പെട്ടെന്നവരുടെ മേലേക്ക് വീഴുന്നു. “കര്‍ത്താവിന്‍റെ കോപം ജ്വലിച്ചു. അവിടത്തെ അഗ്നി അവരുടെയിടയില്‍ പടര്‍ന്നു കത്തി. അതു പാളയത്തിന്‍റെ ചില ഭാഗങ്ങള്‍ ദഹിപ്പിച്ചു കളഞ്ഞു”. ബൈബിളിലെ ഈ വാക്യങ്ങള്‍ അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ തീ ആളിപ്പടര്‍ന്നു. അണയ്ക്കുവാനുള്ള ശ്രമം വിഫലമായി. അതൊരു വന്‍ അഗ്നിബാധയിലേക്കെത്തിച്ചേരുന്നു. കാലായില്‍ ട്രാവല്‍സിന്‍റെ വാഹനങ്ങള്‍ പരിക്കേറ്റവരെയുമായി ആശുപത്രിയിലേക്ക് കുതിച്ചു. ഗ്യാസ് സിലിണ്ടറുകള്‍ അടുക്കി വച്ചിരിക്കുന്ന പാചകപ്പുരയോടു ചേര്‍ന്നുള്ള സ്റ്റോര്‍ മുറിയിലേക്ക് തീ പടര്‍ന്നു കയറാന്‍ തുടങ്ങുന്നു. ഏതാനും വാരകള്‍ക്കപ്പുറമുള്ള മറ്റൊരു വലിയ മുറി നിറയെ വെടിക്കെട്ട്‌ സാമഗ്രികള്‍ നിറച്ചു വച്ചിരിക്കുന്നു. സ്റ്റോര്‍ മുറിക്കു തീപിടിച്ചാല്‍ അതൊരു വന്‍ ദുരന്തത്തിലേക്കെത്തിച്ചേരും. ആരൊക്കെയോ അത് ഉച്ചത്തില്‍ വിളിച്ചു പറയുന്നുണ്ട്. ജനക്കൂട്ടം കൂട്ട നിലവിളികളോടെ ചിതറിയോടി. സമനില തെറ്റിയവനെപ്പോലെ കറിയാ പകച്ചു നിന്നു.

മത മേലധ്യക്ഷന്മാരടക്കമുള്ള പ്രമുഖ വ്യക്തികള്‍ പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപെട്ടു. മാണിക്കുഞ്ഞിന്‍റെ കൈ പിടിച്ചോണ്ട് ദേവസ്യാച്ചനും ഓടുകയാണ്. പിന്നില്‍ ഒരു വന്‍ ദുരന്തം ഉരുണ്ടു കൂടുന്നു. ഏതു നിമിഷവും അതൊരു വന്‍ സ്ഫോടനത്തിലേക്കെത്തിച്ചേരാം. ഈ ജൂബിലി വര്‍ഷത്തോടെ ഒരു പക്ഷേ പുത്തന്‍പള്ളി ഒരു വെണ്ണീര്‍കൂമ്പാരമായി മാറാം. ഭയന്നു നിലവിളിച്ചോടുന്ന കുട്ടികളും സ്ത്രീകളുമടങ്ങിയ ജനക്കൂട്ടത്തെ കണ്ടപ്പോള്‍ മനുഷ്യ സ്നേഹത്തിന്‍റെ പരമോന്നതിയിലേക്കെത്തിയിരുന്ന മാണിക്കുഞ്ഞിന്‍റെ ഉള്ളമൊന്നു തേങ്ങിപ്പോയി. മിന്നല്‍പ്പിണര്‍ പോലെ ഒരു മുഖം അവന്‍റെ മനസ്സില്‍ തെളിഞ്ഞു വന്നു. കാല്‍വരിക്കുന്നില്‍ വേദന കൊണ്ടു പിടയുന്ന ക്രൂശിതനായ യേശുവിനെ അവന്‍ കണ്ടു. ലോകത്തിലെ സകല മനുഷ്യരുടെയും പാപം സ്വയമേറ്റെടുത്ത് കുരിശുമരണം വരിച്ച യേശു. പാപം ചെയ്ത മനുഷ്യരോട് ദൈവം അന്നു ക്ഷമിച്ചില്ലേ?. അവര്‍ക്കുവേണ്ടി ക്രൂശിതനായില്ലേ?. അവനോര്‍ത്തു.

“ഞാന്‍ നിനക്ക് സ്വര്‍ഗ്ഗത്തിന്‍റെ താക്കോലുകള്‍ തരാം, നീ ഈ ഭൂമിയില്‍ നടത്തുന്ന വിധി ദൈവത്തിന്‍റെ വിധിയായിരിക്കും”. അവന്‍റെ മനസ്സിലൂടെ ഈ ബൈബിള്‍ വാക്യങ്ങള്‍ കടന്നു പോയി. ചിന്തകള്‍ അസാധാരണമായ ചില വഴികളിലേക്കു പാഞ്ഞു കയറി. ദേവസ്യാച്ചന്‍റെ വാക്കുകള്‍ ചെവിയില്‍ മുഴങ്ങി. “നിനക്കു ചെയ്യുവാന്‍ വേണ്ടി ദൈവം ഈ ലോകത്തില്‍ മുന്‍കൂട്ടി തീരുമാനിച്ച ഒട്ടേറെ കാര്യങ്ങളുണ്ട്, അതു നീ ചെയ്യും”. ഒരു പക്ഷേ അതിവിടെ, ഇവരുടെ പാപങ്ങള്‍ ഏറ്റെടുക്കുവാനായിരിക്കുമോ?. അവന്‍ തിരിഞ്ഞു നിന്നു.

സ്റ്റോര്‍ മുറിയുടെ ഒരു വശത്തേക്ക് തീ ആളിപ്പടര്‍ന്നിരിക്കുന്നു. ദേവസ്യാച്ചന്‍റെ കൈപ്പിടി വിടുവിച്ച് അസ്ത്രം വിട്ടതുപോലെ അവനവിടേക്കു കുതിച്ചു. അച്ചന്‍റെ പിന്‍വിളി കേള്‍ക്കാതെ, സ്റ്റോര്‍ മുറിയിലേക്കവന്‍ ഓടിക്കയറി. ഗ്യാസ് സിലിണ്ടറുകളിരിക്കുന്ന വശത്തേക്കു തീ പടര്‍ന്നു കയറുന്നു. പുറകു വശത്തെ വാതില്‍ തള്ളിത്തുറന്നവന്‍ സിലിണ്ടറുകള്‍ ഓരോന്നായി തള്ളിയിറക്കി. ധൈര്യശാലികളായ ഏതാനും ചെറുപ്പക്കാര്‍ ഞൊടിയിടയില്‍ അതവിടെ നിന്നും മാറ്റിക്കൊണ്ടിരുന്നു. അവസാനത്തെ സിലിണ്ടറും മാറ്റി‌ക്കഴിഞ്ഞപ്പോള്‍ പെട്ടന്ന് മേല്‍ക്കൂരയില്‍ നിന്നും ഒരു വലിയ തീ ഗോളം അവന്‍റെ മേലേക്ക് വന്നു വീണു. മനുഷ്യ പാപത്തിന്‍റെ ആ അഗ്നിയവന്‍ സ്വയമേറ്റുവാങ്ങി ഒരലര്‍ച്ചയോടെ നിലം പതിച്ചു. പിന്നെ, ദൈവം നല്‍കിയ സ്വര്‍ഗ്ഗത്തിന്‍റെ താക്കോലുമായി അവന്‍ അവിടേക്ക്…

പെരുന്നാളും വിരുന്നുമൊന്നും പിന്നെ വാര്‍ത്തകളിലേ വന്നില്ല. പകരം ‘മൂക്കും മുഞ്ഞീം എല്ലാംകൂടെ ഒന്നിച്ചിരിക്കുന്ന’ ആ പാവം തെണ്ടിച്ചെറുക്കന്‍റെ വലിയ ഒരു പടം പത്രത്തില്‍ വന്നു. ഒരടിക്കുറിപ്പോടെ –  

‘മരണാനന്തര ബഹുമതിയായ് മാണിക്കുഞ്ഞിന് ജീവന്‍രക്ഷാ പതക്ക്’.

വാര്‍ത്ത വായിച്ച കറിയായുടെ ഉള്ളം കലങ്ങി. ഒരു ഭ്രാന്തനെപ്പോലെ ആകാശത്തേക്കു നോക്കി അയാള്‍ അലറിക്കരഞ്ഞു. രക്താംബരം പോലെയുള്ള അയാളുടെ പാപങ്ങള്‍ മാണിക്കുഞ്ഞിലൂടെ കഴുകി വെളുക്കപ്പെട്ടു.

കറിയാ ഒരു പുതിയ മനുഷ്യനായി. 

Joshy Mangalath
Joshy Mangalath
ഒറ്റാൽ എന്ന സിനിമയിലൂടെ തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌ക്കാരം നേടി. ചെക്കോവിന്റെ വാങ്ക എന്ന ചെറുകഥയെ ഉപജീവിച്ച്‌ ഒറ്റാൽ രചിച്ചത്. രവീന്ദ്ര നാഥ ടാഗോറിന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് പുതിയ സിനിമയ്ക്കുള്ള തിരക്കഥ പൂർത്തിയാക്കിയിരിയ്ക്കുന്നത്. ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും എഴുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *