ചിങ്ങവനത്താഴത്തെ അമ്മയോണം

‘കുതിരച്ചന്ദ്രന്‍റെ പ്രളയ വെളിപാടുകള്‍’
January 16, 2019
സരോജിനി നഗറിലെ വാങ്ക
January 16, 2019

ഓണപ്പൂവേ….

ഓമല്‍പ്പൂവേ

നീ തേടും മനോഹര തീരം

ദൂരെ മാടി വിളിപ്പൂ….

ഇതാഇതാഇതാ

പാട്ടു കേട്ടു കൊണ്ട് ഞാന്‍ ദുബായിലെഷേക്ക് സെയ്ദ്റോഡില്‍ക്കൂടി വണ്ടി ഓടിക്കുകയാണ്.

പാട്ടു കേള്‍ക്കാന്‍ വേണ്ടി തന്നെസ്ലോട്രാക്കില്‍ കൂടിയാണ് യാത്ര. വെള്ളിയാഴ്ച ആയതുകൊണ്ട് റോഡില്‍ തിരക്കില്ല.

അടുത്ത ആഴ്ച്ച ഓണത്തിനോടനുബന്ധിച്ച ഒരു പ്രോഗ്രാമിന് പാടുവാനുള്ള പാട്ടാണ്. ഇരുപത്തൊന്നു വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടയില്‍ ഓണം പലപ്പോഴും പാട്ടില്‍ ഒതുങ്ങുകയാണ്.പക്ഷെ അതെല്ലാം മനസ്സു നിറഞ്ഞു തന്നെയാണ് ചെയ്യുന്നത്.

പാട്ടും, എഴുത്തും ആത്മാവിനെ തൊട്ടുണര്‍ത്തിക്കൊണ്ടിരിക്കുന്നു.

പാട്ടും, എഴുത്തും ഇങ്ങനെ പരസ്പരം കെട്ടിപ്പിണഞ്ഞു കിടക്കുന്നതു കൊണ്ടായിരിക്കാം എഴുത്തിനിടയില്‍ പലപ്പോഴും പാട്ടുകള്‍ കൂടി കയറി വന്നുകൊണ്ടിരിക്കുന്നത്.

വണ്ടിക്കുള്ളില്‍ യേശുദാസ് നിറഞ്ഞു നില്‍ക്കുന്നു. ശബ്ദ തരംഗങ്ങള്‍ കര്‍ണ്ണപുടങ്ങളെ മൃദുലമാക്കിക്കൊണ്ടിരിക്കുകയാണ്. എത്ര മനോഹരമായ ശബ്ദം. എത്രഡെസിബല്‍ആയിരിക്കും ഗന്ധര്‍വ ശബ്ദത്തിന്‍റെ യൂണിറ്റ്?.

ഞാന്‍ വെറുതെ അല്‍പ്പം സയന്‍സ് ചിന്തിച്ചു പോയി. മനോഹരമായിട്ടുള്ള എന്തിനെയും അളന്നും, തൂക്കിയും എന്തിനാണ് സമയം കളയുന്നത്?.

അതങ്ങ് ആസ്വദിച്ചാല്‍ പോരെ? ഇതൊരു പക്ഷെ മനുഷ്യന്‍റെ ഒരു ജനിതക സ്വഭാവമായിരിക്കാം.

എന്താണെങ്കിലും യേശുദാസ് പാടിക്കഴിഞ്ഞു.

മതിയായില്ല.

വീണ്ടും ഒന്നുകൂടി റീവൈന്‍ടു ചെയ്തു.

പാട്ട് കൃത്യം ചരണത്തില്‍ എത്തിയപ്പോള്‍ വണ്ടിസഫാപാര്‍ക്കിനു മുന്‍പിലെത്തി.

വണ്ടി പാര്‍ക്കു ചെയ്തു.

സന്ധ്യയും മക്കളും പാര്‍ക്കിനുള്ളില്‍ വെയിറ്റ് ചെയ്യുകയാണ്.

ഞാന്‍ അവരെ വിളിച്ചു.

ഇവന്മാര്‍ക്ക് ഇപ്പം വരണ്ടാന്ന്‍. കുറച്ചു കൂടി കളിക്കണമെന്ന്‘.

സന്ധ്യയുടെ മറുപടി.

എങ്കില്‍  അവരു കളിക്കട്ടെ‘.

അത്രയും നന്നായെന്ന്  മനസ്സില്‍ വിചാരിച്ച് ഞാന്‍ വീണ്ടും പാട്ടു കേള്‍ക്കുവാന്‍     തുടങ്ങി. വണ്ടിക്കുള്ളിലിരുന്നാല്‍ പാര്‍ക്കിനുള്‍വശം മുഴുവന്‍ കാണാം.

കുട്ടികളുടെ ഒരു വലിയ സംഘം തന്നെ അവിടെയുണ്ട്.

പാട്ടു കേട്ട്, പാട്ടു കേട്ട് ഞാന്‍ വേറൊരു മൂഡിലേക്കെത്തിക്കൊണ്ടിരുന്നു..

കാറിന്‍റെ സീറ്റിനോടു ചേര്‍ന്ന് ചുരുണ്ടു  കൂടിയിരിക്കുമ്പോള്‍ ഞാന്‍ അറിയാതെ  ഒരു കുട്ടിയാവുകയായിരുന്നു.

ഫറവോന്‍റെ ഗോതമ്പു വയലുകള്‍ തിന്നു തീര്‍ത്ത വെട്ടുക്കിളികള്‍ പോലെ എന്‍റെ ഓര്‍മ്മകള്‍ നാലുപാടേക്കും ചിതറി വീഴുന്നു. ഒരു ഫോട്ടോ ഫ്ലാഷിന്‍റെ  വേഗത്തില്‍ വളരെ പെട്ടന്നായിരുന്നു അത്.

അങ്ങകലെ അലയാഴിക്കുമപ്പുറം,ഒരു കൊച്ചു കരയിലെ കൊയ്തൊഴിഞ്ഞ പാടവരമ്പത്തു കൂടി ഒരു കൊച്ചു കുട്ടി നഗ്നപാദനായി ഓടുകയാണ്. ബട്ടന്‍സ് പൊട്ടിയ, മണ്ണിന്‍റെ നിറമുള്ള ഒരു കാക്കി നിക്കറുമാത്രമാണ് അവന്‍റെ വേഷം.

കൈത പൂത്ത തോടിന്‍റെ കരയില്‍  ഓണത്തുമ്പികള്‍ പാറി നടക്കുന്നത് അവനു കാണാം. അവയുടെ കണ്ണാടി ചിറകിലേക്ക് നോക്കിക്കൊണ്ടാണ് അവന്‍ ഓടുന്നത്.

പൊങ്ങിയും താഴ്ന്നും  വട്ടമിട്ടു പറക്കുന്ന നൂറു കണക്കിനു തുമ്പികള്‍. കൈതക്കാട്ടില്‍ നിന്നും പൊന്മകള്‍ പറന്നുയരുന്നു. ഒരു നിമിഷം തുമ്പികളെ വിട്ട് പൊന്മയെ നോക്കി അവന്‍ നില്‍ക്കുന്നു. പിന്നെ വീണ്ടും ഓടുന്നു.

വട്ടത്തില്‍, നീളത്തില്‍..,

ഓടിയോടി ഗ്രാമത്തിലെ കളിക്കൂട്ടുകാര്‍ക്കിടയിലെ ആര്‍പ്പുവിളികള്‍ക്കിടയില്‍ അവന്‍ കിതച്ചു, തളര്‍ന്ന് വിയര്‍ത്തു കുളിച്ചു നില്‍ക്കുന്നു.

താഴ്ത്തി വച്ചിരുന്ന കാറിന്‍റെ വിന്‍ഡോ ഗ്ലാസ്സിനിടയില്‍ക്കൂടി നേര്‍ത്ത ഇളം കാറ്റ് വണ്ടിക്കുള്ളിലേക്ക്. മുഖത്തൊരു തലോടല്‍ തന്നുപോയി കാറ്റ്. പാര്‍ക്കിനു സമീപത്തെ വേപ്പുമരത്തിന്‍റെ  ചില്ലകള്‍ ഇളകിയാടുന്നു

ദുബായിലെ  പകലുരുക്കത്തില്‍ എവിടെയോ പോയി ഒളിച്ചിരുന്ന കാറ്റ് പതുക്കെ, പുറത്തേക്ക് മടിച്ചു മടിച്ചുഎത്തുകയാണ്.

ഷര്‍ട്ടില്‍ ഒരു നനവനുഭവപ്പെടുന്നു. നോക്കിയപ്പോള്‍ ഞാന്‍ വിയര്‍ത്തു കുളിച്ചിരിക്കുന്നു.

മനസ്സെന്നെ കബളിപ്പിച്ചിരിക്കുകയാണ്.

തുമ്പികളില്ല ചുറ്റിലും.

വല്ലാതെ കൊതിച്ചു പോയിരുന്നു.

പുറത്തെ കുട്ടികളുടെ ആരവമായിരുന്നുവോ  ഞാന്‍ കേട്ടത്…?

സംശയത്തോടെ നോക്കുമ്പോള്‍

കുട്ടികളുടെ ആരവം പിന്നെയുമുയരുന്നു.

പാര്‍ക്കില്‍, ഒരു സംഘം കുട്ടികളുടെ പിന്നാലെ അസ്ത്രം വിട്ടപോലെ പായുന്ന നയനും, നീലും. ഇതിനിടയില്‍  ഇളയവന്‍  നീല്‍ പുല്‍ മൈതാനത്ത് കാല്‍ തെറ്റി വീഴുന്നു. അവന്‍റെ അടുത്തേക്ക് ഓടിയെത്തുന്ന സന്ധ്യ.അവനെ തൊടുമെന്നായപ്പോള്‍ അവന്‍ സന്ധ്യയെ പറ്റിച്ച് വീണ്ടും  ഓടാന്‍ തുടങ്ങി.

ഒച്ച വച്ചുകൊണ്ട് സന്ധ്യ പിറകേയും.

ഞാന്‍ അവരെത്തന്നെ നോക്കിയിരിക്കുകയാണ്. മനസ്സ് കുഞ്ഞായിത്തന്നെ ഇരിക്കുന്നു.

ഒരു സിനിമ പോലെ സീന്‍ അവിടെ നിന്നും ഡിസോള്‍വ് ആയി മറ്റൊരു സീനിലേക്കെത്തുന്നു.    

കോരിച്ചൊരിയുന്ന മഴ

മുറ്റത്ത് മണല്‍ വിരിച്ച്, ചുറ്റും റബ്ബര്‍ മരങ്ങളുടെ നടുവിലുള്ള ഒരു കൊച്ചു വീടിന്‍റെ മുറ്റത്ത്ഓടി നടക്കുന്ന ഒരു ചെറു സംഘം കുട്ടികള്‍. എല്ലാവരും കൊച്ചു തോര്‍ത്തു മുണ്ടാണ് ഉടുത്തിരിക്കുന്നത്.

ആഹ്ലാദ തിമിര്‍പ്പിലാണ് അവര്‍.

ഓടുന്നു, ചാടുന്നു, നൃത്തം വയ്ക്കുന്നു.

എന്‍റെ കുട്ടിക്കാലത്ത് ഞാന്‍ താമസിച്ച കോട്ടയത്തിനടുത്ത ചിങ്ങവനത്തെ പഴയ വാടക വീടാണത്.

വൃത്തിയും വെടിപ്പുമുള്ള ഓടിട്ട ഒരു കൊച്ചു വീട്.

അച്ഛന് അപ്പോള്‍ അവിടെയായിരുന്നു ജോലി. വീടിനു മുന്‍പിലുള്ള ചെറിയ ഇടവഴിയില്‍ക്കൂടി കുറച്ചു താഴേക്ക്  പോയാല്‍ വിശാലമായ നെല്‍പ്പാടങ്ങളുടെ സമീപത്തുള്ള വയല്‍ക്കരയിലേക്കെത്തും.

കളിക്കൂട്ടുകാരെല്ലാം ഒത്തു ചേരുന്ന വയല്‍ക്കര.

അവിടെ നിന്നും  നോക്കിയാല്‍  ആമ്പലുകള്‍ പൂത്തു നില്‍ക്കുന്ന വിശാലമായ പാടശേഖരങ്ങള്‍ കാണാം.

വെയില്‍ ചാഞ്ഞ്,  പടിഞ്ഞാറന്‍ കാറ്റ് വീശാന്‍  തുടങ്ങുമ്പോള്‍ പാടവരമ്പത്ത് വെള്ള കൊറ്റികള്‍ പറന്നിറങ്ങാന്‍ തുടങ്ങും.

പൊന്തക്കാടുകളില്‍ കുളക്കോഴികളുടെ  കരച്ചില്‍ തുടങ്ങും.

ഞങ്ങള്‍ അപ്പോള്‍ കളി കഴിഞ്ഞു മടങ്ങുകയാവും.

റബ്ബര്‍ മരങ്ങളുടെ നടുവിലുള്ള എന്‍റെ വീട്ടില്‍ എപ്പോഴും നല്ല തണുപ്പും ശാന്തതയുമായിരുന്നു. ശാന്തതയെ ഭേദിക്കുവാന്‍ വേനല്‍ക്കാലത്ത് ഉച്ച സമയത്ത് തുടരെത്തുടരെ  റബ്ബര്‍കുരു പൊട്ടുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. മുറ്റത്ത് തണല്‍ വിരിച്ചു കൊണ്ട് ഒരു വലിയ കുടംപുളി മരവുമുണ്ടായിരുന്നു. കടും പച്ച നിറത്തിലുള്ള കട്ടി ഇലകള്‍ക്കിടയില്‍  ആദ്യം പച്ചക്കുലകളായി കാണുന്ന കുടം പുളി പിന്നെ മഞ്ഞ  നിറത്തില്‍ പഴുത്തു പാകമായി  വീഴാന്‍ തയ്യാറായി നില്‍ക്കും.

മഴക്കാലത്ത് ശക്തിയായ കാറ്റ്  വീശുമ്പോള്‍ പഴുത്ത കുടംപുളി താഴേക്ക് പൊഴിഞ്ഞു വീണുകൊണ്ടിരിക്കും. ഞങ്ങള്‍ കുട്ടികള്‍ അതു പെറുക്കുവാനായി മത്സരിച്ച് ഓടും. പുളി പൊട്ടിച്ച് അതിനുള്ളിലെ പഴം വായിലിട്ടു നുണയും. അതിന്‍റെ പള്‍പ്പിന് പുളിയും മധുരവും കൂടിച്ചേര്‍ന്ന ഒരു പ്രത്യേക രുചിയായിരുന്നു. തോട്  ഉണക്കുവാന്‍ വേണ്ടി അമ്മയുടെ കയ്യില്‍ കൊടുക്കും. അമ്മ അതു വെയിലത്ത്വച്ച് ഉണക്കി, വീണ്ടും പുകയത്ത് വച്ച് ഒന്നുകൂടി  ഉണക്കുമ്പോള്‍ പുളിക്ക് നല്ല  കടും കറുപ്പ് നിറമായി മാറും.

ഞങ്ങളുടെ വളര്‍ച്ചക്കൊപ്പം പുളിയുടെ നിറഭേദങ്ങളും അങ്ങനെ കടന്നു പൊയ്ക്കൊണ്ടേയിരുന്നു

നാലുവശത്തെ വീട്ടിലും സമപ്രായക്കാരായ  കൂട്ടുകാരുണ്ടായിരുന്നു.

റബ്ബര്‍ മരങ്ങളുടെ ഇടയിലെ മെത്ത പോലുള്ള കരിയിലകള്‍ക്കിടയില്‍  ഞങ്ങള്‍ ഉരുണ്ടു മറിഞ്ഞ് കളിക്കും. കരിയിലകള്‍ ഒന്നിച്ചു വാരി പരസ്പരം പുറത്തേക്കിട്ടു മൂടും.

ഓരോ മഴയും ഉത്സവം പോലെ ഞങ്ങള്‍ ആഘോഷിച്ചു.

മഴ തുടങ്ങുമ്പോള്‍ ആദ്യ  മഴത്തുള്ളികള്‍  കരിയിലയില്‍ വീഴുമ്പോളുള്ള ശബ്ദത്തിന് ഒരു പ്രതേക താളമുണ്ടായിരുന്നു. ശബ്ദം ഉച്ചസ്ഥായിയില്‍ എത്തുമ്പോള്‍  ഞങ്ങള്‍ ഒന്നിച്ച് പറമ്പിലേക്കിറങ്ങി ഓടും.പിന്നെ ഓട്ടം ചെന്നു നില്‍ക്കുന്നത് വയല്ക്കരയിലാണ്.

മഴ കഴിഞ്ഞുള്ള ചില രാത്രികളില്‍ ഞങ്ങള്‍  കുട്ടികള്‍ പതിവായി  ജനലുകള്‍  തുറന്നിട്ട്ജനലഴികളില്‍ മുഖമമര്‍ത്തി റബ്ബര്‍ തോട്ടത്തിന്‍റ കൂരിരുട്ടിലേക്ക് തന്നെ  നോക്കി നില്‍ക്കും.

ഇലക്കാടുകള്‍ക്കിടയില്‍  മിന്നാമിന്നിക്കൂട്ടം തെന്നി മാറിക്കൊണ്ടിരിക്കുന്ന കാഴ്ച്ച  കാണുവാന്‍ വേണ്ടിയായിരുന്നു അത്. പശ്ചാത്തലത്തില്‍  അപ്പോള്‍  ചീവീടുകളുടെ നിര്‍ത്താത്ത   കൂട്ടക്കരച്ചില്‍  കേള്‍ക്കാം.  ചിലപ്പോള്‍ അമ്മയും ഞങ്ങളോടൊപ്പം വന്നു നില്‍ക്കും. മുറിയിലെ ലൈറ്റ് അണച്ചിട്ട് ഞങ്ങള്‍ എല്ലാവരും കൂടി കാഴ്ച്ച അങ്ങനെ നോക്കി നില്‍ക്കും.

മഴ തോര്‍ന്ന  രാത്രികളില്‍  നിലാവുണ്ടെങ്കില്‍  മഴയില്‍ കുളിച്ചു നില്‍ക്കുന്ന റബ്ബര്‍ മരങ്ങളെ കാണുന്നത് മറ്റൊരു പ്രത്യേക അനുഭവമായിരുന്നു.

സ്ട്രോബറിപഴങ്ങള്‍ പഴുത്തു കിടന്നിരുന്ന തന്‍റെ  പഴയ വീടിന്‍റെ തോട്ടത്തിലേക്ക് ജീവിതത്തിന്‍റെ സായാഹ്നത്തില്‍ ഒന്നു കൂടി എത്തിച്ചേരുകയും, ഒരു മോഹ വിഭ്രാന്തിയില്‍പ്പെട്ടു്, സ്ട്രോബറി  പഴങ്ങള്‍ ഒന്നു കൂടി പറിക്കുവാനും, ഓര്‍മ്മയിലെ കുട്ടിക്കാലം അവിടെ നിന്ന് നേരില്‍ കാണുവാനും കൊതിക്കുന്നബര്‍ഗ്മാന്‍  ചിത്രത്തിലെ പ്രൊഫസ്സറെപ്പോലെയായി ഞാനിപ്പോള്‍.

മഴയത്ത്, ഓടിട്ട വീടിന്‍റെ മൂലയിലെ പാത്തിയില്‍ക്കൂടി തുമ്പിക്കൈ വണ്ണത്തില്‍ വെള്ളം മണലിലേക്ക് കുത്തിയൊഴുകി അവിടെ  കുഴികള്‍ കുഴിച്ചു കൊണ്ടിരിക്കുന്നു.

കാറ്റില്‍ റബ്ബര്‍ മരങ്ങള്‍ ആടിയുലയുമ്പോള്‍ ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ക്കൂടി കറുത്ത മേഘങ്ങള്‍ തെളിയുന്നു. അടുത്ത നിമിഷത്തില്‍ ഇലകള്‍ ഒന്നുചേര്‍ന്ന് അതിനെ മറക്കുകയും വീണ്ടും തെളിയുകയും ചെയ്യുന്നു.

കല്ലുകയ്യാലയിലെ കരിങ്കല്‍ ചീളുകള്‍ക്കിടയില്‍ക്കൂടി  ചായക്കളറിലെ വെള്ളം താഴേക്ക് ഒലിച്ചിറങ്ങുന്നു.

പറമ്പിലെ കുറ്റിച്ചെടികളും, ചേമ്പിലകളും ചായ വെള്ളത്തില്‍ മൂക്കറ്റം മുങ്ങി ശ്വാസം കിട്ടാതെ നിന്നു പിടക്കുന്നു.

മഴ എന്‍റെ മനസ്സിലേക്ക് ഓര്‍മ്മകളുടെ  ആലിപ്പഴങ്ങള്‍ പൊഴിയിച്ചു കൊണ്ട്  പെയ്തു പെയ്തിറങ്ങുകയായിരുന്നു.

ഒരു വല്ലാത്ത കുളിര്‍മ്മ.

ചിങ്ങവനത്തെ എന്‍റെ കൊച്ചു വീടിന്‍റെ ഇറയത്ത് ഒതുങ്ങി മാറി നില്‍ക്കുകയാണ് ഞാന്‍.

തണുത്ത തൂവാന തുള്ളികള്‍ മുഖത്തേക്ക് ചിതറി വീഴുന്നു..

പാന്റും ഷര്‍ട്ടും ഇട്ട് നില്‍ക്കുന്ന ഞാന്‍ വെള്ളത്തുള്ളികള്‍ ശരീരത്തു വീഴാതെ പരമാവധി ഒതുങ്ങി മാറി നിന്നു കുട്ടികളുടെമഴക്കുളികാണുകയാണ്.

പെട്ടന്ന് വീടിന്‍റെ അടുക്കളക്കോണില്‍ നിന്നും ശരം വിട്ടപോലെ പറമ്പിലേക്ക് ഓടി വരുന്ന എന്നെ എനിക്കു കാണാം. സംഘത്തിന്‍റെ കൂടെ ചേരാനുള്ള വരവാണത്.

അമ്മ പിറകേ.

അമ്മയുടെ ചെറുപ്പമായ രൂപം.

ഞാന്‍ ചിരിച്ചുകൊണ്ട് അമ്മയെ കബളിപ്പിച്ച് പിടി കൊടുക്കാതെ ഓടുകയാണ്.

ഓടുന്ന വഴിക്ക് അമ്മ  അറിയാതെ ചെളി വെള്ളത്തിലേക്ക് തെറ്റി വീഴുന്നു.

അതു നോക്കി തിരിഞ്ഞു നിന്ന് കളിയാക്കി കയ്യടിച്ചു ചിരിക്കുന്ന ഞാന്‍..

കൂടെ മറ്റു കുട്ടികളും ചേരുന്നു.

അമ്മ ഉരുണ്ടു പിരണ്ടെഴുന്നേറ്റ് നില്ലടാ അവിടെ കള്ളക്കുട്ടൂസെ എന്നും പറഞ്ഞു വീണ്ടും എന്നെയിട്ട് ഓടിക്കുന്നു..

അമ്മ എന്‍റെ അടുത്ത് തൊട്ടു തൊട്ടില്ല എന്നപോലെ എത്തി ഉടുത്തിരുന്ന എന്‍റെകുട്ടി തോര്‍ത്തുമുണ്ടില്‍ പിടി മുറുക്കുന്നു.

ബുദ്ധിപൂര്‍വ്വം  ഞാന്‍ തോര്‍ത്തു മുണ്ട് ഉരിഞ്ഞെറിഞ്ഞു അമ്മയെ പറ്റിച്ച് വീണ്ടും ഓടുന്നു.

കൂ…..പൂയ്യ്….കൂഎന്നു പറഞ്ഞ് അമ്മയെ കളിയാക്കുന്ന ഞാന്‍.

ഒടുവില്‍ അമ്മ എന്നെ ഓടിച്ചിട്ടു പിടിക്കുന്നു.

പിന്നെ, ഇറയത്തു നിര്‍ത്തി തല തോര്‍ത്തിരാസ്മാതിരിപ്പൊടി നിറുകയിലിട്ടു തിരുമ്മുന്നു.

നീ പിള്ളാരുടെ കൂടെക്കിടന്നു  മേളാങ്കിച്ചോ പനി വന്നാ കൊണ്ടോടാന്‍ ഞാനേ ഉള്ളൂ..”

അമ്മ  ദേഷ്യത്തില്‍ പിറുപിറുത്തു.

മൂര്‍ദ്ധാവിലെ രാസ്മാതിരിപ്പൊടി വീണു ചെമ്പിച്ച  മുടിയില്‍ കൈവിരല്‍ കൊണ്ടൊന്നു തൊട്ടു നോക്കി വിരല്‍ ഒന്ന് മണത്തു നോക്കി അതിഷ്ടപ്പെടാത്ത രീതിയില്‍ അമ്മയുടെ കൈപ്പിടിയില്‍ നിന്നും വഴുതി മാറി വീണ്ടും ഓടുന്ന ഞാന്‍.

ഹോഇങ്ങനെയൊരു  പിരുപിരുത്തവന്‍എന്നും പറഞ്ഞ് അമ്മ വീണ്ടും പിറകേ..

ഞാന്‍ എല്ലാം നിന്ന് കാണുകയാണ്.

ഞാന്‍എന്‍റെ അമ്മഎന്‍റെ കൂട്ടുകാര്‍.. എന്‍റെ പെങ്ങന്മാര്‍..

എല്ലാവരുമുണ്ട്.

എന്‍റെ ഓര്‍മ്മകള്‍ മുഴുവന്‍ അമ്മയിലേക്കായി.

അമ്മയിലേക്ക്മാത്രം

എന്നെ അങ്ങേയറ്റം സ്നേഹിച്ച എന്‍റെ അമ്മ.

ഞങ്ങളേക്കാള്‍  കൂടുതല്‍ അമ്മക്കെപ്പോഴും അവനോടാ സ്നേഹം‘.

പെങ്ങന്മാര്‍  ചിലപ്പോള്‍ വെറുതെ പരിഭവം പറയും.

അവന്‍ എന്‍റെ  ആകെയുള്ളൊരു  മോനല്ലേ…? നിങ്ങളങ്ങ് ക്ഷമിക്ക്.’

അമ്മ അവരെ സാന്ത്വനിപ്പിക്കും.

ബര്‍ഗ്മാന്‍റെപ്രൊഫസറില്‍ നിന്നും ഞാന്‍ അമ്മയുമൊത്തുള്ള ഓണ ഓര്‍മ്മകളിലേക്ക്എത്തി.

ഓണമില്ലെങ്കില്‍ പിന്നെ എനിക്കെന്തിനാണീ ബാല്യം..? എന്ന് ചിന്തിച്ചു പോയ നാളുകള്‍

ഓരോ വര്‍ഷവും ഓണത്തിനു വേണ്ടി  ദിവസങ്ങള്‍ എണ്ണിയെണ്ണി കാത്തിരുന്നു.

ചിങ്ങവനത്താഴത്തെപാടപ്പറമ്പുകളില്‍ ഉത്രാട രാത്രികള്‍ ഉന്മാദമായി.

ഓണനിലാവില്‍ അയല്‍വക്കത്തെ തുമ്പി പെണ്ണുങ്ങള്‍ ഉറഞ്ഞു തുള്ളി.

മുറ്റത്തെ പുളിമരച്ചോട്ടില്‍ ചിങ്ങ നിലാവു വിടര്‍ത്തിയ വെളിച്ചത്തുണ്ടുകളില്‍  അമ്മമാരുടെ നിശാ സദസ്സുകള്‍ സജീവമാകുമ്പോള്‍ ഞങ്ങളും അവര്‍ക്കൊപ്പം വട്ടം കൂടിയിരിക്കും.പിന്നെ കളിയായി, ചിരിയായി,പാട്ടുകളായി, അങ്ങനെ രാവേറെ നീളുന്ന സദസ്സുകള്‍.

പോഡും, പാഡും, ചാനല്‍ കാഴ്ച്ചകളും ഒന്നുമില്ലാതെനിലാപ്പറമ്പിലെ  ഓണം അങ്ങനെ ഞങ്ങള്‍  മനസ്സു നിറഞ്ഞു ആഘോഷിച്ചു.

ഓണമെന്ന രണ്ടക്ഷരത്തെ വീണ്ടും  ഓര്‍മ്മകളുടെ ഒലിവ്താഴ്വരകളിലേക്ക് കൂട്ടിക്കൊണ്ടു വരുന്നൂ   ദിനങ്ങള്‍.

ഒരിക്കലും മറക്കാനാവാത്ത ദിനങ്ങള്‍.

എന്‍റെ വീട് എന്‍റെ കൂട്ടുകാരുടെ കൂടെ വീടായി.

എന്‍റെ അമ്മ എന്‍റെ കൂട്ടുകാരുടെ കൂടെ അമ്മയായി.

ഓണക്കാലത്ത് അത്തപ്പൂക്കളമുണ്ടാക്കുന്നത് എങ്ങനെയെന്ന് അമ്മ ഞങ്ങള്‍ക്ക് കാണിച്ചു തരുമായിരുന്നു. വളരെപ്പെട്ടന്നായിരുന്നു അമ്മയത് ചെയ്തിരുന്നത്. അരിമാവു കൊണ്ട് അമ്മ വരച്ചു വയ്ക്കുന്നഡിസൈനുകള്‍ക്കുള്ളില്‍ അമ്മ പറയുന്ന നിറത്തിലുള്ള പൂക്കള്‍  ഞങ്ങള്‍ ചേര്‍ത്തു വയ്ക്കും

വിരിച്ചിട്ട ചിക്കുപായില്‍ ഞങ്ങള്‍ നിര നിരയായിരുന്നു സദ്യ ഉണ്ടു.

ഭൂമിയുടെ ഏതതിരുകള്‍ താണ്ടി ഏവിടെം വരെ പോയാലും, ഏതു നക്ഷത്ര ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചാലും അന്ന് അമ്മ വിളമ്പി തന്ന ഓണ  സദ്യക്കൊപ്പമാകുമോ?

ഇല്ല., ഒരിക്കലുമില്ല..

അത് വെറും സദ്യ മാത്രമായിരുന്നില്ലല്ലോ, നെയ്യുടെ മുകളില്‍ കൂടി അമ്മ സ്നേഹവും കൂടി  കുറുക്കി ഒഴിച്ചിരുന്നില്ലേ? രുചി  ഉണ്ടാക്കുവാന്‍ ഏതു പാചകക്കാരനാണ് കഴിയുന്നത്?

പിന്നീട് ഞങ്ങള്‍ ചിങ്ങവനത്തു നിന്നും അച്ഛന്‍റെ നാട് കോരാണിയിലെ ഞങ്ങളുടെമംഗലത്ത്വീട്ടിലേക്ക് പോയി.

അവിടെ വീടിനോട് ചേര്‍ന്ന സ്ഥലത്ത് അമ്മക്കൊരു പച്ചക്കറിത്തോട്ടമുണ്ടായിരുന്നു.

ഒരു വലിയ കോഴിക്കൂട് നിറയെ കോഴികളും ഉണ്ടായിരുന്നു.

ഞാന്‍ അവധിക്കു  വരുമ്പോള്‍ അമ്മ എന്നെക്കൊണ്ട് കോഴിക്ക് തവിടും പിണ്ണാക്കുമൊക്കെ കുഴപ്പിക്കുമായിരുന്നു.

ഒരു വലിയ മണ്‍ ചട്ടിക്കുള്ളിലിട്ടു തീറ്റ കുഴക്കുന്ന എന്നെ നോക്കി അമ്മ പറയും

നീ ഇപ്പം വല്യ  സാറായന്നും  കൊണ്ട്  ഇതൊന്നും ചെയ്യാണ്ടിരിക്കേണ്ട. ശരിക്കങ്ങോട്ടു കൊഴച്ചേ.. ഇതു കഴിയുമ്പം അടുത്ത പണി തരാം..’

ങേഇനീം പണിയോ?

അല്ല പിന്നേ….. കോഴിക്കൂട്ടീന്നു  കൊഴിത്തീട്ടം  മുഴുവന്‍ വാരി പാവലിനു കൊണ്ടിട്.’

അമ്മ ഇതും പറഞ്ഞ് സന്ധ്യയെ നോക്കി ചിരിക്കും.

സന്ധ്യയും പറയുംഅങ്ങനെ തന്നെ വരട്ടെ

പരുന്തും പുള്ളുമൊന്നും റാഞ്ചാതിരിക്കാന്‍ അമ്മയുടെ കോഴിക്കുഞ്ഞുങ്ങള്‍ക്ക് അമ്മ പല തരത്തിലുള്ള ചായം പുരട്ടിയിരുന്നു.

കോഴിക്കുഞ്ഞുങ്ങള്‍ക്ക് തീറ്റി കൊടുക്കുവാനായി അമ്മബ്ബാ.. ബ്ബാ, വിളിക്കും. അമ്മയുടെ ഒറ്റ വിളിയില്‍ തന്നെ കോഴികള്‍ അമ്മയുടെ  കാല്‍ച്ചുവട്ടില്‍    എത്തും.

കൂട്ടത്തില്‍ ഞാനും ബ്ബാ….ബ്ബാ വിളിക്കും. പക്ഷേ കോഴികള്‍ അമ്മയുടെ അടുത്തേക്ക് തന്നെ ഓടും.

അതു കണ്ട് അമ്മ ചിരിച്ചോണ്ട് പറയും

ദേ കണ്ടോ നീ പേര്‍ഷ്യാക്കാരനാണന്ന് അതുങ്ങക്കറിയാം, നീ പോയാലും അതുങ്ങക്ക് പിന്നെ ഞാനല്ലേ ഉള്ളൂ അതാ….”

മണ്ണിനേയും, മനുഷ്യനേയും, മൃഗങ്ങളേയും, പക്ഷികളേയും, പ്രകൃതിയേയും എല്ലാം അളവറ്റു  സ്നേഹിക്കുവാന്‍  എന്നെ പഠിപ്പിച്ച എന്‍റെ അമ്മ.

പ്രകൃതിയേയും ദൈവത്തെയും ഒന്നായിക്കാണുവാന്‍ പഠിപ്പിച്ച അമ്മ.

അച്ഛനോടൊപ്പം നിന്ന്‍, ജാതി, മത വര്‍ഗ്ഗ ചിന്തകള്‍ക്കെതിരെ ഞങ്ങളെ പറഞ്ഞു പഠിപ്പിച്ച അമ്മ.

ബൈബിളും, ബാലരാമായണവും ഒരുമിച്ചു പഠിപ്പിച്ച അമ്മ.

അമ്മ ഇന്നില്ല

അമ്മയില്ലാത്ത ഓണം.

അമ്മ ഓര്‍മ്മകളുടെ ഓണം.

ഒരിക്കല്‍ ഒരു ഉത്രാടനാളില്‍, ഓണം ആഘോഷിക്കുവാന്‍  ദുബായില്‍ നിന്നും നാട്ടിലെത്തിയപ്പോള്‍എന്‍റെ  ജോഷിമോന്‍ ഇന്നു വരുന്നുണ്ട്എന്ന് പറഞ്ഞ് നാടു മുഴുവന്‍ വിളംബരം നടത്തി തൂശനിലയുമായി കാത്തിരുന്ന എന്‍റെ അമ്മ.

അന്ന് അമ്മക്ക് നല്ല ആരോഗ്യമായിരുന്നു.    

ആവിപറക്കുന്ന കുത്തരി  ചോറിനുള്ളില്‍ കുഴി കുഴിച്ച് പരിപ്പും നെയ്യുമൊഴിച്ചു അതിനു മുകളില്‍ പപ്പടവും വച്ച് എന്നെ  ചോറുണ്ണുവാന്‍ പ്രേരിപ്പിച്ച്കൂട്ടിനിരുന്ന എന്‍റെ അമ്മ

 പിന്നീട് അവധി തീരുന്നതുവരെ ഞാന്‍  വീട്ടിലുള്ളപ്പോളെല്ലാം ഇലയില്‍ തന്നെ  ചോറു വിളമ്പി തന്ന് അമ്മ പറയുമായിരുന്നു

ഇനിയും  നിനക്ക്  അവിടെ  ചെന്നാല്‍  ഇലയിലെ ചോറുണ്ണാന്‍ പറ്റില്ലാല്ലോ

അവധി തീരുന്നതുവരെ പിന്നെ സദ്യ ആയിരുന്നു.

ചീര, അവിയല്‍, മുരിങ്ങയില, മുരിങ്ങപ്പൂവ്, അഗസ്തിപ്പൂവ്, വാഴച്ചുണ്ട്, വാഴപ്പിണ്ടി, ചേമ്പിന്‍ തണ്ട്, ചേനത്തണ്ട്, അങ്ങനെ പറമ്പിലുള്ള, പ്രകൃതിയുടെ പച്ചപ്പിനെ മുഴുവന്‍ പാത്രങ്ങളിലാക്കി അമ്മ വിഭവ സമൃദ്ധമായ സദ്യ ഉണ്ടാക്കി എനിക്കു തരും.

എന്നിട്ട് ഒരുപദേശം പോലെ  പറയും

നീ എവിടെപ്പോയാലും  പ്രകൃതിയെ  അറിഞ്ഞു തന്നെ  ജീവിക്കണം.”

പിന്നീട്,

മറ്റൊരോണത്തിന് നാട്ടില്‍ ചെന്നപ്പോള്‍ പാര്‍ക്കിന്‍സണ്‍സ്(Parkinson) എന്ന രോഗം ബാധിച്ച് വെറും ഒരു അസ്ഥികോലമായി ഓണമെന്തന്നു പോലും അറിയാതെ, ഓര്‍മ്മയില്‍ മൂടല്‍മഞ്ഞ് വീണു കിടന്ന അമ്മ

ഒരുരുള ചോറു പോലും കഴിക്കുവാന്‍ പ്രാപ്തിയില്ലാത്ത അമ്മക്ക് ഞാന്‍   നിര്‍ബന്ധിച്ച് ഓണത്തിന് ചോറു വാരിക്കൊടുത്തു.

എന്‍റെ കൈ കൊണ്ട്

 ഇടക്കെപ്പോഴോ ഒരു മിന്നായം പോലെ ഉണരുന്ന  ഓര്‍മ്മയില്‍ എന്നെ തിരിച്ചറിഞ്ഞ അമ്മ എന്‍റെ  ഇടത്തെക്കൈത്തണ്ടയില്‍ മുറുകെപ്പിടിച്ചു.

എന്നെ തുറിച്ചു നോക്കിയ കണ്ണിലെ കണ്ണാടി തിളക്കത്തില്‍ക്കൂടി കൂടി  ഞാന്‍ എന്‍റെ  പ്രതിബിംബം അമ്മയുടെ  കണ്ണില്‍  കണ്ടു.

കൈപ്പിടി മുറുകിക്കൊണ്ടിരുന്നു.

ഒടുവില്‍, എല്ലാവരും ചേര്‍ന്ന് പണിപ്പെട്ട് ബലംപ്രയോഗിച്ച് എന്‍റെ  കൈ, അമ്മയുടെ പിടിയില്‍ നിന്ന് വേര്‍പെടുത്തിയെടുക്കേണ്ടി വന്നു. അമ്മയുടെ കൈയിലെ നഖം കൊണ്ട് എന്‍റെ  കൈത്തണ്ട മുറിഞ്ഞു ചോര വന്നു.

അമ്മ എന്നെ ഹൃദയത്തില്‍ ചേര്‍ത്തു വച്ച മുറിപ്പാട് ഒരിക്കലും മാഞ്ഞു പോകരുതേ എന്ന്  ഞാന്‍  പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. പക്ഷെ മുറിപ്പാടുകള്‍  മാഞ്ഞു പോയി.

എങ്കിലും, എന്‍റെ ഹൃദയത്തിലെ  മുറിപ്പാടുകള്‍ ഒരിക്കലും മായില്ല

 ആദ്യമായിട്ട്, ഓണം മനസ്സില്‍ നീറിപ്പിടിക്കുന്ന ഓര്‍മ്മയാകുന്നു.

അമ്മ പറഞ്ഞുതന്ന പ്രകൃതിയുടെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഞാനിന്നു ജീവിക്കുകയാണ്. പ്രകൃതിയില്‍ക്കൂടി ഞാനിന്ന് അമ്മയെ കാണുന്നു.

ഞാന്‍ തിരക്കഥ എഴുതിയ സിനിമക്ക് ഒരു നിയോഗം പോലെ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ്കൂടി കിട്ടിയിരിക്കുന്നു.

 ജയരാജ്‌ എന്ന സംവിധായകനില്‍ക്കൂടി ഞാന്‍ പ്രകൃതിയുടെ പച്ചപ്പിനെ വീണ്ടും ഒന്നുകൂടി തൊട്ടു തലോടുകയായിരുന്നു.

മറ്റൊരമ്മ

 എന്‍റെ അച്ഛമ്മ

ഞങ്ങള്‍പൊന്നമ്മച്ചിഎന്നാണ് അച്ഛമ്മയെ വിളിച്ചിരുന്നത്‌.

 കുട്ടിക്കാലത്ത് ഓണ അവധിക്ക് ഞങ്ങള്‍ കുട്ടികള്‍കോരാണിയിലെഅച്ഛന്‍റെ തറവാടായമംഗലത്ത്ചെല്ലുമ്പോള്‍ പൊന്നമ്മച്ചി ഞങ്ങളേയും കൂട്ടിക്കൊണ്ട് പറമ്പുരുകെ ചുറ്റുമായിരുന്നു.

കശുമാവിന്‍ തോട്ടത്തില്‍ ആര്‍പ്പുവിളികളോടെ  ഊഞ്ഞാലുകള്‍ ഉയര്‍ന്നു പൊങ്ങുമ്പോള്‍ കരുതലോടെ പൊന്നമ്മച്ചി  ഞങ്ങള്‍ക്ക് കാവലിരിക്കും

പൊന്നമ്മച്ചിക്ക് ആടും ആട്ടിന്‍ കുട്ടികളും ഉണ്ടായിരുന്നു.

പേരുകേട്ട ആയുര്‍വേദ വൈദ്യനായിരുന്ന മുത്തച്ഛന് വീടിനോട് ചേര്‍ന്ന് ഒരു വൈദ്യശാല ഉണ്ടായിരുന്നു. ഞങ്ങള്‍ കുട്ടികള്‍ മുത്തച്ഛനെ കണ്ടിട്ടില്ല.

ഞങ്ങള്‍ ജനിക്കുന്നതിനു മുന്‍പു തന്നെ മുത്തച്ഛന്‍ മരിച്ചിരുന്നു.

പൊന്നമ്മച്ചിക്കും കുറച്ചു വൈദ്യം ഒക്കെ അറിയാമായിരുന്നു.

ഓണക്കാലത്ത് അവിടെ ചെല്ലുന്ന എനിക്ക് എന്തൊക്കെയോ ആയുര്‍വേദ  മരുന്നുകള്‍ ചേര്‍ത്ത  ആട്ടിന്‍ പാല്‍ എന്നും രാവിലെ തരുമായിരുന്നു.

പാല്‍ കുടിക്കാഞ്ഞാല്‍ പൊന്നമ്മച്ചി വഴക്കു പറയുമായിരുന്നു. അവര്‍ക്ക് കുട്ടികളായ ഞങ്ങളെ വല്യ ഇഷ്ടമായിരുന്നു.

 പൂജാ മുറിയോട് ചേര്‍ന്ന്പൊന്നമ്മച്ചിയുടെ  മുറിയില്‍ എപ്പോഴും എണ്ണയുടെയും, കുഴമ്പിന്‍റെയും ഒക്കെ മണമായിരുന്നു.

കുളിച്ച് ഈറനണിഞ്ഞ മുടിയുമായി ഒരുബോഡീസുംമുണ്ടുമുടുത്ത് കട്ടിലില്‍ ഇരുന്ന് തലമുടി വേര്‍പെടുത്തിക്കൊണ്ടിരിക്കുന്ന പൊന്നമ്മച്ചിയുടെ നനവുള്ള മടിയില്‍  ഇരിക്കുമ്പോള്‍ പൊന്നമ്മച്ചിക്ക് ചന്ദ്രിക സോപ്പിന്‍റെ മണമായിരുന്നു.

പൊന്നമ്മച്ചിയുടെ സ്ഥിരം ബ്രാണ്ട് ആയിരുന്നു സോപ്പ്.

എനിക്കും സോപ്പിന്‍റെ മണം ഇഷ്ടമായിരുന്നു.

ചൂടു കാലത്ത് പൊന്നമ്മച്ചി എപ്പോഴും കൊണ്ടു നടക്കുന്ന ഒരു പാള വിശറിയുണ്ടായിരുന്നു. അതിന്‍റെ പിടിയാകെ മെഴുക്കു പുരണ്ട് ധന്വന്തരം കുഴമ്പിന്‍റെ മണമായിരുന്നു.പെങ്ങന്മാര്‍ക്കു മണം ഇഷ്ടമില്ലായിരുന്നു.

പക്ഷെ എനിക്ക് എന്തോ മണം ഇഷ്ടമായിരുന്നു.

വിശറി കൊണ്ട് ഞാന്‍ പൊന്നമ്മച്ചിക്ക് വീശിക്കൊടുക്കും.പിന്നെ പൊന്നമ്മച്ചി എനിക്കും വീശിത്തരും.

അങ്ങനെ ഞങ്ങള്‍ സ്നേഹവും കാറ്റും പരസ്പരം പങ്കു വച്ചു.

 ഒരു തിരുവോണ നാളില്‍  മുറിക്കുള്ളില്‍ ഞങ്ങള്‍  കുട്ടികള്‍ കളിച്ചു കൊണ്ടിരുന്നപ്പോള്‍ വീട്ടിലെ പത്തായപ്പുരയുടെ മൂലയ്ക്ക് വച്ചിരുന്നധന്വന്തരംകുഴമ്പിന്‍റെ  ഭരണി എന്‍റെ  കാല്‍ തട്ടി പൊട്ടിപ്പോയി. മുറി മുഴുവന്‍ കുഴമ്പ് പൊട്ടിയൊഴുകി. ഒരു ലാവാ പ്രവാഹം പോലെ. അച്ഛന്‍ വടിയുമായി എന്‍റെ  പിറകേ വന്നപ്പോള്‍ തടസ്സം നിന്ന പൊന്നമ്മച്ചി പിടിവലിക്കിടയില്‍ കുഴമ്പില്‍ ചവിട്ടി തെന്നി വീണു. തൊട്ടടുത്ത്നെല്ലുനിറച്ച ചാക്കുണ്ടായിരുന്നതു കൊണ്ട് അന്ന് തറയില്‍ വീഴാതെ രക്ഷപെട്ടു. എങ്കിലും ഒന്നു രണ്ടു ദിവസം കിടപ്പിലായിപ്പോയി. ഞാന്‍ കാരണമാണല്ലോ പൊന്നമ്മച്ചി അന്ന് വീണത് എന്ന് ദുഖത്തോടെ എല്ലാ ഓണനാളിലും ഞാന്‍ ഓര്‍ക്കാറുണ്ട്.

അമ്മയും, അച്ഛമ്മയും,

അവരുടെ   സ്നേഹത്തലോടലുകള്‍ ഇന്നെനിക്കു നഷ്ടമായിരിക്കുന്നു. രാസ്മാതിരി പൊടിയും ചന്ദ്രിക സോപ്പും ജീവിതത്തിലങ്ങോളം സ്നേഹത്തിന്‍റെ രണ്ടു ഗന്ധങ്ങളാകുന്നു.

അമ്മയില്ലാത്തവര്‍ ഒരു  വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അനാഥമാക്കപ്പെട്ടവരാണ്. അതു ഞാനിന്നു പൂര്‍ണ്ണമായും മനസ്സിലാക്കുന്നു.

അമ്മയില്ലാത്ത ഓണം അപൂര്‍ണമാകുന്നു..

അമ്മയുടെ മഹത്വം മുഴുവന്‍ തൂലികത്തുമ്പിലാവാഹിച്ച്

വര്‍ഷങ്ങള്‍ക്കു മുന്‍പ് വയലാറിലെ രാഘവപ്പറമ്പിന്‍റെ മുറ്റത്തിരുന്നു ഒരു  മകന്‍ എഴുതി :-

അമ്മേഅമ്മേ

അവിടുത്തെ  മുന്പില്‍

ഞാനാര്ദൈവമാര്?

ആദിയില്‍ മാനവും

ഭൂമിയും തീര്‍ത്തത്

ദൈവമായിരിക്കാം

ആറാം നാളില്‍

മനുഷ്യനെ തീര്‍ത്തത്

ദൈവമായിരിക്കാം

ദൈവത്തെ പെറ്റു വളര്‍ത്തിയതമ്മയല്ലോ അമ്മ

ദൈവത്തെ മുലപ്പാലൂട്ടിയതമ്മയല്ലോ അമ്മ”.

അതെ..,

സ്നേഹത്തിന്‍റെ  മുന്പില്‍ 

ഞാനാര്‌… ദൈവമാര്…?

Joshy Mangalath
Joshy Mangalath
ഒറ്റാൽ എന്ന സിനിമയിലൂടെ തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌ക്കാരം നേടി. ചെക്കോവിന്റെ വാങ്ക എന്ന ചെറുകഥയെ ഉപജീവിച്ച്‌ ഒറ്റാൽ രചിച്ചത്. രവീന്ദ്ര നാഥ ടാഗോറിന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് പുതിയ സിനിമയ്ക്കുള്ള തിരക്കഥ പൂർത്തിയാക്കിയിരിയ്ക്കുന്നത്. ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും എഴുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *