കൊറോണക്കാലത്തെ പൂച്ചക്കുട്ടികള്‍

ആഗോളവത്ക്കരണം, കോവിഡിലൂടെ…
June 5, 2020

പുലര്‍ച്ച അഞ്ചുമണിക്കുള്ള അലാറമടിച്ചു. ദയാല്‍ ബാബു എഴുന്നേറ്റു. ഉറക്കച്ചടവോടെ കണ്ണുകളടച്ചുകൊണ്ടുതന്നെ കട്ടിലില്‍ കുത്തിയിരുന്നു. പിന്നെ തനിക്കൊരു ദിവസം കൂടി തന്ന ദൈവത്തോടു നന്ദിപറഞ്ഞ് ഉറക്കെ നാമം ജപിക്കാന്‍ തുടങ്ങി. വര്‍ഷങ്ങളായുള്ള ഒരു ദിനചര്യയാണത്. ഇഷ്ട ദൈവമായ ശ്രീകൃഷ്ണനുമായിട്ടുള്ള ആ ഒരു ആശയവിനിമയം കഴിയുമ്പോള്‍ മാത്രമാണ് അയാളുടെ ഒരു ദിവസം ആരംഭിക്കുന്നത്. പ്രാര്‍ത്ഥന കഴിഞ്ഞ ദയാല്‍ മുറിയുടെ മൂലയ്ക്കലെ കാര്‍പ്പറ്റിലേക്കൊന്നു നോക്കി. അയാളെത്തന്നെ കണ്ണിമയ്ക്കാതെ നോക്കിയിരിക്കുന്ന അയാളുടെ പ്രിയപ്പെട്ട പൂച്ചകള്‍. അവര്‍ അഞ്ചുപേരാണ്. ജീവിതത്തില്‍ ഇപ്പോള്‍ അയാള്‍ക്കാകെയുള്ള ബന്ധുക്കള്‍. അവരില്ലെങ്കില്‍ അയാളില്ല.., അയാളില്ലെങ്കില്‍ അവരുമില്ല..!. അയാള്‍ക്കവര്‍ വെറും മൃഗങ്ങളല്ല, കുട്ടികളാണ്.

ദയാല്‍ കട്ടിലില്‍ നിന്നും നിലത്തേക്ക് കാല്‍ കുത്തിയ അതേ നിമിഷത്തില്‍ പൂച്ചകള്‍ അഞ്ചും അയാളുടെ നേര്‍ക്കോടിവന്നു. ഒരടി പോലും മുന്നോട്ടു നടക്കാനനുവദിക്കാതെ പാദങ്ങള്‍ക്കിടയിലൂടെ വാലാട്ടി മുട്ടിയുരുമ്മി സ്നേഹപ്രകടനങ്ങള്‍ കാട്ടുവാനവര്‍ തമ്മില്‍ത്തമ്മില്‍ മത്സരിച്ചു. പെട്ടന്നയാള്‍ കാര്‍പ്പറ്റിലേക്കിരുന്ന് ഓരോരുത്തരേയും വാത്സല്യത്തോടെ പേര്‍വിളിച്ചു. “ഗേറ്റീ, ചാര്‍ളീ, ട്രിപ്പോഡ്, ഓറഞ്ച്, ഫോക്സി“. വിളികേട്ടതും ഓരോരുത്തരും അവരുടെതായ കരച്ചില്‍ ശബ്ദത്തോടെ അയാളുടെ മടിയിലേക്കു ചാടിക്കയറി. പിന്നെ സ്നേഹം പ്രകടിപ്പിച്ച് കിടന്നുരുളുവാന്‍ തുടങ്ങി. അവയുടെ ആ വീര്‍പ്പു മുട്ടിക്കുന്ന സ്നേഹപ്രകടങ്ങളിലൂടെ, കരച്ചിലിലൂടെ, അവയ്ക്ക് അയാളോട് എന്തോ പറയുവാനുണ്ടന്നയാള്‍ക്കറിയാം. ഓരോന്നിന്‍റെ കരച്ചിലിന്‍റെ ശ്രുതിയും അയാള്‍ക്ക്‌ വേറിട്ടു തിരിച്ചറിയാം. അവര്‍ക്കതൊരു സംസാരം പോലെയാണ്. എല്ലാം മനസ്സിലായപോലെ അയാള്‍ അവരോട് തിരിച്ചും സംസാരിക്കുവാന്‍ തുടങ്ങി. മനുഷ്യനും മൃഗങ്ങളുമായുള്ള ആ സംസാരഭാഷ – അതവര്‍ക്കു മാത്രമേ തിരിച്ചറിയൂ..!

പൂച്ചകളില്‍ വികലാംഗനായ ‘ട്രിപ്പോഡി’നെയാണയാള്‍ക്കേറ്റവുമിഷ്ടം. ഏതോ ഒരപകടത്തില്‍പ്പെട്ട്, പിന്‍ കാലിലൊന്നു നഷ്ടപ്പെട്ട്, ഇഴഞ്ഞു നടന്നിരുന്ന ട്രിപ്പോഡിനെ പുലര്‍ച്ചെയുള്ള നടത്തത്തിനിടയില്‍ വഴിയില്‍ നിന്നുമാണയാള്‍ക്ക്‌ കിട്ടിയത്. അയാളതിനെ ശുശ്രൂഷിച്ച്, സ്നേഹം നല്‍കി പരിപാലിച്ചു വളര്‍ത്തിക്കൊണ്ടു വന്നു. മൂന്നു കാലുകള്‍ മാത്രമുള്ളതുകൊണ്ട് അയാളതിനു വ്യത്യസ്തമായ ‘ട്രിപ്പോഡ്’ എന്ന പേരിട്ടു. എല്ലാ പൂച്ചകളുടെ പേരിനും ഓരോരോ കാരണങ്ങളുണ്ട്. ഒരിക്കല്‍ മറ്റു പൂച്ചകളുടെ ആക്രമണത്തില്‍ പരിക്കേറ്റ് ദേഹമാസകലം ചോരയുമായ്‌ അയാളുടെ താമസ സ്ഥലത്തെ ഗേറ്റിനു മുന്‍പില്‍ ചുരുണ്ടുകൂടിക്കിടന്ന ഒരു പൂച്ചയെ അയാള്‍ സാന്ത്വനത്തോടെ തലോടി സംരക്ഷിച്ചു. ഗേറ്റിനു മുന്‍പില്‍ നിന്നും കിട്ടിയതു കൊണ്ട് അയാളതിന് ‘ഗേറ്റി’ എന്ന് പേരിട്ടു. കട്ടി മീശയും, കമ്പിളി രോമവുമുള്ള, എപ്പോളും കുത്തിമറിയുന്ന മറ്റൊരു പൂച്ചക്ക് ‘ചാര്‍ളി’ എന്ന പേരിട്ടു. ഒരു പെരുമഴയത്ത് വഴിയില്‍ നിന്നും കിട്ടിയ കടും ഓറഞ്ചു നിറത്തിലുള്ള വേറൊരു പൂച്ചക്കുട്ടിക്ക് അയാള്‍ ‘ഓറഞ്ച്’ എന്ന പേര്‍ നല്‍കി. ഒറ്റ നോട്ടത്തില്‍ ഒരു കുറുനരിയെപ്പോലെ തോന്നിപ്പിക്കുന്ന ചാരനിറത്തിലുള്ള തന്‍റെ കുട്ടിക്കുറുമ്പന്‍ പൂച്ചയെ പാര്‍ക്കിനു സമീപത്തെ കുറ്റിച്ചെടികള്‍ക്കുള്ളില്‍ കാലില്‍ കുരുക്കു വീണനിലയിലാണ് കാണപ്പെട്ടത്‌. അയാളതിനു ‘ഫോക്സി’ എന്നു പേരിട്ടു.

കഴിഞ്ഞ പതിനേഴു വര്‍ഷങ്ങളായ് ദുബായിലെ ഒരു പ്രശസ്തമായ സ്കൂളില്‍ വാച്ചുമാനായി ജോലി നോക്കുകയാണയാള്‍. സ്കൂള്‍ കോമ്പൌണ്ടിനോടു ചേര്‍ന്നുള്ള ചെറിയ വാച്ച്മാന്‍ ഹൌസില്‍ ഒറ്റയ്ക്കാണയാളുടെ താമസം. വീടിനുപുറത്ത് ഒരു ചെറു മുറ്റവും പച്ചക്കറി തോട്ടവുമുണ്ടയാള്‍ക്ക്. സ്കൂള്‍ കൊമ്പൌണ്ടിനെ അയാളുടെ വീടുമായി വേര്‍തിരിക്കുന്ന മതിലില്‍ ഒരു ചെറിയ ഗേറ്റുണ്ട്.

പുലര്‍ച്ചെ പ്രാര്‍ത്ഥനകള്‍ക്കുശേഷം അയാള്‍ സ്കൂള്‍ മുറ്റത്തെ വിശാലമായ ഗ്രൌണ്ടിനു ചുറ്റുമായ് ഒന്നു നടക്കാനിറങ്ങും. ആദ്യമൊരു നടപ്പില്‍ തുടങ്ങി, പിന്നെയത് ഒരോട്ടമായ് മാറും. ഈ സമയത്ത് പൂച്ചകളും അയാളോടൊപ്പമുണ്ടാകും. അരണ്ട വെളിച്ചത്തില്‍ ആ മൈതാനമപ്പോള്‍ അവരുടെ മാത്രമായ ഒരു ലോകമാണ്.

അയാളുടെ ചിട്ടവട്ടങ്ങളെല്ലാം കൃത്യമായറിയുന്ന പൂച്ചകള്‍ ഒരു തരത്തിലും അയാള്‍ക്കൊരു തടസ്സമുണ്ടാക്കിയിരുന്നില്ല. ഒഴിഞ്ഞുമാറി ഗ്രൌണ്ടിനുള്ളിലെ പുല്‍പ്പരപ്പിലവര്‍ കെട്ടിമറിയും. ആദ്യമൊക്കെ പരസ്പരം ശണ്ഠകൂടിയിരുന്നെങ്കിലും ഇപ്പോളവര്‍ വല്യ ചങ്ങാത്തത്തിലാണ്. ദയാലിന്‍റെ ശിക്ഷണത്തില്‍ അവസരത്തിനൊത്തു പ്രവര്‍ത്തിക്കുന്ന അത്യപൂര്‍വ്വമായ, സമാനതകളില്ലാത്ത, പൂച്ചകളായി മാറി അവരിപ്പോള്‍. നടത്തം കഴിഞ്ഞ് ഓടാന്‍ തുടങ്ങുമ്പോള്‍ അയാള്‍ ഒരു വിസില്‍ മുഴക്കും. അപ്പോള്‍മാത്രമാണ് പൂച്ചകള്‍ അയാളുടെ സമീപത്തേക്കെത്തുക. പിന്നീട് കൃത്യമായ അകലം പാലിച്ച് എല്ലാവരും കൂടി ഒരു കൂട്ട ഓട്ടമാണ്. അയാള്‍ വേഗത കൂട്ടുന്നതും കുറക്കുന്നതുമനുസരിച്ച് അവയും അതു തുടരും. പൂച്ചകളുടെ ഈ അച്ചടക്കവും, തിരിച്ചറിവുമൊക്കെ കണ്ടിട്ട് സ്ക്കൂളിലെ പ്യുണും ദയാലിന്‍റെ ഉറ്റ സുഹൃത്തുമായ സെല്‍വരാജന്‍ പറയും:-

“എടാ ദയാലെ സര്‍ക്കസ് കമ്പനിയിലെ റിങ്ങ് മാസ്റ്ററൊക്കെ നിന്‍റെ മുന്‍പിലൊന്നുമല്ല. അതേ പോലല്ലേ നീ ഇവത്തുങ്ങളെ പഠിപ്പിച്ചു വച്ചിരിക്കുന്നേ.”.

“മനുഷ്യരേക്കാള്‍ അനുസരണയാ പൂച്ചകള്‍ക്ക്, ഞാനവര്‍ക്ക് സ്നേഹത്തിന്‍റെ ഭാഷയാ പഠിപ്പിച്ചു കൊടുത്തിരിക്കുന്നത്. നീ കണ്ടില്ലേ അവര്‍ ഒരിക്കലും ശണ്ഠ കൂടില്ലാ..”

ദയാല്‍ പറയും.

മാസ ശമ്പളത്തിന്‍റെ ഏറിയഭാഗവും പൂച്ചകളുടെ ആഹാരത്തിനും,ആരോഗ്യത്തി- നുമൊക്കെയാണയാള്‍ ചിലവഴിച്ചിരുന്നത്. മാര്‍ക്കറ്റില്‍ ലഭ്യമാകുന്നതില്‍ വച്ചേറ്റവും മെച്ചപ്പെട്ടവ മാത്രമേ അതിനു വേണ്ടി വാങ്ങിയിരുന്നുള്ളൂ. ഫുഡ്‌ പായ്ക്കറ്റിലെ വൈറ്റമിന്‍ ചേരുവകള്‍ സൂക്ഷതയോടെ നോക്കി ഉറപ്പു വരുത്തും. പൂച്ചകള്‍ക്ക് വയറുവേദന ഉണ്ടാകാതിരിക്കാനായ് ‘ലാക്ടോസ്’ ഫ്രീ ആയ പാല്‍ മാത്രമേ തിരഞ്ഞെടുക്കൂ. വലിയമീനുകളെ മുറിച്ച് ചെറിയ, ചെറിയ കഷണങ്ങളാക്കി വാങ്ങിക്കും. കൃത്യമായ ഇടവേളകളില്‍ പൂച്ചകള്‍ക്കുള്ള വാക്സിനും എടുപ്പിച്ചിരുന്നു. ഏതെങ്കിലും ഒരു പൂച്ച പതിവില്‍ കവിഞ്ഞ സമയം ഉറങ്ങുകയാണെങ്കില്‍ അയാള്‍ക്കറിയാം എന്തോ പന്തികേടുണ്ടെന്ന്. പൂച്ചയുമായ് ഉടനെ വെറിട്ട്നറി ക്ലിനിക്കിലെ ഡോക്ടര്‍ സാമുവലിനെ കാണുവാനായ് ഓടും.

“പൂച്ചകളെ ഇത്ര കരുതലോടെ വളര്‍ത്തുന്ന ഒരാളെ, ഞാനെന്‍റെ ജീവിതത്തില്‍  ആദ്യമായിട്ടാ കാണുന്നത്”.

ഡോക്ടറുടെ ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ അയാള്‍ സ്വയം അഭിമാനിതനായ് അദ്ദേഹത്തെ നോക്കിയൊന്നു ചിരിക്കും. പൂച്ച പരിപാലനത്തിനായുള്ള അയാളുടെ സകല സംശയങ്ങളും ദുരീകരിച്ചിരുന്നത് ഡോക്ടര്‍ സാമുവല്‍ തന്നെയായിരുന്നു.

ആഴ്ചയുടെ ഒഴിവു ദിവസങ്ങളില്‍ പുലര്‍ച്ചെയുള്ള പ്രാര്‍ത്ഥനക്കു ശേഷം പൂച്ചകളുമായ്‌ സ്കൂള്‍ ഗ്രൂണ്ടില്‍, ബോള്‍ കൊണ്ടുള്ള ചില കളികളിലേര്‍പ്പെടുമയാള്‍. പൂച്ചകളുടെ ശരീരത്ത് കൂടുതല്‍ ചെളിയും ആഴുക്കുമൊക്കെയാകുന്ന ചില അവസരങ്ങളില്‍ അയാള്‍ എല്ലാ പൂച്ചകളെയും കുളിപ്പിക്കുവാനായ് കൊണ്ടു പോകും. അതിനായ്  ആദ്യം തന്നെ വളരെ മൃദുവായ റബ്ബര്‍ ഉറകള്‍ കയ്യില്‍ ധരിക്കും. ഇതു കാണുമ്പോഴെക്കും പൂച്ചകള്‍ തയ്യാറായ് അയാള്‍ക്കരികിലേക്കോടിയെത്തും. ഒരോ പൂച്ചയുടെയും ദേഹത്ത് അവയ്ക്കുള്ള പ്രത്യേക തരം കണ്ടീഷണറുകള്‍ ഒരു തഴുകല്‍ പോലെ തേച്ചു പിടിപ്പിക്കും. അയാളുടെ ആ തഴുകല്‍ ശരിക്കും ആസ്വദിക്കും പോലെ ശാന്തമായവര്‍ ഒതുങ്ങി നില്‍ക്കും. പിന്നീട്‌ വളരെ സൂക്ഷിച്ച് ചെവികള്‍ക്കുള്ളില്‍ വെള്ളം കയറാതെ കുളിപ്പിച്ചെടുക്കും. മൃദുവായ ടവ്വല്‍ കൊണ്ടു തുടയ്ക്കും. കുളി കഴിഞ്ഞ അഞ്ചു പൂച്ചകളും അവയെ പരിശീലിപ്പിച്ചതനുസരിച്ച് സ്കൂള്‍ മൈതാനത്തേക്കു വെയില്‍ കായുവാനായ് ഒറ്റ ഓട്ടമാണ്. പൂച്ചകള്‍ക്കു കളിക്കുവാനുള്ള ‘ക്യാറ്റ് ടോയ്സും’ അവിടേക്കയാള്‍ ഇട്ടു കൊടുക്കും. ടോയ്സുമായ് അവ കളി തുടങ്ങും.

ഉച്ച ഭക്ഷണത്തിനായ്‌ അയാളിരിക്കുന്നതിനു മുന്‍പ് പൂച്ചകള്‍ക്കുള്ള ഭക്ഷണം ആദ്യം തന്നെ വിളമ്പി വയ്ക്കും. അതിനായ് ഓരോരുത്തര്‍ക്കും ഓരോരോ പാത്രങ്ങളുണ്ട്. പിന്നീട്‌, ഉച്ചഉറക്കത്തിനായ് അയാള്‍ പോകുമ്പോള്‍ അവര്‍ക്കിഷ്ടമുള്ള പക്ഷി മൃഗാദികളുടെ ചില ടി.വി പ്രോഗ്രാമുകള്‍ അവര്‍ക്കായ് തുറന്നു വച്ചു കൊടുക്കും. കാര്‍പ്പറ്റിനു മുകളില്‍ മുട്ടിയുരുമ്മിയിരുന്നവരത് സാകൂതം വീക്ഷിക്കും.

ഒഴിവു ദിവസത്തെ വൈകുന്നേരങ്ങളില്‍, ദുബായ് നഗരത്തെ രണ്ടായ് പകുത്തൊഴുകുന്ന കനാല്‍ തീരത്തെ അമ്പലത്തില്‍ അയാള്‍ സ്ഥിരമായ്‌ പോകും.

ആ സമയത്തു മാത്രമയാള്‍ പൂച്ചകളെ ഒഴിവാക്കിയിരുന്നു. പോകുമ്പോള്‍ കയ്യില്‍, ചെറിയ ഒരു കവറിലായ് പക്ഷികള്‍ക്കുള്ള കുറച്ചു ധാന്യവും കരുതിയിരിക്കും. അമ്പലത്തിലെ പ്രാര്‍ത്ഥനകള്‍ക്കു ശേഷം കനാല്‍ തീരത്തെ തടി ബഞ്ചിലിരുന്ന് അസ്തമയ സൂര്യന്‍റെ വെളിച്ചത്തില്‍ പക്ഷികളെ നിരീക്ഷിക്കും. ഓളപ്പരപ്പിലെ മീനിനെ എറ്റിപ്പറക്കുന്ന നീര്‍പ്പക്ഷികളെ കാണുവാനയാള്‍ക്കു വല്യ ഇഷ്ടമാണ്. പകല്‍ അസ്തമിച്ച് നിറം മങ്ങുമ്പോള്‍ കടല്‍ക്കാക്കകള്‍ കൂട്ടത്തോടെ കരയിലേക്കു വന്നിറങ്ങും. ഈ സമയം നോക്കി ദയാല്‍ കയ്യിലിരിക്കുന്ന ധാന്യം പക്ഷികള്‍ക്കായ് വിതറികൊടുക്കും. ഒരു മത്സരത്തോടെ പക്ഷിക്കൂട്ടമതു കൊത്തിപ്പെറുക്കും. അവയുടെ ചിറകടി ശബ്ദവും, കരച്ചിലും, എല്ലാം അയാള്‍ സന്തോഷത്തോടെ നോക്കി നില്‍ക്കും. ഈ പ്രവര്‍ത്തികളിലെല്ലാം അയാള്‍ ഗൂഢമായ ഒരു സന്തോഷം അനുഭവിച്ചിരുന്നു. കനാലിനു ചുറ്റുമുള്ള കെട്ടിടങ്ങളില്‍ പരസ്യ ചിത്രങ്ങളുടെ നിയോണ്‍ ബള്‍ബുകള്‍ തെളിയുമ്പോള്‍ പക്ഷികളെ വിട്ടയാള്‍ വീണ്ടും തടി ബഞ്ചിലേക്കു പോയിരിക്കും. നിയോണ്‍ വെളിച്ചത്തില്‍ ശാന്തമായ് ഇളകുന്ന കനാലിലെ ഓളപ്പരപ്പിലേക്ക് നോക്കിയിരിക്കുമ്പോള്‍ വേദനയുടെ ലാവ ഉറഞ്ഞു കൂടിയ മനസ്സിലൂടെ ഓര്‍മ്മകള്‍ ഒരു മിന്നായം പോലെ കടന്നു പോകും. അയാളുടെ മനസ്സപ്പോള്‍ അങ്ങു ദൂരെ ഹിമാചലലിലെ ഒരു കൊച്ചു ഗ്രാമത്തിലേക്കെത്തിയിരിക്കും.

മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന ഹിമാചലലിലെ ‘ചെപ്പ’ യെന്ന തന്‍റെ ചെറിയ ഗ്രാമം. ഓര്‍ക്കിഡുകള്‍ പൂത്തു നില്‍ക്കുന്ന കുന്നിന്‍ മുകളില്‍ ഒട്ടേറെ അമ്പലങ്ങളുണ്ടായിരുന്നു. ഗ്രാമവാസികളിലേറെപ്പേരും ഗോത്ര വര്‍ഗ്ഗക്കാരും പൊതുവേ ഭക്തന്മാരുമായിരുന്നു. ദേവദാരു മരങ്ങള്‍ നിരന്നു നിന്നിരുന്ന മലയടിവാരത്തില്‍ യാക്കുകളും, കസ്തൂരി മാനുകളും, കോവര്‍ കഴുതകളുമൊക്കെ മേഞ്ഞുനടന്നിരുന്നു. കുന്നിന്‍ മുകളില്‍ മുളയും, ചൂരലും ടാക്കു മരത്തിന്‍റെ ഇലകളും കൊണ്ടു നിര്‍മ്മിച്ച സുന്ദരമായ ഒരു കൊച്ചു വീടായിരുന്നു ദയാലിന്‍റെത്. വീടിനോട് ചേര്‍ന്ന് നെല്ലും, ചോളവും, റാഗിയും, ആപ്പിളു മൊക്കെ കൃഷി ചെയ്യുന്ന സ്ഥലവുമുണ്ടായിരുന്നു. ഗ്രാമവാസികളുടെ മുന്തിയ വിദ്യാഭ്യാസമായ ഹൈസ്കൂള്‍ പഠനം കൃത്യമായി പൂര്‍ത്തിയാക്കിയ സല്‍സ്വഭാവിയും, സത്യസന്ധനുമായ ദയാലിനോട് എല്ലാവര്‍ക്കുമൊരു പ്രത്യേക ബഹുമാനമായിരുന്നു. ആ യോഗ്യതകള്‍ക്കനുസരിച്ച് അയാള്‍ക്കവിടെ ജോലികള്‍ ലഭ്യമായിരുന്നെങ്കിലും പാരമ്പര്യമായ് തുടര്‍ന്നു പോന്നിരുന്ന കൃഷിയോടായിരുന്നു ദയാലിനു കമ്പം. ചൂരല്‍ കൊണ്ട് ആപ്പിള്‍ കുട്ടകള്‍ ഉണ്ടാക്കുന്നതില്‍ വിദഗ്ധയായ  ഭാര്യ ‘കെമി’യും അയാളെ അതിനു സഹായിച്ചിരുന്നു. ആറു വയസ്സുള്ള ഒരേ ഒരു മകള്‍ ബാലയെ അയാക്കു ജീവനായിരുന്നു. സന്തോഷകരമായിരുന്നു അവരുടെ ജീവിതം. നിലാവുള്ള രാത്രികളില്‍ മുളവീടിന്‍റെ വരാന്തായില്‍ നിന്നവര്‍ മൂവരും നിലാവെട്ടത്തില്‍ തിളങ്ങുന്ന മഞ്ഞുമലകളെ നോക്കി രാവേറുവോളമിരിക്കും. റാഗി വാറ്റിയ കള്ളു കുടിച്ചുന്മത്തരായ ഗോത്ര വര്‍ഗ്ഗക്കാരുടെ നാടന്‍ പാട്ടുകള്‍ മലഞ്ചെരിവുകളില്‍ നിന്നുമപ്പോള്‍ ഉയര്‍ന്നു കേള്‍ക്കാം. നിലാത്താഴ്വരകളില്‍ കസ്തൂരി മാനുകള്‍ ഇണകളെ തിരയുമ്പോള്‍ അന്തരീക്ഷത്തിനു കസ്തൂരിയുടെ ഗന്ധമായിരിക്കും. മനം മയക്കുന്ന ആ ഗന്ധത്തിന്‍റെ കാരണം ചോദിക്കുന്ന ബാലയോടയാള്‍ കസ്തൂരിമാനിനെക്കുറിച്ചുള്ള കഥകള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്തു പറഞ്ഞു കൊടുക്കും. മഞ്ഞു പെയ്യുന്ന ശിശിരകാല സന്ധ്യകളില്‍ മൃഗത്തോലിന്‍റെ വസ്ത്രങ്ങളണിഞ്ഞ്, വീടിന്‍റെ ഉമ്മറത്തിരിക്കുമ്പോള്‍ മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന ദേവദാരു മരങ്ങളിലേക്ക് തിബറ്റില്‍ നിന്നുമെത്തുന്ന ദേശാടന പക്ഷികള്‍ ചിലച്ച് ചേക്കേറും. വലിയ ചിറകുകള്‍ വിരിച്ച് കൂട്ടത്തോടെ ചേക്കേറുന്ന അവയെക്കാണുവാന്‍ ബാലയ്ക്ക് വലിയ ഇഷ്ടമാണ്. ചൂളമടിച്ചെത്തുന്ന ശീതക്കാറ്റില്‍ മഞ്ഞിന്‍ തരികള്‍ മുഖത്തുമ്മ വയ്ക്കുമ്പോള്‍ കെമിയേയും, ബാലയേയും ദയാല്‍ തന്നോടു കൂടുതല്‍ ചേര്‍ത്തു പിടിക്കും. സ്നേഹത്തിന്‍റെ ഉഷ്മാവുകള്‍ അവരങ്ങനെ പരസ്പരം പങ്കു വച്ചു ജീവിച്ചു.

പ്രകൃതിയുടെ മനോഹരങ്ങളായ ഈ കാഴ്ചകളൊക്കെ കണ്ടും, കേട്ടും  പ്രകൃതിയോടും, ജീവജാലങ്ങളോടുമൊക്കെ ബാലക്കൊരു പ്രത്യേക മമതയായിരുന്നു. ഒരിക്കല്‍ വേട്ടക്കാരുടെ വെടിയേറ്റ്‌ എവിടെനിന്നോ ഓടിത്തളര്‍ന്ന് വീട്ടു മുറ്റത്തു വീണുപോയ ഒരു കസ്തൂരി മാനിനെ അവള്‍ ഓടിച്ചെന്ന് മടിയില്‍ കിടത്തി തലോടിക്കൊണ്ടിരുന്നപ്പോള്‍ പെട്ടന്നാ സാധു മൃഗം മരണപ്പെട്ടുപോയി. അച്ഛന്‍ പറഞ്ഞ കഥകളിലൂടെ കസ്തൂരിമാനുകളെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്ന ബാലയ്ക്ക് ആ മാനിന്‍റെ മരണം വല്ലാത്ത ഒരു വിങ്ങലായിപ്പോയി. വാവിട്ടു കരഞ്ഞ അവള്‍ അതേപോലൊരു മാനിനെ അവള്‍ക്കു വേണമെന്ന് ശഠിച്ച് ദിവസങ്ങള്‍ ജലപാനം പോലും ഉപേക്ഷിച്ചു. മറ്റൊരു നിവൃത്തിയുമില്ലാതെ കസ്തൂരിമാനിനെപ്പോലെ ചെമ്പന്‍ നിറമുള്ള ഒരു പൂച്ചയെ കൊണ്ടു വന്ന് ദയാല്‍ അവള്‍ക്കു കൊടുത്തു. ബാല അതിനെ ജീവനു തുല്യം സ്നേഹിച്ചു വളര്‍ത്തി. ഉണ്ണുന്നതും ഉറങ്ങുന്നതുമെല്ലാം അതിനോടോപ്പമായിരുന്നു.

പകലന്തിയോളം മണ്ണില്‍ വിയപ്പൊഴുക്കി ദയാല്‍ അയാളുടെ ഭൂമിയില്‍ നെല്ലും, ചോളവും, ആപ്പിളും, റാഗിയുമൊക്കെ സമൃദ്ധമായ് വിളയിച്ചു. ജീവിതമങ്ങനെ അല്ലലില്ലാതെ കടന്നു പൊയ്ക്കൊണ്ടിരിക്കുമ്പോളാണ് ഗ്രാമത്തെയാകെ തകര്‍ത്തെറിഞ്ഞ ഒരു മഹാപ്രളയം അയാളെമാത്രം ബാക്കി നിര്‍ത്തി സര്‍വ്വസവും അയാളില്‍ നിന്നും തട്ടിയെടുത്തത്. തകര്‍ന്നടിഞ്ഞ വീടിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പ്രിയപ്പെട്ട പൂച്ചയേയും മാറിലടക്കി മരിച്ചു കിടക്കുന്ന മകളുടെയും, ഭാര്യയുടെയും മൃതദേഹങ്ങള്‍ കണ്ടയാള്‍ ഒരു ഭ്രാന്തനെപ്പോലെ അലറിവിളിച്ചു. മനസ്സിന്‍റെ സമനില തെറ്റിയവനെപ്പോലെ കുന്നിന്‍ മുകളിലെ അമ്പലത്തിലേക്കായാള്‍ ഓടിക്കയറി. വസ്ത്രങ്ങള്‍ വലിച്ചു കീറി, ദൈവ വിഗ്രഹങ്ങളെ നോക്കി ശകാരിച്ചു, ശപിച്ചു. പിന്നെ കുറെ നാള്‍ എവിടെയൊക്കെയോ അലഞ്ഞു തിരിഞ്ഞ്, താടിയും മുടിയും നീട്ടിയ ഒരസ്ഥി കോലമായ് ഒരു സ്കൂള്‍ വരാന്തയിലഭയം തേടി.

ഗോത്ര വര്‍ഗ്ഗത്തിലെ കുട്ടികള്‍ക്കായ്‌ രാമകൃഷ്ണ മിഷന്‍ നടത്തുന്ന ആ സ്കൂളിലെ പ്യൂണായിരുന്നു സെല്‍വരാജ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെന്നയില്‍ നിന്നും കുടുംബസമേതമവിടേക്ക് കുടിയേറിപ്പാര്‍ത്തിരുന്ന സെല്‍വരാജ് പിന്നീട് ദയാലിന്‍റെ രക്ഷകനായ് മാറുകയായിരുന്നു. അയാളിലൂടെ ദയാല്‍ പുതിയ ഒരു മനുഷ്യനായ് മാറി. പിന്നീട് ദുബായിലെത്തിയ സെല്‍വരാജ് ദയാലിനേയുമവിടേക്കെത്തിച്ചു. തന്‍റെ പ്രിയപ്പെട്ട മകള്‍ ഇഷ്ടപ്പെട്ടിരുന്ന പൂച്ചകളെ അയാളുമങ്ങിനെ ഇഷ്ടപ്പെടാന്‍ തുടങ്ങി. കനാലിലൂടെ പോകുന്ന ഒരു ആഡംബര കപ്പല്‍ നീണ്ട ഹോണ്‍ മുഴക്കി. ദയാല്‍ ഓര്‍മ്മകളില്‍ നിന്നും ഞെട്ടിയുണര്‍ന്നു.

ദയാലിന്‍റെ പൂച്ചപ്രേമം, സ്കൂള്‍ സ്റ്റാഫ്‌റൂമില്‍ എപ്പോഴുമൊരു സംസാര വിഷയമായിരുന്നു.

“പണി ചെയ്യുന്ന പൈസാ മുഴുവന്‍ പൂച്ചയ്ക്ക് ചിലവാക്കാന്‍ ഇയാള്‍ക്കെന്താ വട്ടാണോ.. ഇങ്ങനത്തെ ഒരു വിചിത്ര ജീവി..! ഒരു ദിവസം ഞാന്‍ എല്ലാത്തിനേം  ചവിട്ടി പുറത്താക്കും.”

പൂച്ചകളോടു കടുത്ത വെറുപ്പുണ്ടായിരുന്ന സൂപ്രണ്ട് സഫര്‍ അലി ഇടയ്ക്കിടെ രോഷാകുലനാകും.

“നമ്മള്‍ക്ക് വിചിത്രമായ് തോന്നുന്ന പല പ്രവര്‍ത്തികളും മറ്റുള്ളവര്‍ക്ക് ചിലപ്പോള്‍ ആത്മ സംതൃപ്തി നല്‍കുന്നുണ്ടായിരിക്കും സാറേ”

അയാളെ സപ്പോര്‍ട്ട് ചെയ്ത് മറ്റൊരദ്ധ്യാപകനതു പറഞ്ഞപ്പോള്‍ സ്കൂളിലെ ചരിത്ര അദ്ധ്യാപകനും, എന്തിനും, ഏതിനും തത്വജ്ജാനം പറയുന്ന ഹരിദാസ് അതിനെ പിന്താങ്ങി.

അതു കൊണ്ടാണല്ലോ നാറാണത്തു ഭ്രാന്തന്‍ പകല്‍ മുഴുവന്‍ അത്യധ്വാനം ചെയ്ത് പാറക്കല്ലുകളുരുട്ടി മലമുകളില്‍ കയറ്റുകയും പിന്നീടത് താഴേക്കുരുട്ടി വിട്ട് അതു നോക്കി കൈകൊട്ടി ചിരിച്ചതും….അതും ഒരാത്മ സംതൃപ്തി. അങ്ങനെ ഓരോരുത്തര്‍ക്കും ഓരോരോ ആത്മസംതൃപ്തി…ഇല്ലേ സാറേ..?”

അയാള്‍ അല്‍പ്പം ഹാസ്യാത്മകമായിട്ടാണതു പറഞ്ഞത്.

പൂച്ചകള്‍ സ്കൂള്‍ നിയമത്തിനെതിരെന്ന കാരണത്താല്‍ സഫര്‍ അലി പലപ്പോഴായി ദയാലിനു വാര്‍ണിംഗ് കൊടുത്തിരുന്നു. അതയാളുടെ ജോലിക്കു തന്നെ ഭീഷണിയായിട്ടുണ്ട്.

“നീ ഈ പൂച്ചകളെ ഒഴിവാക്ക്, അല്ലെങ്കിലത് നിന്‍റെ ജോലിക്കു പ്രശ്നമാകും”

സെല്‍വരാജ് അയാളെ ഉപദേശിക്കും.

ജോലി പോണെങ്കില്‍ പോകട്ടെ,  എന്നാലും ഞാനീ പൂച്ചകളെ ഒഴിവാക്കില്ല.. ആരുമില്ലാത്ത എനിക്കീ പൂച്ചകളും അവര്‍ക്കു ഞാനും മാത്രല്ലേയുള്ളൂ”

ദയാല്‍ ഉറപ്പിച്ചു പറഞ്ഞു.

ലോകമാസകലം കോവിഡ് പടര്‍ന്നു പിടിച്ചപ്പോള്‍ ദുബായ് നഗരവും കൊവിഡ് ഭീഷണിയിലായി. രോഗവ്യാപനം തുടങ്ങിയപ്പോള്‍ തന്നെ സ്കൂളുകള്‍ ആദ്യമടച്ചു. കുട്ടികളുടെ ശബ്ദവും, ആരവങ്ങളുമില്ലാതെ ക്ലാസ്സുമുറികളും, ഗ്രൌണ്ടുമെല്ലാം ഉറക്കത്തിലായ്. ഭീതിയോടെ ആള്‍ക്കാര്‍ വീടിനുള്ളില്‍ ഒതുങ്ങിക്കൂടി. ഷോപ്പിംഗ്‌ മാളുകളും സൂപ്പര്‍ മാര്‍ക്കറ്റുകളുമെല്ലാം അടയ്ക്കാനുള്ള അറിയിപ്പും വന്നു. ആള്‍ക്കാര്‍ കൂട്ടത്തോടെ ഭക്ഷണസാധങ്ങള്‍ വാങ്ങിക്കൂട്ടുവാനുള്ള തിരക്കിലായ്. കോവിഡ് ഭയത്താല്‍ അകലം പാലിച്ച് എല്ലാവരും പരസ്പരം സംശയത്തോടെ നോക്കുവാന്‍ തുടങ്ങി. തന്‍റെ കാര്യത്തെക്കാള്‍ കൂടുതല്‍ പൂച്ചകളുടെ ഭക്ഷണ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിലായിരുന്നു ദയാലിന്‍റെ ശ്രദ്ധ കൂടുതലും. ലോക്ഡൌണ്‍ പ്രഘ്യാപിച്ചു. ദായാലും പൂച്ചകളും അടച്ചുപൂട്ടിയ മുറിക്കുള്ളില്‍ ഒതുങ്ങിക്കൂടി. സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ പൂച്ചകളുടെ ഭക്ഷണങ്ങളും മറ്റു സാധനസാമഗ്രികളും ഷെല്‍ഫിനുള്ളില്‍ ഭദ്രമായ്‌ അടുക്കിപ്പെറുക്കിവച്ച് അയാള്‍ പൂച്ചകളോടൊപ്പം ഉണ്ടും ഉറങ്ങിയും സമയം ചിലവഴിച്ചു. ദിവസങ്ങള്‍ കടന്നു പോയ്ക്കൊണ്ടിരിക്കെ ഒരു ദിവസം പുലര്‍ച്ച പ്രാര്‍ത്ഥിക്കുവാനായ് എഴുന്നേറ്റ അയാള്‍ക്ക് കടുത്ത തൊണ്ടവേദന തുടങ്ങി, അതു പിന്നെ പനിയായ്, ചുമയായ്. ശ്വാസമെടുക്കുവാന്‍ കഴിയാത്ത ഗുരുതരാവസ്ഥയിലേക്കെത്തി. സെല്‍വരാജിനെ വിവരമറിയിച്ചു. ഭാര്യയുടെയും മകളുടെയും മരണശേഷം ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളയാള്‍ക്കുള്ളതായ് അറിയാവുന്ന സെല്‍വരാജ് ഉടനെ അയാളെ ആശുപത്രിയിലാക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. ദയാലിനെ കൊണ്ടുപോകുവാന്‍ ആംബുലന്‍സ് എത്തി. സംഗതിയുടെ ഗൌരവം മനസ്സിലായെന്ന പോല്‍ പൂച്ചകള്‍ ആംബുലന്‍സിനു ചുറ്റും കരഞ്ഞു കൊണ്ടു വട്ടമിട്ടു നടന്നു. ആയാള്‍ ഒരിക്കല്‍പ്പോലും കേള്‍ക്കാത്ത ടോണില്‍ ഉള്ള ഒരു കൂട്ടക്കരച്ചിയായിരുന്നു അത്. വികലാംഗനായ ‘ട്രിപ്പോഡിന്‍റെ ശബ്ദം ഉയര്‍ന്നുകേള്‍ക്കാമായിരുന്നു. ആബുലന്‍സിന്‍റെ ജനാലയിലൂടെ അയാള്‍ അവയെ ദയനീയമായ് ഒന്നു നോക്കി.

വെന്റിലേറ്ററിലേക്ക് പ്രവേശിച്ച ദയാലിന് തന്‍റെ നിമിഷങ്ങള്‍ എണ്ണപ്പെട്ടതായ്  തോന്നി. അയാളുടെ കാതിലേക്ക് പൂച്ചകളുടെ ആ കൂട്ടക്കരച്ചില്‍ ഒരിക്കല്‍ക്കൂടി മുഴങ്ങിക്കേട്ടു. മനസ്സിലേക്ക് ബാലയുടെ, കെമിയുടെ മുഖങ്ങള്‍ ഒരു മിന്നായം പോലെ കടന്നു പോയി. ഒടുവില്‍ അയാളും അവരുടെ അടുത്തേക്കു തന്നെ പോയി.

ശവസംസ്കാരത്തിനുള്ള അനുമതിപ്പത്രത്തില്‍ ഒപ്പുവയ്ക്കാന്‍ പോലും ആരുമില്ലാതിരുന്ന ദയാലിന്‍റെ മൃതദേഹം സ്കൂളിന്‍റെ പ്രത്യേക അനുമതിയോടെ മതപരമായ ചടങ്ങുകളൊന്നുമില്ലാതെ മരുഭൂമിയില്‍ മറവു ചെയ്തു. അഭയം  നഷ്ടപ്പെട്ട ദയാലിന്‍റെ പൂച്ചകള്‍ ലോക്ക്ടൌണില്‍ ബന്ധിതമായ നഗരത്തില്‍ ഭക്ഷണമില്ലാതെ അനാഥരായ് അലഞ്ഞു നടന്നു. ആഴ്ചയൊടുക്കം കൃത്യമായ് ഭക്ഷണം കിട്ടിയിരുന്ന കനാലിലെ പക്ഷികള്‍ അയാള്‍ വരുമെന്ന പ്രതീക്ഷയില്‍ കനാല്‍ക്കരയില്‍ വട്ടമിട്ടു പറന്നുകൊണ്ടേയിരുന്നു…

ജോഷി മംഗലത്ത്

Joshy Mangalath
Joshy Mangalath
ഒറ്റാൽ എന്ന സിനിമയിലൂടെ തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌ക്കാരം നേടി. ചെക്കോവിന്റെ വാങ്ക എന്ന ചെറുകഥയെ ഉപജീവിച്ച്‌ ഒറ്റാൽ രചിച്ചത്. രവീന്ദ്ര നാഥ ടാഗോറിന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് പുതിയ സിനിമയ്ക്കുള്ള തിരക്കഥ പൂർത്തിയാക്കിയിരിയ്ക്കുന്നത്. ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും എഴുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *