‘കുതിരച്ചന്ദ്രന്‍റെ പ്രളയ വെളിപാടുകള്‍’

‘കഥ’..കഴിഞ്ഞ സിനിമകള്‍..
January 16, 2019
ചിങ്ങവനത്താഴത്തെ അമ്മയോണം
January 16, 2019

തനിക്കൊന്നും വേറെ ഒരു തൊഴിലുമില്ലേ? പ്രകൃതീം,പുല്ലും പൂടയുമൊക്കെയല്ലാതെ സിനിമയ്ക്കു പറ്റിയ വല്ലോ കഥേമായിട്ടു വാ, അപ്പൊ നോക്കാം, വെറുതെ സമയം കളയാന്‍.?.”

ജീവിതത്തില്‍ ആദ്യമായെഴുതിയ ഒരു തിരക്കഥയുമായി ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ധനികനായ ഒരു സിനിമാ നിര്‍മ്മാതാവിന്‍റെ വീട്ടു പടിക്കല്‍ നിന്നും ഹൃദയ വേദനയോടെ പുറത്തേക്ക് ഞാന്‍ നടക്കുമ്പോള്‍ തിരിഞ്ഞു നിന്നദ്ദേഹത്തോടൊന്നു പറഞ്ഞു:-

സാര്‍ ഭൂമി എന്ന നമ്മള്‍ നില്‍ക്കുന്ന പ്ലാറ്റ്ഫോം തകര്‍ന്നു കഴിഞ്ഞാല്‍ പിന്നെ സിനിമയില്ല, കലയില്ല, രാഷ്ട്രീയമില്ല, മതമില്ല, സമൂഹമില്ല, മനുഷ്യന്‍ തന്നെയില്ല. അതുകൊണ്ട് പ്രകൃതിയെ അങ്ങനെയങ്ങ് പുച്ഛിക്കേണ്ട സാര്‍..”

അദ്ദേഹമെന്നെ ദേഷ്യത്തോടെയൊന്നു നോക്കി.

മനുഷ്യനും, പ്രകൃതിയും, ദൈവവുമായുണ്ടായിരുന്ന പഴയ വിശുദ്ധ ബന്ധത്തെ ഒരു കുടുംബ കഥയിലൂന്നി പറയാന്‍ ശ്രമിച്ചകുതിരച്ചന്ദ്രന്‍എന്ന എന്‍റെ തിരക്കഥ സിനിമയാക്കുവാന്‍ ഒരുപാട് ശ്രമങ്ങള്‍ നടത്തിയെങ്കിലും അന്നതു നടന്നില്ല. എങ്കിലുംഒറ്റാല്‍എന്ന സിനിമയിലേക്കെന്നെ അതെത്തിച്ചു.

ഒരു കുതിരയെ ഒഴിച്ച്  സ്വന്തമായ് ആരുമില്ലാത്ത, ഭൂമിയെ അമ്മയായ്ക്കരുതി പ്രകൃതിക്കു വേണ്ടി ജീവിച്ച പാവംകുതിരച്ചന്ദ്രന്‍റെ കഥ  അന്ന് സിനിമയാകാഞ്ഞതില്‍ വിഷമം തോന്നി. പലവെട്ടം വായിച്ചു കാണാപ്പാഠമായ തിരക്കഥ എന്‍റെ ലൈബ്രറിയിലെ കൊച്ചലമാരയിലേക്കു മാറ്റി ഞാന്‍ എന്‍റെ കഥാപാത്രത്തെ മറന്നു.

വര്‍ഷങ്ങള്‍ കടന്നു പോയി.

എന്നത്തേയും പോലെ പാറ പൊട്ടിച്ചും, മണല്‍ വാരിയും, മല തുരന്നുമൊക്കെ കേരളം വളര്‍ന്നു കൊണ്ടേയിരുന്നു. കൃഷിയുടെ പേരില്‍, കാടും മേടും കയ്യേറി റബ്ബറും, തേയിലയും, കുരുമുളകും, കരിമ്പും, കാപ്പിയും, കഞ്ചാവും വരെ നട്ടുപിടിപ്പിച്ചു. വിളവ്സംരക്ഷിക്കാന്‍ കാട്ടുതീയിട്ടും, കരണ്ടടിപ്പിച്ചും കാട്ടുമൃങ്ങളെ കൊന്നുമൊക്കെ നൂറുമേനി നേടി. കാടിന്‍റെ മക്കളെ കാട്ടില്‍ നിന്നടിച്ചിറക്കി. വിശന്നും, വയറിളകിയും, പിത്തം പിടിച്ചുമൊക്കെയവര്‍ ചത്തൊടുങ്ങി. ബാക്കി വന്നവരെ മോഷണക്കുറ്റം ചുമത്തിത്തല്ലിക്കൊന്നു. തടസ്സം നിന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ തന്തക്കു വിളിച്ചു. കാടു വെട്ടല്‍ നിയമാനുസൃതമാക്കി. വനപാലകര്‍ കൂട്ടുനിന്നു.

ദൈവം തമ്പുരാനു  പോലും  കണ്ടു പിടിക്കാന്‍ പറ്റാത്ത രീതിയില്‍, കടുക്കാ മഷിയില്‍ എഴുതിയ പഴയ  ഓര്‍ഡറുകളും, അനുമതിപ്പത്രങ്ങളുമായി ഒട്ടേറെപ്പേരെത്തി.

കേരളപ്പിറവിക്കു മുന്‍പേ  തങ്ങളുടെ പൂര്‍വ്വികരിവിടെ കപ്പയും, കാപ്പിയും  കുരുമുളകുമൊക്കെ കൃഷി ചെയ്തിരുന്നെന്നു തെളിയിക്കുന്ന രേഖകളും, മാര്‍ത്താണ്ഡവര്‍മ്മയുടെ  മുദ്രയുള്ള  ചെമ്പു പട്ടയങ്ങളും കോടതി മുറിക്കുള്ളിലവര്‍  കാണിച്ചു. വനനശീകരണത്തിന്‍റെ ഉത്തരവാദിത്വം മുഴുവന്‍  ബ്രിട്ടീഷുകാരുടെ തലയ്ക്കു വച്ച് നിയമയുദ്ധം നടത്തി ഭൂമി കൈക്കലാക്കി. “തോല്‍വികളേറ്റു  വാങ്ങാന്‍  സര്‍ക്കാരുകള്‍ പിന്നെയും, പിന്നെയും ബാക്കിയായി. ഭൌതികവും സാമൂഹികവുമായി കേരളം വളര്‍ന്നു.

ഭക്ഷ്യ വിളകളുടെ സ്ഥാനത്ത് നാണ്യ വിളകള്‍ തഴച്ചു വളര്‍ന്നു. ഭൂമിക്കു വിലകൂടി, അത് വില്‍ക്കുകയും വാങ്ങുകയും ചെയ്യാനുള്ള ഒരു ചരക്കായി മാത്രം മാറി. മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം വെറും പണത്തിന്‍റെതു മാത്രമായി. ഭൂമിയെ വിറ്റ കാശുമായി കുന്നിന്‍ ചെരുവിലെ റിസോര്‍ട്ടുകളില്‍ മാഫിയാകള്‍ ജീവിതമുത്സവമാക്കി. അവിടെയിരുന്നവര്‍ കേരളത്തിന്‍റെ പുതിയ ഭൂപടമുണ്ടാക്കി. കുന്നും, മലയും പുഴയുമൊക്കെ മാറി മറിഞ്ഞു. ആഗോളവത്ക്കരണത്തിന്‍റെ, കമ്പോളവത്ക്കരണത്തിന്‍റെ കെട്ടുപാടുകളില്‍ കെട്ടിമറിഞ്ഞ പുതിയ  മനുഷ്യര്‍ ആര്‍ത്തിമൂത്ത് ഭൂമിയിലേക്കിറങ്ങി. വികസനവും, വ്യവസായവും പറഞ്ഞവര്‍ ഭൂമിയെ കൊള്ളയടിച്ചു. പ്രകൃതി വിഭവങ്ങള്‍ മത്സരിച്ചു കയ്യടക്കി. ഗ്രാമങ്ങള്‍ നഗരങ്ങളായി. പാര്‍പ്പിടങ്ങള്‍ക്ക് പാറ തികയാതെ നാട്ടിലെ പാറ മുഴുവന്‍ വെടി വച്ചു തകര്‍ത്തു. വെടിമരുന്നിന്‍റെ മണമുള്ള വായു ശ്വസിച്ച മനുഷ്യര്‍ ചുമച്ചു, ചുമച്ചു, കണ്ണു തള്ളി ചോരതുപ്പി, പിടഞ്ഞു വീണു.

ഒരു പുഴയെ  കിട്ടാന്‍ കഠിന പ്രയത്നം ചെയ്ത ഭഗീരഥന്‍റെ നാട്ടില്‍ പുഴമണല്‍ വാരി, തടയിണ കെട്ടി, പുഴ ഇല്ലാതാക്കി. നദീതീരത്ത് വ്യവസായങ്ങള്‍ പെറ്റുപെരുകി. മലനാടും, ഇടനാടും തീരപ്രദേശവും മത്സരിച്ചു, മത്സരിച്ച്, മാലിന്യങ്ങള്‍ നദിയിലേക്കു തള്ളി. ആസിഡിന്‍റെ ആവിയുമായി നദീ തീരങ്ങളില്‍ പുകക്കുഴലുകളുയര്‍ന്നു. മരണത്തിന്‍റെ, ചിതയുടെ, നിറത്തോടെ ചാരം മൂടിയ മരങ്ങള്‍ കരിഞ്ഞുണങ്ങി. മാരകമായ കീടനാശിനികള്‍ കലര്‍ന്ന്, കറുത്തുണങ്ങിയ ജലസ്രോതസുകളില്‍ ബാക്ടീരിയ പെറ്റുപെരുകി. നാല്‍പ്പത്തിനാലു നദികളും വറ്റി വരണ്ടു.

കുലം മുടിഞ്ഞ മീനുകള്‍ കൂട്ടത്തോടെ ചത്തു മലച്ചു. പനി പിടിച്ച മനുഷ്യര്‍ നെട്ടോട്ടമോടി. തവള കരയാത്ത തണ്ണീര്‍ത്തടങ്ങളില്‍, തുമ്പി പറക്കാത്ത ഗ്രാമങ്ങളില്‍, കൊതുകുകള്‍ പെറ്റുപെരുകി. ചിക്കന്‍ ഗുനിയാ, ഡങ്കിപ്പനി, പക്ഷിപ്പനി, പന്നിപ്പനി എലിപ്പനി, തക്കാളിപ്പനി, എന്നിങ്ങനെ പനി ജീവനെടുത്ത മനുഷ്യരുടെ എണ്ണം കൂടിക്കൊണ്ടേയിരുന്നു. നാട്ടുകാര്‍ക്ക് ജോലികൊടുത്ത്  വ്യസായ പുരോഗതിക്ക്, പരിസ്ഥിതി ഇതൊക്കെ സഹിച്ചേ മതിയാവൂ എന്നു ചിന്തിക്കാന്‍ കോര്‍പ്പറേറ്റു മുതലാളിമാരവരെ പഠിപ്പിച്ചു. എതിര്‍ത്തവരുടെ കയ്യും, കാലും തല്ലിയൊടിച്ചു. കൂട്ടു നിന്നവര്‍ക്ക് കള്ളും, കഞ്ചാവും കൊടുത്തു പാട്ടിലാക്കി.    

ഉപഭോഗതൃഷ്ണ കൂടിയ മനുഷ്യര്‍ക്ക് ഊര്‍ജ്ജം തികയാതെ വന്നു. നദികളായ നദികളിലൊക്കെ ഡാമുകളുയര്‍ന്നു. പഴക്കം ചെന്നവ തലയ്ക്കു മുകളില്‍ ജലബോംബുകളായി. ഡാം പിടിച്ചെടുക്കാന്‍ സംസ്ഥാനങ്ങള്‍ പോരടിച്ചു. ചാനലുകളില്‍ ചര്‍ച്ച നടത്തി, ചര്‍ച്ച നടത്തി ഒന്നും തീരുമാനിക്കാതെ തല്ലിപ്പിരിഞ്ഞു. പ്രകൃതി പീഡനമൊഴിച്ച് ബാക്കി എല്ലാ പീഡനങ്ങളെക്കുറിച്ചും മണിക്കൂറുകളോളം ചര്‍ച്ചകള്‍ നടത്തി രാഷ്ട്രീയക്കാര്‍  ഉള്‍പ്പുളകിതരായി.

ഇടയ്ക്കൊക്കെ ഞാന്‍ കുതിരച്ചന്ദ്രന്‍റെ ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. എവിടെയൊക്കെയോ അയാളുടെ വിങ്ങലുകള്‍ കേട്ടു. അയാള്‍ ഇഷ്ടപ്പെട്ടിരുന്ന അയാളുടെ മനോഹര ഗ്രാമത്തെ ഒരു പുലര്‍ച്ചയില്‍ ഞാന്‍ സ്വപ്നം കണ്ടു. പകല്‍ മങ്ങി ഇരുട്ടിലേക്ക് കയറുന്നതിനു തൊട്ടു മുന്‍പുള്ള ഒരു മൂവന്തി നേരമായിരുന്നു അത്. വെളിച്ചത്തെ ഇരുട്ടുമായി വേര്‍തിരിക്കുന്ന നേര്‍ത്ത അതിര്‍ വരമ്പ് നല്‍കുന്ന അരണ്ട വെട്ടത്തില്‍ മയങ്ങി നില്‍ക്കുന്ന പ്രകൃതി. പടിഞ്ഞാറന്‍ കവിവേര്‍ഡ്സ് വര്‍ത്തിന്‍റെഭാഷയില്‍ധ്യാനനിരതയായി വീര്‍പ്പുമടക്കി നില്‍ക്കുന്ന ഒരു കന്യാസ്ത്രീയെപ്പോലെയായിരുന്നു സന്ധ്യയപ്പോള്‍. താഴ്വരകള്‍,തോട്ടങ്ങള്‍ പുഴകള്‍, കുന്നുകള്‍, മലകള്‍, കുളങ്ങള്‍, കൃഷിസ്ഥലങ്ങള്‍, പൂത്ത മരങ്ങള്‍, നാട്ടുവഴികള്‍. മനോഹരമായ ഒരു കാഴ്ച്ചയായിരുന്നത്.

ദൂരെയെവിടെയോ കരിഞ്ഞുണങ്ങിയ വിശാലമായ പുല്‍ത്തകിടിയില്‍ അതിജീവനത്തിന്‍റെ പ്രതീകം പോലെ ഇലകള്‍ കൊഴിഞ്ഞ്, ചുള്ളിക്കൊമ്പു മാത്രമായ ഒരു മരച്ചോട്ടിലിരിക്കുന്ന ചന്ദ്രനെ ഞാന്‍ കണ്ടു. അല്‍പ്പം അകലെയായി മേയുവാന്‍ പുല്ലു തിരയുന്ന അയാളുടെ കുതിര. എന്തൊക്കെയോ ഓര്‍ത്തെടുക്കുന്ന മുഖഭാവവുമായി അക്കരെക്കുന്നുകളിലേക്ക് നോക്കിയിരിക്കുകയാണയാള്‍. നിറം മങ്ങിയ ആകാശത്തേക്ക് തല ഉയര്‍ത്തി നില്‍ക്കുന്ന വൃക്ഷത്തലപ്പുകളില്‍ ചേക്കേറാനായി പറന്നടുക്കുന്ന പക്ഷിക്കൂട്ടം. ഇരിപ്പാടത്തിനായി തിരക്കു കൂട്ടി ചിറകു വിരിച്ച് ചിതറിത്തെറിച്ചു നില്‍ക്കുന്ന അവയുടെ ഇരുണ്ട ദൃശ്യം. അലകളായി എത്തുന്ന അവയുടെ ചിലക്കല്‍ ശബ്ദം. ഇമ വെട്ടാതെ കാഴ്ച്ച നോക്കിയിരിക്കുന്ന ചന്ദ്രന്‍. നേര്‍ത്ത വിഷാദത്തിലേക്കറിയാതെ വഴുതി വീഴുന്ന അയാളുടെ മുഖഭാവങ്ങള്‍.

ഞാനയാളെത്തന്നെ ശ്രദ്ധിച്ചു. അസ്വസ്ഥനാവുകയാണയാള്‍. ഏതോ ഒരുള്‍പ്രേരണ പോലെ പതുക്കെ പുല്‍ത്തകിടിയിലേക്ക് ചെരിഞ്ഞു കിടക്കുന്ന ചന്ദ്രന്‍. ഒരു കൊച്ചു കുട്ടിയുടെ നിഷ്ക്കളങ്കമായ ചലനങ്ങളോടെ രണ്ടു കൈകളും കാല്‍മുട്ടുകള്‍ക്കിടയിലേക്കു തിരുകി, അല്‍പ്പം വളഞ്ഞ് ചുരുണ്ട് കിടക്കുകയാണയാള്‍. കുന്നിന്‍ ചെരുവിലെ ഏതോ ഒരു അമ്പലത്തില്‍ നിന്നും ഒഴുകി എത്തുന്ന ഭക്തി ഗാനത്തിന്‍റെ നേര്‍ത്ത അലകള്‍ കേള്‍ക്കാം. ഓര്‍മ്മകളുടെ വേറൊരു ലോകത്താണയാള്‍. പതുക്കെപ്പതുക്കെ  കണ്ണുകളടയ്ക്കുന്നു. ശാന്തനായി കുനിഞ്ഞു നില്‍ക്കുന്ന അയാളുടെ കുതിര. പക്ഷിക്കൂട്ടമിപ്പോള്‍ നിശ്ചലമായിരിക്കുന്നു. അമ്പലത്തിലെ വെടി വഴിപാടുകളുടെ ശബ്ദം കേട്ടയാള്‍ ഞെട്ടിയുണര്‍ന്നു. ചുറ്റുമൊന്നു നോക്കി വീണ്ടും ഒരലസതയോടെ തിരിഞ്ഞു കിടന്നു. വലത്തേ കൈയുടെ തോളില്‍ കീഴ്ത്താടി താങ്ങി, കൈകള്‍ നീട്ടി വച്ച്, പുല്‍ മൈതാനത്തേക്കു നോക്കി കമഴ്ന്നു കിടന്നു. ചുറ്റുമുള്ള ഉണങ്ങിയ പുല്‍ നാമ്പുകളെ കൈ വിരലുകള്‍ നീട്ടി പതുക്കെ തഴുകി, പിന്നെ ഭൂമിയോട് ചേര്‍ത്ത് ദൃഡമായി വിരലുകള്‍ മുറുക്കി പതുക്കെ മന്ത്രിക്കുന്നു.

അമ്മേ…”

വിരലുകള്‍ക്കിടയിലെ പുല്‍ നാമ്പുകള്‍ ഞെരിഞ്ഞമര്‍ന്നു. അയാളുടെ കണ്ണുകള്‍ നിറയുന്നു. കരച്ചില്‍ കണ്ടിട്ടാവണം ഒരു നേര്‍ത്ത മൂളലോടെ കാറ്റുവന്നയാളെപ്പൊതിയുന്നു. തലമുടികളെ തലോടിപ്പോകുന്ന കാറ്റിന്‍റെ നേര്‍ത്ത സ്പര്‍ശനത്തില്‍ ഒരനുഭൂതിയെന്നോണം അയാള്‍ വീണ്ടും കണ്ണുകളടക്കുന്നു. കാറ്റിനയാളോടെന്തോ പറയാനുണ്ടന്ന്  തോന്നിപ്പിക്കും വിധം പ്രകൃതിയും, ചന്ദ്രനുമായുള്ള ഒരുസ്നേഹ ബന്ധം’.

പെട്ടന്നയാള്‍ ചാടിയെഴുന്നേറ്റു് കുതിരപ്പുറത്തു കയറി അയാളുടെ പ്രിയപ്പെട്ട മൈലാഞ്ചിക്കുന്നിന്‍റെ നിറുകയിലേക്കോടിക്കയറി. (ഇപ്പോളവിടെ മൈലാഞ്ചികള്‍ പൂക്കുന്നില്ല). അസ്തമയ സൂര്യന്‍ എരിഞ്ഞു താഴുന്നു. ഇരുണ്ടു മങ്ങിയ ആകാശത്തിന്‍റെ പശ്ചാത്തലത്തില്‍ താബോര്‍ മലകളില്‍ ക്രിസ്തു പ്രകാശരൂപമായതു പോലെ കൈകള്‍ രണ്ടും മേല്‍പ്പോട്ടുയര്‍ത്തി അയാള്‍ ജ്വലിച്ചു നിന്നു. മുഖം ചുവന്നു തുടുത്തിരിക്കുന്നു. കണ്ണുകളില്‍ രോഷാഗ്നി. താഴെ താഴ്വരകളിലേക്കു നോക്കി അയാള്‍  ഉറക്കെ വിളിച്ചു പറഞ്ഞു

ഹേ മനുഷ്യാ…, ദൈവം നിനക്കു ഭൂമിയെ നല്‍കി. നിനക്കു ജീവിക്കാനുള്ള വായുവും, വെള്ളവും, ആഹാരവും നല്‍കി. വെളിച്ചം നല്‍കി. പക്ഷെ, നീ ദൈവത്തെ മറന്നു, ഭൂമിയെ മറന്നു. വിശ്വാസപ്രമാണങ്ങള്‍ മറന്നു.. ക്രൂരനാണ് നീ”.

കുതിരച്ചന്ദ്രന്‍ പറഞ്ഞതു നേരല്ലേ..? ഞാന്‍ ചിന്തിച്ചു. ഇതൊക്കെ ദൈവം നമുക്കു നല്‍കാന്‍ നമ്മുടെയൊക്കെ അപ്പനപ്പൂപ്പന്മാരുമൊക്കെയായിട്ടു ദൈവത്തിനൊരുടമ്പടിയും ഇല്ലായിരുന്നല്ലോ? വെറുതെയങ്ങു നല്‍കിയതല്ലേ, ഒരു വല്ലാത്ത ഇഷ്ടത്തിന്‍റെ പേര്‍ക്ക്..!

ഞാന്‍ വീണ്ടും മതങ്ങളെക്കുറിച്ചുള്ള അയാളുടെ വെളിപാടുകളോര്‍ത്തു.

ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു”. കാണുന്ന ഭൂമി ഒക്കെയും നിനക്കും നിന്‍റെ സന്തതികള്‍ക്കും ശാശ്വതമായി തരുമെന്ന് ബൈബിള്‍ പറയുന്നു. മറ്റൊരു മുന്നറിയിപ്പുകൂടി വെളിപാട് പുസ്തകത്തില്‍ ദൈവം പറഞ്ഞുവച്ചു:-

ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കാനുള്ള സമയം ആഗതമായിരിക്കുന്നു. അപ്പോള്‍ ദൈവത്തിന്‍റെ ആലയം തുറക്കപ്പെട്ടു. ദൈവത്തിന്‍റെ നിയമം ഉണ്ടായിരുന്ന പെട്ടകം കാണായ് വന്നു. അവിടെ മിന്നലും ശബ്ദങ്ങളും ഇടിമുഴക്കവും ഭൂകമ്പവും കനത്ത കന്മഴയും ഉണ്ടായി

ഇതെല്ലാം വിശ്വാസികള്‍ മറന്നു പോയില്ലേ..? എന്‍റെ ചിന്തകള്‍ കാടുകയറി.

ദൈവത്തെ പ്രീതിപ്പെടുത്താന്‍ ഇടയലേഖനങ്ങള്‍ വായിച്ച്ആളെയിളക്കി കാടു വെട്ടിത്തെളിച്ച് കുരിശു മലകളുണ്ടാക്കി. ലോല മലനിരകളില്‍ കൃഷിയിറക്കി, കുടിയേറ്റം തുടര്‍ന്നു. “ആകാശവും നിനക്കുള്ളത്, ഭൂമിയും നിനക്കുള്ളത്എന്ന ബൈബിള്‍ വാക്യത്തെമാത്രം മുറുകെപ്പിടിച്ചവര്‍ മുന്നോട്ടു പോയി.

അല്ലയോ ഭൂമി

നിന്നില്‍ നിന്ന് ഞാന്‍ ഖനനം ചെയ്തെടുക്കുന്നതെല്ലാം

വീണ്ടും നിന്നില്‍ വന്നു നിറഞ്ഞു കുമിയട്ടെ..!

നിരാമയത്വമരുളുന്നോളെ

ഞാന്‍ ഏല്‍പ്പിക്കുന്ന ക്ഷതം,

നിന്‍റെ മര്‍മ്മ ബിന്ദുക്കളോളം

നിന്‍റെ ഹൃദയത്തോളം എത്താതിരിക്കട്ടെ..!”

അഥര്‍വ വേദത്തിലെ പ്രാര്‍ത്ഥന മറന്നു പോയ മറ്റു വിശ്വാസികള്‍ വിശ്വാസത്തിന്‍റെ പേരില്‍ പുണ്യനദിയില്‍ കുളിച്ചു തൊഴുത് അചാരങ്ങള്‍ക്കായി പൂജാ ദ്രവ്യങ്ങളും, പഴയ വസ്ത്രങ്ങളും നദിയിലേക്കെറിഞ്ഞു. ഒന്നിച്ചു കൂടിയ ജനലക്ഷങ്ങള്‍ വിരിവച്ച് സദ്യയുണ്ട് ബാക്കി, പ്ലാസ്റ്റിക്കിലാക്കി നദിയിലേക്കെറിഞ്ഞു. നിറഞ്ഞു കവിഞ്ഞ സെപ്ടിക്  ടാങ്കുകള്‍ പൊട്ടിത്തകര്‍ന്നു. പുണ്യനദികള്‍ കോളിഫോം ബാക്ടീരിയയുടെ കൂടായി മാറി. പ്രകൃതിയോടു പാപം ചെയ്തവര്‍ പാപങ്ങള്‍ മാറാന്‍ വീണ്ടും, വീണ്ടും നദിയില്‍ മുങ്ങിപ്പൊങ്ങി.

ആകാശത്തേയും, ഭൂമിയേയും അവക്കിടയിലുള്ള ഒന്നിനേയുംകളിയായിക്കൊണ്ട്സൃഷ്ടിച്ചതല്ല, അതെല്ലാം മനുഷ്യര്‍ക്ക്വേണ്ടി സൃഷ്ടിച്ചതാണെന്ന് ഖുറാന്‍.”

നിന്‍റെ കുടുംബത്തോടും, നിന്നെ പോറ്റുന്ന പരിസ്ഥിതിയോടും ഒന്നും ചെയ്യരുതെന്നു പ്രവാചകനും പഠിപ്പിച്ചു.

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രകൃതിയെ കണ്ടു രസിക്കാന്‍ തിക്കിത്തിരക്കിയ മനുഷ്യര്‍ ഉളുക്കും,ചതവും വരുമ്പോള്‍ പ്രകൃതി ചികിത്സക്കായി ഓടി. വനമഹോത്സവം നടത്തി, പ്രസംഗിച്ചും പാട്ടുപാടിയും നടന്നു. പക്ഷെ പ്രകൃതിയെ സ്നേഹിക്കാന്‍ മാത്രം മറന്നു പോയി.

     

കളിസ്ഥലം നഷ്ടപ്പെട്ട കുട്ടികള്‍ വീടിന്‍റെ അകത്തളങ്ങളില്‍ ചുരുണ്ടുകൂടി. അവര്‍ക്കുകൂടി അവകാശപ്പെട്ട, ആഹാരവും, വെള്ളവും, ഇല്ലാതാക്കി, പകരം, പോടും, പാടും, സ്മാര്‍ട്ട്ഫോണും,  ടാബ്ലെട്ടുമൊക്കെയുള്ള  ഒരു ടെക്നോളജി ലോകത്തേക്കവരെ കൂട്ടിക്കൊണ്ടു പോകാന്‍ കോര്‍പ്പറേറ്റു കമ്പനികള്‍ തമ്മില്‍ത്തമ്മില്‍ മത്സരിച്ചു. പ്ലേസ്റ്റേഷനിലെ ആള്‍രൂപങ്ങളെ ടി.വി സ്ക്രീനില്‍ വെടിവച്ചുകൊന്നു കളിച്ച കുട്ടികള്‍ യന്ത്ര തോക്കുകളെ ഇഷ്ടപ്പെട്ടു. മുറ്റത്തെ പൊടിമണ്ണില്‍ കുതൂഹലമെഴുതി കലഹിച്ചു നടക്കേണ്ട പ്രായത്തില്‍ പ്രകൃതിയെ കണ്ടും, കേട്ടും, തൊട്ടുമറിയാതെയവര്‍ വളര്‍ന്നു.

മനസ്സില്‍ നന്മയുള്ള, ഇച്ഛാശക്തിയുള്ള ചെറുപ്പക്കാരെ വലവീശിപ്പിടിക്കാന്‍ മയക്കുമരുന്നുലോബികള്‍ നാടിന്‍റെ മുക്കിലും മൂലയിലും കാത്തിരുന്നു. പരീക്ഷണങ്ങള്‍ക്കും, പുതിയ  അനുഭവങ്ങള്‍ക്കുമായുള്ള പരക്കം പാച്ചിലില്‍ വീണു പോയവര്‍ മനസ്സിലെ നന്മ നശിച്ചു് അസുരതയുടെ ആള്‍രൂപങ്ങളായി മാറി. പുരോഗതി അതിന്‍റെ മൂര്‍ധന്യതയിലെത്തിയപ്പോള്‍ മനുഷ്യത്വം നശിച്ച ആള്‍ക്കൂട്ടം എന്തും ചെയ്യുമെന്ന സ്ഥിതിയിലേക്കെത്തിച്ചേര്‍ന്നു. കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത കൊടിയ കുറ്റകൃത്യങ്ങള്‍ക്കു സാക്ഷിയായ പുതിയ നൂറ്റാണ്ട് സാംസ്ക്കാരികമായ അധപതനത്തിന്‍റെ അങ്ങേയറ്റത്തേക്കെത്തി. രാഷ്ട്രീയം പറഞ്ഞ് ജാതി മത, വര്‍ഗ്ഗ ഗോത്രങ്ങള്‍ തിരിച്ച്‌, മനുഷ്യന്‍ മനുഷ്യനോടേറ്റുമുട്ടി പരസ്പരമില്ലാതായി. ചതിയും, വഞ്ചനയും ഒരു കുറ്റമല്ലാതെയായി. അകത്തു കത്തിയും, പുറത്തു പത്തിയുമായി ആള്‍ക്കൂട്ട സംഘങ്ങള്‍ രൂപം കൊണ്ടു. നല്ലതിനെയെല്ലാം ചീത്തയായും, ചീത്തയെ എല്ലാം നല്ലതായും കാണുന്ന അതി വിചിത്രമായ ഒരു സാമൂഹ്യ പശ്ചാത്തലത്തിലേക്കെത്തിയ നാട് ഒരു സാംസ്കാരിക പ്രതിസന്ധിയിലേക്കെത്തിച്ചേര്‍ന്നു. ‘ഇലകൊഴിഞ്ഞ കരുവേലകം പോലെയും വെള്ളമില്ലാത്ത തോട്ടംപോലെയും സ്നേഹം നഷ്ടപ്പെട്ട വരണ്ട ഭൂമിയായി മാറി കേരളം.

ബ്രിട്ടിഷ് ഈസ്റ്റിന്ത്യാക്കമ്പനിയെ കെട്ടുകെട്ടിച്ച് കറുപ്പും, കാപ്പിയും, തേയിലയുമൊക്കെ സ്വന്തമാക്കി നവ കേരളം സൃഷ്ടിക്കാന്‍ പ്രകൃതിയെ മാറ്റി മറിച്ചപ്പോള്‍ ഒരു വലിയ പ്രളയ ദുരന്തത്തോടെ എഴുപത്തോന്നാം സ്വാതന്ത്ര്യദിനമതേറ്റുവാങ്ങി. സകലതിനും കണക്കുപറഞ്ഞു പ്രകൃതി തിരിച്ചടിച്ചു. അത്യാര്‍ത്തി മൂത്ത ഒരു വിഭാഗം ആള്‍ക്കാരുടെ ചെയ്തികള്‍ക്ക് ശിക്ഷയനുഭവിച്ചത് ഒന്നു മറിയാത്ത നിരപരാധികള്‍…!

കരച്ചിലും, നിലവിളികളും, മരണവാര്‍ത്തകളും കേട്ടു മനസ്സു മരവിച്ചുപോയ പ്രളയ രാത്രിയിലെപ്പോഴോ അറിയാതെ ഞാനൊന്നു മയങ്ങിയപ്പോള്‍ ഭീതിതമായ ഒരു സ്വപ്നത്തില്‍ക്കൂടി കുതിരച്ചന്ദ്രനെ വീണ്ടും ഞാന്‍ കണ്ടു. മല മുകളില്‍ ആരംഭിക്കുന്ന കനത്ത ഉരുള്‍ പൊട്ടല്‍. മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നു വീഴുന്ന ഭൂപ്രദേശങ്ങള്‍. പ്രാണരക്ഷാര്‍ത്ഥം പല വശത്തേക്കായി ഓടുന്ന  മനുഷ്യക്കൂട്ടം, പക്ഷി മൃഗാദികള്‍.

ഒരു കൊടുങ്കാറ്റുപോലെ കുതിരപ്പുറത്ത്പായുന്ന ചന്ദ്രന്‍. മൈലാഞ്ചിക്കുന്നിനുമപ്പുറമുള്ള ഏറ്റവും ഉയരത്തിലെ മലയെ ലക്ഷ്യമാക്കി പായുകയാണയാള്‍. വിവിധ ഭൂപ്രദേശങ്ങളില്‍ ക്കൂടി ശരം വിട്ടപോലെ അയാള്‍. വിദൂരതയിലെവിടെയോ പള്ളിമണിയുടെ ശബ്ദം. മല മുകളിലെ കറുത്ത മഴ.ദിഗന്തങ്ങള്‍ പൊട്ടുമാറുച്ചത്തില്‍ ഇടിമുഴക്കം. കറുത്ത ആകാശത്തില്‍ സ്വര്‍ണ സര്‍പ്പങ്ങള്‍ പോലെ മിന്നല്‍പ്പിണരുകള്‍. ശക്തമായ ജലപ്രവാഹം. മലയുടെ തുഞ്ചത്തെ സുരക്ഷിതമായ സ്ഥലത്തെത്തിയ അയാള്‍ കുതിരപ്പുറത്തിരുന്നു താഴേക്ക് നോക്കുന്നു.

താഴെ നശിച്ചു കിടക്കുന്ന ഒരു വലിയ ഭൂ പ്രദേശം. അയാളുടെ മുഖം വീണ്ടും ചുവന്നു തുടുത്തിരിക്കുന്നു. കണ്ണുകളില്‍ രോഷാഗ്നി.

താഴേക്കു നോക്കി അയാള്‍ ഉറക്കെ വിളിച്ചു പറയുന്നു

ഹേമനുഷ്യാ

സകല ജീവജാലങ്ങള്‍ക്കുമായി ദൈവം ഭൂമിയെ തന്നു.

നിന്നെ അതിന്‍റെ കാവല്‍ക്കാരനാക്കി.

നീയോ,

ദൈവത്തിന്‍റെ കല്‍പ്പനകളെ ധിക്കരിച്ച് ഭൂമിയെ പങ്കിട്ടെടുത്തു.

നിനക്കു ദൈവം തന്ന അത്തിമരങ്ങളും, മുന്തിരിച്ചെടികളും നീ തന്നെ നശിപ്പിച്ചു.

ദുഷ്ട മനുഷ്യാ നിന്‍റെ അന്തകന്‍ നീ തന്നെയാകുന്നു.

നിനക്കുള്ള ശിക്ഷ നീയിപ്പോള്‍ ഏറ്റുവാങ്ങുന്നു..”

കനത്ത ഇടിമുഴക്കത്തില്‍ ഞെട്ടിയുണര്‍ന്ന ഞാന്‍ പുറത്തേക്കു നോക്കി. ശക്തമായ പെരുമഴയും കാറ്റും. ഇരുട്ടിനെ വകഞ്ഞു മാറ്റി ഭ്രാന്തമായ് ആടി ഉലയുന്ന വൃക്ഷത്തലപ്പുകള്‍. ഉലച്ചിലിന്‍റെ ഇടയിലെ, ഇടവേളയില്‍ തെളിഞ്ഞു കാണുന്ന ഇരുണ്ട ആകാശത്തില്‍ മിന്നല്‍പ്പിണറുകള്‍ പുളഞ്ഞു കയറുന്നു. ഭീതിതമായ ഒരു കാഴ്ചയായിരുന്നു അത്.

എന്‍റെ ചിന്തകള്‍ വീണ്ടും കാടുകയറി. കുതിരച്ചന്ദ്രന്‍ പറഞ്ഞത്നേരാണെങ്കിലും ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ ജനങ്ങളെ ദൈവം അങ്ങനെയങ്ങ് കൈ വിട്ടില്ല, പെരുവെള്ളത്തില്‍ നിന്നുമവരെ വലിച്ചെടുത്തു. പ്രാണനെ തണുപ്പിച്ചു. അനര്‍ത്ഥ ദിനത്തില്‍ അവന്‍ തന്‍റെ കൂടാരത്തില്‍ അവരെ ഒളിപ്പിച്ചു. വലിയവനും, ചെറിയവനും ജീവനു വേണ്ടി കേണപ്പോള്‍ ദൈവം സ്പര്‍ശിച്ച മനുഷ്യര്‍ അവരുടെ രക്ഷക്കായ് ഓടിയെത്തി. സാന്ത്വനത്തിന്‍റെ പട്ടുകുപ്പായവുമായ്അവര്‍ അവരെ പൊതിഞ്ഞു. തന്‍റെ ജനതക്ക് വിശന്നപ്പോള്‍ ആകാശത്തു നിന്നും ദൈവംമന്നപൊഴിച്ചതുപോലെ നല്ല ശമരിയക്കാര്‍ ഹെലിക്കോപ്റ്ററില്‍ നന്ന് ഭക്ഷണമിട്ടു കൊടുത്തവരുടെ വിശപ്പടക്കി. സ്നേഹമാണഖിലസാരമൂഴിയില്‍ എന്ന കവി വാക്യത്തെ ജനങ്ങള്‍ തിരിച്ചറിഞ്ഞു.

എന്‍റെ പിഴ..എന്‍റെ പിഴ.. എന്‍റെ വലിയ പിഴഎന്ന് നെഞ്ചില്‍ കൈ ചേര്‍ത്തുവച്ച് തെറ്റുകള്‍ ഏറ്റു പറയുവാനും തിരുത്തുവാനും ഒരവസരം കൂടി പ്രകൃതി നമ്മള്‍ക്ക് തന്നിരിക്കുന്നു. വീണ്ടുമൊരുനവകേരളത്തിന്‍റെസൃഷ്ടിക്കായ് തയ്യാറെടുക്കുമ്പോള്‍ അത് പ്രകൃതിയെ സ്നേഹിച്ചു കൊണ്ട് തന്നെയാകട്ടെ ഭൂമിയില്‍ സുഖമായ് ജീവിക്കുവാനുള്ളതെല്ലാം വീണ്ടും പ്രകൃതി നമുക്ക് തിരിച്ചു നല്‍കുംതീര്‍ച്ചകാരണം അത്രക്കിഷ്ടമാണ്, ദൈവത്തിന്, പ്രകൃതിക്ക് നമ്മളെ….!    

Joshy Mangalath
Joshy Mangalath
ഒറ്റാൽ എന്ന സിനിമയിലൂടെ തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌ക്കാരം നേടി. ചെക്കോവിന്റെ വാങ്ക എന്ന ചെറുകഥയെ ഉപജീവിച്ച്‌ ഒറ്റാൽ രചിച്ചത്. രവീന്ദ്ര നാഥ ടാഗോറിന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് പുതിയ സിനിമയ്ക്കുള്ള തിരക്കഥ പൂർത്തിയാക്കിയിരിയ്ക്കുന്നത്. ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും എഴുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *