‘കഥ’..കഴിഞ്ഞ സിനിമകള്‍..

പുന്നന്‍ പോത്തന്‍റെ ആധികള്‍
January 16, 2019
‘കുതിരച്ചന്ദ്രന്‍റെ പ്രളയ വെളിപാടുകള്‍’
January 16, 2019

ഇരുപതാം നൂറ്റാണ്ടിന്‍റെ പൂര്‍വ്വാര്‍ദ്ധത്തില്‍  കേരളത്തിന്‍റെ തെക്കേ അറ്റത്തുള്ള അഗസ്തീശ്വരത്തെപനച്ചമൂട്‌’ എന്ന കൊച്ചു ഗ്രാമത്തില്‍ നിന്നും ഒരു മനുഷ്യന്‍ തനിക്കുള്ളതെല്ലാം വിറ്റുപെറുക്കി, ഭാര്യയുടെ കെട്ടുതാലി വരെ വിറ്റു്, ‘ഒരു ചലച്ചിത്രം നിര്‍മ്മിച്ചു. സിനിമയെ അങ്ങേയറ്റം സ്നേഹിച്ച അദ്ദേഹത്തിന്‍റെ പേര്‍ ജെ.സി ദാനിയേല്‍.

ശബ്ദ ചിത്രങ്ങളില്‍ക്കൂടി ലോക സിനിമ സജീവമായിക്കൊണ്ടിരിക്കുന്ന സമയത്താണ് ദാനിയേലിന്‍റെ നിശ്ശബ്ദ ചിത്രമായവിഗതകുമാരന്‍എന്ന സിനിമ വരുന്നത്. കൃത്യമായി പറഞ്ഞാല്‍ 1928-ല്‍. വന്‍പിച്ച സാമ്പത്തിക നഷ്ടത്തോടെ ജെ.സി ദാനിയേലിന്‍റെ സിനിമാ സ്വപ്നങ്ങള്‍  അവിടെ തീര്‍ന്നു.

സിനിമയോടുള്ള അടക്കാനാവാത്ത അഭിനിവേശത്തോടെ ദുരിതങ്ങളുടെ മഹാപ്രളയത്തിലേക്കെടുത്തു ചാടിയ മനുഷ്യന് പിന്നീടൊരിക്കലും ദുരിതക്കയങ്ങളില്‍ നിന്നും തുഴഞ്ഞു കയറാനായില്ല. കളരിപ്പയറ്റിലും  അഗ്രഗണ്യനായിരുന്ന ജെ.സി ദാനിയേല്‍ പക്ഷെ ജീവിതത്തിന്‍റെ കളരിയില്‍ ആയുധങ്ങള്‍ വച്ച് കീഴടങ്ങുകയായിരുന്നു. ഏറെ പ്രതീക്ഷകളോടെ കെട്ടിയുയര്‍ത്തിയ സ്റ്റുഡിയോയും, മറ്റു സാങ്കേതിക ഉപകരണങ്ങളുമെല്ലാം വിറ്റ്, പിന്നീടു ജീവിക്കാന്‍  നിവൃത്തിയില്ലാതെ സര്‍ക്കാരിന്‍റെ അവശകലാകരന്മാര്‍ക്കായുള്ള പെന്‍ഷനു വേണ്ടി അപേക്ഷിച്ചപ്പോള്‍ ദാനിയേലിന്‍റെ മാതൃ ഭാഷയുടെ വേരുകള്‍ത്തേടിപ്പോയ സര്‍ക്കാര്‍ പലകാരണങ്ങള്‍ പറഞ്ഞു് അതും നിരസിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം ജെ.സി ദാനിയേല്‍ മലയാള സിനിമയുടെ പിതാവായതും, അദ്ദേഹത്തിന്‍റെ പേരില്‍ പുരസ്ക്കാരം ഏര്‍പ്പെടുത്തിയതുമൊക്കെ സിനിമയുടെ ചരിത്രത്തിന്‍റെ മറ്റൊരു വഴിത്തിരിവ്.

സിനിമയെ സ്വപനം കണ്ടു നടന്ന വേറൊരു നിര്‍മ്മാതാവു കൂടി അദ്ദേഹത്തിന്‍റെ ജീവിത പരസരങ്ങളില്‍ തന്നെ ഉണ്ടായിരുന്നു. സി.വി രാമന്‍പിള്ളയുടെ വിഖ്യാത നോവല്‍മാര്‍ത്താണ്ഡവര്‍മ്മസിനിമയാക്കിയ നാഗര്‍കോവില്‍കാരനായ സുന്ദരരാജയായിരുന്നു അതു്. 1932 ല്‍ ഇറങ്ങിയ സിനിമയും ഒരു നിശബ്ദ ചിത്രമായിരുന്നു. നോവലിന്‍റെ ചലച്ചിത്രാവകാശം വാങ്ങുവാന്‍ വിട്ടു പോയ കാരണം കൊണ്ട് ആദ്യ പ്രദര്‍ശനത്തിനു ശേഷം ചിത്രത്തിന്‍റെ പ്രദര്‍ശനം നിരോധിക്കപ്പെട്ടു. ജെ.സി ദാനിയേലിനെപ്പോലെ തന്നെ അദ്ദേഹവും ഒറ്റച്ചിത്രം കൊണ്ട് തിനിക്കുള്ളതെല്ലാം വിറ്റു പെറുക്കി സിനിമാ ജീവിതം അവസാനിപ്പിച്ചു.

പിന്നീട്, ആറു വര്‍ഷങ്ങള്‍ക്കുശേഷം (1938)ബാലന്‍എന്ന ശബ്ദ ചിത്രത്തോടു കൂടി മലയാളത്തില്‍ സിനിമയുടെ ഒരു പുതിയ യുഗം തന്നെ ആരംഭിച്ചു.

ഇതൊക്കെ മലയാള സിനിമയുടെ പൂര്‍വ്വ ചരിത്രം, ഒന്നോര്‍ക്കുവാന്‍ വേണ്ടി മാത്രം എഴുതിയതാണ്.

വിഗതകുമാരനില്‍ തുടങ്ങിയ മലയാള സിനിമ ഇന്ന് ബ്രഹാമാണ്ഡ ചിത്രങ്ങളിലേക്കെത്തി കോടി ക്ലബ്ബുകളില്‍ കയറുവാന്‍ മത്സരിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ഥിതിയിലേക്കെത്തിയിരിക്കുന്നു. കാലഘട്ടത്തിനിടയില്‍ കലാപരമായും, സാങ്കേതികപരമായും ഒട്ടേറെ മാറ്റങ്ങള്‍  മലയാള സിനിമക്കു സംഭവിച്ചു കഴിഞ്ഞിരിക്കുന്നു.

ആദ്യ കാലങ്ങളിലെ ഭൂരിപക്ഷം സിനിമകളും അതിനാടകീയതയും, വൈകാരിക മുഹൂര്‍ത്തങ്ങളുമൊക്കെ ചേര്‍ന്ന് യാഥാര്‍ഥ്യത്തില്‍  നിന്നും ഒട്ടേറെ അകന്നു നില്‍ക്കുന്ന സിനിമകളായിരുന്നു. പിന്നീട് സിനിമകളുടെ വിജയത്തിനു വേണ്ടിഫോര്‍മുലകള്‍എന്ന പുതിയ സമ്പ്രദായം തുടങ്ങി വയ്ക്കപ്പെട്ടു. അന്ന് തുടങ്ങിയ ഫോര്‍മുലാ സമ്പ്രദായം ഇന്നും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. ഒരു ഫോര്‍മുല വിജയിച്ചു കഴിഞ്ഞാല്‍ അതേ ചുവടുപിടിച്ചു ധാരാളം സിനിമകള്‍ അതേ കൂട്ടുകള്‍ ചേര്‍ത്ത്  നിര്‍മ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. കുറച്ചു നാള്‍ നില തുടര്‍ന്നതിനു ശേഷം മറ്റൊരു ഫോര്‍മുലയുമായി എത്തുന്ന മറ്റൊരു  സിനിമ അസ്വാദനത്തെ വേറൊരു ദിശയിലേക്ക് തിരിച്ചു വിടുന്നു. നാളിതു വരെ ഒട്ടേറെ ഫോര്‍മുലകള്‍ അങ്ങനെ പരീക്ഷിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

ഹോട്ടല്‍ മുറികളുടെ ശീതീകരിച്ച മുറികളിലിരുന്നു് പുത്തന്‍ ഫോര്‍മുലകള്‍ക്കും, പരീക്ഷണങ്ങള്‍ക്കും വേണ്ടി ഗവേഷണം നടത്തുന്ന പുതിയ കാലഘട്ടത്തിന്‍റെ  സിനിമാ ശില്‍പ്പികള്‍ സിനിമയെ സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്തുകയും, അതൊരു ആള്‍ക്കൂട്ടത്തിന്‍റെ  ആഘോഷമാക്കി മാറ്റിക്കൊണ്ടിരിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്കെത്തിച്ചിരിക്കുന്നു.

ഉത്സവത്തിനു കൊടിയേറുന്ന പോലെ താളമേള വാദ്യ ഘോഷങ്ങളുടെ അകമ്പടിയോടെ, സിനിമ റിലീസ് ചെയ്യുമ്പോള്‍ അകം പൊള്ളയായ, ആത്മാവില്ലാത്ത സിനിമകള്‍ കൊട്ടിഘോഷിക്കപ്പെടുന്നു. ഇത്തരം ഫോര്‍മുലാ സിനിമകള്‍ കൂടുതലും അതി ഭാവുകത്വം നിറഞ്ഞതും മനുഷ്യന്‍റെ യഥാര്‍ത്ഥ ജീവിത പരിസരങ്ങളില്‍ നിന്നും ബഹുദൂരം അകന്നു നില്‍ക്കുന്നവയും ആകുന്നു. ഒരു വലിയ സമൂഹത്തിന്‍റെ ആസ്വാദന നിലവാരത്തെ ഇതെപ്പോഴും മാറ്റി മറിച്ചു കൊണ്ടേയിരിക്കുന്നു.

മഹാപൂരിപക്ഷം ജനങ്ങളില്‍ ഒരു ചെറിയ ശതമാനം ആള്‍ക്കാര്‍ മാത്രമാണ് സിനിമ ഉള്‍പ്പെടെയുള്ള കലാസൃഷ്ടികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാന്‍ സൃഷ്ടികര്‍ത്താക്കള്‍  എന്ത് നല്‍കുന്നുവോ അതു സ്വീകരിക്കുകയും അതിനനുസരണമായി സമൂഹത്തില്‍ ഒരു പുതിയ ചലച്ചിത്ര സംസ്കാരം ഉടലെടുക്കുന്നതുമാണ് സാധാരണ കണ്ടു വരുന്നത്. മാറി വരുന്ന പുതിയ കാലത്തിനനുസൃതമായി പുതിയ തലമുറ ആവശ്യപ്പെടുന്ന സിനിമകളാണ് തങ്ങള്‍  നല്‍കുന്നതെന്ന് സൃഷ്ടികര്‍ത്താക്കള്‍ ആണയിട്ട് പറയുമ്പോള്‍ നമുക്കവരോടൊന്നു ചോദിക്കാം,

എതു തലമുറയാണ് പറയുന്നത് ഞങ്ങള്‍ക്കു് ഇത്തരം സിനിമകള്‍ വേണമെന്ന്? ഏതു സമൂഹമാണ് പറയുന്നത് ഞങ്ങള്‍ക്ക് ഇത്തരം  സിനിമകളാണ് ഇഷ്ടമുള്ളതെന്നു്? നാളിതു വരെ ആരും പറഞ്ഞിട്ടില്ല.

സൃഷ്ടികര്‍ത്താക്കള്‍ തന്നെയാണിതു തീരുമാനിക്കുന്നത്‌. അവര്‍ തന്നെ സൃഷ്ടിക്കുന്നു, അവര്‍ തന്നെ അതു്  ജനങ്ങളിലേക്കെത്തിക്കുന്നു.അവര്‍ തന്നെയതിനു പ്രചാരണം നല്‍കുന്നു. ചുരുക്കി പറഞ്ഞാല്‍ തലമുറയുടെ ഇഷ്ടാനിഷ്ടങ്ങളെ തീരുമാനിക്കുന്നത് സൃഷ്ടാക്കള്‍ തന്നെയാണ്. ഒരു ചലച്ചിത്ര സംസ്കാരത്തെ ഉണ്ടാക്കുന്നതും ഇല്ലാതാക്കുന്നതും ഇവരൊക്കെ തന്നെയാകുന്നു.

ലോകമാസകലം സിനിമ ഇന്ന് കമ്പോളവത്ക്കരണത്തിന്‍റെ ഏറ്റവും പുതിയ പാതയില്‍ക്കൂടി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. നവ സിനിമയുടെ സൃഷ്ടാക്കള്‍ ഇന്നത്തെ സമൂഹത്തെ ആസ്വാദനത്തിന്‍റെ പുതിയ അഴിക്കൂടുകളിലെത്തിച്ചു് തങ്ങള്‍ക്കിഷ്ടപ്പെട്ട കാര്‍ഡുകള്‍ മാത്രം കൊത്തി എടുക്കുവാന്‍ പാകത്തിലാക്കിയ തത്തകളെപ്പോലെയാക്കിയിരിക്കുന്നു. അവര്‍ കൊടുക്കുന്ന പാലും പഴവും കഴിച്ചു് അര്‍ദ്ധമയക്കത്തില്‍ കഴിയുന്ന തത്തകളാകുന്നു സമൂഹം.

ചില പടിഞ്ഞാറന്‍ സിനിമകളിലൊക്കെ  നമ്മള്‍ കണ്ടിട്ടുണ്ട് ഒരു മനുഷ്യന്‍ അവന്‍റെ ശരീരത്തില്‍ എന്തോ ഒന്ന് കുത്തിവയ്ക്കുന്നു പിന്നീടവന്‍ ഒരു ഭീകരരൂപിയായി അകാശത്തിന്‍റെ അനന്തതയില്‍ക്കൂടി പറന്നുനടന്ന് ഒരു നഗരത്തെയും ജനതയേയും മുഴുവന്‍ നശിപ്പിക്കുന്നു. ആകാംക്ഷയുടെ മുള്‍മുനയിലെത്തുന്ന പ്രേക്ഷകര്‍  ഒരു കൊച്ചു കുട്ടിയുടെ ബൌദ്ധിക തലത്തിലേക്ക് താഴ്ന്നിറങ്ങി, ബുദ്ധിയെത്തന്നെ അടിയറവു വച്ച്, വെള്ളിത്തിരയിലെ മാസ്മരിക കാഴ്ചകള്‍ കണ്ടു് ഇളകി മറിയുന്നു.

ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്തതാണ് ഇത്തരം സിനിമകള്‍. ഇതൊരു ഉദാഹരണം മാത്രം. ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ സാങ്കേതിക വിപ്ലവത്തിന്‍റെ പരിഛേദങ്ങളായ ഇത്തരം സിനിമകള്‍ കാണുന്നത് ഒരു വലിയ തെറ്റാണ് എന്നല്ല പറഞ്ഞു വരുന്നത്. പുതിയ സാങ്കേതിക വിദ്യകളെ അടുത്തറിയുവാനും, വിനോദത്തിനും വേണ്ടി മാത്രം സിനിമകളൊക്കെ കാണാം. ആസ്വദിക്കാം, മറിച്ച് ഇത്തരം സിനിമകള്‍ മാത്രം സ്ഥിരമായി കാണുവാന്‍ നമ്മള്‍ ശീലിച്ചാല്‍ അതു നമ്മുടെ ജീവിതത്തെയും, ജീവിത പരിസരത്തേയും, നമ്മളെത്തന്നെയും മറന്നു പോകുന്നതിനു തുല്യമായിത്തീരുന്നു..

വെറും വിനോദം മാത്രമാണോ നമ്മുടെയൊക്കെ ജീവിതത്തില്‍ ഉള്ളത്..?. ജീവിതവും, ജീവിത പരിസരങ്ങളുമൊക്കെ കൂടിച്ചേര്‍ന്നു് ഒട്ടേറെ മനുഷ്യാവസ്ഥകള്‍ നമുക്ക് ചുറ്റും ഇല്ലേ.? അതോ അതിനെതിരെ നമ്മള്‍ മുഖം തിരിച്ചു നില്‍ക്കണോ?.

ഇതൊക്കെ നമ്മള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നേരിട്ടനുഭവിക്കുന്നതല്ലേ? പിന്നെന്തിനത് സിനിമയിക്കൂടി വീണ്ടും കാണണം എന്ന ന്യായമായ ചോദ്യമുയരാം. ഒരു സമൂഹ ജീവിയായി മനുഷ്യന്‍ ഭൂമിയില്‍ കഴിയുന്നിടത്തോളം കാലം യാഥാര്‍ഥ്യ ബോധത്തെ അവഗണിച്ച് നമുക്കെങ്ങിനെ ജീവിക്കാന്‍ കഴിയും?. തീയേറ്ററിന്‍റെ ഇരുണ്ട അകത്തളങ്ങളിലിരുന്ന് വിസ്മയക്കാഴ്ചകള്‍ കണ്ട്  പുറത്തേക്കിറങ്ങി വരുന്ന നമ്മള്‍ സമൂഹത്തിന്‍റെ പച്ചയായ ജീവിതങ്ങള്‍ക്ക് മുന്‍പിലേക്ക് തന്നെയല്ലേ വീണ്ടുമെത്തുന്നത്. അവിടെ നമ്മള്‍ വീണ്ടും കാണുന്നതും അനുഭവിക്കുന്നതുമെല്ലാം യഥാര്‍ത്ഥ ജീവിതത്തെയല്ലേ..?

ലൂമിയര്‍ സഹോദരന്മാര്‍ ചലച്ചിത്രമെന്ന ദൃശ്യമാധ്യമത്തെ വിഭാവന ചെയ്തിടത്തുനിന്നും അഭൂതപൂര്‍വമായ വളര്‍ച്ച കൈവരിച്ച സിനിമ ഇന്നു് ശബ്ദ ദൃശ്യ  വിസ്മയങ്ങളുടെ മായിക പ്രപഞ്ചത്തിലേക്ക് പ്രേക്ഷകരെ കൊണ്ടെത്തിക്കുമ്പോള്‍ ടെക്നോളജിയുടെ ഏറ്റവും പുതിയ കാഴ്ച്ചകള്‍ കാണുവാന്‍ പ്രേക്ഷകര്‍ വീണ്ടും, വീണ്ടും, വെമ്പല്‍ കൂട്ടുന്നു. അതി നൂതന സാങ്കേതിക വിദ്യകളുടെ സഹായത്താല്‍ വെള്ളിത്തിരയിലെ ദൃശ്യങ്ങളോടൊപ്പം ഇരിപ്പാടം വരെ ഉലച്ചും കറക്കിയും അനുഭൂതിയുടെ അതീന്ദ്രിയ ലോകത്തേക്ക് പ്രേക്ഷകരെത്തുമ്പോള്‍, അവര്‍  സിനിമയിലെ കഥയില്ലായ്മയൊക്കെ പാടെ മറന്ന്ചുളയില്ലെങ്കിലും അഴകുണ്ടായാല്‍ മതിഎന്ന പുതിയ കാലത്തിന്‍റെ സൂത്രവാക്യത്തെ മുറുകെപ്പിടിക്കുന്നു. ഇതാണ് യഥാര്‍ത്ഥ സിനിമ എന്ന് ഉറക്കെയുറക്കെ പറയുവാന്‍ അവരെ പ്രാപ്തരാക്കുന്നിടത്ത് സിനിമാ സൃഷ്ടാക്കള്‍ വിജയിക്കുന്നു.

ഒരു സിനിമ വിജയിക്കുവാന്‍ ആദ്യ ദിവസങ്ങളിലെ കോടികളുടെ കളക്ഷന്‍ കഥ, മാത്രം മതി എന്ന അവസ്ഥയിലേക്കു് സിനിമ എത്തിച്ചേര്‍ന്നിരിക്കുന്നു.

പുല്ലും, പൂവും, പുഴുവും ഉള്‍പ്പെടെ ഭൂമിയിലെ സകല ജീവജാലങ്ങള്‍ക്കും ഓരോരോ കുടുംബങ്ങളുണ്ടാക്കി അവയ്ക്കൊക്കെ ശാസ്ത്ര നാമങ്ങള്‍ നല്‍കിയിട്ടുണ്ട്, മനുഷ്യരായ നമ്മള്‍. നമ്മുടെയൊക്കെ പേരിലും, പാസ്പോര്‍ട്ടിലും വരെ പ്രാധാന്യത്തോടെ കുടുംബത്തിന്‍റെ പേരും നല്‍കിയിരിക്കുന്നു. കുടുംബയോഗം നടത്തി കുടുംബസെല്‍ഫിഎടുക്കുന്നു. കല്യാണത്തിനും, മരണത്തിനും കുടുംബങ്ങള്‍ ഒന്നിക്കുന്നു.പക്ഷെ സിനിമയില്‍ മാത്രം ഇപ്പോള്‍ കുടുംബ കഥകള്‍ക്ക് അയിത്തം പ്രഖ്യാപിച്ചിരിക്കുന്നു. കുടുംബ പശ്ചാത്തലം പ്രമേയമാക്കി ഒട്ടേറെ  സിനിമകള്‍ വന്നിട്ടുണ്ട് എന്ന കാരണങ്ങള്‍ കൊണ്ടു തന്നെയാണ് പലപ്പോഴും ഇത്തരം സിനിമകള്‍ ഒഴിവാക്കപ്പെടുന്നത്.മനുഷ്യബന്ധങ്ങളില്‍, സ്നേഹത്തില്‍, ഒട്ടേറെ വിള്ളലുകള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ബന്ധങ്ങള്‍ക്കിടയിലെ കഥകള്‍ പറയുമ്പോള്‍ അതു നമ്മുടെ കഥ കൂടിയാകുന്നു.മേല്‍പ്പറഞ്ഞ സൃഷ്ടാക്കളുടെ നിഘണ്ടുവില്‍ ഇത്തരം സിനിമള്‍ക്ക് സ്ഥാനമില്ലാത്തതുകൊണ്ടു തന്നെ അവര്‍ തീരുമാനിക്കുന്നു അത്തരം പ്രമേയങ്ങള്‍ക്ലീഷേആണെന്ന്. അതു കൊണ്ടു തന്നെ നമുക്ക് നല്ല സിനിമകള്‍ പലപ്പോഴും നഷ്ടപ്പെടുന്നു. കാലഘട്ടം എത്ര മാറിയാലും ഇന്നും മനുഷ്യന്‍റെകുടുംബംഎന്ന അവസ്ഥക്ക് മാറ്റം വന്നിട്ടില്ലല്ലോ..? അച്ഛനും, അമ്മയും, സഹോദരനും, സഹോദരിയുമൊക്കെ, അന്നും ഇന്നുമില്ലേ?.നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും അതങ്ങിനെ തന്നെയല്ലേ..? ശൂന്യതയില്‍ നിന്നും ആരും ജനിക്കുന്നില്ലല്ലോ? പുതിയ പ്രമേയങ്ങളും, പരീക്ഷണങ്ങളുമൊക്കെ നല്ലത് തന്നെയാണ്. തീര്‍ച്ചയായും അതുണ്ടാവണം. പക്ഷെ അടിസ്ഥാനപരമായി നമ്മളൊക്കെ വെറും മനുഷ്യരാണെന്ന കാര്യം മറക്കാതിരിക്കാനെങ്കിലും മനുഷ്യ ബന്ധങ്ങളിലൂന്നിയ അത്തരം സിനിമകളുടെ ആവശ്യകത ഇപ്പൊഴുണ്ടന്ന് കരുതുന്നു.

ഇതൊക്കെ ഇങ്ങനെ നില്‍ക്കുമ്പോള്‍ തന്നെ ടെക്നോളജിയുടെ പൂര്‍ണ്ണതയില്‍ മികച്ച കലാസൃഷ്ടിയായിത്തീരുവാന്‍ സാധ്യതയുള്ള, സത്യസന്ധമായ പല കഥകളും നിര്‍മ്മാതാക്കളെ കിട്ടാതെ സിനിമയാകാതെ പോകുന്ന അവസ്ഥയുമുണ്ട്. അഥവാ നിര്‍മ്മാതാക്കളെ കിട്ടിയാല്‍ ഇത്തരം സിനിമകള്‍ കഥയും സാങ്കേതികതയും ഒത്തു ചേര്‍ന്ന മനോഹരമായ കലാസൃഷ്ടികളായി ചരിത്രത്തിന്‍റെ ഭാഗമായിത്തീരുന്നു

 സിനിമയിലെസാമൂഹ്യപ്രസക്തിഎന്ന വാക്കിന്‍റെ  പ്രസക്തി തന്നെ നഷ്ടപ്പെട്ടിരിക്കുന്ന കാലഘട്ടത്തില്‍ നന്മയുടെ, നല്ല സന്ദേശത്തിന്‍റെ ഒരു ലാഞ്ചനയെങ്കിലും സിനിമയില്‍ വന്നാല്‍ സിനിമയെ അങ്ങേയറ്റം വെറുക്കുന്ന നിലയിലേക്ക്  പ്രേക്ഷകരെക്കൊണ്ടെത്തിച്ചിരിക്കുന്നു. ഞങ്ങളെല്ലാം അറിവില്‍ തികഞ്ഞ പുതിയ തലമുറയാണ്, ഞങ്ങള്‍ക്ക് ഇത്തരം ഉപദേശങ്ങളൊന്നും വേണ്ടാ എന്ന് ചിന്തിക്കുവാന്‍ അവരെ പ്രാപ്തരാക്കിയിരിക്കുന്നു.  നെഗറ്റീവ് ചിന്തകള്‍ക്കും, പ്രചാരണങ്ങള്‍ക്കും, പ്രാധാന്യമേറിവരുമ്പോള്‍, ഓരോ മനുഷ്യനും വഴിക്കു ചിന്തിക്കുകയും നല്ലതിനെ എല്ലാം മോശയായി കാണുകയും മോശമായതിനെ എല്ലാം നല്ലതായിക്കാണുകയും ചെയ്യുന്ന ഒരു വിചിത്രമായ സാമൂഹിക അവസ്ഥയിലേക്ക്   എത്തിച്ചേരുകയും ചെയ്യുന്നു. സാത്താനെ സേവിച്ച്, ആത്മാവിനെ വരുതിയിലാക്കുവാന്‍ ശ്രമിക്കുന്ന ഒരു പുതിയ തലമുറ ജീവിതം ഉത്സവം പോലെ ആഘോഷിക്കുമ്പോള്‍ പഴമയിലെ ചില നന്മകളെ  പാടേ മറന്നു പോകുന്നു.

അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്‍റെ  അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കുംഎന്ന് ക്രിസ്തു പറഞ്ഞതുപോലെ സമൂഹത്തില്‍  പകലന്തിയോളം കഷ്ടപ്പെടുന്നവര്‍ക്ക് ഉല്ലാസവും വിനോദവും വാഗ്ദാനംചെയ്ത് പുത്തന്‍ സിനിമാ സൃഷ്ടാക്കള്‍ കരുണനിറഞ്ഞ മനസ്സോടെ അവരെ തീയേറ്ററുകളുടെ വെള്ളിവെളിച്ചത്തിലേക്ക് ക്ഷണിക്കുന്നു. അവിടെ അവന്‍ പലപ്പോഴും യാഥാര്‍ഥ്യ ബോധത്തെ നിരന്തരം നിഷ്ക്കാസനം ചെയ്തു്, മിഥ്യാബോധം സൃഷ്ടിക്കുന്ന ഒരു മിത്തിക്കല്‍ പ്രവര്‍ത്തനത്തിലാറാടി അസ്തിത്വം നഷ്ടപ്പെട്ട വെറുമൊരു ഉപഭോഗവസ്തുവായി മാറുന്നു. ഇത് പലപ്പോഴും അടിച്ചേല്‍പ്പിക്കുന്ന ഒരു ഏകപക്ഷീയമായ തീരുമാനമാണന്നറിയാതെ പ്രേക്ഷകര്‍ വിധേയന്മാരായിക്കൊണ്ടിരിക്കുന്നു. ഉള്ളടക്കത്തിലും, പ്രമേയത്തിലും തീര്‍ത്തും തരംതാഴ്ന്ന നിലവാരം പുലര്‍ത്തുന്ന പല സിനിമകളും പ്രേക്ഷകരെ സാംസ്കാരികമായ അധപതനത്തിലേക്കു തന്നെ കൊണ്ടെത്തിക്കുന്നു.

പഴയ നിശ്ശബ്ദ സിനിമകള്‍ തന്നെയായിരുന്നു നല്ലതെന്നു തോന്നിപ്പിക്കും വിധത്തില്‍ ആഭാസച്ചുവയുള്ള സംഭാഷണങ്ങള്‍ കുത്തിനിറച്ച  സിനിമകള്‍ കച്ചവടവിപണിയുടെ അവിഭാജ്യഘടകമായി മാറിയിരിക്കുന്നു.

സിനിമയെന്ന മാധ്യമത്തിന് സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുവാന്‍ കഴിയുമെന്ന് പറഞ്ഞത് മഹാനായ ലെനിന്‍ ആയിരുന്നു. അദ്ദേഹം അന്നു പറഞ്ഞതുപോലെ ഒട്ടേറെവിപ്ലവകരമായമാറ്റങ്ങള്‍ നാളിതുവരെ സിനിമയില്‍ക്കൂടി സമൂഹത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു.

ഭീമമായ മുതല്‍ മുടക്കില്‍ ഹോളിവുഡിനെ വെല്ലുവിളിക്കാനുള്ള മത്സരത്തില്‍ പ്രേക്ഷകര്‍ക്ക് ഭാവഗാഢളായ കഥകളുള്ള നല്ല സിനിമകള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയും സിനിമ പുതിയ, സാംസ്കാരിക വിപ്ലവങ്ങളുമായി മുന്നോട്ടു കുതിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു

Joshy Mangalath
Joshy Mangalath
ഒറ്റാൽ എന്ന സിനിമയിലൂടെ തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌ക്കാരം നേടി. ചെക്കോവിന്റെ വാങ്ക എന്ന ചെറുകഥയെ ഉപജീവിച്ച്‌ ഒറ്റാൽ രചിച്ചത്. രവീന്ദ്ര നാഥ ടാഗോറിന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് പുതിയ സിനിമയ്ക്കുള്ള തിരക്കഥ പൂർത്തിയാക്കിയിരിയ്ക്കുന്നത്. ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും എഴുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *