ഒരു വിഷു ബമ്പറിന്‍റെ ഓര്‍മ്മയ്ക്ക്‌

മാമാങ്കത്തറയിലെ തിത്തിരിപ്പക്ഷികള്‍
January 20, 2020
ഒരു ലോക്ക് ഡൌണ്‍ കാലം..
June 4, 2020

ഡിസംബറിലെ ഒരു തണുത്ത പുലര്‍ച്ച. അവധി ഉറക്കത്തിനു ഭംഗം വരുത്തി മൊബൈല്‍ഫോണ്‍ ബെല്ലടിച്ചു.

“ഈ വെള്ളിയാഴ്ച്ച വെളുപ്പിനെ ഫോണ്‍ ചെയ്യുന്ന ഇവനൊക്കെ മനുഷ്യനാണോ?”. വിളിച്ചവനെ മനസ്സിലൊന്നു ശപിച്ച് ഫോണെടുത്തു.

“ഹലോ”

“എടാ ഞാന്‍ “ശ്രീ” യാ, നീ ഇപ്പോ ഇങ്ങോട്ടു വരണം. ഒരാള് നിന്നെക്കാണാന്‍ ഇവിടെ വന്നിരിപ്പുണ്ട്.അത്യാവശ്യമാ”

“വച്ചിട്ടു പോടാ.. വെളുപ്പാന്‍ കാലത്തെ ഉറക്കോം കളഞ്ഞ്..”.

ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.

ശ്രീ പിന്നെയും വിളിച്ചു.

“മതി ഉറങ്ങിയത്, നീ വന്നേ പറ്റൂ. ഇയാള് നാട്ടീന്നു വന്നിരിക്കുവാ..കുറച്ചു സമയം കൂടിയേ ഇവിടെയുള്ളൂ. വളരെ അത്യാവശ്യമാണ്.”

എത്ര നിര്‍ബന്ധിച്ചിട്ടും അളാരാണെന്നവന്‍ പറഞ്ഞില്ല.

“ഇതാരപ്പാ വെളുപ്പിനത്തെ ഈ കുരിശ്?”.

പെട്ടന്നു പ്രാഥമിക കൃത്യങ്ങളൊക്കെ കഴിഞ്ഞ്‌ ഞാന്‍ ‘ശ്രീ’യെന്നു വിളിക്കുന്ന പ്രിയ സുഹൃത്ത് ശ്രീകുമാറിന്‍റെ റാഷീദിയായിലുള്ള വീട്ടിലേക്കു പുറപ്പെട്ടു. പുറത്തു നല്ല തണുപ്പുണ്ടെങ്കിലും ചൂടുവെള്ളത്തിലൊന്നു കുളിച്ചതുകൊണ്ട് നല്ല ഉന്മേഷം തോന്നുന്നു. അവധിദിവസമായതു കൊണ്ട് തിരക്കു കുറഞ്ഞ നിരത്തുകള്‍. വളരെ നാളുകള്‍ക്കു ശേഷമാണ് ഒരു വെള്ളിയാഴ്ച്ച പുലര്‍ച്ചക്കിങ്ങനെ ഡ്രൈവ് ചെയ്യുന്നത്. ആരായിരിക്കും ഇത്ര തിരക്കുള്ള ഈ വി.ഐ.പി?. ഞാനാലോചിച്ചു.

ശ്രീയുടെ വീട്ടിലെത്തിയ ഞാന്‍ വി.ഐ.പിയെക്കണ്ട് അത്ഭുതപ്പെട്ടുപോയി. നീണ്ട കുറെ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടു മുട്ടുന്ന മറ്റൊരു സുഹൃത്ത്. കോഴിക്കോട്ടെ ഇലട്രോണിക്സ് പഠന കാലത്ത്‌ എന്‍റെയും, ശ്രീയുടെയുമൊപ്പം ഹോസ്റ്റല്‍ മുറിയില്‍ ഒന്നിച്ചു കഴിഞ്ഞിരുന്ന ‘ക്ടാവ്’ എന്നു ഞങ്ങള്‍ വിളിക്കുന്ന ബാലകൃഷ്ണന്‍ കിടാവ്.

“എടാ ക്ടാവേ” എന്ന വിളിയോടെ ഞാനവനെ കെട്ടിപ്പിടിച്ചു.

“ഞാനിന്നലെ ‘മുതു’ പാതിരായ്ക്കു വന്നിവനെ വിളിച്ചെഴുന്നേല്‍പ്പിച്ചതാ. മസ്ക്കറ്റീന്നു വരുന്ന വരുന്ന വഴിയാ. ഒറ്റപ്പോള കണ്ണടച്ചിട്ടില്ല. നിന്നെ കാണാന്‍ വേണ്ടീട്ടു മാത്രം വെയിറ്റു ചെയ്യുവായിരുന്നു. ഇപ്പോ തന്നെ നാട്ടിലേക്ക് പോവ്വാ”. ക്ടാവ് പറഞ്ഞു.പിന്നെ പുലര്‍ച്ചയിലെ ആ തണുപ്പില്‍ ആളൊഴിഞ്ഞ നിരത്തിലൂടെ ഞങ്ങള്‍ കുറെ നടന്നു. അതിനിടയില്‍ വിശേഷങ്ങളെല്ലാം പറഞ്ഞു തീര്‍ത്തു. മടങ്ങുമ്പോള്‍ ക്ടാവ് പറഞ്ഞു.

“ഞാനിപ്പോ തിരക്കിട്ടിങ്ങോട്ടു വന്നത് വരുന്ന വിഷുവിനു നിന്നെ വീട്ടിലോട്ടു ക്ഷണിക്കാന്‍ വേണ്ടിയാ. നീ മാത്രമല്ല. ഫുള്‍ ഫാമിലി വരണം. നീ വന്നിട്ടു ചില കാര്യങ്ങളുണ്ടവിടെ. എല്ലാം ഒരു സര്‍പ്രൈസ് ആയിക്കോട്ടേന്നു കരുതിയാ നേരത്തെ പറയാതിരുന്നത്.”ഞാന്‍ ശ്രീയെ ഒന്ന് നോക്കി.

“നീ അവനെ നോക്കുവൊന്നും വേണ്ടാ, തൊക്കെ ഞാന്‍ പറഞ്ഞു സമ്മതിപ്പിച്ചിട്ടുണ്ട്.ഒന്നും നീ അറിയേണ്ടാ ടിക്കറ്റു വരെ ഞാന്‍ ബുക്ക്‌ ചെയ്യും”. ഒടുവില്‍ ക്ടാവിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി പോകാമെന്നേറ്റു.

ബാലകൃഷ്ണന്‍റെ ക്ഷണമനുസരിച്ച് ഞാനും ശ്രീയും ഫാമിലിയും വിഷുവിന്‍റെ മൂന്നു ദിവസം മുന്‍പേ കൊല്ലങ്കോട്ടുള്ള അവന്‍റെ വീട്ടിലെത്തിച്ചേര്‍ന്നു. ഹോസ്റ്റലില്‍ ഞങ്ങളോടൊപ്പമുണ്ടായിരുന്ന തോമസുകുട്ടിയും ഫാമിലിയും നെരത്തെ തന്നെ അവിടെയെത്തിയിരിക്കുന്നു. ഒഴിഞ്ഞു കിടന്നിരുന്ന അവരുടെ തറവാടു വീട് അവന്‍ ഞങ്ങള്‍ക്കായി ഒരുക്കി വച്ചിരുന്നു. തൊടിയിലാകെ ധാരാളം മരങ്ങള്‍, സദാ സമയവും കിളിയൊച്ചകള്‍. അതിനുള്ളില്‍ രണ്ടു നിലകളിലായി ഒരു മാളികവീട്. കട്ടിളകളിലും, വാതിലുകളിലും, അകത്തളങ്ങളിലുമെല്ലാം ഒട്ടേറെ കൊത്തുപണികള്‍. നട്ടുച്ചക്കുപോലും തണുപ്പനുഭവപ്പെടുന്ന മുറികള്‍. ഞങ്ങള്‍ക്കനുവദിച്ച രണ്ടാം നിലയിലെ പടിഞ്ഞാറു വശത്തെ മുറിയില്‍ നിന്നും പുറത്തേക്കു നോക്കിയാല്‍ ദൂരെ വിശാലമായ പാടശേഖരങ്ങള്‍ കാണാം. പിന്നെ നല്ല പടിഞ്ഞാറന്‍ കാറ്റും കിട്ടും. ഞാനൊറ്റക്കാ കാഴ്ച്ചകള്‍ കണ്ടവിടെ നില്‍ക്കുകയാണ്. കുട്ടികള്‍ തൊടിയിലൂടെ അസ്ത്രം വിട്ടതുപോലെ പാഞ്ഞു നടക്കുന്നു. പന്ത്രണ്ടു വര്‍ഷത്തിനിടയില്‍ ഇതു മൂന്നാമത്തെ വരവാണ്. ആദ്യത്തെ തവണ വന്നപ്പോള്‍ അകത്തു കയറാതെ വരാന്തയില്‍ ഇരുന്നതേയുള്ളൂ. അന്ന് പഴകി ദ്രവിച്ച വാതിലുകളും, ജനാലകളുമൊക്കെയുള്ള ഇടിഞ്ഞു വീഴാറായിരുന്ന ഒരു വീടായിരുന്നു ഇത്. ഇപ്പോളതു പുതുക്കിപ്പണിതിരിക്കുന്നു. ജീവിതത്തിലൊരിക്കലും മറക്കാന്‍ പറ്റാനാവാത്ത അന്നത്തെ ആ വികാര നിര്‍ഭരമായ നിമിഷങ്ങള്‍ ഒരു മിന്നായം പോലെ മനസ്സിലൂടെ കടന്നു പോയി. അവനിന്നു പാടേ മാറിയിരിക്കുന്നു. ചുറു ചുറുക്കോടെ ലോകം മുഴുവന്‍ ഓടി നടക്കുന്നു.

“ഇവിടെ നിന്നാ നല്ല ‘ഹാറ്റാ’.. ക്ടാവ് പുറകിലെത്തി. എല്ലാവരേം ഒന്നിച്ചു കിട്ടിയതില്‍ വളരെ സന്തോഷത്തിലാണവന്‍.

ക്ടാവ് : “ഇന്നു ഫുള്‍ റെസ്റ്റാ.., നാളെ നമ്മള്‍ ഫാം ഹൌസില്‍ പോകുന്നു, ബാ താഴോട്ടു പോകാം, എല്ലാരും നിന്നെ നോക്കിയിരിക്കുവാ”

അവനിതൊരു ഒരുത്സവമാക്കാനുള്ള തയ്യാറെടുപ്പിലാണ്.

പുലര്‍ച്ചെ വാതിലില്‍ മുട്ടു കേട്ടു.

“എണീക്കെടാ”

ഉറക്കച്ചടവോടെ ഞാന്‍ വാതില്‍ തുറന്നപ്പോള്‍ ‘ക്ടാവ്” റെഡിയായി നില്‍ക്കുന്നു.

“അല്ല-റിയാന്‍ വയ്യാഞ്ഞിട്ടു ചോദിക്കുവാ നിനക്കീ ഉറക്കമൊന്നും ഇല്ലേ?” ഞാന്‍ ചോദിച്ചു.

ക്ടാവ് : “എടാ ഞാന്‍ നിന്നെപ്പോലെ ഉദ്യോഗസ്ഥനല്ല. ഒന്നാന്തരമൊരു പണിക്കാരനാ,.. ഉറക്കത്തിലാരും പണിക്കാരാവില്ലാന്നാ പ്രമാണം. അതു കൊണ്ടുറക്കമൊക്കെ പണ്ടേ പോയി.”

ഓടി നടന്ന് അവനെല്ലാവരെയും എഴുന്നേല്‍പ്പിച്ചു. ഞങ്ങള്‍ ഒന്നിച്ച് ക്ടാവിന്‍റെ ഫാം ഹൌസിലേക്ക് യാത്രയായി. ‘കൊട്ടാരത്തില്‍’ ഫാം ഹൌസ് എന്ന കൂറ്റന്‍ ഗെയിറ്റ് കടന്ന് അകത്തെത്തിയ ഞങ്ങള്‍ ബാലകൃഷ്ണന്‍റെ എട്ടേക്കറിലുള്ള ഫാം ഹൌസ് കണ്ടൊന്നു ഞെട്ടി. അത്ര മനോഹരമായിരുന്നു ആ സ്ഥലം. ഫാമിനുള്ളില്‍ക്കൂടി നടന്ന് അവന്‍ ഞങ്ങളെ എല്ലാം കാണിച്ചു തന്നു. ഫാമിനകം പല വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഒരു വശം മുഴുവന്‍ ഫലവൃക്ഷങ്ങള്‍, മറ്റൊരുവശം  പച്ചക്കറിത്തോട്ടം, പിന്നെ മരുന്ന് ചെടികള്‍,സുഗന്ധ വ്യഞ്ജനങ്ങള്‍, തേനീച്ച വളര്‍ത്തല്‍ കേന്ദ്രം, പക്ഷി മൃഗാദികളുടെ സ്ഥലങ്ങള്‍,  മറ്റൊരു വശത്ത് കര നെല്ലുകളായ കാഞ്ചനയും മോടനും വിളഞ്ഞു നില്‍ക്കുന്ന പാടം. വേറൊരു വശത്ത് വിലപിടിപ്പുള്ള കൂറ്റന്‍ നായ്ക്കളുടെ കൂടുകള്‍. മീന്‍ വളര്‍ത്തല്‍ കുളങ്ങള്‍, ഫലവൃക്ഷത്തൈകളുടെ നഴ്സറികള്‍, ഫ്ലൌര്‍ മില്ലുകള്‍, പമ്പ്‌ ഹൌസുകള്‍,പാല്‍ സംഭരണ കേന്ദ്രങ്ങള്‍, അങ്ങിനെ നീളുന്ന പട്ടിക. എല്ലാറ്റിനും സൌകര്യങ്ങളൊരുക്കാന്‍ ഫാമിനുള്ളില്‍ക്കൂടി ടാറിട്ട റോഡുകള്‍, കൂടാതെ പണികള്‍ ചെയ്യുവാനായെത്തിയ തമിഴന്മാരുടെ ചെറിയ കോട്ടേജുകള്‍. അവര്‍ക്കു സഞ്ചരിക്കാനുള്ള വാഹനങ്ങള്‍. അങ്ങനെ വല്യ ഒരു പ്രസ്ഥാനം തന്നെയായിരുന്നു അത്. ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു ഇത്ര വിദഗ്ധവും, ശാസ്ത്രീയവുമായ രീതിയില്‍ അറേഞ്ച് ചെയ്തിരിക്കുന്ന ഒരു ഫാം ഹൌസ് ഞാന്‍ കാണുന്നത്. ഇതെല്ലാം കണ്ടു വട്ടായിപ്പോയ തോമസുകുട്ടി:

“എന്തുവാടാ ഇത് ഏദന്‍ തോട്ടമോ?.. നീ ആളൊരു ജപ്പാനാണല്ലോ?”

ശ്രീ: “ വെറും ജപ്പാനല്ല, ടോക്യോ ജപ്പാന്‍”

ക്ടാവ് വെറുതെയൊന്നു ചിരിച്ചു. പിന്നെ എന്നെ നോക്കി.

“നിനക്കിപ്പം സന്തോഷായില്ലേ?”

എന്തു പറയണമെന്നറിയാതെ ഞാനാകെ സന്തോഷത്താല്‍ വീര്‍പ്പുമുട്ടി നില്‍ക്കുകയായിരുന്നു. അല്‍പ്പം ഇമോഷണലായിപ്പോയ എന്‍റെ കണ്ണുകളില്‍ ഒരു നനവ്‌ പടര്‍ന്നു. അതു കണ്ടിട്ടാവണം അവന്‍ എന്നെ ഒന്ന് ചേര്‍ത്തു പിടിച്ചു.

ശ്രീ : “എന്നാലും നീ ഇത്ര വല്യ ഒരു സര്‍പ്രൈസ് തരുമെന്ന് ഞങ്ങളു കരുതിയില്ല”

അവന്‍ ക്ടാവിനെ നോക്കി കൈകൂപ്പി

“നമിച്ചിരിക്കുന്നു”.

ക്ടാവ് :ഇനീ ഒരു സര്‍പ്രൈസ് കൂടിയുണ്ട് അതവസാന ദിവസം പറയും.

ജീവിതത്തില്‍ ഇങ്ങനെ എപ്പോഴും സര്‍പ്രൈസ് ഉണ്ടാക്കുന്ന ആളാണവന്‍.

തോമസുകുട്ടി എല്ലാവരേം നോക്കി

“എടാ ഇവിടെന്നെറങ്ങുന്നേനു മുന്‍പ് ഈ ശുദ്ധവായു കുറച്ചു കൂടുതല് വലിച്ചു കേറ്റിക്കോ. പുറത്തിന്നിറങ്ങിയാപ്പിന്നെ വായു വരെ മായവാ”

അവനതും പറഞ്ഞ് ശ്വാസം അകത്തോട്ടു വലിക്കുന്ന പോലെ ഒരാക്ഷന്‍ കാണിച്ചു. അങ്ങനെ ആ വായൂ ശ്വസിച്ച്, ആ കാഴ്ച്ചകള്‍ കണ്ട്, കാറ്റേറ്റ്, കഥകള്‍ പറഞ്ഞ്, ഞങ്ങള്‍ അവിടെ നിന്നും മടങ്ങി.

വിഷുവിന്‍റെ തലേദിവസം.

കുട്ടികളോടൊപ്പം പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും കുറേ സമയം  മുറ്റത്തു നിന്നു. പിന്നെ ഞങ്ങള്‍ കൊട്ടാരം വീടിന്‍റെ കുളപ്പടവിലേക്ക് പോയി. നിലാവുള്ള ആ രാത്രിയില്‍ ഞങ്ങളെല്ലാവരും കൂടി വട്ടം കൂടിയിരുന്നു. വെട്ടുകല്ലുകള്‍ കൊണ്ട് മനോഹരമായി കെട്ടിയുണ്ടാക്കിയ കുളത്തില്‍ കണ്ണീരു പോലെ തെളിഞ്ഞ വെള്ളം. കല്‍പ്പടവില്‍ നിവര്‍ത്തി വച്ച ‘പോര്‍ട്ടബിള്‍’ ടേബിളില്‍ ക്ടാവിന്‍റെ ഫാം ഉല്‍പ്പന്നങ്ങളായ വാഴയിലയില്‍ പൊള്ളിച്ച കരിമീനും, പരിശുദ്ധമായ വെളിച്ചെണ്ണയില്‍ ഉപ്പും കുരുമുളകും ചേര്‍ത്ത് മൂപ്പിച്ചെടുത്ത പുഴുങ്ങിയ കാട മുട്ടയും, കുടിക്കുവാനായി കൈതച്ചക്കയില്‍ നിന്നും ഞാവല്‍പ്പഴത്തില്‍ നിന്നും വാറ്റിയെടുത്ത വീഞ്ഞും തയ്യാറാക്കി വച്ചിരുന്നു. മരക്കൂട്ടങ്ങളുടെ ഇരുണ്ട ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങുന്ന ‘നിലാ’ വെളിച്ചം പറമ്പിലാകെ ചിതറി വീണു കിടക്കുന്നു. പഴയ ഹോസ്റ്റല്‍ കഥകള്‍ ഞങ്ങള്‍ പരസ്പരം പങ്കുവച്ചു. രാവേറെയായി. അപ്പോള്‍ ക്ടാവിനൊരു പൂതി. അവന്‍ എന്നെ നോക്കി:

“ഡാ.. നിന്‍റെ ആ പഴയ ‘കൈതപ്പുഴ’ ഒന്നു കീച്ചിക്കേ, ഒത്തിരി നാളായി കേട്ടിട്ട്”.

തോമസ് അതേറ്റു പിടിച്ച്: “അതേ, അതേ, ഈ മൂടിനു പറ്റിയ പാട്ടാ”

“പിന്നേ ഈ പൂതിരാത്രിക്കല്ലേ പാട്ടു പാടുന്നത്” ഞാന്‍ പറഞ്ഞു

“പാട്ടിനങ്ങനെ സമയോം കാലോന്നില്ല. നീ അങ്ങോട്ടുറക്കെ പാടിക്കേ”. ശ്രീയും പറഞ്ഞു.

അങ്ങനെ എല്ലാരുടേം നിര്‍ബന്ധത്തിനു വഴങ്ങി ഞാനാ പാട്ട് പാടി.

ഓ..ഓ..ഓ..ഓ

“കൈതപ്പുഴ കായലിലെ, കാറ്റിന്‍റെ കൈകളിലേ

കളിചിരി മാറാത്ത കന്നിയോളമേ”.

രാത്രിയുടെ കനത്ത നിശ്ശബ്ദതയില്‍, എന്‍റെ ഗാനം പറമ്പിലാകെ ഒഴുകി നില്‍ക്കുകയാണ്. ഇരുട്ടും  വെളിച്ചവും ഇടകലര്‍ന്ന പറമ്പില്‍, വൃക്ഷ ലതാദികളും പ്രകൃതിയും കൂടി ഈ ഗാനം ആസ്വദിക്കണമെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ഞാന്‍ കണ്ണടച്ച് എന്നെത്തന്നെ മറന്ന് ഒരു വല്ലാത്ത വികാരവായ്പ്പുകളോടെ ഉറക്കെ പാടുകയാണ്.

“വെള്ളിയുദിച്ചൂ മാനം മീതെ വെള്ള വിരിച്ചു
വെള്ളാരം കൽപ്പടവിൽ
വെള്ളോടിൻ ഉരുളിയിൽ
വെള്ളരി പൂക്കണി വച്ചൂ
വിഷു പൂക്കണി വച്ചൂ
കണി കാണാൻ വന്നാട്ടേ..
കറുത്ത പെണ്ണെ.”.

പെട്ടന്ന് കൊട്ടാരം വീട്ടിലെ ലൈറ്റുകള്‍ തെളിഞ്ഞു. ക്ടാവിന്‍റെ ഭാര്യ സീതമ്മയുടെ നേതൃത്വത്തില്‍ വിഷു സദ്യയുടെ ഒരുക്കങ്ങള്‍ കഴിഞ്ഞ് ഉറങ്ങാന്‍ തുടങ്ങിയ സ്ത്രീകള്‍ ഒന്നിച്ചവിടേക്കെത്തി.അവര്‍ നിശ്ശബ്ദരായ് നിന്ന്‍ മുഖം കൊണ്ടൊരു പ്രോത്സാഹനം അറിയിച്ച്‌ പാട്ടു കേള്‍ക്കുകയാണ്. പാട്ടുകഴിഞ്ഞതും നിര്‍ത്താത്ത കയ്യടികള്‍. ഒട്ടേറെ സദസ്സുകള്‍ക്കു മുന്‍പില്‍ ഞാനീ പാട്ടു പാടിയിട്ടുണ്ടെങ്കിലും ഇത്ര ആസ്വദിച്ച് ഒരു പാട്ട് ഞാന്‍ എങ്ങും പാടിയിട്ടില്ല. ജീവിതത്തിലെ മറക്കാനാവാത്ത ഒരു പാട്ടനുഭവം കൂടിയായിരുന്നു അത്.

വെളുപ്പിനെ എഴുന്നേറ്റു വെള്ളോട്ടുരുളിയിലേക്കു നോക്കി. കണികണ്ടു മനസ്സു നിറഞ്ഞപ്പോള്‍ പുറത്തു കിളികളുടെ നിലയ്ക്കാത്ത ചിലയ്ക്കല്‍ ശബ്ദം. ജനാല തുറന്ന് പുറത്തേക്കു നോക്കി. സമീപമുള്ള സപ്പോട്ടമരത്തില്‍ നിറയെ കിളികള്‍. കുറെ നേരം അതു തന്നെ നോക്കി നിന്നു. ശാന്ത സുന്ദരമായ അന്തരീക്ഷത്തില്‍ കിളികളുടെ ആ ചിലയ്ക്കല്‍ ശബ്ദം ഞാന്‍ വല്ലാതെയങ്ങ് ആസ്വദിച്ചു. മരച്ചില്ലകളെയിളക്കി വന്ന ഒരു കുളിര്‍കാറ്റ് മുഖം തഴുകിപ്പോയി.വല്ലാത്ത ഒരനുഭൂതി.വര്‍ഷങ്ങളായ് എനിക്കു നഷ്ടപ്പെട്ടുപോയതാണിതെല്ലാം.

“പുലരിയില്‍ ഭൂപാളം പാടിയുണര്‍ത്തുന്ന കിളികളോടൊന്നു ചേര്‍ന്ന് ആര്‍ത്തു പാടാം

പുഴയുടെ സംഗീതം ചിറകേറ്റിയെത്തുന്ന കുളിര്‍കാറ്റിലലിഞ്ഞു ഞാന്‍ പാടാം”

പെട്ടന്നീ കവി വചനം ഓര്‍ത്തപ്പോള്‍ ഈ കിളികളോടൊപ്പംചേര്‍ന്ന് ഒന്നുകൂടി പാടാന്‍ ഒരു മോഹം തോന്നിപ്പോയി.

ഞങ്ങള്‍ക്കെല്ലാവര്‍ക്കും ക്ടാവ് വിഷുക്കൈനീട്ടം തന്നു. പിന്നെ ഉച്ചക്ക് വിഭവ സമൃദ്ധമായ സദ്യ. ക്ടാവിന്‍റെ ഫാമിലെ ശുദ്ധമായ പച്ചക്കറികളിലും അവന്‍റെ പാടത്തെ നെല്ലരിയിലും, തയ്യാറാക്കിയ സദ്യ. വിളമ്പിയ വാഴയില പോലും തിന്നാന്‍ തോന്നത്തക്ക രീതിയില്‍ രുചി മുകുളങ്ങളെ വല്ലാതെ ഉത്തേജിപ്പിച്ച, കാര്‍ഷിക സമൃദ്ധി നിറഞ്ഞ ഒരു സദ്യ.

പാട്ടും, കളിയും ചിരിയുമൊക്കെയുമായി അങ്ങനെ ആ ദിവസവും കടന്നു പോയി. രാത്രിയില്‍ എല്ലാവരും ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ക്ടാവ് പറഞ്ഞു “നാളെ രാവിലെ നമ്മളെല്ലാവരും കൂടി ഒരു സ്ഥലത്തേക്കു പോകുന്നു”. അതെവിടേക്കെന്ന ചോദ്യത്തിന്

“അവസാന ദിവസം ഒരു സര്‍പ്രൈസ് കൂടിയുണ്ടന്ന് അന്നേ ഞാന്‍ പറഞ്ഞില്ലേ?. അതുകൊണ്ട് നാളെ അറിഞ്ഞാല്‍ മതി” ആകാംക്ഷ നിറഞ്ഞ മനസ്സുമായ് ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു.

ക്ടാവിന്‍റെ നേതൃത്വത്തില്‍ രണ്ടു മൂന്നു വാഹനങ്ങളിലായി ഞങ്ങള്‍ അതിരാവിലെ തന്നെ   യാത്രയായി. എവിടേക്കെന്നൊന്നും ഒരു സൂചനയുമില്ല. നാട്ടുമ്പുറത്തെ വിശാലമായ നെല്‍വയലുകള്‍ക്കപ്പുറത്ത് പച്ചക്കുന്നുകളുടെ ചെരുവില്‍ പൌരാണികത മുറ്റി നില്‍ക്കുന്ന ഓടിട്ട ഒരു പഴയ അമ്പലത്തിനു മുന്‍പില്‍ ക്ടാവ് കാര്‍ നിര്‍ത്തി. എല്ലാവരെയും വിളിച്ചു.  ഭക്തി സാന്ദ്രമായ അന്തരീക്ഷം. ശ്രീകോവിലിനു മുന്‍പില്‍ കണ്ണടച്ചു കൈകൂപ്പി നില്‍ക്കുന്ന ക്ടാവ്. സര്‍വ്വതും ഭഗവാന്‍റെ മുന്‍പില്‍ അടിയറവച്ച് ഒരു ഭിക്ഷാംദേഹിയെപ്പോലെ നില്‍ക്കുന്ന മുഖഭാവം. അവനോടൊപ്പം ഭക്തിയോടെ കൈകൂപ്പി എല്ലാവരും അങ്ങനെ ഒരു നിമിഷം നിന്നു. അപ്പോള്‍ ഇതായിരുന്നു സര്‍പ്രൈസ് എന്ന് മനസ്സില്‍ വിചാരിച്ചു നില്‍ക്കുമ്പോള്‍ ക്ടാവ് പറഞ്ഞു.

“ബാ കേറ്. ഇനീം പോകാനുണ്ട്”. യാത്ര വീണ്ടും തുടര്‍ന്നു. ഒരു വലിയ ഷോപ്പിനു മുന്‍പില്‍ വീണ്ടും വണ്ടി നിര്‍ത്തി. ഒട്ടേറെ ആള്‍ക്കാരവിടെ കൂടി നില്‍ക്കുന്നു. പെട്ടന്നൊരു ചെണ്ടമേളം. ഞങ്ങളെ വരവേല്‍ക്കാന്‍ താലത്തില്‍ പൂക്കളുമായ് സെറ്റും മുണ്ടുമുടുത്ത സ്ത്രീകള്‍, കൂടെ പ്രമുഖരായ കുറേ വ്യക്തികള്‍. ക്യാമറാകള്‍ തുരുതുരെ കണ്ണു ചിമ്മുന്നു. ഇതെന്തു കൂത്താണന്നറിയാതെ ചുറ്റുമൊന്നുവിരണ്ടു നോക്കിയ ഞാന്‍ എന്‍റെ കണ്മുന്‍പില്‍ എന്നെ കണ്ടു. ഒരു വലിയ ബാനറില്‍ എന്‍റെ ഫോട്ടോ. ‘കൊട്ടാരത്തില്‍ സ്പൈസസ്’ ഉത്ഘാടകന്‍ ശ്രീ ജോഷി മംഗലത്ത്. ഞാന്‍ വീണ്ടും ഒന്നു കൂടി ഞെട്ടി.

വിരണ്ടു നില്‍ക്കുന്ന എന്നെക്കണ്ട് തോമസ്‌:

“ഇതൊരേറ്റ സര്‍പ്രൈസ് ആയിപ്പോയല്ലോടാ”.

ഉദ്ഘാടനം കഴിഞ്ഞു ഞങ്ങള്‍ സുഗന്ധ വ്യഞ്ജനങ്ങളുടെ മണമുള്ള ഷോപ്പിന്‍റെ ഓഫീസ് മുറിയിലിരുന്നു. ക്ടാവ് എന്നെ നോക്കി പറഞ്ഞു.

“എനിക്കിങ്ങനെയൊരു ജീവിതം തന്നത് നീയാ, അതുകൊണ്ട് ഉല്‍ഘാടനത്തിന്‌ നീ തന്നെ വേണമെന്നത് എന്‍റെ ഒരു നിര്‍ബന്ധമായിരുന്നു”.

ഒരു സിനിമയുടെ ഫ്ലാഷ്ബാക്ക്‌ പോലെ എന്‍റെ ഓര്‍മ്മകള്‍ പിറകോട്ടു പോയി.

പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു വിഷു അവധി. ഞാന്‍ ക്ടാവിന്‍റെ വീട്ടില്‍ പോയ ദിവസം. ഒരാഘോഷവുമില്ലാതെ നിറഞ്ഞ കണ്ണുകളുമായ് വരാന്തയിലെ തൂണില്‍ ചാരിനിന്ന ക്ടാവിന്‍റെ മുഖം ഞാനോര്‍ത്തു. മനുഷ്യ മനസ്സുകളുടെ കുതന്ത്രങ്ങളൊന്നുമറിയാത്ത ശുദ്ധ മനസ്ക്കനായ ക്ടാവിനെ ബലിയാടാക്കി ഒരാള്‍ ഒരു വലിയ തുകയുമായി കടന്നു കളഞ്ഞപ്പോള്‍ അന്നു സഹകരണ ബാങ്കിലെ ജോലി നഷ്ടപ്പെട്ട ക്ടാവ്. എല്ലാവരുടെയും മുപില്‍ ഒറ്റപ്പെട്ടു പരിഹാസ്യനായ ക്ടാവ് ഒടുവില്‍ നില്‍ക്കക്കള്ളിയില്ലാതെ ബാധ്യത മുഴുവന്‍ സ്വയം ഏറ്റെടുക്കേണ്ടിവന്നു. രണ്ടു സഹോദരിമാരുടെ വിവാഹം നടത്തിയ ബാധ്യതകള്‍ വേറെ. ആധി കയറി രോഗാതുരനായ അച്ഛനും മരിച്ചു. കടുത്ത ദുഃഖത്തോടെ വരാന്തയിലെ ഭിത്തിയില്‍ ചാരിനിന്ന് സീതമ്മയാണിതെല്ലാം എന്നോടു പറഞ്ഞത്‌. എന്‍റെ മുഖത്തോട്ട് നോക്കുവാനുള്ള ശക്തിയില്ലാഞ്ഞിട്ടാകാം, ഒരക്ഷരം മിണ്ടാതെ പുറത്തെ ശൂന്യതയിലേക്കു തന്നെ നോക്കി ക്ടാവ് നില്‍ക്കുകയാണ്. പെട്ടന്ന് ഭിത്തിയിലെ നിറം മങ്ങിയ ഒരു ഫോട്ടോ എന്‍റെ ശ്രദ്ധയില്‍പ്പെട്ടു. ക്ടാവു നടുവിലായി ഞാനും, തോമസ്സും, ശ്രീയും ഒന്നിച്ചു നില്‍ക്കുന്ന ഒരു പഴയ ഫോട്ടോ. വളരെ ചെറുപ്പമായ ഞങ്ങളുടെ രൂപങ്ങള്‍. ജൂബ്ബയിട്ടു്, തോളറ്റം വരെ ചീകിയൊതുക്കിയ കറുത്തു മിന്നുന്ന മുടിയും, കനത്ത പുരികങ്ങളും, തിളങ്ങുന്ന കണ്ണുകളുമൊക്കെയുള്ള ക്ടാവിന്‍റെ തേജസ്സുറ്റ മുഖം. ഞാന്‍ ഫോട്ടോയില്‍ നിന്നും ദൃഷ്ടി മാറ്റി ക്ടാവിനെയൊന്നു നോക്കി. അവനാകെ മാറിപ്പോയിരിക്കുന്നു. മെലിഞ്ഞുണങ്ങി ഒരു കോലം കെട്ടിരിക്കുന്നു. കണ്ണുകള്‍ അകത്തേക്ക് കുഴിഞ്ഞ് ചുറ്റും കറുത്ത പാടുകള്‍ വീണിരിക്കുന്നു. താടിയുള്ള കവിളുകള്‍ ഒട്ടി അകത്തേക്ക് വലിഞ്ഞിരിക്കുന്നു. ജീവിതത്തിന്‍റെ മുഴുവന്‍ പ്രാരാബ്ദ്ങ്ങളും ഒറ്റ നോട്ടത്തില്‍ത്തന്നെ ആ മുഖത്തു നിന്നുമിപ്പോള്‍ വായിച്ചെടുക്കാം.

ഞാന്‍ ആ ഫോട്ടോയിലേക്ക്‌ വീണ്ടുമൊന്നു നോക്കി. അതു മനസ്സിലാക്കിയിട്ടാകാം സീതമ്മ:

“ആധി കേറിയാ ചേട്ടനിങ്ങനെയായിപ്പോയത്”.

എന്‍റെ  മനസ്സില്‍ വല്ലാത്ത ഒരസ്വസ്ഥത നീറിപ്പടര്‍ന്നു. നിശബ്ദതയുടെ ഒരു നിമിഷം കടന്നുപോയി. അവരുടെ  മുഖത്തെ വിഷമം കാണുവാനുള്ള ശക്തിയില്ലാഞ്ഞതു കൊണ്ട് ഞാന്‍ പതുക്കെ എഴുന്നേറ്റു. ക്ടാവിന്‍റെ കൈപിടിച്ചു. അവന്‍റെ കണ്ണുകളിപ്പോള്‍ നിറഞ്ഞിരിക്കുന്നു. മനപ്പൂര്‍വ്വം അവന്‍റെ മുഖത്തേക്കു നോക്കാതെ അവനെയുമായി ഞാന്‍ മുറ്റത്തേക്കിറങ്ങി. എന്‍റെ കൈ നെഞ്ചില്‍ ചേര്‍ത്തു പിടിച്ചവന്‍ പറഞ്ഞു.

“തകര്‍ന്നു നിക്കുവാ ഞാന്‍. ആത്മഹത്യ ചെയ്യാന്‍ എനിക്ക് പേടിയാ. എന്നേക്കൂടൊന്നു ഗള്‍ഫില്‍ കൊണ്ട്വാവോ? നീ”.

അതു പറഞ്ഞപ്പോള്‍ അവന്‍ വിതുമ്പിപ്പോയി. ഞാനും വല്ലാതെയായി.

“ബാ നീ കാറില്‍ക്കയറ്”. ഞങ്ങള്‍ പുറത്തേക്കു പോയി. ഗള്‍ഫിലൊരു ജോലിക്കു ഞാന്‍ ശ്രമിക്കാമെന്നു പറഞ്ഞ് കാര്‍ കവലയില്‍ നിര്‍ത്തി. ചെക്ക് ബുക്കെടുത്തു അപ്പോഴത്തെ ആശ്വാസത്തിനായി ഒരു ചെറിയ തുക എഴുതിക്കൊടുത്തു. യാത്ര പറയാന്‍ കാറിനു പുറത്തിറങ്ങി. പെട്ടന്നു ലോട്ടറി ടിക്കറ്റുമായി ഒരു വൃദ്ധന്‍ കാറിനടുത്തേക്കെത്തി.

“സാര്‍ വിഷു ബമ്പറാണ്. ഒരു ടിക്കറ്റെടുക്കണം” വൃദ്ധന്‍ വിടാതെ പുറകേ കൂടി. ഒടുവില്‍ നിവൃത്തിയില്ലാതെ ഞാനൊരു ടിക്കറ്റെടുത്തു. അതു ഞാന്‍ ക്ടാവിന്‍റെ പോക്കറ്റിലിട്ടുകൊണ്ടു പറഞ്ഞു “ഇത് കൂടി നിനക്കിരിക്കട്ടെ. ഒരു പക്ഷെ ഇതു നിനക്ക് ഭാഗ്യം കൊണ്ടു വന്നാലോ” പിന്നെ അവനോടു യാത്ര പറഞ്ഞു മടങ്ങി.

ദുബായിലെത്തി കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു.  ഒരു ദിവസം രാവിലെ ക്ടാവിന്‍റെ ഫോണ്‍. അടക്കാനാവാത്ത സന്തോഷത്തോടെ അവന്‍ “നീ എനിക്ക് ഭാഗ്യം തന്നടാ”

“എന്താടാ ക്ടാവേ..” ഞാന്‍ ചോദിച്ചു. മറുപടിയില്ല.

“എടാ ക്ടാവേ” ഞാന്‍ വീണ്ടും ചോദിച്ചു. പെട്ടന്ന് ഫോണ്‍ കട്ടായി. ആകാംക്ഷയോടെ ഞാനവനെ തിരിച്ചു വിളിച്ചു. ഫോണ്‍ എടുത്ത അവന്‍:

“ഞാന്‍ കുറച്ച്‌ ഇമോഷനലായിപ്പോയി അതാ, സോറി. വിഷു ബമ്പറിന്‍റെ രണ്ടാം സ്ഥാനം നീ എനിക്കു തന്ന ആ ലോട്ടറിക്ക്. പത്തു ലക്ഷം രൂപ”.

അവിശ്വസിനീയതയോടെ ഞാന്‍ ചോദിച്ചു “നേരോ”

ക്ടാവ് :”അതേടാ നേര്.

ഒരുള്‍പ്പുളകത്തോടെയാണ് ഞാനതു കേട്ടത്.

ക്ടാവ് : “ഞാനിതെന്തു ചെയ്യണം നീ പറ.”

എന്തു ചെയ്യണമെന്നോ? അതു ഞാന്‍ നിനക്ക് തന്നതല്ലേ?. നീ തന്നെ തീരുമാനിക്ക്” വളരെയധികം ആഹ്ലാദത്തോടെയാണ് ഞാനത്‌ പറഞ്ഞത്.

“എന്നാലും നീ പറ. എനിക്കിതെന്തു ചെയ്യണമെന്നറിഞ്ഞു കൂടാ. നീ പറേന്ന പോലെ ഞാന്‍ ചെയ്യാം.” അവന്‍ പറഞ്ഞു.

“ഞാനൊന്നാലോചിക്കട്ടെ. എന്നിട്ടു വിളിക്കാം”.

കുറെ അലോചിച്ചു. ഒടുവിലൊരു തീരുമാനത്തിലെത്തി. പിന്നെ അവനെ വിളിച്ചു

“പണ്ടു മുതലേ നീ പറയുമായിരുന്നില്ലേ ജോലിയേക്കാള്‍ എനിക്കിഷ്ടം കൃഷിയാണന്ന്. ആ ലൈന്‍ തന്നെ പിടിച്ചോ. പിന്നെ നീ വല്യ ഒരു ഒരു ദൈവ വിശ്വാസിയുമല്ലേ? ദൈവം തന്ന ഈ മണ്ണിനെയും നീയട്ടങ്ങോട്ടു പൂര്‍ണ്ണമായിട്ട് വിശ്വസിക്ക്. മനുഷ്യന്‍ ചതിച്ചാലും മണ്ണ് നിന്നെ ചതിക്കത്തില്ല”

വല്യ ഒരു തത്വജ്ഞാനിയുടെ മട്ടില്‍ ഞാനവനീ ഉപദേശം കൊടുത്തു.

അങ്ങനെ അവന്‍ ആ ലൈന്‍ തന്നെ പിടിച്ചു.

നൈജീരിയായില്‍ സെറ്റിലായ നാട്ടിലെ ഒരാളുടെ സ്ഥലം വെട്ടും കിളേം, ഇല്ലാതെ കാടു കേറി കിടക്കുകയായിരുന്നു. കാടു വെട്ടി, കാടു വെട്ടി അവര്‍ മടുത്തിരുന്ന സമയത്ത് ക്ടാവ് അവരെ സമീപിക്കുകയും ആ സ്ഥലം അവരില്‍ നിന്നും പാട്ടത്തിനെടുക്കുകയും ചെയ്തു. എട്ടേക്കറുള്ള ആ സ്ഥലത്തിന് പാട്ട പൈസാ പേരിനു മാത്രം.

ക്ടാവ് വീണ്ടും ഉപദേശത്തിനായി എന്നെ വിളിച്ചു:

ഞാന്‍ എന്‍റെ തത്വജ്ഞാനം വീണ്ടും മൊഴിഞ്ഞു:

“ഭക്ഷ്യ വിളകളുടെ സ്ഥാനത്ത് നാണ്യ വിളകളുമായി ഈ ലോകം മാറിക്കൊണ്ടിരിക്കുവാ.. ഭക്ഷണത്തിനു വേണ്ടി  മനുഷ്യന്‍  നെട്ടോട്ടമോടുന്ന സമയമിങ്ങടുത്തു. ആ ഒരു  തിരിച്ചറിവ്  മനസ്സില്‍ കണ്ട്, നീ കൃഷിയിറക്ക്. ഈ ഒരു നിമിഷത്തില്‍ നീയെടുക്കുന്ന ഒരുറച്ച തീരുമാനം മതി  നിന്‍റെ ജീവിതം മാറ്റിമറിക്കാന്‍. ധൈര്യമായിട്ടു പൊക്കോ..”

ഉള്ളിലെനിക്കൊരു ഭയമുണ്ടായിരുന്നെങ്കിലും ഞാനവന് ഇങ്ങനെയൊരു ധൈര്യം കൊടുത്തു.

ജീവിതം അവിടെ നിന്നും രണ്ടാമതു തുടങ്ങിയ ക്ടാവ് നഷ്ടപ്പെട്ടു പോയതെല്ലാം ഒരു വാശിയോടെ തിരിച്ചെടുത്തു. ഒരു നിമിത്തം പോലെ ദൈവം അവനോടു കൂട്ടിച്ചേര്‍ത്ത ധനികനായ നൈജീരിയക്കാരന്‍ ഒരിക്കല്‍ നാട്ടില്‍ വന്നപ്പോള്‍ അവന്‍റെ കഠിനാധ്വാനം നേരിട്ടു കണ്ടു ബോധ്യപ്പെട്ടു. അയാള്‍ക്കവനോടൊരലിവു തോന്നി പറഞ്ഞു:

“ഈ സ്ഥലം നിനക്കു വിധിച്ചതാ നിന്‍റെ വിയര്‍പ്പ് വീണ ഈ മണ്ണ് ഇനീ നീ തന്നെയെടുത്തോ”. കുറഞ്ഞ വിലക്ക് അന്നദ്ദേഹം ആ സ്ഥലം അവനു നല്‍കി. അവനോടുള്ള വിശ്വാസം കൊണ്ട് പലതവണയായി പൈസാ തിരിച്ചടക്കാനുള്ള അവസരവും നല്‍കി.” ഇന്നു ക്ടാവ് നാട്ടിലെ തന്നെ അറിയപ്പെടുന്ന ഒരു പ്രമാണിയായ്‌ മാറിയിരിക്കുന്നു. പുച്ഛിച്ചവര്‍ ബഹുമാനിക്കുന്നു.! എല്ലുമുറിയ പണി ചെയ്ത അവന്‍ ഇന്നു പല്ലു മുറിയെ തിന്നുന്നു..!

കൊട്ടാരത്തില്‍ ഫാം ഹൗസിന്‍റെ ‘പ്രൊഡക്റ്റുകള്‍’ കുത്തി നിറച്ച ബാഗുകളുമായ് ഞാനും, ശ്രീയും ഫാമിലിയും എയര്‍പോര്‍ട്ടിലേക്കും, തോമസുകുട്ടിയും ഫാമിലിയും അവന്‍റെ നാടായ തിരുവാമ്പാടിയിലേക്കും പോകാനായിറങ്ങി. ക്ടാവ് പറഞ്ഞു:

“നമുക്കിനിയും കൂടണം ഇതേ പോലെ”

അതേ..ഞാന്‍ മനസ്സില്‍ വിചാരിച്ചു. നിലാവുള്ള രാത്രിയില്‍ എനിക്കിനിയും ആ കുളപ്പടവിലിരുന്നൊന്നു പാടണം. പുലര്‍ച്ചെ ആ കിളികളുടെ ചിലയ്ക്കല്‍ ഒന്നു കൂടി കേള്‍ക്കണം. ആ പടിഞ്ഞാറന്‍ കാറ്റ് ഒന്നു കൂടി അനുഭവിക്കണം. പിന്നെ, ക്ടാവിന്‍റെ സ്നേഹക്കൂട്ടുകള്‍ ചേര്‍ത്ത സദ്യ ഇനിയുമുണ്ണണം.

കാര്‍ അകന്നു പോയപ്പോള്‍ ഞാന്‍ അവനെ ഒന്നു തിരിഞ്ഞ് നോക്കി.

പ്രൌഢ ഗംഭീരമായ കൊട്ടാരത്തില്‍ വീടിന്‍റെ മുന്‍വശത്തു നിന്ന് കൈ വീശിക്കാണിക്കുന്ന ക്ടാവ്. ഇനിയുമൊരു സര്‍പ്രൈസ് കാണിക്കുവാന്‍ തയ്യാറെടുക്കുന്ന

‘മണ്ണു  വളര്‍ത്തി വലിയതാക്കിയ മനുഷ്യന്‍’

ജോഷി മംഗലത്ത്

Joshy Mangalath
Joshy Mangalath
ഒറ്റാൽ എന്ന സിനിമയിലൂടെ തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌ക്കാരം നേടി. ചെക്കോവിന്റെ വാങ്ക എന്ന ചെറുകഥയെ ഉപജീവിച്ച്‌ ഒറ്റാൽ രചിച്ചത്. രവീന്ദ്ര നാഥ ടാഗോറിന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് പുതിയ സിനിമയ്ക്കുള്ള തിരക്കഥ പൂർത്തിയാക്കിയിരിയ്ക്കുന്നത്. ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും എഴുതുന്നു.

1 Comment

  1. Adithyan says:

    Nice story

Leave a Reply

Your email address will not be published. Required fields are marked *