ഒരു ലോക്ക് ഡൌണ്‍ കാലം..

ഒരു വിഷു ബമ്പറിന്‍റെ ഓര്‍മ്മയ്ക്ക്‌
January 20, 2020
ആഗോളവത്ക്കരണം, കോവിഡിലൂടെ…
June 5, 2020

മനുഷ്യരേക്കാള്‍ കൂടുതല്‍ ഞാന്‍ കാറുകളെ കണ്ടിട്ടുള്ള ഒരു നഗരമാണ് ദുബായ്. റോള്‍സ്റോയിസ് മുതല്‍ കൊറോള വരെ നിരവധി ബ്രാന്‍ഡുകള്‍. ചുവപ്പ് സിഗ്നല്‍ തെളിയുമ്പോള്‍ നിരത്തില്‍ നിറയുന്ന വാഹനങ്ങള്‍. ദുബായിലെ ‘കരാമ’ മെട്രോ സ്റ്റേഷനു സമീപമുള്ള എന്‍റെ ഫ്ലാറ്റിന്‍റെ ബാല്‍ക്കണിയില്‍ നിന്നു ഞാന്‍ താഴേക്കു നോക്കുമ്പോള്‍ ഒരു ഘോഷയാത്രപോലെ നിരന്നു കിടക്കുന്ന വിവിധ വര്‍ണ്ണങ്ങളിലും, വലിപ്പത്തി ലുമുള്ള വാഹനങ്ങളുടെ ഈ കാഴ്ച പതിവായിരുന്നു. രാവേറെയായാലും നിരത്തു നിറയെ ആളുകള്‍. ലോകത്തിന്‍റെ നാനാ ഭാഗത്തു നിന്നും എത്തുന്നവര്‍. വിവിധ ഭാഷ, വേഷം, സംസ്ക്കാരം എല്ലാം കൂടിക്കലര്‍ന്ന് ലോകത്തിന്‍റെ തന്നെ ഒരു ‘ക്രോസ് സെക്ഷനായ ദുബായ്. ഒഴിവു ദിനങ്ങളില്‍ പബ്ബുകളില്‍ നിന്നുയരുന്ന ഡിജെ സംഗീതത്തിന്‍റെ താളമേളങ്ങള്‍ക്കൊപ്പം ചുവടുവയ്ക്കുന്ന, ജീവിതം ഒരു ഉത്സവം പോലെ ആഘോഷിച്ചിരുന്ന ആള്‍ക്കൂട്ടങ്ങള്‍. ആരാധനകള്‍ക്കായ്, ഒത്തുചേരാനായ്, ലോകത്തിലെ നാനാതരം രുചിക്കൂട്ടുകള്‍ ആസ്വദിക്കാനായ്, നഗരം ചുറ്റി നടക്കുന്ന കുടുംബസംഘങ്ങള്‍. സജീവമായ മെട്രോ സ്റ്റേഷന്‍. എല്ലാമിപ്പോള്‍ മാറി മറിഞ്ഞിരിക്കുന്നു. ആളൊഴിഞ്ഞ നിരത്തുകള്‍, മൂടിക്കെട്ടിയ മുഖവുമായ് ചിരികള്‍ നഷ്ടപ്പെട്ടുപോയ മനുഷ്യര്‍. മനുഷ്യന്‍ മനുഷ്യനെത്തന്നെ ഭയക്കുന്നു. സാമൂഹിക അകലം പാലിച്ചു, പാലിച്ച് സമൂഹം എന്ന വാക്കിന്‍റെ അര്‍ഥം നഷ്ടമായിരിക്കുന്നു. ലോകമാസകലവും ഇന്ന് അസ്വസ്ഥതയിലായിരിക്കുന്നു. രോഗവും, പട്ടിണിയും, വറുതിയുമൊക്കെ പതുക്കെ, പതുക്കെ, നമ്മളെ  പിടി മുറുക്കിയിരിക്കുന്നു.. മനസ്സു മരവിച്ച് ഉറക്കം നഷ്ടപ്പെട്ട ആളുകള്‍ നമ്മുടെയിടയില്‍ പെരുകുന്നു…!എന്ത് ചെയ്യണമെന്നറിയാതെ രാഷ്ട്രത്തലവന്മാര്‍ കൈകൂപ്പി സഹായമഭ്യര്‍ത്ഥിക്കുന്നു. ജാതി, മത, വര്‍ഗ്ഗ ഗോത്രങ്ങള്‍ നോക്കാതെ, സാമ്പത്തിക ഏറ്റക്കുറച്ചിലുകള്‍ നോക്കാതെ, വലിപ്പച്ചെറുപ്പങ്ങള്‍ നോക്കാതെ, രാഷ്ട്ര മേന്മകള്‍ നോക്കാതെ, രാഷ്ട്രീയം നോക്കാതെ, വെറും ഒരതിഥി കോശത്തിനുവേണ്ടി മാത്രം ദാഹിച്ചു നടക്കുന്ന വൈറസ്..അതിഥി ഒരു പക്ഷേ നാളെ ഞാനാകാം, നിങ്ങളാകം…!. അശുഭകരമായ കറുത്തു കനത്ത മേഘങ്ങള്‍ ഭൂഘണ്ടങ്ങള്‍ക്കു മുകളിലേക്ക് ഉരുണ്ടു കയറിക്കൊണ്ടിരിക്കുന്നു. മനുഷ്യരായ നമ്മള്‍ക്ക് പലപ്പോഴും നോക്കി നില്‍ക്കുവാനേ കഴിയുന്നുള്ളൂ…

പ്രകൃതിയിലെ ഏറ്റവും ചെറിയ ജീവിയായ വൈറസിനെ പേടിച്ച് ബാഹ്യലോകത്തിലെ തിളക്കങ്ങള്‍ക്കും, നാദങ്ങള്‍ക്കും അപ്രാപ്യമായ ഒരു തുരുത്തില്‍പ്പെട്ടപോലെ  ലോകമാസകലം കുടുംബങ്ങള്‍ വീട്ടിനുള്ളില്‍ അടച്ചുപൂട്ടിക്കഴിയുന്നു. ഒപ്പം, ദുബായിലെ ഫ്ലാറ്റിനുള്ളില്‍ പ്രവാസിയായ ഞാനും കുടുംബവും. അച്ഛനെ സ്നേഹിക്കാന്‍, അമ്മയെ സ്നേഹിക്കാന്‍, മകനെ സ്നേഹിക്കാന്‍, മകളെ സ്നേഹിക്കാന്‍, ഭാര്യയെ സ്നേഹിക്കാന്‍, ഭര്‍ത്താവിനെ സ്നേഹിക്കാന്‍ ഓരോരോ പ്രത്യേക ദിനങ്ങള്‍ വേണ്ടിയിരുന്ന നമ്മളെല്ലാവരും ഇന്ന്  ഒന്നിച്ചൊരു കൂരയില്‍ അടച്ചു പൂട്ടിയിരിക്കുന്നു. സ്നേഹിക്കേണ്ടിയവര്‍ക്ക് ഇഷ്ടം പോലെ സ്നേഹിക്കാം. ധാരാളം സമയമുണ്ട്. വൈറസിനെ പേടിച്ച് ഒറ്റപ്പെട്ട് മുറിക്കുള്ളില്‍ അടച്ചുപൂട്ടി കഴിയേണ്ടുന്ന മനുഷ്യന്‍റെ പരിതാപകരമായ ഈ അവസ്ഥ….!

ഈ അവസരത്തില്‍ വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ വായിച്ചിരുന്ന പ്രശസ്ത ആഗ്ലോ/ അമേരിക്കൻ കവിയായ ടി.എസ് എലിയറ്റിന്‍റെ ‘The Waste Land’  എന്ന കവിതയിലെ ചില വാചകങ്ങള്‍ ഒന്നോര്‍ത്തു പോവുകയാണ്

Where is the life we have lost in living ?

Where is the wisdom we have lost in knowledge?

Where is the knowledge we have lost in information?

നമ്മള്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ നമുക്ക് നഷ്ടപ്പെട്ടുപോകുന്ന ജീവിതം..!

ബുദ്ധിയും, അറിവുകളും എല്ലാം ഉണ്ടായിട്ടും എല്ലാം നഷ്ടപ്പെട്ടു പോകുന്ന നിസ്സഹായമായ അവസ്ഥ…!

അത്രയേ ഉള്ളൂ മനുഷ്യന്‍…!

ഞാനടക്കമുള്ള എല്ലാവക്കുമുള്ള ഒരോര്‍മ്മപ്പെടുത്തല്‍…!!

പക്ഷെ, നമ്മള്‍ ഇതൊക്കെയും അതിജീവിക്കും…

അതാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.

Joshy Mangalath
Joshy Mangalath
ഒറ്റാൽ എന്ന സിനിമയിലൂടെ തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌ക്കാരം നേടി. ചെക്കോവിന്റെ വാങ്ക എന്ന ചെറുകഥയെ ഉപജീവിച്ച്‌ ഒറ്റാൽ രചിച്ചത്. രവീന്ദ്ര നാഥ ടാഗോറിന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് പുതിയ സിനിമയ്ക്കുള്ള തിരക്കഥ പൂർത്തിയാക്കിയിരിയ്ക്കുന്നത്. ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും എഴുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *