എസ്. ജാനകിയും ആശാനും വീണപൂവും

New Project 2019
July 6, 2016
വായിച്ചു കേള്‍ക്കാത്ത തിരക്കഥ
January 16, 2019
ഹാ! പുഷപമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നതൊരു രാജ്ഞികണക്കയേ നീ
ശ്രീഭുവിലസ്ഥിര--അസംശയം--ഇന്നു നിന്‍റെ–
യാ ഭൂതിയെങ്ങു, പുനരെങ്ങു കിടപ്പിതോര്‍ത്താല്‍.

കുമാരനാശാന്‍റെ വീണപൂവിലെ ഈ ഒന്നാം ശ്ലോകം പരീക്ഷക്കു വേണ്ടി ഹൃദിസ്ഥമാക്കിയത് വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു. സത്യജിത്ത്റായിയെപ്പോലെ ഉയരവും തടിയുമുള്ള മലയാള അദ്ധ്യാപകന്‍ ജോബ്‌ സാറാണതു പഠിപ്പിച്ചത്. തൂവെള്ള ഖദര്‍ ജൂബ്ബയും, മുണ്ടും ധരിച്ചെത്തുന്ന ജോബ് സാറിന് ‘റായി’യുടെ അതേ ഛായയായിരുന്നു. വിശാലമായ നെറ്റിയും, നീണ്ടമൂക്കും, എണ്ണ പുരട്ടി പുറകോട്ടു ചേര്‍ത്തു ചീകിവച്ച നര കയറിയ മുടികളുമുള്ള അദ്ദേഹം കട്ടി ഫ്രെയിമിലെ കറുത്ത കണ്ണടകള്‍ക്കിടയിലൂടെ തീഷ്ണമായ കണ്ണുകളാല്‍ ഞങ്ങളെ നോക്കി ശ്ലോകങ്ങള്‍ നീട്ടിച്ചൊല്ലുമായിരുന്നു. പദാനു പദം അര്‍ത്ഥങ്ങള്‍ വിവരിച്ച് വീണപൂവിനെ വിസ്തരിച്ചു തരുമായിരുന്നു. അന്ന് അശാനോടോ, വീണപൂവിനോടോ പ്രത്യേകിച്ചൊരു മമതയും തോന്നിയിരുന്നില്ല. കര്‍ക്കശക്കാരനായ ജോബു സാറിനെ ഭയന്ന് വല്യ ബുദ്ധിമുട്ടോടെ, മനസ്സില്ലാ മനസ്സോടെ, അദ്ദേഹത്തെ മനസ്സുകൊണ്ടു ശപിച്ച് അന്നതൊക്കെ പഠിച്ചു. അതവിടെ കഴിഞ്ഞു.
വര്‍ഷങ്ങള്‍ കഴിഞ്ഞു.
ധനുമാസത്തിലെ ആതിര നിലാവുള്ള ഒരു രാത്രി.
ഗായത്രിപ്പുഴയുടെ തീരത്ത് കരിമ്പനകള്‍ കാവല്‍ നില്‍ക്കുന്ന മലനിരകള്‍ക്കപ്പുറം തെന്മലയിലെ പ്രിയ സുഹൃത്തായ സഹദേവന്‍റെ വീട്ടില്‍ അവന്‍ ക്ഷണിച്ച പ്രകാരം ഒരൊഴിവു കാലം ചിലവിടാന്‍ വന്നതായിരുന്നു ഞാന്‍. രാത്രി സഹദേവന്‍റെ അമ്മ ഒരു വലിയ ‘കുടുവന്‍’ പിഞ്ഞാണത്തില്‍ പലാക്കാടന്‍ കുത്തരിയുടെ കൊഴുത്തു കുറുകിയ ചൂടുകഞ്ഞി ചിരട്ടത്തവി കൊണ്ടൊഴിച്ചു തന്നു. പച്ചപ്പയര്‍ ഉപ്പേരിയും, കണ്ണിമാങ്ങാ അച്ചാറും, കനലില്‍ ചുട്ടെടുത്ത പപ്പടവും, കൊണ്ടാട്ടവുമൊക്കെക്കൂട്ടി സ്വാദോടെ വയര്‍നിറയെ കഞ്ഞികുടിച്ചു. പിന്നെ, വിശാലമായ പറമ്പിലെ വൃക്ഷക്കൂട്ടങ്ങള്‍ക്കിടയില്‍ തുണികൊണ്ടുള്ള ചാരുകസേരയില്‍ ചാരിക്കിടന്നു് നിലാവില്‍ കുളിച്ചു നില്‍ക്കുന്ന പ്രകൃതിയുടെ ഭംഗി ഞങ്ങള്‍ ആസ്വദിച്ചു. സഹദേവനിത് പതിവുള്ളതാണ്. എനിക്കതൊരു പുതിയ അനുഭവവും. പടിഞ്ഞാറു നിന്നെത്തുന്ന നേര്‍ത്ത പാലക്കാടന്‍ കാറ്റ് പറമ്പിലെ തേന്മാവിനെ തഴുകിയെത്തിയപ്പോള്‍ കാറ്റിന് മാമ്പൂവിന്‍റെ മണമുണ്ടായിരുന്നു. സ്കൂളില്‍ സഹപാഠികളായിരുന്ന ഞങ്ങള്‍ രാത്രിയുടെ കനത്ത നിശ്ശബ്ദതയില്‍ പഴയ ഓര്‍മ്മകള്‍ പരസ്പരം പങ്കു വച്ചു. ഫറവോന്‍റെ ഗോതമ്പു വയലുകള്‍ തിന്നു തീര്‍ത്ത വെട്ടുക്കിളികള്‍പോലെ എന്‍റെ ഓര്‍മ്മകള്‍ ചിതറി വീഴാന്‍ തുടങ്ങി. ഒടുവിലത് ജോബു സാറില്‍ക്കൂടി വീണപൂവിലെത്തി. പെട്ടന്നു്, എന്‍റെ സംഭാഷണത്തെ മുറിച്ചുകൊണ്ട് “ഞാനിപ്പവരാം” എന്നു പറഞ്ഞ് വേഗത്തില്‍ അകത്തേക്ക് പോയ സഹദേവന്‍ അവന്‍റെ പ്രിയപ്പെട്ട നാഷണല്‍ പാനാസോണിക്കിന്‍റെ ‘പോര്‍ട്ടബിള്‍’ ടേപ്പ് റിക്കോര്‍ഡറുമായി തിരികെ വന്നു. എന്നെപ്പോലെ തന്നെ സംഗീതം മനസ്സില്‍ കൊണ്ടുനടക്കുന്ന, എസ്.ജാനകിയുടെ ആരാധകന്‍ കൂടിയായ സഹദേവന്‍ നീ ‘ഇതൊന്നു കേട്ടു നോക്ക്’ എന്നു പറഞ്ഞ്‌ ടേപ്പ് റിക്കോര്‍ഡര്‍ ഓണ്‍ ചെയ്തു.

“വീണ പൂവേ
കുമാരനാശാന്‍റെ വീണ പൂവേ..
വിശ്വ ദര്‍ശന ചക്രവാളത്തിലെ നക്ഷത്രമല്ലേ നീ
ഒരു ശുക്ര നക്ഷത്രമല്ലേ നീ”


നേര്‍ത്ത മഞ്ഞുള്ള നിശബ്ദമായ ആ രാത്രിയില്‍, നിലാവില്‍ കുളിച്ചു നില്‍ക്കുന്ന പ്രകൃതിയില്‍, എസ്.ജാനകിയുടെ ആര്‍ദ്രമായ ശബ്ദത്തില്‍ ആ ഗാനം ഒരു മഞ്ഞു മഴ പോലെ എന്‍റെ മനസ്സിലേക്ക് മെല്ലെ പെയ്തിറങ്ങാന്‍ തുടങ്ങി.
നിശ്ശബ്ദ രാത്രിയിലെ വീണപൂവ്..,
കുമാരനാശാന്‍റെ വീണപൂവ്..,
ജാനകിയമ്മയുടെ വീണപൂവ്‌.


ജീവിതത്തില്‍ ഒരു പാട്ട് ഇത്ര മാധുര്യത്തോടെ ആസ്വദിച്ച ഒരു നിമിഷം വേറെ ഉണ്ടാവില്ല. ഒരു പക്ഷേ പ്രകൃതി ഒരുക്കിയ ആ പശ്ചാത്തലവും, ആ സാഹചര്യവും അതിനൊരു കാരണമാവാം. ഇഷ്ടപ്പെട്ട ഭക്ഷണം, ഇഷ്ടപ്പെട്ട പ്രകൃതി, പ്രിയ സുഹൃത്തു്, നിലാവ്, മഞ്ഞു്, മാമ്പൂമണമുള്ള കുളിര്‍കാറ്റു്, മധുരമുള്ള ഓര്‍മ്മകള്‍, ഇതെല്ലം ചേര്‍ന്ന് മനസ്സൊരു വല്ലാത്ത അവസ്ഥയിലേക്കെത്തിച്ചേര്‍ന്നിരുന്ന സമയത്താണ് പ്രിയ ഗായികയുടെ ഈ പാട്ടുകൂടി കേള്‍ക്കുന്നത്. പാട്ടില്‍ പൂര്‍ണ്ണമായും മുഴുകിയിരുന്ന ഞാന്‍ എന്നെത്തന്നെ മറന്നു പോയി. പാട്ടിന്‍റെ ഓരോ വരികളും മനസ്സിലേക്ക് തുളച്ചു കയറുകയായിരുന്നു. പരിസരമാകെ അതങ്ങനെ അലയടിച്ചു നിന്നു. ഒരു നൊമ്പരം പോലെ..., വീണപൂവിനെ, നൊമ്പരപ്പൂവിനെത്തലോടുന്ന നേര്‍ത്ത സാന്ത്വനം പോലൊരു ഗാനം. ആത്മാവിനെ തൊട്ടുണര്‍ത്തുന്ന പാട്ടിനിടയിലെ ഓടക്കുഴല്‍ നാദം.

ജാനകിയമ്മയുടെ ആലാപനം ‘താരസ്ഥായി’യിലേക്കെത്തിയപ്പോള്‍ അറിയാതെ മനസ്സൊന്നു വിതുമ്പിപ്പോയി. അത്രക്കും വികാര വായ്പ്പോടെയാണ് ജാനകിയമ്മയത് പാടിയത്.

യഥാര്‍ത്ഥ കലാകാരന്മാര്‍ അങ്ങനെ തന്നെയായിരിക്കണം. താന്‍ ഒരു കലയെ അവതരിപ്പിക്കുമ്പോള്‍ അനുഭവിക്കുന്ന വികാര വിചാരങ്ങളെ അതേ അളവിലും,തീവ്രതയിലും മറ്റുള്ളവരിലേക്കുകൂടിയെത്തിച്ചു് കലാകാരനും, ആസ്വാദകനും ഒരേ മനോനിലയിലേക്കെത്തിച്ചേരുന്ന ആ നിമിഷത്തില്‍ അവരവിടെ വിജയിക്കുന്നു. ഇവിടെ ജാനകിയമ്മയും അതുതന്നെയാണ് ചെയ്തത്.

വീണ്ടും, വീണ്ടും, ആ പാട്ടു ഞാന്‍ കേട്ടു. കയ്യില്‍ ടേപ്പ് റെക്കോര്‍ഡറുമായി നിലാവ് നിഴല്‍ വിരിച്ച തേന്മാവിന്‍റെ ചുവട്ടിലേക്ക്‌ വീണപൂവിനെത്തേടി ഞാന്‍ നടന്നു. നിലാവിന്‍ ചിതറിക്കിടക്കുന്ന വീണ പൂക്കള്‍....! “അധികതുംഗപദത്തില്‍ വിളങ്ങിയ പൂക്കള്‍..” വിരിഞ്ഞപ്പോള്‍ തന്നെ കൊഴിഞ്ഞ, മാമ്പൂക്കള്‍.. ആശാന്‍റെ വീണപൂക്കള്‍....

പാട്ടില്‍ മുഴുകിപ്പോയ ഞാന്‍ അതേ വേദനയോടെ ജോബ് സാറിനെ ഒന്നോര്‍ത്തു പോയി. അന്ന് അദ്ദേഹം പൂവിന്‍റെ, പ്രേമിച്ച പെണ്ണിന്‍റെ, വിരഹവും, വേദനയും പറഞ്ഞപ്പോള്‍ പ്രത്യേകിച്ചൊരു വികാരവും തോന്നിയിരുന്നില്ല..പക്ഷെ ഇപ്പോള്‍ എനിക്ക് വേദന തോന്നുന്നു. നിലാവെട്ടത്തില്‍ കറുത്ത മണ്ണില്‍ മഞ്ഞേറ്റു് ചൈതന്യമറ്റു കിടക്കുന്ന പൂക്കളെ ഞാനൊന്നു നോക്കി. പിന്നെ, പറമ്പിന്‍റെ അതിരിലേക്ക്‌ നടന്നു. ദൂരെ അക്കരെക്കുന്നുകളിലെ ഏതോ ഒരു വീട്ടില്‍ ശുക്ര നക്ഷത്രം പോലൊരു വിളക്ക് ഇപ്പോഴും മുനിഞ്ഞു കത്തുന്നു.

ജാനകിയമ്മ വീണ്ടും പാടി.

“വിഷാദവതി നീ കൊഴിഞ്ഞുവീണപ്പോള്‍ വിരഹമുണര്‍ത്തിയ വേദനകള്‍ നിന്‍ വേദനകള്‍ വര്‍ണ്ണപ്പീലിത്തൂലിക കൊണ്ടൊരു വസന്തതിലകമാക്കി – ആശാന്‍ വിണ്ണിലെ കല്‍പ്പദ്രുമത്തിന്‍റെ കൊമ്പിലെ വാടാമാലരാക്കീ..”

അന്ന് ആ രാത്രിയില്‍, ആ നിമിഷത്തില്‍, അവിടെ വച്ച്, ഞാന്‍ ആശാനെ ഇഷ്ടപ്പെടാന്‍ തുടങ്ങി. വല്ലാത്ത ഒരിഷ്ടം.

പിന്നീട്, ആശാനും, വീണപൂവും, ജോബു സാറും എന്‍റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. വീട്ടിലെത്തി. തിരക്കുകളായി, ആശാനെ മറന്നു, വീണപൂവിനേയും.

കര്‍ക്കിടകത്തിലെ ഒരു കറുത്ത പുലരി. പെരു മഴയില്‍, കാറ്റു കൊണ്ടു വന്ന തൂവാനം ജനല്‍പ്പാളികള്‍ക്കിടയിലൂടെ എന്‍റെ മുഖത്തെ നനച്ചെടുത്തപ്പോള്‍ ഉറക്കമുണര്‍ന്ന ഞാന്‍ ഒരിക്കല്‍ക്കൂടി വീണപൂവിനെക്കണ്ടു. മുറ്റത്തെ ചെമ്പരത്തിയുടെ ചോട്ടില്‍. വെള്ളത്തില്‍ ഒഴുകി നടക്കുന്ന കടും ചുവപ്പുപൂക്കള്‍...,വീണപൂക്കള്‍... വീണ്ടും വീണപൂവിന്‍റെ ചിന്തകള്‍ കൂടുതല്‍ ശക്തമായിത്തുടങ്ങി. പഴയ പുസ്തകം കണ്ടെടുത്തു വായിക്കുവാന്‍ ഒരു ശ്രമം നടത്തി. ആറ്റിക്കുറുക്കിയ വാക്കുകളിലൂടെ ആഖ്യാന ചാതുരിയുടെ പരകോടിയിലെത്തി നില്‍ക്കുന്ന ആ ഖണ്ഡകാവ്യത്തിലെ ഭാഷയുടെ ഗഹനത അപ്പോള്‍ എനിക്ക് ഒട്ടും മനസ്സിലാകാതെ പോയി. എത്ര ലളിതമായിട്ടായിരുന്നു ജോബ്‌ സാര്‍ അന്ന് ഈ ശ്ലോകങ്ങളൊക്കെ ക്ലാസ്സില്‍ അവതരിപ്പിച്ചത്. ഞാന്‍ വീണ്ടും ജോബു സാറിനെ ഓര്‍ത്തു. സാറിനെ ഒരിക്കല്‍ക്കൂടി കാണണമെന്ന വല്ലാത്ത ഒരു മോഹം. അതെന്നെ അദ്ദേഹത്തിന്‍റെ മറിയപ്പള്ളിയിലുള്ള വീട്ടിലെത്തിച്ചു. ഒരു നിയോഗം പോലെ മറ്റൊരു യാത്രക്കിടയിലാണതു് സംഭവിച്ചത്.

രോഗാതുരനായി തീര്‍ത്തും അവശനായിരുന്നു അദ്ദേഹമപ്പോള്‍. പഴയ ‘സത്യജിത്ത്റായ്‌..’ ഒരു മിന്നായം പോലെ എന്‍റെ മനസ്സിലൂടെ ആ ഗാംഭീര്യമുള്ള മുഖം ഒന്നു മിന്നി മറഞ്ഞു. കറുത്ത കണ്ണടയിലെ തീഷ്ണമായ നോട്ടമിപ്പോളില്ല.. തികച്ചും അവശന്‍. സ്വയം പരിചയപ്പെടുത്തി വന്ദ്യ വയോധികനായ അദ്ദേഹത്തിന്‍റെ അരികില്‍ ഞാനിരുന്നു. ശുഷ്ക്കിച്ച കൈ വിരല്‍ക്കൊണ്ട് അദ്ദേഹമെന്‍റെ കൈ ചേര്‍ത്തു പിടിച്ചു.

ആശാനോടും, വീണപൂവിനോടും പെട്ടന്നുണ്ടായ സ്നേഹത്തെക്കുറിച്ചും,അതിനു കാരണമാക്കിയ സാഹചര്യത്തെക്കുറിച്ചുമൊക്കെ ഞാന്‍ പറഞ്ഞു. സാറിനതൊരു പുതിയ അനുഭവമായിരുന്നു. ഒരു കാവ്യത്തെയും കവിയെയും അറിയുവാന്‍, അത് പഠിപ്പിച്ച അധ്യാപകന്‍റെ അടുക്കല്‍ വീണ്ടും ചെല്ലുന്ന ആദ്യത്തെ ശിഷ്യന്‍...! കുറ്റബോധത്തോടെ അന്ന് സാറിനെ ശപിച്ചു പോയ കാര്യമൊക്കെ പറഞ്ഞപ്പോള്‍ ആ രോഗാവസ്ഥയിലും അദ്ദേഹമൊന്നു ചിരിച്ചു. വിഷയത്തോടുള്ള എന്‍റെ അത്മാര്‍ത്ഥത കണ്ടിട്ടാവം അദ്ദേഹമെന്‍റെ മുന്‍പില്‍ ആ പഴയ അദ്ധ്യാപകനായി മാറി. ക്ഷീണിച്ച, പതിഞ്ഞ ശ്ബദത്തില്‍ വീണപൂവിനെ അദ്ദേഹമെന്‍റെ മനസ്സിലേക്ക് പകര്‍ന്നു തന്നു. എന്നോട് ഒരു പ്രത്യേക വാത്സല്യം തോന്നിയ അദ്ദേഹം അവിടെ ഒരു ദിവസം തങ്ങുവാന്‍ എന്നോടു പറഞ്ഞു. രോഗം മാറി ഒരു പ്രത്യേക ഊര്‍ജം ലഭിച്ചപോലെയായിരുന്നു അദ്ദേഹത്തിനപ്പോള്‍. അടഞ്ഞു കിടന്ന വീട്ടിലെ ലൈബ്രറി മുറി എനിക്കുവേണ്ടി തുറന്നു. വീണപൂവിന്‍റെ നാല്‍പ്പത്തൊന്നു ശ്ലോകങ്ങളുടെയും അര്‍ത്ഥം പൂര്‍ണ്ണമായും ഞാന്‍ മനസ്സിലാക്കി. എന്‍റെ സാഹിത്യാന്വേഷണത്തിന്‍റെ പുതിയ ഒരു വഴിത്തിരിവായിരുന്നു അത്.

ആശാന്‍റെ എല്ലാ കൃതികളും തിരഞ്ഞു പിടിച്ചു ഞാന്‍ വായിക്കുവാന്‍ തുടങ്ങി. ആശാനെ കൂടുതല്‍ അറിയാന്‍ തോന്നക്കലെ ആശാന്‍ സ്മാരകത്തില്‍ പോയി. വെറുമൊരു വീണപൂവില്‍ക്കൂടി മനുഷ്യാവസ്ഥയുടെ ഉയര്‍ച്ച താഴ്ച്ചകളെ നമുക്ക് കാട്ടിത്തന്ന മഹാകവി.

“സ്ത്രീ പ്രസവിച്ച മനുഷ്യന്‍ അല്‍പ്പായുസ്സുള്ളവനും,
കഷ്ട സമ്പൂര്‍ണ്ണനുമാകുന്നു.
അവന്‍ പൂ പോലെ വിടര്‍ന്ന് പൊഴിഞ്ഞു പോകുന്നു.
നില നില്‍ക്കാതെ നിഴല്‍പോലെ ഓടിപ്പോകുന്നു.”

ബൈബിളിലെ ഈ “ഇയ്യോബു” വചനത്തോടു ചേര്‍ന്നു നില്‍ക്കുന്നു ആശാന്‍റെ വീണപൂവും. പെട്ടന്ന് വായിച്ചു തീര്‍ക്കാവുന്ന ഒരു ചെറുകഥ പോലെയാണ് മനുഷ്യന്‍റെ ഈ ലോക വാസം. “അവനി വാഴ്വു കിനാവ്‌” എന്ന ഈ തത്വ ചിന്തയെ അധിഷ്ഠിതമാക്കിയായിരുന്നു ആശാന്‍ വീണപൂവ്‌ രചിച്ചിരുന്നത്. അതിനോട് ചേര്‍ത്തു വച്ച മറ്റു ചിന്തളില്‍ക്കൂടി ഒട്ടേറെ കാര്യങ്ങള്‍ ലോകത്തോടു പറഞ്ഞു.
ഭക്തിയും, ശൃഗാരവും മാത്രം കാവ്യ രചനയുടെ വിഷയങ്ങളാക്കി കോളാമ്പികള്‍ക്കു ചുറ്റും വട്ടം കൂടിയിരുന്നു്, ചതുരംഗം കളിച്ചും, വെടിപറഞ്ഞും, അക്ഷരശ്ലോകങ്ങള്‍ ചൊല്ലിയുമൊക്കെ സമയം കഴിച്ചിരുന്ന ഒരു തലമുറയുടെ ഇടയിലേക്ക് ചിന്തയുടെ അക്ഷരക്കനലുകള്‍ വാരി വിതറി, ചുട്ടു പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളെ അനാവരണം ചെയ്ത കവി...!
“മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളെത്താന്‍”
എന്നു ധര്‍മരോഷത്തോടെ പറഞ്ഞ കവി..!

തന്‍റെ ജീവിതാനുഭവത്തിന്‍റെ തീച്ചൂളയില്‍ കാച്ചിപ്പഴുപ്പിച്ചെടുത്ത ആയുധങ്ങളായ അക്ഷരങ്ങള്‍കൊണ്ട് പട പൊരുതി, ജീര്‍ണ്ണിച്ച ജാതീയ ചിന്തകള്‍ക്കെതിരെ മിന്നല്‍പ്പിണര്‍ പോലെ പടര്‍ന്നു കയറിയ കവി..!
“നരനു നരനശുദ്ധ വസ്തു പോലും
ധരയില്‍ നടപ്പതു തീണ്ടലാണു പോലും
നരകമിവിടമാണു പോലും..”
എന്ന് സിംഹ നാദം മുഴക്കിയ മഹാ കവി...!


ചണ്‍ഡാല ഭിക്ഷുകിയിലെ ബുദ്ധനെക്കൊണ്ട്, ജാതീയ അസമത്വങ്ങളുടെ അര്‍ത്ഥശൂന്യത പറയിച്ച ആശാന്‍, ചിന്താവിഷ്ടയായ സീതയിലൂടെ പുരുഷാധിപത്യ ഘടനയോടുകൂടിയ സമൂഹത്തിന്‍റെ ബിംബ സങ്കല്‍പ്പങ്ങളെത്തന്നെ വിമര്‍ശിക്കുക കൂടിയായിരുന്നു. താന്‍ ജീവിച്ചിരുന്ന കാലഘട്ടത്തിനപ്പുറത്തേക്കു ചിന്തിച്ച ക്രാന്തദര്‍ശിയായിരുന്നു ആശാന്‍. പാടത്തും, പറമ്പിലും, ചേറിലും, ചെളിയിലും, അയിത്തത്തിന്‍റെ വിത്തുകള്‍ വാരിവിതറിയ പഴയ മേലാളന്മാരില്‍ നിന്നും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പുതിയമേലാളന്മാര്‍ ജാതി,മത, വര്‍ഗ്ഗ ഗോത്രങ്ങള്‍ തിരിച്ച് അയിത്തത്തെ കമ്പ്യൂട്ടര്‍വല്‍ക്കരിച്ചിരിക്കുന്നു. രാഷ്ട്രീയത്തില്‍, കലയില്‍, സാഹിത്യത്തില്‍, സിനിമയില്‍, തുടങ്ങി സാമൂഹികമായ എല്ലാ ഇടപെടലുകളിലും സാക്ഷരതയുടെ പുതിയ “ഹൈ ടെക് അയിത്തം” ഒളിഞ്ഞും തെളിഞ്ഞും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

ആശാന്‍ നിര്‍ത്തിയിടത്തു നിന്നും പ്രിയ കവി വയലാര്‍ വീണ്ടും വീണ പൂവിനെക്കുറിച്ചെഴുതി –
“വിശ്വദര്‍ശന ചക്രവാളത്തിലെ നക്ഷത്രമല്ലേ നീ..”
പക്ഷെ,
തലമുറകള്‍ കഴിഞ്ഞിട്ടും ആശാന്‍റെ വിശ്വദര്‍ശന ചക്രവാളത്തില്‍ നന്മയുടെ വഴി കാട്ടികളായ നക്ഷത്രങ്ങള്‍ തെളിയുന്നില്ല. പകരം കാല്‍വരിക്കുന്നിലെ കറുത്ത രാത്രിയില്‍ മനുഷ്യ പുത്രന്‍റെ മരണത്തിനു കാവല്‍ നിന്ന ആ രക്തനക്ഷത്രങ്ങള്‍ തെളിഞ്ഞു കത്തുന്നു. ആത്മീയ മരണത്തിന്‍റെ പ്രതീകങ്ങളായ നക്ഷത്രങ്ങള്‍...!!

മനുഷ്യ ജീവിതത്തിന്‍റെ സമസ്ത മേഖലയിലും സ്നേഹത്തെ ദര്‍ശിച്ച, സ്നേഹം കൊണ്ടു സര്‍വ്വവും നേടാമെന്നടിയുറച്ചു വിശ്വസിച്ച പടിഞ്ഞാറന്‍ കവി ‘ഷെല്ലിയെ’ സ്നേഹിച്ചുകൊണ്ടുതന്നെ ആശാനുമെഴുതി
“സ്നേഹമാണഖില സാരമൂഴിയില്‍”
“സ്നേഹത്തില്‍ നിന്നുദിക്കുന്നു –ലോകം
സ്നേഹത്താല്‍ വൃദ്ധി തേടുന്നു
സ്നേഹം താന്‍ ശക്തി ജഗത്തില്‍ -സ്വയം
സ്നേഹംതാനാനന്ദമാര്‍ക്കും”

സ്നേഹം നിറഞ്ഞു തുളുമ്പി പ്രണയത്തിന്‍റെ നളിനിയും ലീലയുമെഴുതി. സ്നേഹ പാടത്ത് പുതിയ വിത്തുകള്‍ പാകി, സ്നേഹച്ചെടികളെ വളര്‍ത്തിയെടുക്കാന്‍ ആശാന്‍ അന്നു ശ്രമിച്ചു. പക്ഷേ ഇന്നോ...? ഒരു പച്ച മനുഷ്യനെ ഭിത്തിയോടു ചേര്‍ത്ത് വണ്ടിയിടിപ്പിച്ചു കൊല്ലുന്ന, അസുരതയുടെ ആള്‍രൂപങ്ങള്‍...!! ഒറ്റക്കൈകൊണ്ടൊരു പെണ്‍കുട്ടിയെ കൊന്നു തള്ളി കോടതിയില്‍ ചിരിച്ചു നില്‍ക്കുന്നൂ അസുരന്മാര്‍..! ഗുണ്ടകളാകുന്ന ഗുരുക്കന്മാര്‍..! ചോര രാഷ്ട്രീയമാക്കിയ നേതാക്കന്മാര്‍....! ഇവരൊക്കെ ജീവിതമിവിടെ ഉത്സവമാക്കുമ്പോള്‍, അങ്ങകലെ – ആലപ്പോയിലെ, ടുണീഷ്യയിലെ, ഈജിപ്തിലെ, ഇസ്താംബൂളിലെ, ഇസ്രായേലിലെ, ഇറാക്കിലെ, പാലസ്ഥീനിലെ, പാക്കിസ്ഥാനിലെ, അഫ്ഗാനിസ്ഥാനിലെ, ഗാസയിലെ, സ്വാത്ത് താഴ്വരയിലെ തെരുവുകള്‍ ചോര വീണു ചുവക്കുന്നു. മൃതദേഹങ്ങളില്‍ ഉമ്മ വയ്ക്കുന്ന ഉറ്റവരുടെ നിലവിളികള്‍... കയ്യില്‍ കളിപ്പാട്ടവുമായി പിടഞ്ഞു വീഴുന്ന കുഞ്ഞുങ്ങള്‍.. തീയും, ഗന്ധകവും, ഉഷ്ണക്കാറ്റും ആഞ്ഞു വീശുന്ന അഭയാര്‍ത്ഥി കൂടാരങ്ങളിലെ ദീനരോദനം... അവിടെ, പച്ചയായ പുല്‍പ്പുറങ്ങള്‍ കൂരിരുള്‍ താഴ്വരകളാകുന്നു. സ്നേഹം നഷ്ടപ്പെട്ട ഊഷരഭൂമിയില്‍ അക്രമം ‘ക്രമമായി’ക്കൊണ്ടിരിക്കുന്നു. കുമാരനാശാന്‍റെ കാവ്യങ്ങളുടെ പ്രസക്തി ഇവിടെയാണ്‌. ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാതെ, ആരെയും ആകര്‍ഷിക്കുന്ന അഴകും, സൌരഭ്യവും, ശുദ്ധിയും, മൃദുത്വവുമൊക്കെയുണ്ടായിരുന്ന മനോഹരിയായ പൂവിന്‍റെ അകാല ചരമത്തില്‍ വേദനിക്കുന്ന കവി “ഗുണികളൂഴിയില്‍ നീണ്ടു വാഴാ” എന്നു പറയുമ്പോള്‍ എല്ലാക്കാലത്തും അതക്ഷരംപ്രതിതന്നെ സംഭവിക്കുന്നു. അസുരതയും, മൃഗീയതയും മനസ്സിലൊളിപ്പിച്ച് ദുഷ്ടന്മാര്‍ പനപോലെ തന്നെ വളരുന്നു. മനസ്സില്‍ നന്മയുള്ളവരോ അല്‍പ്പായുസ്സുക്കളാകുന്നു. ആശാന്‍റെ കാര്യത്തിലത്‌ അറം പറ്റിയപോലെ തന്നെ സംഭവിച്ചു. സ്നേഹത്തിന്‍റെ, കരുണയുടെ, വാക്കുകള്‍ കൊണ്ട് അക്ഷര തൈലമുണ്ടാക്കി നമ്മെ തലോടിയ മഹാകവി അന്‍പത്തൊന്നാമത്തെ വയസ്സില്‍ മണ്‍മറഞ്ഞു പോയി. ഇരുപത്തിയഞ്ചാം വയസ്സില്‍ ജീവിതം പൊലിഞ്ഞു പോയ പടിഞ്ഞാറിന്‍റെ പ്രണയ കവി കീറ്റ്സിനെപ്പോലെ കുമാരകോടിയില്‍ ‘ജലത്തില്‍ പേരെഴുതപ്പെട്ടവനായി’ ആശാനും. ആശാനില്‍ക്കൂടി പിന്നീടു് ഞാന്‍ ഒട്ടേറെ കവികളിലേക്ക് വീണ്ടും പോയി. ആശാന്‍റെ ഇഷ്ടകവി ടാഗോറിലേക്കെത്തി. കീറ്റ്സിനെയും കാളിദാസനെയും, കൂടുതല്‍, കൂടുതല്‍ അറിഞ്ഞു. കാണ്വാശ്രമ പരിസരത്ത് നിലാവുപോല്‍ പൂത്തു നില്‍ക്കുന്ന വനജോത്സ്യനകള്‍, ആശ്രമ വയലുകളില്‍ നിന്ന്‌ വരിനെല്ലുകള്‍ കൊത്തിപ്പറക്കുന്ന തത്തക്കൂട്ടങ്ങള്‍, മണല്‍ത്തിട്ടയില്‍ മുട്ടിയുരുമ്മിയിരിക്കുന്ന ഇണയരയന്നങ്ങള്‍, മരവുരികള്‍ തൂക്കിയ മരത്തിനു കീഴെ കലമാന്‍റെ കൊമ്പില്‍ ഇടങ്കണ്ണുരസുന്ന പെണ്മാന്‍. കാളിദാസന്‍റെ ശാകുന്തളം എന്‍റെ മനസ്സില്‍ മഴവില്‍ ചിത്രങ്ങളായ്. കാല്‍പ്പനികതയുടെ കുന്നിന്‍പുറങ്ങളില്‍ എന്‍റെ കിനാക്കള്‍ ഗോക്കളെപ്പോലെ മേഞ്ഞു നടന്നു. മഞ്ഞു പെയ്യുന്ന കുളിര്‍ രാവുകളില്‍ മള്‍ബറിത്തോട്ടത്തിലെ വെളുത്ത ചായം പൂശിയ ഒരു കൊളോണിയല്‍ വീടിന്‍റെ വെള്ള ജനാലകള്‍ തുറന്ന്, മങ്ങിയ ഇരുണ്ട വെളിച്ചത്തില്‍ രാപ്പാടികളുടെ പാട്ടു കേട്ട് കണ്ണടച്ചു നില്‍ക്കുന്ന കീറ്റ്സിനെ ഞാന്‍ സ്വപ്നം കണ്ടു. വര്‍ഷങ്ങള്‍ പിന്നെയും കഴിഞ്ഞു നാടും നഗരവും മാറി. പ്രകൃതിയും, കാലാവസ്ഥയും മാറി. “പൂക്കുന്നിതാ മുല്ല, പൂക്കുന്നിലഞ്ഞി, പൂക്കുന്നു തേന്മാവു്, പൂക്കുന്നശോകം വായ്ക്കുന്നു വേലിക്കു വര്‍ണ്ണങ്ങള്‍,പൂവാല്‍ ചോക്കുന്നു കാടന്തിമേഘങ്ങള്‍ പോലെ.” കുമാരനാശാന്‍ സ്വപ്നംകണ്ട ആ പൂക്കാലം മാറി ഇതിനിടയില്‍ ഞാനൊരു പ്രവാസിയായി. വായനയുടെ കരുത്തില്‍ കുറെയൊക്കെ എഴുതി. ഒട്ടേറെ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചു, ദേശീയ പുരസ്ക്കാരമെന്ന അംഗീകാരവും, ആ അംഗീകാരം മാനിച്ച് വല്യ വേദികളില്‍ എനിക്കും ഓരോ ഇരിപ്പിടം തരപ്പെട്ടു തുടങ്ങി. ജീവിതം കൂടുതല്‍ തിരക്കുള്ളതായി. അവിചാരിതമായി ജാനകിയമ്മയും, വീണപൂവും ഒരിക്കല്‍ക്കൂടി എന്നിലേക്ക്‌ തിരിച്ചു വന്നു. ശ്രീ അഭിലാഷ് പുതുക്കാട് രചന നിര്‍വ്വഹിച്ച ‘എസ്. ജാനകി ആലാപനത്തിലെ തേനും വയമ്പും’ എന്ന വേള്‍ഡ് ബുക്ക്‌ ഓഫ് റെക്കോര്‍ഡും, ഇന്ത്യന്‍ ബുക്ക്‌ റെക്കോഡും ലഭിച്ച ബുക്കിന്‍റെ പ്രകാശന കര്‍മ്മത്തില്‍ മുഖ്യാതിഥിയായി ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ വന്നതായിരുന്നു ഞാന്‍. എന്‍റെ സാഹിത്യാന്വേഷണത്തിന്‍റെ, വായനയുടെ, ഒരു പുതിയ ലോകം തുറക്കുവാന്‍ പാട്ടില്‍ക്കൂടി എന്നെ പ്രേരിപ്പിച്ച പ്രിയ ഗായികയെക്കുറിച്ചു സംസാരിക്കുവാന്‍ കിട്ടിയ സുവര്‍ണ്ണ അവസരമായിരുന്നു അത്. ജാനകിയമ്മയുടെ പാട്ടുകളെക്കുറിച്ചു് കുറെ സംസാരിച്ചു. പ്രത്യേകിച്ച് വീണപൂവിനെക്കുറിച്ച്. അന്ന് രാത്രി മുഴുവന്‍ വീണപൂവിന്‍റെ ചിന്തകളായിരുന്നു. മനസ്സ് വീണ്ടും ആര്‍ദ്രമാകുവാന്‍ തുടങ്ങിയിരുന്നു. മുറിക്കുള്ളില്‍ അരണ്ടവെളിച്ചം മാത്രമുപയോഗിച്ചു് നവ സാങ്കേതികതയുടെ പൂര്‍ണ്ണതയോടെ ജാനകിയമ്മയുടെ ആ പാട്ടു് വീണ്ടും ഞാന്‍ കേട്ടു. “വീണ പൂവേ
കുമാരനാശാന്‍റെ വീണ പൂവേ..
വിശ്വ ദര്‍ശന ചക്രവാളത്തിലെ നക്ഷത്രമല്ലേ നീ
ഒരു ശുക്ര നക്ഷത്രമല്ലേ നീ..”

മഞ്ഞും, മരവും, നിലാവുമൊന്നുമില്ലാതെ ഫ്ലാറ്റിനകത്തെ അടച്ചുപൂട്ടിയ മുറിയിലിരുന്നു് ഞാനാ പാട്ടു കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് വീണ്ടുമൊരു മഞ്ഞു മഴ പെയ്തിറങ്ങുകയായിരുന്നു.....
Joshy Mangalath
Joshy Mangalath
ഒറ്റാൽ എന്ന സിനിമയിലൂടെ തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌ക്കാരം നേടി. ചെക്കോവിന്റെ വാങ്ക എന്ന ചെറുകഥയെ ഉപജീവിച്ച്‌ ഒറ്റാൽ രചിച്ചത്. രവീന്ദ്ര നാഥ ടാഗോറിന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് പുതിയ സിനിമയ്ക്കുള്ള തിരക്കഥ പൂർത്തിയാക്കിയിരിയ്ക്കുന്നത്. ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും എഴുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *