ഓരോരോ ദുരന്തകാലങ്ങളില്‍ പത്രമാദ്ധ്യമങ്ങളില്‍ക്കൂടി അവയുടെ പേരറിയിച്ചും, അതിനോട് ബന്ധപ്പെട്ടും ചില പുതിയ, പുതിയ വാക്കുകള്‍ നമുക്കു കിട്ടും. അതു ചിലപ്പോള്‍ നമ്മള് ആദ്യമായ് കേള്‍ക്കുന്ന, അല്ലെങ്കില്‍ എപ്പോഴും ഉപയോഗിക്കാത്ത, ചില വാക്കുകളായിരിക്കും. ഇപ്പോളും അങ്ങനെ നമുക്കു കിട്ടിയിട്ടുണ്ട് പുതിയ ചില വാക്കുകള്‍. “കൊറോണ, ലോക്ക്ഡൌണ്‍, സോഷ്യല്‍ ഡിസ്ററന്സ്, പന്ഡെമിക്ക്, ക്വാറന്റീന്, ഐസലേഷന്‍” തുടങ്ങിയവ. ലോകമാസകലമുള്ള ജനങ്ങള്‍ ഈ വാക്കുകളെ ഒരേ അര്‍ത്ഥത്തില്‍ അറിയുകയും, അനുഭവിക്കുകയും ചെയ്യുന്നു. എവിടെയും വാര്‍ത്താ മാധ്യമങ്ങളില്‍ കൊറോണ നിറയുന്നു. കൊറോണ അങ്ങിനെ ആഗോളവത്ക്കരിക്കപ്പെട്ടിരിക്കുന്നു.
‘ആഗോളവത്കരണം’ എന്ന വാക്ക് ഞാന്‍ ആദ്യമായ് കേള്‍ക്കുന്നത് വര്‍ഷങ്ങള്‍ക്കു മുന്‍പ് കോളേജു ക്ലാസ്സില്‍ വച്ചാണ്. ലോകം മുഴുവന്‍ ഒന്നായ്ത്തീരുന്ന ആ എകലോക സങ്കല്‍പ്പത്തെക്കുറിച്ചും, ‘വണ്‍ വേള്‍ഡ്’ എന്ന ബുക്ക് എഴുതിയ ‘വെന്‍ഡല്‍ വിക്കി’യേക്കുറിച്ചുമൊക്കെ അന്ന് അധ്യാപകന് ക്ലാസ്സില്‍ വച്ച് പറഞ്ഞപ്പോള്‍ വളരെയധികം അത്ഭുതത്തോടെയാണ് അന്നതു കേട്ടിരുന്നത്. ലോകത്തിലെ എല്ലാ രാജ്യങ്ങളിലേയും ഉല്‍പ്പന്നങ്ങള്‍ എല്ലാവര്ക്കും ഉപയോഗിക്കുവാന്‍ കഴിയുക, എല്ലാ മനുഷ്യരും എല്ലാ ഭാഷകളിലേയും വാക്കുകള്‍ ഉഛരിക്കുക. അങ്ങനെ ലോകം തന്നെ ഒരു തുറന്ന കമ്പോളമാകുന്ന ആ അവസ്ഥയെക്കുറിച്ചുള്ള പുതിയ അറിവുകള്‍…!.പിന്നീടുള്ള നാളുകള്‍ ഇതിനെക്കുറിച്ചുള്ള കൂടുതല്‍ അറിവുകള്‍ നേടുവാനായ് ശ്രമിച്ചുകൊണ്ടിരിന്നു. ലോകത്തിന്റെ ഒരു കോണിലിരുന്ന് ലോകത്തെയാകമാനം നിയന്ത്രിക്കുന്ന മുതലാളിത്ത ഭരണകൂടങ്ങള്‍ ലോകത്തെ തങ്ങളുടെ കൈപ്പിടിയിലാക്കുവാന്‍ പരസ്പരം മത്സരിക്കുന്ന കാഴ്ചയാണ് കാണുവാന്‍ കഴിഞ്ഞത്. ലോകം ഭരിക്കുവാനുള്ള അവകാശത്തിനായ് അവര്‍ രാഷ്ട്രങ്ങള്‍ക്കിടയില്‍ അന്തഃഛിദ്രമുണ്ടാക്കി. സുന്നിയും, ഷിയയും, ഹിന്ദുവും, ക്രിസ്ത്യനും, എല്ലാം ചേരി തിരിഞ്ഞ് ആക്രമിക്കുവാന്‍ തുടങ്ങി. തങ്ങള്‍ക്ക് ജീവിക്കാന്‍ ഇടമില്ലാഞ്ഞിട്ടോ, ഭക്ഷണമില്ലഞ്ഞിട്ടോ ഒന്നുമായിരുന്നില്ല ഇതൊക്കെ ചെയ്തത്. മറിച്ച് ലോകം മുഴുവന്‍ തങ്ങളുടേതാണന്നും, ലോകത്തിലെ മുഴുവന്‍ സമ്പത്തും തങ്ങളുടേതാണന്നുമുള്ള ഒരു ധാര്‍ഷ്ട്യം. ശ്രീകൃഷ്ണ ജയന്തിദിനത്തില്‍ വെണ്ണ നുകരുവാന്‍ മത്സരിച്ച് കലങ്ങള്‍ അടിച്ചു തകര്‍ക്കുന്ന കുട്ടികളുടെ ലാഘവത്തോടെയവര് രാജ്യങ്ങള്‍ അടിച്ചു തകര്‍ത്തു. പ്രകൃതി ജന്യമായ എണ്ണയെ മാത്രം സ്നേഹിച്ച് പ്രകൃതിക്ക് വിലയിട്ടു. ഒരേ സമയം തന്നെ യുദ്ധവും പിന്നീട് സമാധാനവും പറഞ്ഞുകൊണ്ട് രാജ്യങ്ങള്‍ നശിപ്പിക്കുകയും പിന്നീടതു പുനര്‍ നിര്‍മ്മിക്കുകയും ചെയ്തു. പ്രകൃതിയെ മറന്ന്, മനുഷ്യരെ മറന്ന് ഭരണകൂടങ്ങള്‍ ക്ലസ്റ്റര്‍ ബോബുകളും, അണുവായുധങ്ങളും നിര്‍മ്മിച്ചുകൂട്ടി. അധികാരം, വിപണി, സ്റ്റോക്ക് മാര്‍ക്കറ്റ്, തുടങ്ങിയ നൂതന ഉപപോക്തൃസംസ്കാരം വളര്‍ത്തിക്കൊണ്ടു വരുവാന്‍ അവര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. ശാസ്ത്ര സാങ്കേതിക വിദ്യയുടെ നേട്ടങ്ങള്‍ കൃത്രിമോപഗ്രഹം വിക്ഷേപിക്കലും, വാര്‍ത്താവിനിമയ രംഗത്തെ കുതിച്ചു ചാട്ടവുമൊക്കെ മാത്രമാണന്നവര് ധരിച്ചു. പൌരന് അവകാശപ്പെട്ട ആരോഗ്യരംഗത്തെ പലപ്പോഴും മറന്നു പോയ അവര്‍ സഹജീവികളെ വെറും ഒരുപഭോഗ വസ്തുവായ് മാത്രം കാണുവാന്‍ തുടങ്ങി.
വുഹാനിലെ ഏതോ ഇറച്ചിക്കടക്കാരന് വിളമ്പിയ കൊറോണയെ ഏറ്റു വാങ്ങി ലോകം മുഴുവനിന്നു പകച്ചു നില്ക്കുന്നു. നിമിഷങ്ങളുടെ ഇടവേളകളില്‍ ആയിരങ്ങള്‍ മരിച്ചു വീഴുന്നു. കാറ്റു വിതച്ചു കൊടുങ്കാററ് കൊയ്യുന്നു…!. ഓരോ വൈറസില്‍ നിന്നും ഒരായിരം എണ്ണം ഉയരുന്നു അവ നാടിന്റെ മുക്കിലും മൂലയിലും പടരുന്നു. ഒറ്റ ആര്. എന്‍. എ യുള്ള വൈറസ്സിന്റെ മുന്പില് ലോക രാജ്യങ്ങള്‍ ഒന്നടങ്കം ആയുധം വച്ച് കീഴടങ്ങിയിരിക്കുന്നു. ആയുധം കൊണ്ടല്ല മനുഷ്യന് ജയിക്കുക മരുന്നു കൊണ്ടാണ് എന്ന് തിരിച്ചറിഞ്ഞിരിക്കുന്ന ദിനങ്ങള്‍. രോഗം അങ്ങനെ ഒരു ജൈവീക സത്യമായ് മാറിയിരിക്കുന്നു. ടെസ്റ്റിംഗ് കിറ്റുകള്‍ക്കും മരുന്നുകള്‍ക്കും, മറ്റു മെഡിക്കല്‍ ഉപകരണങ്ങള്ക്കുമായ് നെട്ടോട്ടമോടുന്ന രാജ്യങ്ങള്‍…! സാമ്പത്തിക പുരോഗതി മാത്രം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രകൃതിയുടെ താളം തെറ്റിച്ച് മുന്നോട്ടു പോയ മനുഷ്യര്‍ക്ക് ഈ കോവിഡ് കാലം ഒരു തിരിച്ചറിവിന്റെ കാലം കൂടിയാകട്ടെ..നീണ്ട നാളത്തെ ഒത്തൊരുമയുടെ, കൂടിച്ചേരലിന്റെ ഭാഗമായിട്ടായിരുന്നു മനുഷ്യന് എന്ന ജീവി വര്‍ഗ്ഗം ഒരു സമൂഹമായ് പരിണമിച്ചത്. പക്ഷേ നമ്മളിപ്പോള്‍ അകന്നു നില്‍ക്കേണ്ടി വരുന്നു. എങ്കിലും അകന്നു നിന്നു തന്നെ നമുക്ക് സ്നേഹിക്കാം, സഹായിക്കാം. മനസ്സിനെ കഴുകി വൃത്തിയാക്കാം ഒരിക്കല്‍ കൂടി…